UPDATES

യാത്രക്കുറിപ്പുകള്‍

“രണ്ടു കാൽമുട്ടും മുറിഞ്ഞിട്ടും എനിക്ക് കയറാമെങ്കിൽ, എന്റെ പൊന്നു പെണ്ണുങ്ങളെ നിങ്ങൾക്കും കയറാവുന്നതേയുള്ളൂ” -അഗസ്ത്യാർകൂടം ട്രക്കിങ്; ഒരു പെണ്ണനുഭവം

‘രണ്ടു കാൽമുട്ടും മുറിഞ്ഞിട്ടും എനിക്ക് 22 കിലോമീറ്റർ നടക്കാമെങ്കിൽ, കാലിൽ മസിൽ കേറിയിട്ടും 9 കിലോമീറ്റർ അജീനയ്ക്കു നടക്കാമെങ്കിൽ, ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രായത്തെ വക വയ്ക്കാതെ ഇക്കണ്ട മനുഷ്യർ ഒക്കെ കേറിയിട്ടുണ്ടെങ്കിൽ നിങ്ങൾക്കും കയറാവുന്നതേയുള്ളൂ. അഗസ്ത്യമല നിങ്ങളെയും കാത്തിരിക്കുന്നു.’

സ്ത്രീകൾക്ക് ഈ വർഷം മുതൽ മല കയറാമെന്ന ന്യൂസ്‌ വന്ന അന്നുമുതൽ പാസ്സ് കിട്ടാൻ കണ്ണിൽ എണ്ണയൊഴിച്ചാണ് ഞാൻ കാത്തിരുന്നേ. പക്ഷെ എവിടെ കിട്ടാൻ! ഓരോരുത്തര് ഇവിടെ വർഷങ്ങളായി ശ്രമിക്കുവാ. അപ്പഴാ ഇന്നലെ പൊട്ടി മുളച്ച ഞാൻ പാസ്സ് എന്നും പറഞ്ഞു നടക്കുന്നെ. ഓൺലൈൻ വഴി പാസ്സെടുക്കൽ നൈസ് ആയി ‘3g’ ആയി. എന്നാൽ എന്റെ ഫ്രണ്ടിന് കിട്ടുവേം ചെയ്തു. അന്നേരം എനിക്ക് വന്ന കുശുമ്പും സങ്കടവും. ഞാൻ പിന്നെ ഒന്നും പുറത്തു കാണിക്കാൻ പോയില്ല. ഹല്ല പിന്നെ, ഞാനാരാ മോൾ.

പക്ഷേ ഉണ്ടല്ലോ, പണ്ട് പൗലോ കൊയ്‌ലോ എഴുതിയത് സത്യം ആണെന്നു എനിക്ക് ശരിക്കും തോന്നിപ്പോയത് അപ്രതീക്ഷിതമായി വേറെ ഒരാൾ ക്യാൻസൽ ചെയ്ത പാസ്സ് എനിക്ക് കിട്ടിയപ്പോൾ ആണ്. അതിനു #Nisha ചേച്ചിനോട് അന്തം വിട്ടു പണ്ടാരം അടങ്ങിയ താങ്ക്സ്. അതും കൺഫേം ആയതു രണ്ടു മൂന്നു ദിവസങ്ങൾക്ക് മുമ്പു മാത്രമാണ്.

പതിവ് പോലെ അമ്മ ഉടക്കി. പക്ഷെ പറഞ്ഞിട്ട് കാര്യവില്ല. എല്ലാ അമ്മമാരേം പോലെ തന്നെ എന്റെ അമ്മയും. എന്റെ സുരക്ഷ തന്നെ പ്രശ്നം. അമ്മക്ക് പേടി എന്നെ വിടാൻ. പക്ഷെ താന്തോന്നി എന്നൊരു പേര് പണ്ടേ ഉള്ളത് കൊണ്ട് അവസാനം എന്റെ ആഗ്രഹത്തിന് വഴങ്ങിത്തരേണ്ടി വന്നു പാവത്തിന്. അപ്പയെ പിന്നെ ഞാൻ പണ്ടേ സോപ്പിട്ടു വച്ചത് കൊണ്ട് പ്രശ്നം ഉണ്ടായില്ല.

19നു രാത്രി ഞാൻ അങ്ങനെ ബാഗും പാക്ക് ചെയ്തു വേണാടിന് കേറി തിരോന്തരത്തേക്കു യാത്രയായി സൂർത്തുക്കളെ. അവിടെ അന്ന് രാത്രി നിന്നത് അജീന എന്ന എന്റെ സഹയാത്രികയുടെ വീട്ടിലായിരുന്നു. അജീനയെ കൂടാതെ വേറെ രണ്ടു പേര് കൂടി ഉണ്ടാരുന്നു എന്റെ ടീമിൽ. അജിത ടീച്ചറും ബീന ടീച്ചറും. അവര് രണ്ടു പേരും സ്ഥിരം ട്രക്കിങ്ങിനു പോകുന്നവരാ. ഞാനും അജീനയും ഫസ്റ്റ് ടൈം ആരുന്നു. ആദ്യമായി കാണുന്നവർ പോലും എത്ര കെയറിംഗ് ആണെന്നു ആ രാത്രി തൊട്ടു ഞാൻ അനുഭവിച്ചു അറിഞ്ഞു. ടീച്ചർമാർ ഷോപ്പിംഗിനു പോയപ്പോൾ എനിക്ക് വേണ്ടി കൂടി ഡ്രൈ ഫ്രൂട്ട്സ് വാങ്ങിയിരുന്നു. പിറ്റേന്ന് രാവിലെ ഒരു 5 മണിയോട് കൂടി ഞങ്ങൾ വീട്ടിൽ നിന്നു ഇറങ്ങി. ബോണക്കാട് പിക്കറ്റ് സ്റ്റേഷൻ എത്തിയപ്പോൾ 7 മണി ആയി. അന്ന് മല കയറുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ കൂടാതെ വേറെ രണ്ടു സ്ത്രീകൾ കൂടി ഉണ്ടായിരുന്നു. അവര് അവരുടെ ഭർത്താക്കന്മാരുടെ കൂടെ ആണ് വന്നത്. പിക്കറ്റ് സ്റ്റേഷനിൽ രജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു ഉച്ചക്കുള്ള പൊതിച്ചോറും വാങ്ങി. ആദ്യം നാലു എണ്ണം വാങ്ങി. പക്ഷെ അത് ഞങ്ങൾക്ക് ആവശ്യമായതിൽ കൂടുതൽ ഉണ്ടെന്നു മനസിലായപ്പോൾ രണ്ടു പാക്കറ്റ് വേറെ ഒരു ഫാമിലിക്കു കൊടുത്തു. അത് കഴിഞ്ഞു ഫോറസ്റ്റ് ഓഫീസർ എല്ലാവരെയും വിളിച്ചു കൂട്ടി ട്രക്കിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും മറ്റും വിശദമായി പറഞ്ഞു തന്നു.

