UPDATES

ട്രെന്‍ഡിങ്ങ്

ഇത് ‘ബിജെപിയുടെ പ്രതികാരം’; ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാന്‍സ് സമൂഹം

ലോക്സഭയില്‍ പാസാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്ലിനെതിരെ പ്രതിഷേധവുമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാജ്ഭവന്‍ മാര്‍ച്ച് ഡിസംബര്‍ 24ന്

ലോക്സഭയില്‍ പാസാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്ലിനെതിരെ പ്രതിഷേധവുമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാജ്ഭവന്‍ മാര്‍ച്ച് ഡിസംബര്‍ 24 (ഇന്ന്)ന് സംഘടിപ്പിക്കും. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത ഉറപ്പാക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി ഡിസംബര്‍ 17ന് ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബില്‍ പാസായ ദിനം ട്രാന്‍സ് കമ്യൂണിറ്റിയെ സംബന്ധിച്ച് കറുത്ത ദിനമെന്നാണ് തമിഴ്‌നാട്ടിലെ ദളിത് ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയായ ഗ്രേസ് ബാനു അഭിപ്രായപ്പെട്ടത്. 27 വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയിരിക്കുന്ന ബില്ലില്‍ ട്രാന്‍സ് സമൂഹത്തിന് പ്രയോജനകരമായ ഭേദഗതികളൊന്നും തന്നെയില്ലെന്ന് ട്രാന്‍സ് കമ്മ്യൂണിറ്റി അംഗങ്ങളും ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെടുന്നു.

“ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ എന്ന തലക്കെട്ടിന് പോലും യോജിക്കാത്ത തരത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. 2014ലെ സുപ്രീം കോടതിയുടെ നാല്‍സ വിധിയെ ആധാരമാക്കി ബില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കണമായിരുന്നു. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ബില്ലില്‍ ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം പോലുള്ള മൗലികാവകാശങ്ങള്‍ പോലും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നില്ല. നാഷണല്‍ ലെവലില്‍ നടന്ന പല കണ്‍സള്‍ട്ടേഷന്‍ മീറ്റിങ്ങുകളിലും ഞാനടക്കമുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. ഞങ്ങള്‍ വിവരിച്ച ഞങ്ങളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടോ അരക്ഷിതാവസ്ഥയോ കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ല”, ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയായ ശ്യാമ പറയുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമൂഹത്തില്‍ അനുഭവിച്ചു വരുന്ന വിവേചനം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താത്ത ബില്ലിനെ പൂര്‍ണമായും തള്ളിക്കളയുകയാണ് ട്രാന്‍സ് സമൂഹം. ബില്ലിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ബില്‍ അവതരണ ചര്‍ച്ചക്ക് തുടക്കമിട്ട ശശി തരൂര്‍ അന്നേ ദിവസം തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്കിന്റെ വ്യഖ്യാനം സംബന്ധിച്ച് ബില്ലില്‍ വ്യക്തത ആവശ്യമാണെന്നും അവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ജീവിക്കുവാനും തൊഴില്‍ ചെയ്യുവാനും വിവാഹം കഴിക്കുവാനും സ്വത്തവകാശത്തിനും കുട്ടികളെ ദത്തെടുക്കാനും തുടങ്ങി ട്രാന്‍സ് സമൂഹം വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന അവകാശങ്ങളൊന്നും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സുപ്രീം കോടതിയുടെ ഒട്ടുമിക്ക നിര്‍ദ്ദേശങ്ങളും കാറ്റില്‍പറത്തി ഒരു ന്യൂനപക്ഷ ജനതയെ കേന്ദ്രസര്‍ക്കാര്‍ ഒന്നാകെ വഞ്ചിച്ചിരിക്കുകയാണ്. ഇതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ ഇന്ത്യയിലെ കോടിക്കണക്കിനു ട്രാന്‍സ്‌ജെന്‍ഡര്‍ ഇന്റര്‍സെക്സ് ജെന്റര്‍ ക്വീയര്‍ വ്യക്തികള്‍ അനുഭവിക്കാന്‍ പോവുകയാണ്. തത്വത്തില്‍ നല്‍സാ വിധി ഇല്ലാതാവുകയും ഒരു ഉപയോഗവും ഇല്ലാത്ത കേന്ദ്ര നിയമം നടപ്പിലാക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൊള്ളയായ നിരവധി നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച ഈ ബില്ല് രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ താല്പര്യങ്ങളെ ഇല്ലാതാക്കുന്നു”, ക്വിയറിഥം സ്ഥാപകാംഗം പ്രിജിത്ത് അഭിപ്രായപ്പെട്ടു.

