നമ്മുടെ വിദ്യാലയങ്ങളില്‍ ശരിയായ ലൈംഗികവിദ്യാഭ്യാസം നടക്കുന്നുണ്ടോ? സ്‌കൂളില്‍ ലൈംഗികതയോ? കേള്‍ക്കുന്നവര്‍ മുഖം പൊത്തുന്നു
ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ഉണ്ടാക്കിയ സംസ്ഥാനം കേരളമാണ്. അതേ നാട്ടില്‍ മൂന്നു ദിവസം മുമ്പ് നടന്നൊരു സംഭവമാണിത്. എറണാകുളത്ത് രാത്രിയില്‍ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു തിരികെ പോകുന്നതിനിടയില്‍ രഞ്ജു, അല്‍ക്ക എന്നീ ഭിന്നലിംഗക്കാരെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് അക്രമിച്ചു. കാരണം അവര്‍ ഭിന്നലിംഗക്കാരാണെന്നതു മാത്രം. തടസം പിടിക്കാനെത്തിയ ഓട്ടോ ഡ്രൈവര്‍ക്കും യുവാക്കളുടെ തല്ലുകിട്ടി. ഒടുവില്‍ പൊലീസ് എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടിയെന്നറിയുന്നു. ഇനിയാണ് ട്വിസ്റ്റ്. ആരാണവിടെ കുറ്റം ചെയ്തതെന്നു വ്യക്തമായിരുന്നിട്ടും പൊലീസ് ചെയ്തത് രഞ്ജുവിനെയും അല്‍ക്കയേയും ചൂരല്‍ കൊണ്ടടിക്കുകയായിരുന്നു. തുടര്‍ന്ന്, പരിക്കേറ്റ ഇരുവരും ഓട്ടോ ഡ്രൈവറും കൂടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. എന്നാല്‍ രഞ്ജുവിനെയും അല്‍ക്കയെയും കണ്ട ആശുപത്രിയുടെ ഗേറ്റ് കീപ്പര്‍ ആദ്യം ഗേറ്റ് തുറന്നു കൊടുക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ അയാളുടെ കനിവു കിട്ടി അകത്തു കയറിയപ്പോള്‍ നേരിടേണ്ടി വന്നത് അതിലും വലിയ ദുരിതം. ഏതാണ്ട് ഒന്നര മണിക്കൂറോളം ആശുപത്രി ജീവനക്കാരുടെ മുന്നില്‍ പരിഹാസ കഥാപാത്രങ്ങളായി ഇരുവര്‍ക്കും നില്‍ക്കേണ്ടി വന്നു. വരുന്നവരും പോകുന്നവരുമൊക്കെ ഏതോ തമാശ കഥാപാത്രങ്ങളെ കണ്ടെന്നപോലെ ഇരുവരെയും ആസ്വദിക്കുന്നു. അതേസമയം ആ രണ്ടുപേര്‍ക്കും ഒരു തരത്തിലുള്ള ചികിത്സ നല്‍കാനും തയ്യാറായില്ല. ഒടുവില്‍ സഹികെട്ട് തിരിച്ചുപോകാന്‍ തയ്യാറായപ്പോള്‍ ഒരു ഡോക്ടര്‍ വിളിച്ചു. തലപൊട്ടിയ ഓട്ടോ ഡ്രൈവര്‍ക്ക് ചികിത്സ നല്‍കി. അഞ്ജുവിനും അല്‍ക്കയ്ക്കും ട്രീറ്റ്‌മെന്റ് നല്‍കാന്‍ അപ്പോഴും ആരും തയ്യാറായില്ല…
ചാനലുകളിലും പത്രങ്ങളിലുമൊക്കെ ചെറിയ വാര്‍ത്തകളായി ഈ സംഭവം വന്നു. പരാതി കിട്ടിയ അടിസ്ഥാനത്തില്‍ അന്വേഷിക്കാമെന്ന് പൊലീസും ആശുപത്രി സൂപ്രണ്ടും പറഞ്ഞിട്ടുണ്ട്. ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് നമുക്കറിയാം. കാരണം ഇവിടെ ഇരകള്‍ മൂന്നാം ലിംഗക്കാരെന്നും ഭിന്നലിംഗക്കാരെന്നുമൊക്കെ പറഞ്ഞ് കുറച്ചുപേര്‍ സഹതപിക്കുകയും ബാക്കിയുള്ളവര്‍ പരിഹസിക്കുകയും ചെയ്യുന്നവരാണല്ലോ. നിയമത്തിനുപോലും അവരോട് പ്രത്യേക താത്പര്യമുണ്ടെന്നു തോന്നുന്നില്ല.
