UPDATES

യാത്ര

ചാര്‍മിനാറിലൂടെ ‘ഹാലിം’ തേടിയൊരു യാത്ര; ഓള്‍ ഇന്ത്യ സോളോ ട്രാവലിന് മുന്‍പ് ബഡ്ഡികളുടെ കൂടെയൊരു കറക്കം

റൂമിലോട്ട് പോകുന്ന വഴി കറാച്ചി ബേക്കറിയിലും കയറി. കറാച്ചി ബേക്കറി അറിയത്തില്ലേ.. പാക്കിസ്ഥാനില്‍ നിന്ന് വന്ന സിന്ധി, എസ് കെ രമണി 1950-കളില്‍ തുടങ്ങിയ ബേക്കറി-ഭാഗം 2

29 സംസ്ഥാനങ്ങള്‍…4 കേന്ദ്രഭരണ പ്രദേശങ്ങള്‍…ഇന്ത്യ ഒന്ന് ഓടിച്ച് ചുറ്റിയടിക്കാന്‍ തന്നെ എടുത്തു 6 മാസം. ഇനിയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ബാക്കി. ബസില്‍, ട്രെയ്നില്‍, ട്രാക്ടറില്‍, ബൈക്കില്‍…അങ്ങനെ യാത്ര തുടര്‍ന്നു. യാതൊരു മുന്നൊരുക്കവും കൂടാതെ 2017 ഒക്ടോബറില്‍  തുടങ്ങിയ ‘ഓള്‍ ഇന്ത്യ സോളോ ട്രാവല്‍’ അവസാനിച്ചത് 2018 ഏപ്രിലില്‍. 180 ദിവസത്തെ അനുഭവങ്ങള്‍…ആ ദിവസങ്ങളിലെ സന്തോഷം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ വീണ്ടുമൊരു യാത്ര നടത്തുകയാണ്…അനുഭവങ്ങളിലൂടെ…

ബംഗളൂരുവിലെ കറക്കത്തിന്റെ ക്ഷീണം തീര്‍ത്തത് ആന്ധ്രപ്രദേശിലെ ഗുണ്ടയ്ക്കലിലേക്കുള്ള ട്രെയ്ന്‍ യാത്രയിലായിരുന്നു. രാത്രി സമയം അഡ്ജസ്റ്റ് ചെയ്ത ട്രെയ്ന്‍ യാത്രയുടെ ഉദ്ദേശം ഇതുവരെ പറഞ്ഞില്ലല്ലോ. ബേലം കേവ്‌സ് എന്ന് പ്രകൃതിദത്ത ഗുഹ കാണാനാണ് ഈ പോക്ക്. സംഭവം വെറും ഗുഹയല്ലെന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത്. ഗുണ്ടയ്ക്കലില്‍ ട്രെയ്‌നില്‍ എത്തിയത് ഞങ്ങള്‍ അറിഞ്ഞില്ല. ഇടയ്ക്ക് ആരോ തട്ടി, കണ്ണുതിരുമ്മി വെറുതെ പുറത്തേക്ക് നോക്കിയപ്പോള്‍ ഗുണ്ടയ്ക്കല്‍ ജംഗ്ഷന്‍ എന്ന ബോര്‍ഡ്. പിന്നെ ധൃതിവെച്ച് ഇറങ്ങി. പുറത്തിറങ്ങിയിട്ടും ബോധം വീണില്ലാത്തതുകൊണ്ട് കുറച്ചുനേരം കൂടി അവിടുത്തെ കല്‍ബെഞ്ചില്‍ കുറ്റിയടിച്ചു. പിന്നെ വെയ്റ്റിംഗ് റൂമില്‍ കയറി ഫ്രഷ് ആയി. അടുത്തത് താഡീപത്രിയിലേക്കുള്ള  ട്രെയ്‌നിനായുള്ള കട്ട വെയ്റ്റിംഗായിരുന്നു. ഒരുവിധം കുലുങ്ങി വന്ന പാസഞ്ചറിനകത്തേക്ക് ആക്രാന്തം പിടിച്ച് കയറേണ്ട യതോരു ആവിശ്യവും ഇല്ലായിരുന്നു. ഇഷ്ടംപോലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ആന്ധ്ര ഗ്രാമത്തിലൂടെയുള്ള യാത്ര നല്ലൊരു ഉണര്‍വാണ് തന്നത്. പാടങ്ങളും കൃഷിയിടങ്ങളും കൂട്ടത്തില്‍ നല്ല കുറച്ച് പാട്ടുകള്‍ പാടിതന്ന ഒരു ചെറിയ പെണ്‍കൊച്ചും. സത്യത്തില്‍ പൈസക്ക് വേണ്ടി ട്രെയ്‌നില്‍ പാടി നടക്കുന്ന അവളുടെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നിയെങ്കിലും ആ പാട്ട് കേട്ട് അത് മറന്നു. ഒന്നര-രണ്ട് മണിക്കൂര്‍ മാത്രം വേണ്ട യാത്ര, ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥിരം പണിയില്‍ മൂന്ന്-നാല് മണിക്കൂര്‍ കൊണ്ടാണ് താഡീപത്രയിലെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് അത്യാവശ്യം ദൂരമുണ്ട്. ഓട്ടോയില്‍ പതിനഞ്ച്-ഇരുപത് മിനിറ്റ് എടുത്തു അവിടെ എത്താന്‍. ബസ് സ്റ്റാന്‍ഡിലേക്ക് ഞങ്ങളെ എത്തിച്ച ഓട്ടോ ചേട്ടന്‍ നല്ലൊരു കക്ഷിയാണ്. ഓട്ടോയ്ക്കുള്ളില്‍ പവര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ ഫാന്‍ ക്ലബ് സ്റ്റിക്കര്‍ കണ്ടപ്പോള്‍ മനസ്സിലായി പുള്ളിയുടെ ഈ എനര്‍ജിയുടെ സീക്രട്ട്. പുള്ളി താഡീപത്രിയിലെ നല്ല ഭക്ഷണങ്ങള്‍ കിട്ടുന്ന ഹോട്ടലുകള്‍ കാണിച്ച് തന്ന് ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയിവിട്ടു.