1868 മീറ്റർ ഉയരമുള്ള അഗസ്ത്യമല കേരളത്തിലെ ഏറ്റവും ദുർഘടമായ ട്രക്കിങ്ങ് ആണ്. 2017 വരെ മലയിൽ പൂജയൊക്കെ നടന്നിരുന്നു. എന്നാൽ അതിനു ശേഷം സുപ്രീംകോടതി അഗസ്ത്യമലയിൽ പൂജകൾ നിരോധിച്ചു. നെയ്യാർ വന്യ ജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നുണ്ട്. തമിഴ് സഹോദരങ്ങളുടെ പുണ്യനദിയായ താമ്രപർ‌ണിയുടെ ഉത്ഭവം ഈ മലയുടെ മുകളിൽ നിന്നാണ്. ഒരുപാട് ഔഷധങ്ങൾ, വന്യജീവികൾ ഒക്കെ ഉള്ള കാടാണത്. കാണി എന്ന വിഭാഗത്തിലെ ആദിവാസി ജനതയാണ് അവിടുത്തെ ആദിമവാസികൾ. അവരുടെ പേരിൽ പേറ്റന്റ് എടുത്തിട്ടുള്ള ആരോഗ്യപ്പച്ച എന്ന ഔഷധം നിറയെ കാണുന്ന ഒരു കാട് കൂടിയാണിത്.

പൊതുവെ മൂന്നു ദിവസമായിട്ടാണ് ട്രക്കിങ്ങ്. ആദ്യദിവസം 16 കിലോമീറ്റർ സഞ്ചരിച്ച് അതിരുമലയിലെ ബേസ് ക്യാമ്പിൽ എത്തണം. ഈ 16 കിലോമീറ്ററിൽ ഇടക്കിടയ്ക്ക് വെള്ളച്ചാട്ടങ്ങളുണ്ട്. അത് കഴിഞ്ഞാൽ പിന്നെ പുൽമേടാണ്. ഞാൻ പോയ ദിവസം കാലാവസ്ഥ വളരെ അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ സൂര്യന്റെ ആക്രമണത്തിൽ നിന്നു രക്ഷപെടാൻ കഴിഞ്ഞു. നല്ല ശക്തിയായി കാറ്റുണ്ടായിരുന്നു. പല സമയത്തും മുന്നോട്ട് കാലെടുത്തു വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. രാവിലെ ഒരു 9:15 ആയപ്പോൾ ഞാനും വേറെ 19 പേരും അടങ്ങുന്ന ബാച്ച് ട്രെക്കിങ്ങ് സ്റ്റാർട്ട്‌ ചെയ്തു . 20 പേരടങ്ങുന്ന ഒരു ബാച്ചിന് ഒരു ഗൈഡ് ആണ് ഉള്ളത്. ഗൈഡായി വരുന്നത് കാണി വിഭാഗക്കാർ തന്നെയാണ്. അവർക്ക് ട്രക്കിങ് പാത അല്ലാതെ കാട്ടിലെ മറ്റു വഴികളും നല്ല വ്യക്തമാണ്. തുടക്കത്തിൽ എല്ലാർക്കും നല്ല ആവേശമായിന്നു. ഞങ്ങൾ കേറുന്ന വഴിക്ക് തലേന്നും മിനിഞ്ഞാന്നും പോയവർ ഒക്കെ തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. 18നു കയറിയ 9 സ്ത്രീകളെ അന്നേ ദിവസം കാണാൻ കഴിഞ്ഞു. അവരെല്ലാം നല്ല കോൺഫിഡൻസ് തന്നു. അത്ര ബുദ്ധിമുട്ട് ഒന്നുമില്ല, എന്തായാലും കേറാൻ കഴിയും, മുകളിൽ എത്താതെ തിരിച്ചിറങ്ങരുത് എന്നൊക്കെ പറഞ്ഞാണ് ഞങ്ങളെ വിട്ടത്. എല്ലാരും കൂടെ നിന്നു ഫോട്ടോ എടുക്കാനും മറന്നില്ല. ചെറുപ്പക്കാരായ യുവതികൾ മുതൽ 56 വയസ്സായ സ്ത്രീകൾ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ പ്രായത്തിലും അവരുടെ എനർജി, ആത്മവിശ്വാസം ഒക്കെ സമ്മതിച്ചേ പറ്റൂ. പണ്ടാരോ പറഞ്ഞ പോലെ ‘Age is Just a Number.’

