UPDATES

യാത്ര

പത്ത് വര്‍ഷത്തെ ജോലിക്കിടയില്‍ ഒരു അവധി മാത്രം; 30കാരിയുടെ ഇനിയുള്ള ജീവിതം യാത്രകള്‍ മാത്രം!

കൈയിലുള്ള സമ്പാദ്യവും വീട് വാടകയ്ക്ക് കൊടുത്തും ഇനിയുള്ള ജീവിതം ലോകം മൊത്തം യാത്ര ചെയ്യാമെന്ന് കെന്നാര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ഒരിക്കലെങ്കിലും ജോലി രാജി വെച്ച് ലോകം ചുറ്റി കാണണമെന്ന് നമ്മളില്‍ പലരും ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ ഇത് യാഥാര്‍ഥ്യമാക്കി ഇരിക്കുകയാണ് മുപ്പത് വയസുകാരി തെഹ കെന്നാര്‍ഡ്. സ്റ്റേസി ലീസ്‌കാ ആണ് ട്രാവല്‍ ആന്‍ഡ് ലെഷര്‍ മാഗസീനില്‍ കെന്നാര്‍ഡിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് കെന്നാര്‍ഡിന് പത്തു വര്‍ഷമായി ചെയ്യുന്ന ജോലി മടുത്തു തുടങ്ങിയത്. ഒരേയൊരു അവധി ആണ് ഈ കാലയളവില്‍ കെന്നാര്‍ഡ് എടുത്തത്. ജീവിതം ഇങ്ങനെ അല്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു തുടങ്ങി. തന്റെ പ്രായം നാല്‍പതിനോട് അടുക്കുന്നെന്നും കെന്നാര്‍ഡ് തിരിച്ചറിഞ്ഞു. ഒരു വല്യ യാത്ര പോകണമെന്നായിരുന്നു അവളുടെ ലക്ഷ്യമെങ്കിലും അത് എങ്ങനെ തുടങ്ങണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു.

‘ഞാന്‍ ഒരുപാട് യാത്രകള്‍ ചെയ്തിട്ടില്ല. യൂറോപ്പില്‍ വെച്ചു നടന്ന പെങ്ങളുടെ വിവാഹത്തിന് മാത്രമാണ് ഞാന്‍ ഒരു അവധി എടുത്തത്. പത്തു വര്‍ഷമാണ് കടന്നു പോയത്.’- കെന്നാര്‍ഡ് പറഞ്ഞു.

ഒരു സുഹൃത്താണ് കെന്നാര്‍ഡിന്റെ ജീവിതം മാറ്റിമറിച്ചത്. ഫ്ലാഷ് പാക്ക് എന്നൊരു കമ്പനിയെ പറ്റി ആണ് സുഹൃത്ത് കെന്നാര്‍ഡിന് പരിചയപ്പെടുത്തിക്കൊടുത്തത്. 30 മുതല്‍ 40 വയസിന് ഇടയിലുള്ളവര്‍ക്ക് സോളോ ട്രിപ്പുകള്‍ ഏര്‍പ്പാട് ചെയ്യുന്നു.

‘ഞാന്‍ എന്താണോ ആഗ്രഹിച്ചത് അത് തന്നെയാണ് ഫ്ലാഷ് പാക്കിലും. അത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എന്റെ പ്രായത്തിലുള്ള സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കും ഇത് ഉപകാരപ്പെടും.’- കെന്നാര്‍ഡ് പറഞ്ഞു.

അങ്ങനെ അവര്‍ ആ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ അത് ഒരു ആഴ്ചത്തേക്കുള്ളതോ ഒരു മാസത്തേക്കുള്ള യാത്രയോ ആയിരുന്നില്ല. കൈയിലുള്ള സമ്പാദ്യവും വീട് വാടകയ്ക്ക് കൊടുത്തും ഇനിയുള്ള ജീവിതം ലോകം മൊത്തം യാത്ര ചെയ്യാമെന്ന് കെന്നാര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ഫ്ലാഷ് പാക്കില്‍ ക്രൊയേഷ്യയിലേക്കാണ് ആദ്യത്തെ യാത്ര കെന്നാര്‍ഡ് ബുക്ക് ചെയ്തത്. പിന്നീട് നേപ്പാളിലേക്കും ഇന്ത്യയിലേക്കും ബുക്ക് ചെയ്തു. ഞങ്ങള്‍ സംസാരിച്ച് ദിവസം തന്റെ പതിനൊന്നാമത്തെ ട്രിപ്പിന്റെ തയ്യാറെടുപ്പിലായിരുന്നു കെന്നാര്‍ഡ്.

‘ഒരുപാട് വാട്സാപ്പ് ഗ്രൂപ്പിലെ അംഗമാണ് ഞാന്‍. ഒരു വര്‍ഷം മുന്‍പ് നടത്തിയ യാത്രകളിലെ പരിചയക്കാരും ഗ്രൂപ്പിലുണ്ട്. ഈ യാത്രയില്‍ പുതിയ ആളുകളും പുതിയ ബന്ധങ്ങളുമാണ് ലഭിക്കുന്നത്. ഒരുപാട് പുതിയ അനുഭവങ്ങള്‍ യാത്ര നല്‍കുന്നു.’- കെന്നാര്‍ഡ് പറഞ്ഞു. പുതിയ സുഹൃത്തുക്കളെ ലഭിച്ചത് മാത്രമല്ല, ഒറ്റയ്ക്കുള്ള യാത്രകളോട് കെന്നാര്‍ഡിന് കൂടുതല്‍ ഇഷ്ടം തോന്നി.

‘ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീ ആയതിനാല്‍ ചില സ്ഥലങ്ങളില്‍ പോകുമ്പോള്‍ സുരക്ഷിതമാണോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും നിങ്ങളെ സംരക്ഷിക്കും’- കെന്നാര്‍ഡ് പറഞ്ഞു.

ഉടനെ ഒന്നും തിരിച്ചു വരാനുള്ള പദ്ധതി കെന്നാര്‍ഡിന് ഇല്ല. കൂടുതല്‍ യാത്രകള്‍ ചെയ്യാന്‍ തന്നെയാണ് അവരുടെ ആഗ്രഹം. ‘ലോകത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ആണ് ഈ യാത്രകളിലൂടെ മാറിയത്. അത് തന്നെയാണ് യാത്രകള്‍ നല്‍കിയ ഏറ്റവും വലിയ സമ്മാനം. ഒരുപാട് നല്ല മനുഷ്യരെ കണ്ടു. മനുഷ്യത്വത്തിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ ഈ യാത്രകള്‍ എന്നെ സഹായിച്ചു’- കെന്നാര്‍ഡ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