അവിടുന്ന് ബേലം കേവ്‌സിലേക്ക് 30 കിലോമീറ്റര്‍ ഉണ്ടാവും. ട്രെയ്‌നില്‍ നിന്ന് കണ്ട ഭൂപ്രകൃതിയേയല്ല ആ പ്രദേശത്തുള്ളത്. വരണ്ട, നല്ല ചൂടു കാറ്റ് വീശുന്ന പൊടി നിറഞ്ഞത്‌ പോലെ തോന്നുന്ന ഒരു പ്രദേശം (കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പ്രതീക്ഷിച്ചതിലും നല്ല വൃത്തിയായിരുന്നു പരിസരങ്ങളില്‍). ബസില്‍ കയറി ബേലം കേവ്‌സിലേക്ക് പിടിച്ചു. യാത്ര തുടങ്ങുമ്പോള്‍ അങ്ങ് കിലോമീറ്ററുകള്‍ ദൂരെ ഒരു മലയുടെ ചുവട് വരെ എത്തുന്ന നിരപ്പായ റോഡ് കാണാം.  പിന്നെ പാറകള്‍ക്കിയില്‍ മറഞ്ഞുപോകുന്ന ആ പാതയും. മുകളില്‍ ആകാശത്തിന്റെ ഒരു ‘ആമ്പിയന്‍സും’ കൂടി ആകുമ്പോള്‍…എങ്ങനെയാണ് അതൊന്നു പറഞ്ഞുതരുക? ആവുന്നത് നോക്കി മൊബൈല്‍ ക്യാമില്‍ അതൊന്ന് പകര്‍ത്താന്‍…എവിടെ? അതുകൊണ്ടെന്നും അത് കിട്ടൂലാ…