ഇടക്കിടക്ക് വെള്ളച്ചാട്ടമുണ്ടായിരുന്നതു കൊണ്ട് കുപ്പിയിൽ പകുതി വെള്ളമേ കരുതിയിരുന്നുള്ളൂ. അത്രേം ഭാരം കുറയ്ക്കാമല്ലോ. ഉച്ചക്കത്തെ ഊണ് ഞങ്ങൾ നേരത്തെ കഴിച്ചു. ഊണിനു ശേഷം ഞാൻ എന്റെ ടീമിൽ നിന്നും ഒത്തിരി മുന്നിൽ ആയിപ്പോയി. കുറച്ചു നേരം കാത്തു നിന്നിട്ടും കാണാഞ്ഞപ്പോൾ ഞാനങ്ങ് നടന്നു. 12:30 ആയപ്പോൾ പുൽമേട് എത്തിച്ചേരാൻ പറ്റി. അവിടെയൊക്കെ നല്ല ശക്തിയായ കാറ്റ് ആയിരുന്നു. ഞാനാണേൽ ഒറ്റയ്ക്കും. പുൽമേട് തൊട്ടു പിന്നെ അങ്ങോട്ട്‌ കേറ്റം മാത്രേ ഉള്ളൂ. അത് കഴിഞ്ഞു വെള്ളത്തിന്റെ ലഭ്യതയും കുറവാണു. അതുകൊണ്ട് തന്നെ പോകുന്നവർ നാലാമത്തെ ബേസ്‌ക്യാമ്പിനു മുന്നിലുള്ള വെള്ളച്ചാട്ടത്തിൽ നിന്നു കുപ്പി നിറച്ചിട്ട് പോകാൻ ശ്രദ്ധിക്കുക. പുൽമേട് കുറച്ചു മുന്നോട്ടു പോയി ഒരു കേറ്റം കേറി കഴിയുമ്പോൾ അടുത്ത ക്യാമ്പ് കാണാം. ഈ ക്യാമ്പുകൾ ഒക്കെ ഓല വച്ചുണ്ടാക്കിയ സെറ്റപ്പ് ആണുട്ടോ.

‘അഗസ്ത്യകൂടം… അഗസ്ത്യകൂടം… അഗസ്ത്യകൂടം കോളിങ്, അതിരുമല.. അതിരുമല.. അതിരുമല.. അവര്‍ ടോപ്പിലെത്തി!’: ധന്യ സനല്‍ സംസാരിക്കുന്നു /ചിത്രങ്ങള്‍

അത്ര ദൂരം കേറി കഴിഞ്ഞപ്പോൾ എനിക്ക് ഇച്ചിരി ക്ഷീണം തോന്നി. അന്നേരം അവിടെ ഉണ്ടായിരുന്ന രണ്ടു അങ്കിളുമാർ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. അവര് രണ്ടു പേരും ചെന്നൈ നിന്നു വരുന്ന തീർത്ഥാടകർ ആണ്. 3 വർഷമായി സ്ഥിരം വരുന്നുണ്ട് ഇവിടെ. അതിൽ ഒരാൾ CAക്കാരനും ഒരാൾ എഞ്ചിനീയറുമാണ്. സ്ത്രീകളെ കയറ്റികൊണ്ടുള്ള വിധിയിൽ അവർ രണ്ടുപേരും സന്തുഷ്ടരാണ്. ചിലപ്പോൾ അടുത്ത വർഷം അവർ കുടുംബമായി വന്നേക്കാം. പിന്നീട് ഉള്ള കേറ്റം കേറാൻ ആ എഞ്ചിനീയർ അങ്കിൾ കൂടെ വന്നു. കുത്തനെയുള്ള കയറ്റം ആയതിനാൽ ഇടക്കിടയ്ക്ക് റസ്റ്റെടുക്കേണ്ടി വന്നു. പക്ഷെ 45-50 സെക്കൻഡിൽ കൂടുതൽ നിൽക്കാനോ ഇരിക്കാനോ ആ അങ്കിൾ സമ്മതിച്ചില്ല. അത്രേം ആണത്രേ ideal duration. Experienced ആളുകൾ ആയതു കൊണ്ട് ഞാനും അത് അനുസരിക്കുവേം ചെയ്തു. 2:30 ആയപ്പോൾ അതിരുമല ബേസ് ക്യാമ്പ് എത്തിച്ചേരാൻ പറ്റി. അവിടെ പേര് രജിസ്റ്റർ ചെയ്ത് ഒരു പായയും വാങ്ങി റൂമിൽ ചെന്നു. സിമന്റ്‌ തേച്ച തറ ആയതിനാൽ തണുപ്പ് കാലിലേക്ക് അരിച്ചു കയറുന്നുണ്ടാരുന്നു. ചെരുപ്പ് അകത്തു ഇടാൻ പാടില്ല. ഞാൻ ആണേൽ വേറെ pair ചെരുപ്പ് കൊണ്ട് പോയതും ഇല്ല. ചെന്ന സമയത്തു നല്ല ആവി പറക്കുന്ന കഞ്ഞി ഉണ്ടാരുന്നു മെസ്സിൽ. പക്ഷെ എനിക്ക് വേണ്ടിയിരുന്നത് ഒരു കാപ്പി ആരുന്നു അതാണേൽ 3 മണി കഴിഞ്ഞിട്ടേ ആവത്തുള്ളൂ. 3:30 ആയപ്പോഴേക്കും എന്റെ കൂടെ ഉണ്ടാരുന്ന ബാക്കി മൂന്നു പേരും എത്തി. ശേഷം ഞങ്ങൾ എല്ലാരം കൂടി പോയി കാപ്പി ഒക്കെ കുടിച്ചു. അവിടുന്ന് അന്ന് കിട്ടിയ രണ്ടു കൂട്ടുകാർ ആണ് അനന്തുവും അജയ്‌ഘോഷും. അവരെ കിട്ടിയത് കൊണ്ട് ഏറ്റവും കൂടുതൽ ഉപകാരമുണ്ടായത് എനിക്കാണ്. അതിന്റെ കാര്യം വഴിയേ മനസിലാകും.

പയ്യെ ഒരു കാപ്പി ഒക്കെ കുടിച്ചേച്ചു ക്യാമ്പിന് പുറകിലുള്ള അരുവി കാണാൻ ഞങ്ങൾ പോയി. അവിടെ നിന്നാൽ പിറ്റേന്നു കേറാൻ പോകുന്ന അഗസ്ത്യാർകൂടം ഇങ്ങനെ നല്ല ഗമയിൽ തല ഉയർത്തി നില്കുന്നത് കാണാൻ പറ്റും. അവിടെ നിന്നു കുറച്ചു ഫോട്ടോ ഒക്കെ എടുത്തിട്ട് പിന്നെ മുകളിലേക്ക് പോയി. പിന്നെ കൊറേ നേരം ഞങ്ങൾ എല്ലാരും കൂടി കത്തി വർത്താനവും ചളിയും ഒക്കെ ആയി അങ്ങ് കൂടി. ബൈ ദുബായ് രാത്രി കഞ്ഞി വേണേൽ നേരത്തെ കൂപ്പൺ എടുത്തു വെക്കണം. അവര് ആവശ്യത്തിന് മാത്രേ ഭക്ഷണം ഉണ്ടാക്കൂ. കാരണം തലച്ചുമട് ആയിട്ട് ഇത്രേം ദൂരം കൊണ്ട് വരുന്ന സാധങ്ങൾ ആണ്. അതു കൊണ്ട് തന്നെ എല്ലാത്തിനും വിലയും കൂടുതൽ ആണ്. എന്നാലും നല്ല അടിപൊളി ഭക്ഷണം ആണ് അവര് തരുന്നേ. എല്ലാത്തിനും നല്ല ടേസ്റ്റ് ഉണ്ട്. ധൈര്യമായി കഴിക്കാം. പിറ്റേന്ന് രാവിലെ ബ്രേക്ഫാസ്റ് വേണമെങ്കിൽ അതും രാത്രി ഭക്ഷണത്തിന്റെ സമയത്ത് പറയണം.