അല്‍ക്കയും രഞ്ജുവും
‘ട്രാന്‍സ്‌ജെന്‍ഡര്‍ നയം എന്ന ചരിത്രപരമായൊരു തീരുമാനമെടുത്ത സംസ്ഥാനത്ത് ദിനംപ്രതിയെന്നോണം സമൂഹത്തിന്റെയും നിയമപാലകരുടെയും അധിക്ഷേപങ്ങളും അക്രമണങ്ങളും സഹിക്കേണ്ടിവരുകയാണ് ഇവിടെയുള്ള ഭിന്നലിംഗക്കാരെന്നത് വലിയൊരു വിരോധഭാസമാണ്. ഒരു നയം രൂപീകരിക്കുന്നതോടൊപ്പം പ്രധാന്യമുള്ളതാണ് ഈ വിഭാഗക്കാരോട് പൊതുബോധം വച്ചുപുലര്‍ത്തുന്ന സമീപനം മാറ്റുകയെന്നത്. സ്ത്രീകളെ സംരക്ഷിക്കാന്‍ എത്രയോ നിയമങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ പുരുഷ പൊതുബോധത്തില്‍ നിന്നും സ്ത്രീ ഇന്നും പൂര്‍ണമായി രക്ഷപ്പെടുന്നുണ്ടോ എന്നതുപോലെയാണ് ട്രാന്‍സ്‌ജെന്‍ഡറിന്റെ കാര്യത്തിലും സംഭവിക്കുക. പക്ഷേ ഇപ്പോഴും പറഞ്ഞു കേള്‍ക്കുന്നത് ഞങ്ങള്‍ മാറണമെന്നാണ്. അതിനര്‍ത്ഥം ഞങ്ങളെ അംഗീകരിക്കാന്‍ സമൂഹം തയ്യാറാകുന്നില്ല എന്നല്ലേ?’ സെക്ഷ്വല്‍ മൈനോററ്റി ഫോറം, കേരളയുടെ സെക്രട്ടറി ശീതള്‍ ശ്യാം ചോദിക്കുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും കിട്ടേണ്ട അവകാശങ്ങളെക്കുറിച്ചും ശീതള്‍ സംസാരിക്കുന്നു:
ഇന്ത്യ എന്ന ജനാധിപത്യരാജ്യത്ത് ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ നിഷേധിക്കപ്പെടുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. ജീവിക്കാനുള്ള അവകാശം എന്ന പ്രാഥമിക സൗജന്യം പോലും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. അതു തന്നെയല്ലേ ഏറ്റവും വലിയ ദുര്‍വിധി. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനത്ത് രൂപീകരിച്ച ട്രാന്‌സ്‌ജെന്‍ഡര്‍ പോളിസി ഏറെ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നു തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പക്ഷേ നയം രൂപീകരിക്കപ്പെട്ടെങ്കിലും അത് നടപ്പില്‍ വന്നിട്ടില്ല. ഇതുമായി ബന്ധപ്പെടുത്തി ആറിന ആവശ്യങ്ങളാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ക്ക് ഇവിടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളോട് പറയാനുള്ളത്. അധികാരത്തില്‍ വരുന്നതാരാണെങ്കിലും അവര്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കണം.
1. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കുക.
2. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് (Transgender Justice Board) രൂപീകരിക്കുക.
* ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവരെ മുഖ്യധാര സമൂഹത്തിലെത്തിക്കാനും സംസ്ഥാനതലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും ജില്ലാതലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റിയും രൂപവത്കരിക്കണം.
* ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുകയാണ് ഈ ബോര്‍ഡിന്റെ പ്രധാന കര്‍ത്തവ്യം.
* ‘ജെന്‍ഡര്‍ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്’ (Gender ID Card) വിതരണം ചെയ്യണം.
3. ’24X7 ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്പ് ലൈന്‍’ (24×7 TG Helpline) ആരംഭിക്കുക.
* കമ്മ്യൂണിറ്റി കൗണ്‍സലര്‍ ആണ് ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യുന്നത്.
* ഇത് എല്ലാ ജില്ലകളിലും നെറ്റ്വര്‍ക്ക് ഉള്ള Crisis Management Cetnre കൂടിയായിരിക്കണം.