സൂര്യന്‍ കത്തി നില്‍ക്കുന്ന സമയത്ത് തന്നെ ബേലം കേവ്‌സിലേക്കുള്ള കവാടത്തിന്റെ മുന്നിലെത്തി. കവാടത്തില്‍ നിന്ന് ടിക്കറ്റ് കൗണ്ടര്‍ വരെയുള്ള നടത്തം തന്നെ ക്ഷീണിപ്പിച്ചു. നല്ല വെയിലും കനമുള്ള ബാഗും കൂടിയായപ്പോള്‍ പിന്നെ പറയേണ്ടല്ലോ? വൃത്തിയാക്കിയിട്ടിരിക്കുന്ന വഴിയിലൂടെയുള്ള നടത്തതില്‍ ആദ്യം ശ്രദ്ധ പതിയുക അവിടുത്തെ വലിയൊരു ബുദ്ധപ്രതിമയിലാണ്. അകലെ നിന്നുള്ള കാഴ്ചയിലാണ് ആ പ്രതിമയുടെ സൗന്ദര്യം അടുത്ത് ചെന്നുള്ള ദൃശ്യം ഏതൊരു സാധാരണ പ്രതിമ പോലെ തന്നെ. ദൂരെ നിന്ന് നോക്കുമ്പോള്‍ വശങ്ങളിലുള്ള കുറ്റിക്കാടുകളും പാറക്കെട്ടുകളും ആകാശവും നല്ലൊരു ഫീല്‍ തരും.

ബേലം കേവ്‌സ്

കടപ്പ കല്ലുകള്‍ ഖനനം ചെയ്യുന്ന പ്രദേശങ്ങളില്‍ പെട്ടതാണ് കര്‍ണൂല്‍ ജില്ലയില്‍പ്പെട്ട ബേലം കേവ്‌സ് മേഖലകളും. കുടിവെള്ളത്തില്‍ പോലും ഒരു തരം ഇരുമ്പുചുവയാണ്. അതുകുടിച്ചാല്‍ എന്തോ അസ്വസ്ഥതയാണ് തോന്നുക. ടിക്കറ്റ് കൗണ്ടറിന്റെ അടുത്തുള്ള ഒരു ചെറിയ കഫെയും കവാടത്തിനരികയുള്ള ഒന്നുരണ്ടു കടകളും ഒഴിച്ചാല്‍ മറ്റൊന്നും അവിടെയില്ല. ടിക്കറ്റും എടുത്ത് ഗുഹയിലേക്ക് കയറാന്‍ നിന്നപ്പോള്‍ തന്നെ മനസിലായി – നമ്മള് മനസില്‍ കണ്ടപ്പോലുള്ള ഗുഹയല്ലിത് മോനെ എന്ന്. രണ്ട് നിലയോളം താഴോട്ട് ഇറങ്ങിയാല്‍ പാറയുടെ ഉള്ളിലുള്ള ഒരു അകത്തളം പോലെയൊരിടം. അതിന്റെ മുകള്‍വശം തുറന്നതാണ്. അതിലൂടെയുള്ള ആകാശ കാഴ്ച പറഞ്ഞു അനുഭവിക്കാന്‍ സാധിക്കാത്ത വികാരം സൃഷ്ടിക്കും. പിന്നെ ആ അകത്തളത്തിലൂടെ ഉള്ളിലേക്ക് പോയാല്‍ പാറയ്ക്കകത്തൂടെ ഒരു വലിയ നദി ഒഴുകിയതുപോലുള്ള പാതയാണ്. ചൂടും ഓക്സിജന്റെ അഭാവവും ഒരുതരം മടുപ്പിക്കുന്ന ഗന്ധവുമൊക്കെയാണ് ആദ്യം അനുഭവപ്പെടുക. വലിയ നിയോണ്‍ ബള്‍ബുകളുടെയും ലേസര്‍ ബള്‍ബുകളുടെയും പ്രകാശം പതിക്കുന്ന ഇടങ്ങളിലെ കാഴ്ചകള്‍ മടുപ്പുകള്‍ ഒക്കെയും മാറ്റിവെപ്പിക്കും. പാറയ്ക്കുള്ളിലൂടെ ഉരുകി ഒലിച്ച് ഇറങ്ങിയ മഞ്ഞകലര്‍ന്ന മണ്ണിന്റെ ഉറപ്പെയുള്ളൂവെന്ന് തോന്നിക്കുന്ന പാറയുടെ തന്നെ ഭാഗങ്ങള്‍, താഴോട്ട് വളര്‍ന്ന പുറ്റിന്റെ ആകൃതിയില്‍ നില്‍ക്കുന്നത് കാണാം. പാറ ഉരുകി ഊറി താഴോട്ട് ഇറങ്ങിയതാണ്. അതില്‍ തൊട്ടാല്‍ വഴുവഴുപ്പ് അനുഭവപ്പെടുമെങ്കിലും നല്ല ഉറപ്പാണ് അതിന് എന്ന് മനസിലാവും. ഗുഹയില്‍ ഓക്സിജന്‍ കൃത്രിമമായി എത്തിക്കുന്ന ഭാഗം വരെ പോയി അതു കഴിഞ്ഞ് ഗുഹയിലൂടെ കുറച്ചൂടെ നീങ്ങിയെങ്കിലും യാത്ര അവസാനിപ്പിച്ചില്ലെങ്കില്‍ നമ്മടെ അവസാനമാവുമെന്ന് കണ്ട് ലേശം കൂടിപ്പോയ കൗതുകം അങ്ങ് നിര്‍ത്തി.