സന്ധ്യ ആയപ്പോൾ ഞാൻ ചെന്നു വല്യ കാര്യത്തിൽ എല്ലാരേം sunset കാണാൻ വിളിച്ചോണ്ട് വന്നു. പക്ഷെ ചെറിയൊരു അബദ്ധം പറ്റി. ഞങ്ങൾ നോക്കി നിന്ന ദിശ മാറിപ്പോയി. സൂര്യസ്തമയത്തിനു പകരം ഞങ്ങൾ കണ്ടത് ചന്ദ്രോദയം ആയിപ്പോയി. ആ സമയം കൊണ്ട് സൂര്യൻ ഞങ്ങടെ പുറകിൽ അസ്തമിച്ചു good night പറഞ്ഞു വീട്ടിൽ പോയി. അതിന്റെ ചമ്മൽ പിന്നെ ഞാൻ വല്യ കാര്യം ആക്കാൻ പോയില്ല. നല്ല കട്ട ജാഡ ഇട്ടു നിന്നു. രാത്രി ബേസ് ക്യാമ്പിൽ നല്ല കാറ്റും തണുപ്പും ആണ്. പക്ഷേ sleeping bag ഉണ്ടായത് കൊണ്ട് എനിക്ക് തണുപ്പ് അടിക്കാതെ കിടക്കാൻ കഴിഞ്ഞു. പക്ഷെ കൂട്ടത്തിൽ ഒരാൾക്ക് അത് ഇല്ലാരുന്നു. പാവം നല്ലോണം തണുത്തു മരച്ചു. ആൾക്ക് കാലിന്റെ മസിലിനു വേദന തുടങ്ങി. ഞാൻ പിന്നെ ഇച്ചിരി നേരം തിരുമ്മി കൊടുത്തു. വോളിനി ഒക്കെ അടിച്ചിട്ടാണ് പിന്നെ കിടന്നേ. തോൾ വേദന ഉണ്ടാവാതിരിക്കാൻ ഞാനും കുറച്ചു അടിച്ചു. ചുമ്മാ ഒരു മുൻ‌കൂർ ജാമ്യം. അന്ന് ആദ്യം ആയി കണ്ട രണ്ടു ചേച്ചിമാർ തണുപ്പ് കാരണം ഒരുമിച്ചു കെട്ടിപിടിച്ചു കിടക്കുന്നത് വരെ കണ്ടു. വെളുപ്പിനെ ആയപ്പോൾ ആണുങ്ങൾ കിടന്ന ഭാഗത്തു നിന്നു ആനയുടെ ചിന്നം വിളി കേട്ടു. ദൈവമേ ആനയോ എന്നു ഞാൻ ഓർത്തു. പിന്നെയാ മനസിലായെ അത് അവരിൽ ഒരാൾ കൂടെ ഉള്ളവരെ എഴുന്നേൽപ്പിക്കാൻ മൊബൈലിൽ പ്ലേ ചെയ്തത് ആണെന്ന്.

പിറ്റേന്ന് രാവിലെ 7 മണി ആയപ്പോൾ പുട്ടും കടലയും ഒക്കെ പൊതിഞ്ഞു മേടിച്ച് അവസാനത്തെ 6 കിലോമീറ്റർ കേറാൻ തുടങ്ങി. അത് പക്ഷെ മറ്റേ 16 കിലോമീറ്റർ വച്ചു നോക്കുമ്പോൾ ഇച്ചിരി കൂടി ബുദ്ധിമുട്ട് ആണ്. കാരണം കേറ്റം മാത്രേ ഉള്ളൂ. മൊത്തം പാറയും കല്ലും മാത്രം. പോകുന്ന വഴിക്കൊക്കെ ആനപ്പിണ്ടം കാണാമായിരുന്നു. ആ വഴിയിലൂടെ ഒക്കെ അത്രേം വല്യ ശരീരം വച്ചു ആന എങ്ങനെ വന്നു എന്നതായിരുന്നു എല്ലാരുടേം സംശയം. ഞങ്ങൾ 4പേരും പിന്നെ അനന്തുവും അജയ്‌യും കൂടിയാണ് അന്ന് കേറിയത്. ഞങ്ങൾ പോകുന്ന വഴിക്ക് ഫ്രൂട്ട്സ് ഒക്കെ കഴിച്ചാ കേറിയേ. അന്നും കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞാനും അനന്തുവും മുന്നിൽ ആയി. മറ്റവർ ഇച്ചിരി പുറകിലും. മുകളിൽ എത്താൻ ആവുമ്പോൾ മൂന്നു സ്ഥലത്തു ആയി കയർ കെട്ടി ഇട്ടിട്ടുണ്ട് നമുക്ക് പിടിച്ചു കേറാൻ ആയിട്ട്. കയർ ഇല്ലെങ്കിലും ചില സ്ഥലത്തു ഒക്കെ കേറാൻ സാധിക്കും. പക്ഷേ ബാലൻസ് പോവാതിരിക്കാൻ അതിൽ പിടിക്കുന്നത് നല്ലതാണ്. അങ്ങനെ മൂന്നും കയറും കയറി ഒരു കേറ്റം കൂടി കേറി കഴിഞ്ഞാൽ ഉണ്ടല്ലോ എന്റെ സാറേ..