4. ലൈംഗികതയെ കുറ്റകൃത്യമാക്കുന്ന IPC-377 വകുപ്പ് കേരളത്തില്‍ നടപ്പാക്കാതിരിക്കുക.
* ഐപിസി 377 കണ്‍കറന്‍റ് (Concurrent) ലിസ്റ്റിലാണ്. നിയമസഭയില്‍ (കേവല ഭൂരിപക്ഷത്തോടെ) പ്രമേയം പാസാക്കി രാഷ്ട്രപതിയുടെ അനുമതിയോടു കൂടി സംസ്ഥാനത്ത് ഐപിസി 377 നടപ്പിലാക്കാതിരിക്കാന്‍ സാധിക്കും.
5. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങളേയും അവകാശങ്ങളെയും പറ്റി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
6. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‌സിനു പ്രത്യേക പരിഗണന നല്കുക.
ആരോഗ്യം:
*എല്ലാ ജില്ലാ ആശുപത്രികളിലും, മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുകയും അവരുടെ ചികിത്സാ സൗകര്യം ഉറപ്പ് വരുത്തുകയും ചെയ്യുക.
* തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പഠന ഗവേഷണ സൗകര്യത്തോടു കൂടിയ ലിംഗ മാറ്റ ചികിത്സാ കേന്ദ്രം (Cetnre of Excellence) സ്ഥാപിക്കുക.
വിദ്യാഭ്യാസം:
* സര്‍വകലാശാലകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കുന്നുവെന്നു ഉറപ്പ് വരുത്തുക.
* ലിംഗത്വ പ്രശ്‌നങ്ങള്‍ മൂലം സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞ് പോകുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും കിട്ടുന്നതിനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യുക.
* Gender Non-conforming ആയിട്ടുള്ള കുട്ടികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കേരളത്തില്‍ വളരെ കൂടുതലാണ്. സ്‌കൂള്‍ അന്തരീക്ഷം കൂടുതല്‍ ശിശു സൌഹൃദമാക്കാനായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക. ഈ പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പരിശീലകരായി ഉള്‍പ്പെടുത്തുക.
മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ ഇപ്പോള്‍ ഭിന്നലിംഗക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒരു പരിധിവരെയെങ്കിലും അവസാനമുണ്ടാവുകയുള്ളു. അപ്പോഴും ഞാന്‍ പറയുന്നു, ഒരു പോളിസി കൊണ്ടോ നിയമം കൊണ്ടോ അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഭിന്നലിംഗക്കാര്‍ നേരിടുന്ന എല്ലാ അവഗണനകളും അതിക്രമങ്ങളും.
കുടുംബത്തില്‍ നിന്നു തുടങ്ങുന്ന അവഗണന
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ താനൊരു ഇരയാണെന്നു തിരിച്ചറിയുന്നത് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയാണ്. വീട്ടുകാര്‍ക്ക് അവരൊരു ശാപമാണ്. നാണക്കേടാണ്, ശല്യമാണ്. വീട്ടിലുള്ള എത്ര പേര്‍ ഇതൊരു ജനിതക പ്രശ്‌നമാണെന്നും അവരുടെതല്ലാത്ത കുറ്റത്തിനാണ് അവര്‍ ശിക്ഷിക്കപ്പെടുന്നതെന്നും ചിന്തിക്കുന്നുണ്ടെന്ന് അറിയില്ല. ഭൂരിഭാഗവും മറിച്ചുള്ളവരാണ്. സാമ്പത്തികശേഷി കുറഞ്ഞിടത്താണെങ്കിലും കൂടിയിടത്താണെങ്കിലും നേരിടേണ്ടി വരുന്നത് ഒരേപോലത്തെ ദുരനുഭവങ്ങളാണ്. എങ്ങനെയെങ്കിലും ഇവനെ/ ഇവളെ ഓടിച്ചുവിട്ടാല്‍ ആ സ്വത്തുഭാഗംകൂടി തങ്ങള്‍ക്കു കിട്ടുമെന്നു കണക്കുകൂട്ടുന്ന സഹോദരങ്ങളുണ്ട്. വീട്ടുകാരില്‍ നിന്നുമുണ്ടാകുന്ന അവഗണനയാണ് പലരേയും വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ കുടുംബത്തില്‍ നിന്നും സമൂഹത്തിലേക്കിറങ്ങുന്നത് ആപത്തില്‍ നിന്നും അത്യാപത്തിലേക്ക് ചാടുന്നതുപോലെയാണെന്നാണ് പല അനുഭവങ്ങളും തെളിയിക്കുന്നത്.