2014ലെ സുപ്രീം കോടതി നാല്‍സ വിധിയിലൂടെയാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നത്. അങ്ങനെയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് നിയമം ഉണ്ടാക്കാനുള്ള ആവശ്യം ഉയരുന്നതും. നാല്‍സ വിധിയുടെ ചുവട് പിടിച്ചാണ് കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി അടക്കമുള്ളത് വന്നത്. അതിനെ തുടര്‍ന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ റൈറ്റ്സ് ബില്‍ 2016 ഡ്രാഫ്റ്റ് ചെയ്യാന്‍ ആരംഭിക്കുന്നതും. എന്നാല്‍ രൂപരേഖ തയാറാക്കുന്ന സമയത്ത് തന്നെ വിരോധാഭാസമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.  “കമ്യൂണിറ്റിയോട് ബിജെപി സര്‍ക്കാരിന് പൊതുവില്‍ ഉള്ള പ്രതികാരമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് രാജ്യസഭ പാസാക്കുന്നതിന് മുമ്പ് ബില്‍ പുനര്‍ വ്യവസ്ഥ ചെയ്യണമെന്നതാണ് ഞങ്ങളുടെ ആവശ്യം”, പ്രിജിത്ത് പറയുന്നു.

ട്രാന്‍സ് സമൂഹം ബില്ലിലെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നവ

ട്രാന്‍സ് വ്യക്തിയുടെ ലിംഗപദവി നിശ്ചയിക്കാനായി ജില്ലാതല സ്‌ക്രീനിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്നാണ് ബില്‍ വ്യക്തമാക്കുന്നത്. നാല്‍സ വിധി പ്രകാരം ലിംഗപദവി സ്വയം നിര്‍ണയിക്കാവുന്നതാണ്. ശാരീരികമായ സമഗ്രത, സ്വയം നിര്‍ണ്ണയാവകാശം, അന്തസ്സ് എന്നിവ എല്ലാ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ ഭരണഘടന ജീവിക്കാനുള്ള അവകാശത്തിന്‍ കീഴില്‍ അനുവദിച്ച് നല്‍കുന്നുമുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ സഹായത്തോടെ ഒരാളുടെ ലിംഗപദവി നിര്‍ണയിക്കുന്നത് അബദ്ധമാണ്. ഒരു വ്യക്തി അനുഭവിക്കുന്നതാണ് തന്റെ സ്വത്വമായി കണക്കാക്കാന്‍ കഴിയുക. അതായത് താന്‍ പുരുഷനാണോ സ്ത്രീയാണോ എന്നത് സ്വയം നിര്‍ണയിക്കാനാകുന്ന ഒന്നാണ്. എന്നാല്‍ ഇതിലേക്ക് ഒരു മെഡിക്കല്‍ ബോര്‍ഡിനെ കൂടെ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ മാനസിക പീഡനങ്ങള്‍ക്കും മറ്റും വഴിവെക്കാന്‍ സാധ്യതയുണ്ട്. സുപ്രീം കോടതി സ്വയം വിലയിരുത്തല്‍ അംഗീകരിക്കുകയും അതിന് വിപരീതമായി പോളിസി രൂപീകരണവും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ട്രാന്‍സ് സമൂഹം വിലയിരുത്തുന്നു.