അഗസ്ത്യാർകൂടം കീഴടക്കി അവിടെ കേറി നിന്നു ചുറ്റും നോക്കുമ്പോൾ കാണുന്ന ചില കാഴ്ചകൾ ഉണ്ട്.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്. പക്ഷെ അതൊക്കെ കാണണമെങ്കിൽ കോടയും മേഘങ്ങളും ഉണ്ടാവാൻ പാടില്ല. ഇതിൽ ഏതേലും ഉണ്ടേൽ ആ സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല. അഗസ്ത്യമുനിയുടെ ശില്പത്തിന് ചുറ്റും കയർ കെട്ടി വേലി ഉണ്ടാക്കിയിട്ടുണ്ട്. അവിടെ നിന്നു പ്രാർത്ഥിക്കുന്നവരും പൂജ ചെയ്യുന്നവരും ഫോട്ടോ എടുക്കുന്നവരും ഒക്കെ ഉണ്ട്. ചുമ്മാ ആ പാറയിൽ മലർന്നു കിടന്നു കാറ്റ് കൊള്ളുന്ന ആളുകളും. അങ്ങ് മുകളിലും നല്ല ശക്തിയായ കാറ്റുണ്ട്. പറന്നു പോകുന്ന പോലെ ഒക്കെ തോന്നിപ്പോയി. ഞാനും അനന്തുവും അജിത ടീച്ചറും എത്തി ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ബാക്കിയുള്ളവരും എത്തി. അവിടെ വെച്ച് രാവിലെ പൊതിഞ്ഞു കൊണ്ടുവന്ന പുട്ടും കടലയും എല്ലാരും കൂടി ഷെയർ ചെയ്തു കഴിച്ചു. അവിടെ വച്ചു കണ്ട ഒരു സ്കൂൾ അധ്യാപകൻ ഞങ്ങൾക്ക് എല്ലാർക്കും കുമ്പിൾ അപ്പം കൊണ്ടന്നു തന്നു. പിന്നെ എന്റെ ബാഗിൽ കുറച്ചു ഡ്രൈ ഫ്രൂട്ട്സ് ഉണ്ടാരുന്നതും ഞങ്ങൾ അവിടെ നിന്നു കഴിച്ചു. അവിടെ വച്ചാണ് അമൃത tvയിൽ വർക്ക്‌ ചെയ്യുന്ന മൂന്നു പേരെ പരിചയപ്പെട്ടത്. പിന്നീടുള്ള യാത്രയിൽ അവരും ഒരുപാട് ഹെല്പ് ചെയ്തു.

എനിക്കും അനന്തുവിനും അജയ്‌ക്കും അജീനയ്ക്കും രണ്ടാം ദിവസം തന്നെ തിരിച്ചു പോകേണ്ടിയിരുന്നതിനാൽ 11:30 ആയപ്പോൾ ഞങ്ങൾ മല ഇറങ്ങാൻ തുടങ്ങി. അമൃത tvയിലെ ശ്യാം, ദിലീപ്, ശ്രീശാന്ത് ഇവരും ഉണ്ടാരുന്നു. മല കയറുന്ന പോലെ അല്ല ഇറങ്ങുന്നേ. സൂക്ഷിച്ചില്ലേൽ പണി കിട്ടും (അനുഭവം ഗുരു). ആദ്യത്തെ കയർ കഴിഞ്ഞു കുറച്ചു ദൂരം പാറയിൽ കൂടി നടന്നു വേണം അടുത്ത പാറയിൽ എത്താൻ. പക്ഷെ അതിനു മുന്നേ എനിക്ക് ചെറുതായി കാൽ ഒന്നു തെന്നി. നെഞ്ചും തല്ലി പാറയിൽ വീണു. കുറച്ചു നിരങ്ങിപ്പോയി മുന്നിൽ ഉണ്ടാരുന്ന പുല്ലിൽ തട്ടി നിന്നു. പക്ഷേ ചമ്മൽ ഒന്നും പുറത്തു കാണിക്കാതെ അപ്പൊ തന്നെ ഞാൻ ചാടി എണീറ്റു. നോക്കിയപ്പോൾ രണ്ടു കാൽ മുട്ടും മുറിഞ്ഞു. കൈയിലെ തൊലിയും ചെറുതായി പോയി. ദിലീപ് ചേട്ടായി ഒക്കെ വേഗം വന്ന് മുറിവ് നോക്കി. ഭാഗ്യത്തിന് ആഴത്തിൽ മുറിഞ്ഞിട്ടില്ല. കൈയിലെ മുറിവ് കഴുകി ബാഗിൽ ഉണ്ടാരുന്ന band-aid ഒട്ടിച്ചു. കാലിലെ മുറിവ് വലുതായതിനാൽ band-aid ഒട്ടിക്കാൻ പറ്റില്ല. പിന്നെ ഇട്ടിരുന്ന 3/4th മുറിവിൽ തട്ടാതെ മടക്കി വച്ചിട്ട് വീണ്ടും നടത്തം തുടർന്നു. പക്ഷെ മുറിവ് കാരണം എനിക്ക് പതിയെ നടക്കാൻ മാത്രേ പറ്റുമായിരുന്നുള്ളൂ. ബാക്കി എല്ലാരേം മുന്നിൽ കേറ്റി വിട്ടിട്ടു ഞാനും അനന്തുവും കൂടി പുറകിൽ നടന്നു. കല്ല്, ഇറക്കം ഒക്കെ കാൽ എടുത്തു വക്കാൻ ബുദ്ധിമുട്ട് ആയിരുന്നതിനാൽ എനിക്ക് ഒരാളുടെ സപ്പോർട്ട് വേണ്ടിയിരുന്നു. അതിനാണ് അനന്തു കൂടെ നിന്നത്.

‘വര്‍ഷം തോറും 4700 പുരുഷന്മാര്‍ കയറിയിട്ട് നശിക്കാത്ത അഗസ്ത്യാര്‍ കൂടം ഞങ്ങള്‍ സ്ത്രീകള്‍ കയറിയാല്‍ എങ്ങനെയാണ് നശിക്കുക?’

