UPDATES

യാത്ര

19 വര്‍ഷം പഴക്കമുള്ള പേപ്പര്‍ ടിക്കറ്റിന് വിമാന കമ്പനിയുടെ അംഗീകാരം; തുക മടക്കിക്കൊടുക്കും

ഗ്രീന്‍സ്‌ബോറോയിലെ ജോണ്‍ വാള്‍ക്കര്‍ക്കാണ് 19 വര്‍ഷം മുന്‍പ് നല്‍കിയ ടിക്കറ്റ് കട്ടിലിനടിയിലെ പെട്ടിയില്‍ നിന്ന് ലഭിച്ചത്

19 വര്‍ഷം മുന്‍പ് തങ്ങള്‍ നല്‍കിയ ടിക്കറ്റിനെ ആദരിക്കാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് തീരുമാനിച്ചു. ഗ്രീന്‍സ്‌ബോറോയിലെ ജോണ്‍ വാള്‍ക്കര്‍ക്കാണ് 19 വര്‍ഷം മുന്‍പ് നല്‍കിയ ടിക്കറ്റ് കട്ടിലിനടിയിലെ പെട്ടിയില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ മാസമാണ് ഈ ടിക്കറ്റ് യാദൃശ്ചികമായി കണ്ടുകിട്ടിയത്. ടിക്കറ്റിന്റെ സാധുത അംഗീകരിച്ച കമ്പനി തുകയുടെ ഇന്നത്തെ മൂല്യത്തിനനുസരിച്ച് വാള്‍ക്കര്‍ക്ക് തിരിച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

1998, ഡിസംബര്‍ 31ന് നാഷ്വില്ലെയില്‍ നിന്ന് സക്രാംടോയിലേക്ക് പോകുന്ന വിമാനത്തിന്റെ ടിക്കറ്റാണ് ലഭിച്ചത്. “ഡിസംബറില്‍ സക്രാംടോയിലേക്ക് ജോണ്‍ വാള്‍ക്കറിന്റെ ഭാര്യാ സഹോദരന്റെ വിവാഹത്തിന് പോകാനായി എടുത്ത ടിക്കറ്റായിരുന്നു ഇത്. എന്നാല്‍ ചടങ്ങിന് പങ്കെടുക്കാന്‍ സാധിച്ചില്ല” – ജോണ്‍ വാള്‍ക്കര്‍ പറയുന്നു.

ജോണ്‍ ഈ ടിക്കറ്റ് റീഫണ്ട് ചെയ്യാനായി അപേക്ഷിച്ചിരുന്നു. 1999 മാര്‍ച്ചില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് ടിക്കറ്റ് റീഫണ്ട് ചെയ്യാന്‍ സാധിക്കില്ലെന്നും, ഭാവിയില്‍ ഏതെങ്കിലും വിമാനം ബുക്ക് ചെയ്യാനായി ഈ ടിക്കറ്റിന്റെ പണം ഉപയോഗിക്കാമെന്നുമാണ് അറിയിച്ചത്.

“പിന്നീട് യാത്ര ചെയ്യാനുള്ള ഉദ്ദേശമൊന്നും ഇല്ലാത്തതിനാല്‍ ആ ടിക്കറ്റ് മാറ്റി വെയ്ക്കുകയായിരുന്നു. പിന്നെ ഇതിനെ പറ്റി ചിന്തിച്ചിട്ടേയില്ല,” ജോണ്‍ പറയുന്നു. വേറെ എന്തോ തിരഞ്ഞു കൊണ്ടിരുന്നപ്പോഴാണ് 19 വര്‍ഷം പഴക്കമുള്ള ഈ ടിക്കറ്റ് കൈയ്യില്‍ കിട്ടിയത്. ആ ലെറ്ററില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു; ‘ഉപയോഗിക്കാത്തതും, പണം മടക്കിക്കൊടുക്കാന്‍ സാധിക്കാത്തതുമായ ടിക്കറ്റുകള്‍, ഭാവിയില്‍ ഉപയോഗിക്കാം’.

ഇനിയും ഈ ടിക്കറ്റ് ഉപയോഗിച്ച് പുതിയ ഒരു ടിക്കറ്റ് എടുക്കാന്‍ സാധിക്കുമോ എന്നറിയാന്‍ ജോണ്‍ ശ്രമിച്ചു. ജോണ്‍ പല തവണ എയര്‍ലൈന്‍സ് കസ്റ്റമര്‍ സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതിനെ പറ്റി അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. “ആര്‍ക്കും പേപ്പര്‍ ടിക്കറ്റിനെ കുറിച്ച് അറിവില്ലായിരുന്നു. കാരണം ഇതിനോടകം തന്നെ പേപ്പര്‍ ടിക്കറ്റുകള്‍ പോയി കഴിഞ്ഞിരുന്നു. പത്ത്-പന്ത്രണ്ട് വര്‍ഷം മുന്‍പ് തന്നെ പേപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയിരുന്നു,” ജോണ്‍ പറയുന്നു. ട്വിറ്റര്‍ വഴി എയര്‍ലൈന്‍സിന് സന്ദേശം അയയ്ക്കാന്‍ ജോണ്‍ തീരുമാനിച്ചു.

“നിയമപരമായി ലെറ്ററിന് പ്രാധാന്യം ഇല്ലായിരുന്നു. 2010ല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് കടക്കെണിയില്‍ ആയപ്പോള്‍ അവരുടെ പഴയ എല്ലാ കടങ്ങളും, ടിക്കറ്റുകളും ഉപേക്ഷിച്ചിരുന്നു. എന്നാലും എയര്‍ലൈന്‍ ടിക്കറ്റിന് മതിപ്പ് നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ ഇത് ഒരു പ്രത്യേക സംഭവമായതു കൊണ്ട് എയര്‍ലൈന്‍ വൗച്ചര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.” ഒരു ഏജന്റ് ജോണിനോട് പറഞ്ഞു.

ഇത് അവരുടെ നല്ല കസ്റ്റമര്‍ സര്‍വ്വീസിന്റെ ഭാഗമാണെന്ന് വാള്‍ക്കര്‍ പറയുന്നു. അന്ന് ഈ ടിക്കറ്റിന്റെ വില 378 ഡോളറായിരുന്നു. ഇന്ന് ഇതിന്റെ വില 571.60 ഡോളറാണ്. ജോണ്‍ ഇപ്പോള്‍ ഈ തുകയ്ക്കായി കാത്തിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