തന്റെ സ്വത്വം തിരിച്ചറിഞ്ഞ വ്യക്തികളെ കുടുംബങ്ങളില്‍ പോലും അംഗീകരിക്കാത്ത സ്ഥിതിയാണ് ഇന്ത്യയില്‍ ഇപ്പോഴും നിലവിലുള്ളത്. പലപ്പോഴും കുടുംബത്തിന് ഉള്ളില്‍ നിന്ന് തന്നെയാണ് ട്രാന്‍സ് വ്യക്തികള്‍ കൂടുതല്‍ മാനസിക ശാരീരിക പീഡനങ്ങള്‍ അനുഭവിക്കുന്നതും. ഹോര്‍മോണല്‍ ചെയ്ഞ്ചിനുള്ള മരുന്നുകള്‍ നല്‍കുക, നിര്‍ബന്ധിത വിവാഹം, ഒറ്റപ്പെടുത്തല്‍, ശാരീരികമായുള്ള ഉപദ്രവം എന്നിവ കുടുംബത്തില്‍ നിന്ന് തന്നെ അനുഭവിക്കുന്നവരാണ് കൂടുതലും. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നവര്‍ പൊതുവെ കുടുംബങ്ങളില്‍ നിന്നും ഇറങ്ങി തന്റെ സ്വത്വത്തെ അംഗീകരിക്കുന്ന ആളുകള്‍ക്കൊപ്പമോ ട്രാന്‍സ് കമ്യൂണിറ്റിയിലേക്കോ പോകുകയാണ് പതിവ്. എന്നാല്‍ ബില്ലില്‍ ട്രാന്‍സ് വ്യക്തികളെ രക്ഷകര്‍ത്താക്കളോ കുടുംബാംഗങ്ങളോ അംഗീകരിക്കാത്ത സാഹചര്യത്തില്‍ അവരെ പുനരധിവാസകേന്ദ്രത്തില്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുനരധിവാസകേന്ദ്രങ്ങളില്‍ എത്തിച്ച് കൗണ്‍സിലിങ് നല്‍കി ട്രാന്‍സ് വ്യക്തികളെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് കേന്ദ്രം വിശ്വസിക്കുന്നുവെന്നാണ് ട്രാന്‍സ് സമൂഹം കരുതുന്നത്. ഈ ഭേദഗതി പൂര്‍ണമായും വ്യക്തിസ്വാതന്ത്രത്തെ ഹനിക്കുന്നതാണ്. നിലവില്‍ സ്ത്രീക്കും പുരുഷനും സ്വതന്ത്രമായി സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുള്ളപ്പോഴാണ് ന്യൂനപക്ഷങ്ങളായ ഒരു സമൂഹത്തിനെ അവരുടെ സ്വത്വത്തെ ആധാരമാക്കി പുനരധിവാസത്തിന് നിര്‍ദ്ദേശിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ട്രാന്‍സ് സമുദായംഗങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന തൊഴിലുകളാണ് ബദായ്, മാഗ്തി അടക്കമുള്ളവ. എന്നാല്‍ ലോക്‌സഭ പാസാക്കിയിരിക്കുന്ന ബില്ല് പ്രകാരം ഭിക്ഷാടനം, സെക്‌സ് വര്‍ക്ക് പോലുള്ള തൊഴിലുകള്‍ കുറ്റകരമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്ക് ഉപജീവനത്തിനായുള്ള ബദല്‍ തൊഴിലവസരങ്ങളോ സംവരണമോ നിര്‍ദ്ദേശിക്കുന്നുമില്ല. തൊഴില്‍ മേഖലകളില്‍ ട്രാന്‍സ് സമൂഹം നേരിടുന്ന കടുത്ത വിവേചനമാണ് ജീവനോപാധി എന്ന നിലയിലേയ്ക്ക് ഭിക്ഷാടനം, ലൈംഗിക തൊഴില്‍ അടക്കമുള്ള തൊഴിലുകളിലേക്ക് ലൈംഗിക ന്യൂനപക്ഷങ്ങളെ എത്തിക്കുന്നത്. അതിനാല്‍ തന്നെ ഇവരുടെ ഉപജീവനമാര്‍ഗങ്ങളെ ഇല്ലാതാക്കുന്ന മനുഷ്യത്വ വിരുദ്ധമായ ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ട്രാന്‍സ് സമൂഹം ആവശ്യപ്പെടുന്നു.