ഉച്ചക്ക് 2 മണിക്ക് മുന്നേ ബേസ് ക്യാമ്പിൽ എത്തുക എന്നത് പിന്നെ ഒരു വെല്ലുവിളി ആയി എനിക്ക്. മുറിഞ്ഞ കാലും വച്ചു 2:30 മണിക്കൂറിൽ താഴെ എത്തുക എന്നത് വളരെ കഷ്ടം ആണ്. എങ്കിലും ധൈര്യം കൈവിടാതെ മുന്നോട്ടു തന്നെ നടന്നു. ഇടക്കിടക്ക് പാറയിലും കയറിലും മരത്തിലും ഒക്കെ തട്ടി മുറിവ് താങ്ങുന്നത് ഒരു പ്രശ്നം ആയിരുന്നു. അനന്തുവിന്റെ സഹായത്തോടെ ഒരു വിധത്തിൽ നടന്നു. കാണുന്ന എല്ലാവരും മുറിവിന്റെ കാര്യം ചോദിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ മുന്നിൽ പോയവരുടെ ഒപ്പം എത്താൻ പറ്റി. അവർക്ക് ഇടക്ക് വിശ്രമം വേണം എന്ന് പറഞ്ഞത് കൊണ്ട് അവർ ഇച്ചിരി നേരം ഇരിക്കാൻ ശ്രമിച്ചു. എന്നോടും ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ ഇരുന്നില്ല. കാരണം ഞാൻ അപ്പോൾ നടന്നു തുടങ്ങിയാലും കുറച്ചു കഴിയുമ്പോൾ അവര് എന്നെ overtake ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു. 2 മണിക്ക് മുന്നേ എത്തണമല്ലോ എന്ന് ആലോചിച്ചു ഞാൻ ഇരിക്കാൻ നില്കാതെ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അത് നടക്കില്ല എന്ന് തോന്നി തുടങ്ങി. അനന്തുവിനോട് ഞാൻ വേഗം പൊക്കോ, അല്ലേൽ നിനക്കും pass കിട്ടില്ല എന്ന് പറഞ്ഞെങ്കിലും അവൻ പോയില്ല. അജയ് മാത്രം മുന്നിൽ പോയി എന്നിട്ട് അവനോടു രണ്ടു പേർക്കും ഉള്ള പാസ്സ് എടുത്തു വക്കാൻ പറഞ്ഞു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു മരത്തിനു മുകളിൽ സിംഹവാലൻ കുരങ്ങിനെ കണ്ടു. അതിനെ ആദ്യം കണ്ടത് വേറൊരു ചേട്ടൻ ആരുന്നു. പുള്ളി നോക്കുന്നത് കണ്ടിട്ടാ ഞങ്ങളും നോക്കിയേ. ഇടയ്ക്ക് വെച്ചു ഏതോ ഒരു ജീവി കരയുന്ന ഒച്ച കേട്ടു അത് കരടി ആണെന്നൊക്കെ പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. അല്ല പിന്നെ ഞാൻ ആരാ മോൾ, എനിക്ക് ഒടുക്കത്തെ ധൈര്യവാ. എന്തായാലും 1.50 ആയപ്പോൾ ബേസ് ക്യാമ്പ് എത്തി എങ്ങനെ ഒക്കെയോ… 10 min കഴിഞ്ഞപ്പോൾ ബാക്കി ഉള്ളവരും വന്നു. അവിടെ വെച്ചു ടീച്ചർമാരോടു യാത്ര പറഞ്ഞു ബാക്കി ഞങ്ങൾ 7 പേര് യാത്രയായി. ഞാനും അനന്തുവും അജയ്‌യും ആദ്യം നടന്നു. മറ്റുള്ളവർ കഞ്ഞി കുടിക്കാൻ മെസ്സിൽ കേറി. ബേസ് ക്യാമ്പിൽ നിന്നു അവര് വിട്ടില്ലെങ്കിലോ എന്ന് കരുതി മുറിവ് അവര് കാണാതിരിക്കാൻ 3/4th ഞാൻ താഴ്ത്തി ഇട്ടിരുന്നു. അത് കൊണ്ട് അവിടുന്ന് മരുന്ന് വയ്ക്കാൻ കഴിഞ്ഞില്ല.

അതിരുമലയിൽ നിന്നു പയ്യെ ആണ് നടന്നത്. നല്ല ഇറക്കമായതിനാൽ സ്പീഡിൽ നടക്കാൻ കഴിഞ്ഞില്ല. അജയ്‌യും അനന്തുവും മാറിമാറി കൈപിടിച്ച് ഓരോ കല്ലും പാറയും ഇറക്കവും ഇറങ്ങാൻ സഹായിച്ചു. വഴിക്ക് വെച്ച് അന്ന് മല കയറിത്തുടങ്ങിയവരെ കാണുന്നുണ്ടായിരുന്നു. ചിലരൊക്കെ മുറിവ് കണ്ട് സഹതപിച്ചു. ചിലർ പേടിച്ചു. ഇടക്ക് ഒരു ഗാർഡ് ഞങ്ങളെ ക്രോസ്സ് ചെയ്തു പോയി. അപ്പഴേക്കും അജീനയും കൂട്ടരും ഞങ്ങളുടെ ഒപ്പം എത്തിയാരുന്നു. പുൽമേടിലെ ക്യാമ്പ് എത്തിയപ്പോൾ നേരത്തെ പോയ ഗാർഡ് മരുന്നും പഞ്ഞിയുമൊക്കെയായി അവിടെ നോക്കി നിൽക്കുന്നു. അവിടെ വെച്ച് കുറച്ചു കാറിക്കൂവി മുറിവ് ക്ലീൻ ചെയ്തു മരുന്ന് വച്ചു വീണ്ടും നടന്നു. അവിടെ നിന്ന് അജീനയും മറ്റു ചേട്ടായിമാരും ഞങ്ങളെക്കാൾ ഒത്തിരി മുന്നിലായി. ഞാൻ മറ്റവരുടെ കൂടെ പതിയെ നടന്നു. 4:30 ആയപ്പോൾ താഴെ നിന്നു വേറെ ഒരു ഗാർഡ് കൈയിൽ കത്തി ഒക്കെ ആയി കേറി വരുന്നു. പുള്ളി ഞങ്ങളെ അന്വേഷിച്ചു വന്നതായിരുന്നു. ആദ്യം പോയവർ ചെന്നു എന്റെ കാര്യം പറഞ്ഞപ്പോൾ തിരഞ്ഞു വന്നതാണ്. അവർ ഞങ്ങളെ കാത്തു വെള്ളച്ചാട്ടത്തിൽ നിൽക്കുന്നുണ്ടായിരുന്നു. അവിടുന്ന് പക്ഷേ ഗാർഡ്സ് ഞങ്ങളെ ഇരിക്കാൻ സമ്മതിച്ചില്ല. കാരണം ഏകദേശം 5 മണി ആയിരുന്നു അപ്പൊ തന്നെ. വേഗം നടന്നില്ലേൽ പിക്കറ്റ് സ്റ്റേഷനിൽ എത്തുമ്പോൾ നല്ലോണം വൈകും എന്ന് പറഞ്ഞു അവർ. എന്ത് ചെയ്യാൻ, വേഗം നടക്കാൻ എനിക്കും ആഗ്രഹം ഉണ്ട്, പക്ഷെ എന്റെ കാല് സമ്മതിക്കണ്ടേ.