നിര്‍ബന്ധിത വിവാഹം
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് നിര്‍ബന്ധിത വിവാഹം. വീട്ടുകാരുടെ വാശിക്കു മുന്നില്‍ കീഴടങ്ങേണ്ടി വരികയാണ് പലര്‍ക്കും. കല്യാണം കഴിച്ചാല്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നോളുമെന്നാണ് വീട്ടുകാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അവരുടെ നിര്‍ബന്ധത്തിനു വിധേയരാകുന്നവരുടെ മനസ് കാണാന്‍ ശ്രമിക്കാറുമില്ല. മാനസികമായും ശാരീരികമായും ചില പ്രതിസന്ധികളിലേക്കാണ് ഇത്തരം വിവാഹങ്ങള്‍ ഭിന്നലിംഗക്കാരെ തള്ളിവിടുന്നത്. ഒരു മെയില്‍ ടു ഫീമെയില്‍ ട്രാന്‍സ്‌ജെന്‍ഡറെ വിവാഹം കഴിപ്പിക്കുമ്പോള്‍ അയാള്‍ക്ക് തന്റെ ഇണയോട് എത്രത്തോളം ഒത്തുപോകാന്‍ കഴിയുമെന്ന് ആരും ചിന്തിക്കില്ല. കാരണം ജനിതകപരമായും മാനസികമായും അയാളിലുള്ളത് ഒരു സ്ത്രീയാണ്. അങ്ങനെ വരുമ്പോള്‍ തന്റെ ഇണയോട് ഒരു സ്ത്രീയെന്ന നിലയിലേ അയാള്‍ക്ക് പെരുമാറാന്‍ സാധിക്കൂ. ഇതു തന്നെ തിരിച്ചും സംഭവിക്കുന്നു. ഒരു ഫീമെയില്‍ ടു മെയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആകുമ്പോള്‍ അവളുടെ മനസില്‍ താന്‍ കല്യാണം കഴിച്ചിരിക്കുന്നത് മറ്റൊരു പുരുഷനെയാണെന്ന തോന്നലാണ് ഉള്ളത്. ആദ്യത്തെ കക്ഷിക്ക് തന്റെ പങ്കാളിയോട് ലൈംഗികബന്ധത്തിന് മാനസിക വിമുഖ ഉണ്ടാവുമ്പോള്‍ രണ്ടാമത്തെ കക്ഷി തന്റെ ഇണയില്‍ നിന്നും ബലാത്കാരമായ ലൈംഗികബന്ധത്തിന് വിധേയരാകുന്നു. ഇവ രണ്ടും ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ മാനസികമായി തകര്‍ക്കുകയും അവര്‍ ആ സാഹചര്യത്തില്‍ നിന്നും ഒളിച്ചോടന്‍ നിര്‍ബന്ധിക്കപ്പെടും.
ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ സെക്‌സ് വര്‍ക്കര്‍ അല്ല
ഇതൊരു പൊതുബോധസൃഷ്ടിയാണ്. ഭിന്നലിംഗക്കാര്‍ എല്ലാവരും ലൈംഗികവേല ചെയ്യുന്നവരാണെന്നാണ് പൊതുവെ വിചാരിച്ചുവച്ചിരിക്കുന്നത്. സമൂഹം മാത്രമല്ല, നമ്മുടെ നിയമപാലകര്‍പോലും അങ്ങനെയാണ് കരുതിയിരിക്കുന്നത്. അതുകൊണ്ടാണു രാത്രിയില്‍ മറ്റുള്ളവരുടെ ആക്രമണത്തിനു വിധേയരായി നില്‍ക്കുമ്പോള്‍ പോലും രണ്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊലീസിന്റെ ചൂരല്‍ അടിക്ക് ഇരകളാകേണ്ടി വരുന്നത്. ഭിന്നലിംഗക്കാരനെ രാത്രിയില്‍ കണ്ടാല്‍ അതു ‘മറ്റേ പരിപാടി’ക്കാണെന്നു ഉറപ്പിക്കുന്ന വൃത്തികെട്ട മന:സ്ഥിതിയാണ് ഇവിടെയുള്ളത്.