ഗുഹയ്ക്കുള്ളിലെ പാറയുടെ സയന്‍സും കെമസ്ട്രിയുമൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും ‘നമുക്ക് അതൊന്നും തിരിയൂല’. പഠിക്കാന്‍ വിട്ട സമയത്ത് വാപൊളിച്ച് സ്വപ്നം കണ്ടതിന്റെ ഗുണം. stalactite, stalagmite ഇതിന്റെ ഫോര്‍മേഷന്‍ speleothems ആണെന്നൊക്കെ എഴുതിവെച്ചിട്ടുണ്ട്. ഏതായാലും ഇതില്‍ സ്ളേറ്റ് കല്ലും പടക്കത്തിന് ഉപയോഗിക്കുന്ന ഇരുമ്പുപോലെയുള്ള ഭാരമുള്ള കല്ലുകളും ഉണ്ടെന്നാണ് ധാരണ. ഏതായാലും പുറത്തെത്തി ഒന്ന് ശുദ്ധവായു ശ്വസിച്ചപ്പോഴാണ് ഖനികളിലൊക്കെ പണിയെടുക്കുന്നവരുടെ അവസ്ഥയാലോചിച്ചത്. ഈ പ്രദേശത്തെ വ്യാപകമായി ഖനനം നടത്തിയിരുന്നതാണ്. ഇതുപോലെയുള്ള പല ഗുഹകളും ഇല്ലാതാക്കിയിട്ടുണ്ടെന്നാണ് അവിടെയുള്ളവരോട് സംസാരിച്ചപ്പോള്‍ മനസ്സിലായത്. വണ്ടിയുണ്ടായിരുന്നെങ്കില്‍ ആ പ്രദേശം ഒന്ന് ചുറ്റിക്കാണമെന്നുണ്ടായിരുന്നു. നല്ലോണം ഒന്ന് വിശ്രമിച്ചിട്ട് തിരിച്ച് ഇറങ്ങി. കവാടത്തിന്റെ പുറത്തുള്ള കടകളുടെ വശത്ത് ചെന്നു. ഇരുട്ടി തുടങ്ങിയത് കൊണ്ട് സ്ഥലം കാലിയാക്കിയില്ലെങ്കില്‍ കുടുങ്ങും.