ട്രാന്‍സ് വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ ബില്ലില്‍ പറയുന്നില്ല എന്നത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ ബില്ലില്‍ ഉയര്‍ത്തിക്കാട്ടുന്ന വലിയ പോരായ്മയാണ്. 2 മുതല്‍ ആറ് വര്‍ഷം വരെ തടവും പിഴയുമാണ് ട്രാന്‍സ് വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കായി പറഞ്ഞിട്ടുള്ളത്. നിലവിലെ വ്യവസ്ഥ അനുസരിച്ച് ഒരു കേസില്‍ വിധി വരാന്‍ തന്നെ ഒരു വര്‍ഷത്തിലധികം വേണ്ടി വരുമെന്നിരിക്കെ ഫലത്തില്‍ ശിക്ഷ യാതൊരു ഉപയോഗവുമില്ലാത്തതാണ്. കൂടാതെ ലൈംഗിക അതിക്രമങ്ങള്‍ നിരന്തരം നേരിട്ടു കൊണ്ടിരിക്കുന്ന ട്രാന്‍സ് വ്യക്തികളുടെ സുരക്ഷക്കായുള്ള യാതൊരു വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടില്ല.

ഇവ കൂടാതെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയെക്കുറിച്ചും ബില്ലില്‍ കാര്യമായ സൂചനകളില്ല. ട്രാന്‍സുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സുസ്ഥിരമായ നടപടികളും വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സംവരണവുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ട്രാന്‍സ് വ്യക്തികള്‍ക്ക് ലഭിക്കുന്ന ആരോഗ്യപരിരക്ഷണം വളരെ കുറവാണ്. ബില്ലില്‍ അവരുടെ ആരോഗ്യപരിരക്ഷണത്തെപ്പറ്റി വിശദീകരിക്കുന്നില്ല. ലിംഗനിര്‍ണയത്തിനായുള്ള മെഡിക്കല്‍ നടപടികള്‍ സൗജന്യമാക്കണം, ഇന്‍ഷുറന്‍സ് കവറേജ്, ട്രാന്‍സ് വ്യക്തികള്‍ക്ക് പ്രത്യേകിച്ച് ഹോസ്പിറ്റല്‍ വാര്‍ഡ് എന്നിവ ഇവര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.

2015ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ മെമ്പര്‍ തിരുച്ചി ശിവ അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് താരതമ്യേന പുരോഗമനപരമായ ഒന്നായിരുന്നതായി ട്രാന്‍സ് സമൂഹം വിലയിരുത്തുന്നുണ്ട്. സംവരണാവകാശങ്ങള്‍, ലിംഗ പദവി സ്വയം നിര്‍ണയാവകാശം, വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായാംഗള്‍ക്കായുള്ള പ്രത്യേക കോടതികള്‍, പ്രത്യേക കമ്മീഷനുകള്‍ തുടങ്ങി സമുദായ സംഘടനകള്‍ മുന്നോട്ടു വച്ച വിവിധ ആലോചനകള്‍ പ്രസ്തുത ബില്ലില്‍ ഉണ്ടായിരുന്നതായി അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ തിരുച്ചി ശിവയുടെ ബില്ലും ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണബില്ലില്‍ പരിഗണിച്ചില്ല. ഡിസംബര്‍ 17ന് ലോകസഭയില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ ബിജെഡി, എന്‍സിപി, തൃണമൂല്‍, സിപിഎം എംപിമാരും ബില്ലിലെ വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ക്കു തുല്യ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നു സുപ്രിയ സുലെ (എന്‍സിപി) ആവശ്യപ്പെട്ടു. 27 ഭേദഗതികള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യവസ്ഥകള്‍ പിഴവുറ്റതാണെന്നുമാണ് ബില്‍ അവതരിപ്പിച്ച കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ട് മറുപടി നല്‍കിയത്.

ലോകസഭയില്‍ അവതരിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്ല് അടുത്ത ഒരാഴ്ചക്കുള്ളില്‍ തന്നെ രാജ്യസഭയുടെ അംഗീകാരത്തിനായി അവതരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് സമുദായ വിരുദ്ധമായ ബില്ലിനെതിരെ ലിംഗലൈഗിക ന്യൂനപക്ഷങ്ങള്‍ രംഗത്തെത്തുന്നത്. ബില്‍ പിന്‍വലിക്കണമെന്നും നാല്‍സ വിധിയെ ആധാരമാക്കി കൊണ്ട് ബില്ലിലെ ഭേദഗതികളില്‍ മാറ്റം വരുത്തി അവതരിപ്പിക്കണമെന്നുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആവശ്യപ്പെടുന്നത്.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