അവിടുന്നങ്ങോട്ട്‌ ഗാർഡ് ഞങ്ങടെ കൂടെ വന്നു. ഒരു ക്യാമ്പിൽ നിന്നും വരുന്ന ഗാർഡ് അടുത്ത ക്യാമ്പിൽ നിന്നിട്ട് അവിടുന്ന് വേറെ ഗാർഡ് വരും. അവസാനത്തെ 9 കിലോമീറ്റർ ആയപ്പോൾ അജീനയ്ക്കു കാലിൽ മസിൽ കേറി. പിന്നെ അവളും സ്ലോ ആയിത്തുടങ്ങി. എങ്കിലും ധൈര്യം കൈവിടാതെ തന്നെ നടന്നു. ഞങ്ങടെ കൂടെ ഉണ്ടാരുന്ന എല്ലാവരും ഭയങ്കര സപ്പോർട്ട് ആയിരുന്നു. രണ്ടാമത്തെ ക്യാമ്പിന്റെ അവിടെ നിന്നു മല ഇറങ്ങുന്ന മറ്റൊരു അങ്കിൾ കൂടി ഞങ്ങളുടെ ഒപ്പം കൂടി. പുള്ളിക്കും കാലിനു എന്തോ പ്രശ്നം. അത്രേം ദൂരം എത്തിയതിനാൽ അതിരുമല ക്യാമ്പിലേക്ക് തിരിച്ചു പോകാൻ വയ്യ. മുന്നോട്ടു പോകാൻ ആ അങ്കിൾ തീരുമാനിച്ചു. അവിടുന്നങ്ങോട്ട്‌ അജയ് ആ അങ്കിളിനെ കൈപിടിച്ചു സഹായിച്ചു. രണ്ടു ഗാർഡ്സ് മുന്നിലും പുറകിലും ആയി നടന്നു. അന്നേരത്തെക്കും നന്നായി ഇരുട്ടിയിരുന്നു. അതുകൊണ്ട് തന്നെ കൈയിലുള്ള ഫോണിലെയൊക്കെ ടോർച്ച് ഓണാക്കിയാണ് നടന്നത്. ഞങ്ങളുടെ നടത്തം പതിയെ ആയതിനാൽ ട്രെക്കിങ്ങ് പാതയ്ക്കു പകരം കുറച്ചു കൂടി ദൂരം കുറഞ്ഞ, എന്നാൽ റിസ്കുള്ള മറ്റൊരു വഴിയിൽക്കൂടിയാണ് അവർ കൊണ്ടു പോയത്. മുന്നിൽ നടന്ന ഗാർഡ് വഴിയിൽ അപകടം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തിയാണ് ഞങ്ങളെ നയിച്ചു കൊണ്ടിരുന്നത്. കാലിനു പരിക്ക് പറ്റിയത് കൊണ്ട് രാത്രിയിൽ കാട്ടിൽക്കൂടി നടക്കാനും അധികമാർക്കും കാണാൻ കിട്ടാത്ത വഴിയിൽക്കൂടി പോകാനും ഞങ്ങൾക്ക് സാധിച്ചു.

അവസാനമായപ്പോഴേക്കും കാലിനു നല്ല വേദന വന്നു തുടങ്ങി. ഇതിനിടക്ക് അനന്തു എന്റെ ബാഗും എടുത്തിരുന്നു. പാവം. അങ്ങനെ ഒടുവിൽ 8-8:30 ആയപ്പോൾ ഞങ്ങൾ പിക്കറ്റ് സ്റ്റേഷൻ എത്തി. അവിടുന്ന് ചൂടോടെ ഓരോ കാപ്പിയും കുടിച്ചു. ബാക്കി ഫോർമാലിറ്റീസ് ഒക്കെ തീർത്ത് ഒരു 9 മണിയോട് കൂടി അനന്തുവിനോടും അജയ്യോടും യാത്ര പറഞ്ഞു ബാക്കി ഞങ്ങൾ 5 പേരും കൂടി കാറിൽ യാത്ര ആയി. അവര് 2 പേരും ബൈക്കിലും പോന്നു. ശ്യാം ചേട്ടായിനേം ദിലീപ് ചേട്ടായിനേം സ്റ്റുഡിയോയിൽ ആക്കിയതിനു ശേഷം എന്നേം അജീനയെയും അവളുടെ വീട്ടിൽ ആക്കി തന്നിട്ട് ശ്രീശാന്ത് ചേട്ടായി പുള്ളിടെ വീട്ടിലും പോയി. എന്റെ കഷ്ടകാലത്തിനു അവളുടെ വീട് മൂന്നാമത്തെ നിലയിൽ ആരുന്നു. ഒരു വിധത്തിൽ അതൊക്കെ വലിഞ്ഞു കേറി മുകളിൽ ചെന്നു. അവളുടെ കസിൻ ഫർസാനയും ചേച്ചിയും കൂടി ഞങ്ങൾക്ക് രാത്രി ഫുഡും കട്ടൻ ചായയും ഒക്കെ ഉണ്ടാക്കി തന്നു. പിറ്റേന്ന് രാവിലെ എന്റെ മുറിവും ക്ലീൻ ചെയ്തു ഡ്രസ്സ്‌ ചെയ്തു തന്നതും ഫർസാന ആരുന്നു. ഉച്ചയോട് കൂടി അവിടുന്ന് എല്ലാരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങിയപ്പോൾ ഒരുപാട് നല്ല ഓർമകളും ഒത്തിരി നല്ല മനുഷ്യരെയും കൂട്ടിനു കിട്ടിയ സന്തോഷമുണ്ടായിരുന്നു മനസ്സിൽ.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ പൊന്നു പെണ്ണുങ്ങളെ, രണ്ടു കാൽമുട്ടും മുറിഞ്ഞിട്ടും എനിക്ക് 22 കിലോമീറ്റർ നടക്കാമെങ്കിൽ, കാലിൽ മസിൽ കേറിയിട്ടും 9 കിലോമീറ്റർ അജീനയ്ക്കു നടക്കാമെങ്കിൽ, ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രായത്തെ വക വയ്ക്കാതെ ഇക്കണ്ട മനുഷ്യർ ഒക്കെ കേറിയിട്ടുണ്ടെങ്കിൽ നിങ്ങൾക്കും കയറാവുന്നതേയുള്ളൂ. അഗസ്ത്യമല നിങ്ങളെയും കാത്തിരിക്കുന്നു.