ആ പ്രദേശത്ത് ഒന്നും ഇല്ല. വണ്ടി വരാന്‍ നോക്കിയിരിപ്പായി പിന്നെ. അതിനിടയില്‍ കടയുടെ പിന്നില്‍ താമസിക്കുന്ന രണ്ട് ചെറിയ മക്കളോട് കൂട്ടത്തിലുള്ള കേഡികള്‍ കമ്പനിയായി. മൂത്ത ആള്‍ക്ക് ഏതാണ്ട് എട്ട് വയസേ കാണൂ. ആ ചെറുത് നല്ല ഗംഭീരമായിട്ട് ഇംഗ്ലീഷ് സംസാരിക്കുന്നു. പിന്നെ അവനായിരുന്നു അവിടുത്തെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞ് തന്നത്. ബാക്കിയുള്ള അവിടുള്ളവര്‍ പ്രാദേശിക തെലുങ്ക് മാത്രം അറിയുന്നവരായതുകൊണ്ട് ആ പയ്യനും അനിയത്തിയും ഒരു ആശ്വാസമായി. ഇതിനിടയില്‍ റോഡില്‍ കൂടി പോകുന്ന വലിയ വണ്ടിക്കും കൊച്ചുവണ്ടിക്കുമൊക്കെ കൈ കാണിക്കുന്നുണ്ട്. എവിടെ നിര്‍ത്താന്‍. അങ്ങനെ കുറെ കാത്തിരിപ്പിന് ശേഷം തിരിച്ചുള്ള ബസ് കിട്ടി. ഒരു വിധം താഡീപത്രി റെയില്‍വെ സ്റ്റേഷനില്‍ എത്തിപ്പറ്റി. ഹൈദരാബാദാണ് അടുത്ത ലക്ഷ്യം.

ഗോല്‍കൊണ്ട കോട്ട

 

കുത്തബ് ഷാഹി തോംബിനോട് അനുബന്ധിച്ചുള്ള മറ്റ് ശവകുടീരങ്ങള്‍

ആ രാത്രിയിലും ട്രെയിനില്‍ തന്നെയായി ഉറക്കം. പക്ഷെ ഇത്തവണ കുറെ നേരം കത്തിയടിച്ചു ഇരുന്നിട്ടാണ് ഉറങ്ങാന്‍ പോയത്. പുലര്‍ച്ചെ തന്നെ എത്തി. ഹൈദരാബാദ് ബിരിയാണിക്ക് പേരുകേട്ട ഗ്രാന്‍ഡ് ഹോട്ടലിന് അടുത്ത് തന്നെ റൂം എടുത്ത് സെറ്റായി. ഒന്ന് ഫ്രഷായിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ഹോട്ടല്‍ ഗ്രാന്‍ഡിലേക്ക് വിട്ടു. രാവിലെ ബിരിയാണി കിട്ടില്ല. 12-മണിയോടെ അടുപ്പിച്ചെ കിട്ടുകയുള്ളൂ. രാവിലെ പിന്നെ റൊട്ടിയും തട്ടി ഗോല്‍ക്കോണ്ടയിലേക്ക് പിടിച്ചു. കീമാ റൊട്ടി അവിടുത്തെ ഒരു സ്പെഷല്‍ ഐറ്റമാണ്. ഒല കാറും, ഓട്ടോയും കിട്ടിയത് കൊണ്ട് കഴുത്തറപ്പന്‍ ചാര്‍ജ് ഉള്ള ടാക്സിക്കാരെ ഒഴിവാക്കാന്‍ പറ്റി. ഗോല്‍ക്കൊണ്ടയിലെ വിവരങ്ങള്‍ വീഡിയോയായിട്ട് തന്നെ കാണിച്ച് തരാം. ഗോല്‍ക്കൊണ്ടയില്‍ നിന്ന് നേരെ വിട്ടത് കുത്തബ് ഷാഹി ടോംബിലേക്കാണ്. അവിടുത്തെ കുറെ ശവകുടീരങ്ങള്‍ ഒക്കെ കണ്ട് കറങ്ങി. താജ്മഹലില്‍ അടക്കം ഇതിന്‍റെ സ്വാധീനം ഉണ്ടെന്ന് കഥകളുണ്ട്. ഗോല്‍ക്കൊണ്ടയിലെ പോലെ ഹാളിന്റെ ഒരു മൂലക്ക് നിന്ന് പതിയെ പറയുന്നത് അപ്പുറത്ത് നിന്ന് വ്യക്തമായി കേള്‍ക്കുന്ന ശബ്ദ സംവിധാനം ഒരുക്കിയിട്ടുള്ള വാസ്തുവിദ്യകള്‍ ഇവിടെയുമുണ്ട്.