ലൈംഗിക തൊഴിലേക്ക് പോകുന്നവരില്ല എന്നു പറയുന്നില്ല. അങ്ങനെയുള്ളവരുമുണ്ട്. പക്ഷേ എന്തുകൊണ്ട്? അത്തരമൊരു ഹോര്‍മോണോന്നും അവരുടെ ശരീരത്തിലില്ല. പക്ഷേ സാഹചര്യം നിര്‍ബന്ധിക്കുകയാണ്. ഒന്നാമതായി ജീവിതത്തിന്റെ അരക്ഷിതാവസ്ഥയില്‍ നില്‍ക്കുന്നവരാണ് ഭിന്നലിംഗക്കാര്‍. അവര്‍ക്ക് വീടില്ല, നല്ല വിദ്യാഭ്യാസം കിട്ടുന്നില്ല, വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ തന്നെ ജോലി കിട്ടുന്നില്ല. വിദ്യാഭ്യാസമുള്ളവരെപ്പോലും ജോലിക്കെടുക്കാന്‍ മടിയാണിവിടെ. ഈ തരത്തിലെല്ലാം ഒറ്റപ്പെടുന്നവര്‍ ജീവിക്കാന്‍ വേണ്ടി ലൈംഗിക തൊഴിലിന് ഇറങ്ങുന്നുണ്ട്. അതേ ഇതുമൊരു തൊഴിലാണ്. ഒരു എഴുത്തുകാരന്‍ അയാളുടെ ഭാവന വിറ്റു ജീവിക്കുന്നു, ഒരു ടെക്‌നീഷ്യന്‍ അയാളുടെ സ്‌കില്‍ വില്‍ക്കുന്നു, ശാസ്ത്രജ്ഞന്‍ അയാളുടെ ഇന്റലിജന്‍സ് വില്‍ക്കുന്നു. അപ്പോഴൊന്നും ഇല്ലാത്ത കുഴപ്പം സ്വന്തം ശരീരം ടൂളാക്കുമ്പോള്‍ ഉണ്ടാവുന്നതെന്തേ? ഒരാള്‍ അയാളുടെ ബുദ്ധി വില്‍ക്കുമ്പോള്‍ ശരിയും ശരീരം വില്‍ക്കുമ്പോള്‍ തെറ്റും ആകുന്നതിലെ ലോജിക് എന്താണ്?
ഇനി ഈ സദാചാരം പറയുന്നവരോട്, ഭിന്നലിംഗക്കാര്‍ മോശപ്പെട്ടതാണെങ്കില്‍ അവരെത്തേടി ഒരു ദിവസം കുറഞ്ഞത് അഞ്ചുപേരെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് എത്താറുണ്ട്. ശരീരം വില്‍ക്കുന്നവര്‍ വേശ്യയാണ്, അതു തേടിയെത്തുന്നവനോ? അവനും ഒരുപേരിടു!
ശീതള്‍ ശ്യാം
പഠിക്കാനുള്ള അവകാശം നിഷേധിക്കരുത്
പഠിക്കാനുള്ള അവകാശം ഒരു ട്രാന്‍സ്‌ജെന്‍ഡറിനുണ്ട്. നാലായിരം പേര്‍ പങ്കെടുത്തൊരു സര്‍വേ പ്രകാരം ഇതില്‍ 64 ശതമാനവും സ്‌കൂള്‍ ഡ്രോപ് ഔട്ട് ആണ്. എന്തുകൊണ്ട്? പഠിക്കാന്‍ താത്പര്യമില്ലാതെ നിര്‍ത്തിപ്പോകുന്നതല്ല, പഠിക്കാനുള്ള സാഹചര്യം നിഷേധിക്കപ്പെടുകയാണ്. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും നിരന്തരം കേള്‍ക്കുന്ന പരിഹാസങ്ങള്‍, പീഡനങ്ങള്‍, തെറ്റു ചെയ്തില്ലെങ്കിലും കുറ്റക്കാരെന്നു പേരു കേള്‍ക്കേണ്ടി വരുന്നത്, ഇതെല്ലാം മിക്ക ഭിന്നലിംഗക്കാരെയും പകുതിയില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഒത്തിരിപ്പേരുടെ ജീവിതം ഉദ്ദാഹരണമായിട്ടുണ്ട്. അതിലൊന്നാണ് വിഷ്ണുവിന്റെത്. പ്ലസ് ടുവില്‍ വച്ച് അയാള്‍ പഠനം നിര്‍ത്തിയിരിക്കുകയാണ്; ഭയം കൊണ്ട്. ഹൈസ്‌കൂള്‍ വരെ എല്ലാം സഹിച്ചു. ഇപ്പോള്‍ കുറച്ചുകൂടി മുതിര്‍ന്ന പിള്ളേര്‍ക്കൊപ്പമായി. അവരെ നേരിടാന്‍ വയ്യ. അധ്യാപകരോട് പരാതിപ്പെട്ടാല്‍ നീ മര്യാദയ്ക്ക് നടക്കാനാണ് പറയുന്നത്. പിന്നെയെവിടെയാണ് രക്ഷ!