ഇനി ചില ടിപ്സ്

1. പരമാവധി കുറച്ചു luggage കൊണ്ട് പോവുക. (sleeping bag, ഒരു ജോഡി വസ്ത്രം, തോർത്ത്‌, ടൂത്പേസ്റ്റ്, ബ്രഷ്, വോളിനി സ്പ്രേ, ointment, band-aid, ചാർജർ, ഹെഡ്സെറ്റ്, ഡ്രൈ ഫ്രൂട്ട്സ്, ഒരു കുപ്പി വെള്ളം, പേഴ്സ് ഇത്രേം സാധങ്ങൾ ആണ് എന്റെ ബാഗിൽ ഉണ്ടായിരുന്നത്)

2. സ്ത്രീകൾ lipstick, lip gloss, തുടങ്ങിയ മേക്കപ്പ് സാധനങ്ങൾ പരമാവധി ഒഴിവാക്കുക. ചെക്കിങ് സമയത്തു അതൊക്കെ മാറ്റാൻ ഫോറെസ്റ്റ് ഓഫീസർ ആവിശ്യപ്പെട്ടേക്കാം. അല്ലേലും കാട്ടിൽ പോകുമ്പോൾ ഇതിന്റെ ഒന്നും ആവശ്യമില്ലല്ലോ. സാനിറ്ററി നാപ്കിൻ അതിന്റെ കവറിൽ നിന്നു ഒഴിവാക്കി പേപ്പറിൽ പൊതിഞ്ഞു വക്കുക.

3. കുറച്ചു ഡ്രൈ ഫ്രൂട്ട്സ്, പഴങ്ങൾ ഒക്കെ കരുതിയാൽ ഇടയ്ക്ക് ക്ഷീണം തോന്നുമ്പോൾ കഴിക്കാം. (ഭാരം ഒരുപാട് ആവാതെ ശ്രമിക്കുക).

4. എപ്പഴും ഒരു moderate സ്പീഡ് maintain ചെയ്തു നടക്കുക. ഒരുപാട് വിശ്രമവും നല്ലതല്ല.

5. ഷൂ വേണമെന്ന് നിർബന്ധമില്ല. സ്ലിപ്പർ ഇട്ട് കേറുന്നവർ വരെ ഉണ്ട്. പക്ഷെ നിങ്ങൾക്ക് comfortable ആയ, ഗ്രിപ്പ് കിട്ടുന്ന ചെരിപ്പ് ധരിക്കുക.

6. നടക്കുന്ന സമയത്ത് തണുപ്പ് അറിയാൻ സാധ്യത കുറവാണ്. Shorts ഒക്കെ ഇടുവാണെങ്കിൽ നല്ലത്. ടൈറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. കാൽ എപ്പഴും ഫ്രീ ആയി മൂവ് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള വസ്ത്രം തിരഞ്ഞെടുക്കുക.

7. രാത്രിയിൽ തണുപ്പുണ്ടാകും. അതിനെ പ്രതിരോധിക്കാൻ തക്ക രീതിയിൽ വരിക.

8. അത്യാവശ്യം pain relief spray, band-aid, ഒക്കെ കരുതുക.

9. ഭക്ഷണത്തിനു വില കൂടുതൽ ആയതിനാൽ ആവശ്യത്തിന് ക്യാഷ് കൈയിൽ സൂക്ഷിക്കുക.

10. BSNLനു ഒരുപാട് സ്ഥലത്തു റേഞ്ച് കിട്ടും.

11. പിക്കറ്റ് സ്റ്റേഷനിൽ മുളവടി ലഭ്യമാണ്. ആവശ്യമെങ്കിൽ 10 രൂപ കൊടുത്തു ഒരെണ്ണം വാങ്ങി വെക്കുക.

12. പ്ലാസ്റ്റിക് ഒന്നും അകത്തേക്ക് കയറ്റി വിടില്ല. ബിസ്‌ക്കറ്, ചോക്ലേറ്റ് ഒക്കെ അതിന്റെ പ്ലാസ്റ്റിക് കോട്ടിങ് ഒഴിവാക്കി പേപ്പറിൽ പൊതിഞ്ഞു എടുക്കുക.

13. ബസ്സിനു പോകുന്നവർ രണ്ടാംദിവസം വൈകുന്നേരം 5 മണിക്ക് ഉള്ളിൽ പിക്കറ്റ് സ്റ്റേഷനിൽ എത്താൻ കഴിയുമെങ്കിൽ മാത്രം അന്ന് തന്നെ തിരിച്ചു ഇറങ്ങുക. കാരണം അവസാന ബസ് 5:45നു ആണ്. അല്ലാത്ത പക്ഷം അന്ന് കൂടി ക്യാമ്പിൽ നിന്നു പിറ്റേന്ന് രാവിലെ ഇറങ്ങുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