നമ്മുടെ സ്‌കൂളുകളില്‍ ഒരു യൂണിഫോം രീതിയുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഇരിക്കാനൊരിടം, പെണ്‍കുട്ടികള്‍ക്ക് മറ്റൊരിടം. ഓരോ തരം ഡ്രസ് കോഡ്. വിനോദങ്ങള്‍ പോലും തരംതിരിച്ചു നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറിനോ? അയാള്‍ ആരുടെ ഭാഗത്തിരിക്കണം? ഏതു വേഷം ധരിക്കണം? കണ്ണെഴുതണമെന്നു തോന്നിയാല്‍, പൊട്ടുതൊടണമെന്നു തോന്നിയാല്‍ അത് കുറ്റമാകുമോ? ഇതെക്കുറിച്ചൊന്നും ആരും പറഞ്ഞു കേള്‍ക്കുന്നില്ല.
നമ്മുടെ വിദ്യാലയങ്ങളില്‍ ശരിയായ ലൈംഗികവിദ്യാഭ്യാസം നടക്കുന്നുണ്ടോ? സ്‌കൂളില്‍ ലൈംഗികതയോ? കേള്‍ക്കുന്നവര്‍ മുഖം പൊത്തുന്നു. കുട്ടികളോട് സെക്‌സിനെ കുറിച്ചു പറയുന്നത് കൊടുംപാപമാണത്രേ! ഇതേ കുട്ടികള്‍ ഇവിടെ നടത്തുന്ന ലൈംഗിക അതിക്രമങ്ങളോ? സ്‌കൂളുകളില്‍ പഠിച്ചിറങ്ങി വന്നവരല്ലേ നിങ്ങളും. നിങ്ങളിലാരും ഒരു തെറ്റും ചെയ്യുന്നില്ലെന്നാണോ? സെക്‌സിനെക്കുറിച്ച്, എതിര്‍ ലിംഗങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതു തന്നെയാണ് നമ്മുടെ പ്രശ്‌നം. അതൊരു പാഠ്യഭാഗം തന്നെയാക്കണം. സെക്‌സ് എജ്യുക്കേഷന്‍ ഒരു മോശം കാര്യമല്ല, ഭാവിയില്‍ നല്ലതിനുപകരിക്കുന്നതാണ്. എന്നാലതെങ്ങനെ നടക്കും? സ്ത്രീയുടെയോ പുരുഷന്റെയോ ശരീരഭാഗങ്ങളുടെ പേരുപോലും മുഴുത്ത തെറിയായിട്ട് ഉപയോഗിക്കുന്നവരാണ് മലയാളി. ഇതേ മലയാളി തന്നെയല്ലേ അധ്യാപകരായി വരുന്നതും. പോരാത്തതിനു സ്ത്രീകളാണ് അവരില്‍ കൂടുതലും. അങ്ങനെയുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ലൈംഗിക വിദ്യാഭ്യാസം എങ്ങനെ നടക്കാനാണെന്നു കൂടി ചിന്തിക്കണം. പക്ഷേ അതത്യാവശ്യമാണ്. ആണെന്താണ്, പെണ്ണെന്താണ്, ട്രാന്‍സജെന്‍ഡര്‍ ആരാണെന്നും ഹോമോ സെക്‌സ്, ബൈസെക്‌സ് എന്നാലെന്താണെന്നുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ബോധം കിട്ടുകയാണെങ്കില്‍ ഞങ്ങളെപോലുള്ളവര്‍ക്ക് കണ്ണീരോടെ വിദ്യാലയങ്ങള്‍ പിറകില്‍ ഉപക്ഷേച്ചു പോരേണ്ടി വരില്ലായിരുന്നു.
നിയമം ഞങ്ങളെ മാത്രം കുറ്റക്കാരാക്കുന്നുവോ?
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബഹുഭൂരിഭാഗവും മാനസിക സമ്മര്‍ദ്ദം നേരിടുന്നവരാണ്. ഐഡന്റിറ്റി ക്രൈസിസ് ആണ് ഏറ്റവും വലിയ വെല്ലുവിളി. എല്ലാവരും അവരുടെ കൂട്ടത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. നിയമം പോലും ഞങ്ങളോട് നീതി കാണിക്കുന്നില്ല. അല്ലെങ്കില്‍ നിയമങ്ങള്‍ ഞങ്ങള്‍ക്കെതിരാണെന്നു ആരെല്ലാമോ വരുത്തിത്തീര്‍ത്തിരിക്കുന്നു. ഐപിസി 377 എല്‍ ജി ബി റ്റി നിയമം ആണെന്നാണ് പരക്കെ വ്യാഖ്യാനിക്കപ്പെടുന്നത്. നിയമം അറിയാവുന്നവരും അങ്ങനെ പറയുമോ? ഈ കോളോണിയല്‍ നിയമം റീ പ്രൊഡക്ഷനുവേണ്ടിയല്ലാത്ത ലൈംഗികബന്ധങ്ങളെല്ലാം കുറ്റകരമായി പറയുന്നില്ലേ? സ്വവര്‍ഗരതിക്കാരെ മാത്രം അതില്‍ കുറ്റക്കാരാക്കുന്നതെങ്ങനെ? ഇവിടെയുള്ള മറ്റ് ആണും പെണ്ണുമെല്ലാം കുടുങ്ങേണ്ടതല്ലേ? മറ്റൊന്ന്, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ സ്വവര്‍ഗരതിക്കാരാണെന്ന് ആരും ധരിക്കേണ്ടതില്ല. നിങ്ങള്‍ ആണുങ്ങളുടെ കൂട്ടത്തില്‍ ഹോമോസെക്ഷ്വാലിറ്റിയില്‍ താല്‍പര്യമുള്ള എത്രയോ പേരുണ്ട്, പെണ്ണുങ്ങളിലില്ലേ ലെസ്ബിയന്‍ സെക്‌സ് ഇഷ്ടപ്പെടുന്നവര്‍? പക്ഷേ ലൈംഗികസദാചാരക്കാരുടെ കണ്ണുരുട്ടലുകളെല്ലാം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെയും.
സിനിമാക്കാരുടെ കോമഡി എസന്‍സ്
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പരിഹാസകഥാപാത്രങ്ങളാക്കി നിര്‍ത്തുന്നതില്‍ ചലച്ചിത്രങ്ങളുടെ പങ്ക് നമ്മള്‍ മുന്നേ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതാരെങ്കിലും ശ്രദ്ധിക്കുകയോ ഗൗരവത്തിലെടുത്തിട്ടുണ്ടോയെന്നും അറിയില്ല. സിനിമ എന്നും നായകന്റെ മസില്‍പെരുപ്പത്തിന്റെ ആഘോഷമാണ്. സിനിമയില്‍ സ്ത്രീ എപ്പോഴും നായകന് അവന്റെ ആരാധകരെ രസിപ്പിക്കാനുള്ള ഒന്നാണ്. നിന്റെ അമ്മിഞ്ഞ മുട്ടരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ ആര്‍ത്തു ചിരിക്കും. ആരെങ്കിലും അതിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്യാന്‍ നില്‍ക്കുമോ? സമൂഹത്തില്‍ അശ്ലീലം നമുക്ക് തെറ്റാണെങ്കിലും സിനിമയില്‍ അതു തമാശയാണ്. ഏറെ അവകാശങ്ങളും അനുകൂല നിയമങ്ങളുമുള്ള സ്ത്രീകളുടെ കാര്യത്തില്‍ ഇതാണെങ്കില്‍ ഞങ്ങള്‍ ഭിന്നലിംഗക്കാരുടെ അവസ്ഥ പറയണോ? ആക്ഷേപകരമായി ചിത്രീകരിക്കരുതെന്ന് ഇപ്പോള്‍ നിയമം പറയുന്നുണ്ടെങ്കിലും സിനിമാക്കാര്‍ക്ക് ഞങ്ങളിപ്പോഴും കോമഡി എസന്‍സ് മാത്രമാണ്.
മുഖ്യധാരയിലേക്ക്
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മുഖ്യധാരയിലേക്ക് കടന്നുവന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അതു സംഭവിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ‘സാംസ്‌കാരിക സമ്പന്ന’രുടെ ഇടപെടലുകള്‍ തന്നെയാണതിന് തടസം നിന്നത്. ഞങ്ങള്‍ ഇരുട്ടത്ത് മാത്രം പുറത്തിറങ്ങേണ്ടവരാണല്ലോ. ഇരുട്ടത്തിറങ്ങിയാലോ? മറ്റൊരിടത്തും ഇല്ലാത്ത തരം ഭയമാണ് കേരളത്തില്‍. ഉത്തരേന്ത്യയില്‍, എന്തിനു നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ പോലും പേടികൂടാതെ,സ്വാതന്ത്ര്യത്തോടെ രാത്രിയോ പകലോ ഇറങ്ങി നടക്കാം. കേരളത്തിലത് പറ്റില്ല. വട്ടം ചുറ്റാന്‍ അപ്പോളെത്തും.
പേടിച്ചു മാറിനില്‍ക്കേണ്ടവരല്ല ഞങ്ങള്‍. ഭരണഘടന നിങ്ങള്‍ക്ക് നല്‍കുന്ന എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്കു കൂടിയുള്ളതാണ്. അല്ലെന്നുണ്ടോ? നിങ്ങള്‍ നിങ്ങളുടേതെന്നു പറയുന്നിയിടങ്ങള്‍ ഞങ്ങളുടേതുമാണ്. ഈ വഴികളും റോഡുകളും വിശ്രമസ്ഥലങ്ങളും വിനോദകേന്ദ്രങ്ങളും ഞങ്ങള്‍ക്കുമുള്ളതാണ്. രാത്രിയുടെയും പകലിന്റെയും സ്വാതന്ത്ര്യം ഞങ്ങളുടേതു കൂടിയാണ്.
കോടതികളും നിയമങ്ങളും നയങ്ങളുമൊക്കെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കൂടുതല്‍ സഹായകരമായി വന്നിട്ടുണ്ട്. അതുപോലെ തന്നെ സമൂഹത്തിലെ ഒരു വിഭാഗം പ്രത്യേകിച്ച് പുതിയ തലമുറ ഞങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുണ്ട്. കൂടുതലായി പൊതുരംഗത്തേക്ക് വരുന്നതിനായി അവര്‍ ഞങ്ങളെ ക്ഷണിക്കുന്നു, ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ഒപ്പംചേരുന്നു. അതുപോലെയാണ് സ്ത്രീസംഘടനകളും സ്ത്രീപക്ഷവാദികളും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് അവര്‍ ഞങ്ങളെയും ക്ഷണിക്കുന്നു. ഞങ്ങളുടേതും അവരുടേതിനു തുല്യമായ പ്രശ്‌നങ്ങളാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. മാറാത്തവരായി, അല്ലെങ്കില്‍ മാറ്റം വേണ്ടതായിട്ടുള്ളത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്. സിപിഐഎം പോലുള്ള പാര്‍ട്ടി അവരുടെ വേദികളിലേക്ക് ഞങ്ങളെ ക്ഷണിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള സ്‌പേസ് തരുന്നുണ്ട്. എല്ലാവരില്‍ നിന്നും ആഗ്രഹിക്കുന്നത് ഇത്തരമൊരു സ്‌പേസ് ആണ്. രാഷ്ട്രീയ പിന്തുണയാണ് ആവശ്യപ്പെടുന്നത്. രാഷ്ട്രീയത്തിലേക്ക് കടന്നുകൂടാനൊന്നും ഇതുവരെ പ്ലാനില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് തരണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പകരം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറാകണം.
ഇനിയും മാറ്റി നിര്‍ത്തേണ്ടവരാണോ ഞങ്ങള്‍? നമ്മള്‍ തുല്യതയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ എവിടെയാണത് നടപ്പിലാകുന്നത്? സുപ്രീം കോടതി പോലും അതിന്റെ വിധിയിലൂടെ പറയുന്നത് മൂന്നാംലിംഗക്കാരെയും അംഗീകരിക്കണമെന്നാണ്. മൂന്നാംലിംഗക്കാരോ? അപ്പോള്‍ ആരാണ് ഒന്നാം ലിംഗക്കാര്‍? അതിലും ഏകതയില്ലല്ലോ! ഈ വ്യത്യാസം നിലനില്‍ക്കുകയാണെങ്കില്‍ എങ്ങനെയാണ് മാറ്റം സാധ്യമാവുക… അവകാശം നമുക്കെല്ലാവര്‍ക്കും ഒരുപോലെയല്ലേ…?