കുത്തബ് ഷാഹി ടോംബില്‍ നിന്ന് നേരെ  റൂമിലേക്ക് വിട്ടു. ഗ്രാന്‍ഡ് ഹോട്ടലില്‍ നിന്ന് ഫുഡും അടിച്ച് കിടന്നുറങ്ങി രാവിലെ ചാര്‍മിനാറിലേക്കാണ് പിടിച്ചത്. ഗംഭീര തിരക്കാണെങ്കിലും ഒരു പ്രത്യേക അനുഭവമാണ് ചാര്‍മിനാര്‍ തന്നത്. തൊട്ടടുത്തുള്ള മെക്കാ മസ്ജീദിന് സമീപം പ്രാവുകള്‍ ഇങ്ങനെ ധാന്യം തിന്നാന്‍ കൂട്ടത്തോടെ എത്തുന്നതും പറന്നുപോകുന്നതും മനോഹരമായ ഒരു കാഴ്ച തന്നെയാണ്. ചാര്‍മിനാറിന്റെ മുന്നില്‍ പഴയ പിച്ചള മോതിരങ്ങള്‍ വില്‍ക്കുന്നവരുണ്ട്. അവര്‍ ആളുകളെ കറക്കി എടുക്കുന്നത് കാണുന്നത് രസകരമായ അനുഭവമാണ്‌.

Read Also: ചരിത്രത്തിന്റെ പ്രതിധ്വനികള്‍: ഗോല്‍കൊണ്ട കോട്ടയിലേക്ക് ഒരു യാത്ര

ചാര്‍മിനാര്‍ കാണാന്‍ ചെന്നപ്പോഴാണ് അനാര്‍ (മാതളനാരങ്ങ, ഉറുമാമ്പഴം) പൊളിക്കുന്ന ഒരു ടെക്ക്നിക്ക് കണ്ടത്. അനാറിന്റെ പുറമേയുള്ള ഞരമ്പിലൂടെ ഒന്ന് കീറി വിട്ട് ഞെടുപ്പ് കളഞ്ഞാല്‍ നല്ല താമര വിരിയുന്നത് പോലെ അത് വിരിഞ്ഞ് അല്ലികള്‍ സുഖമായിട്ട് എടുത്ത് കഴിക്കാം. ആ പണി പഠിക്കാന്‍ മാത്രം അഞ്ചെട്ട് മാതളം വില കൊടുത്ത് വാങ്ങിച്ചു. കൈയും മുറിച്ച് അനാറും നാശമാക്കിയെങ്കിലും ചെറുതായിട്ട് പണി പഠിച്ചു. പിന്നെ അടുത്തത് സുറുമയിടാന്‍ പോയതാണ്. സുറുമയിടാന്‍ എന്തോ തോന്നാത്തതുകൊണ്ട് ചങ്ങായിമാര്‍ ഇടുന്നത് നോക്കിയിരുന്നു. അറ്റം കൂര്‍ത്ത പിച്ചള കമ്പികൊണ്ട് ചാരകളറിനുള്ള മഷി കണ്ണില്‍ വരച്ചുകഴിയുമ്പോള്‍ നല്ല കരിമഷിയാകുന്നത് കാണാന്‍ ശേലാണ്. സ്വര്‍ണത്തിലും വെള്ളിയിലും പൊതിഞ്ഞ മധുരപലഹാരങ്ങള്‍ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇവിടെ വന്നാല്‍ മതി സംഭവം കിട്ടും. സ്വര്‍ണത്തിലോ വെള്ളിയിലോ ഉണ്ടാക്കുന്ന, വരക്ക് എന്നു പറയുന്ന ഇലകളില്‍ പൊതിഞ്ഞ് തരുന്ന മധുര പലഹാരത്തിന് വില കൂടുതലായത്കൊണ്ട് മാത്രം ഒന്ന് കണ്ടിട്ട് ഇറങ്ങിപോരെണ്ടതായി വന്നു. സ്വര്‍ണ/ വെള്ളി തകിട് ഒരു പ്ലാറ്റ്ഫോമില്‍ വെച്ച് അടിച്ചടിച്ച് പതം വരുത്തി ഇല പോലെയാക്കുന്ന വരക്ക് കാണേണ്ട കാഴ്ചയാണ്.

ഇറാനി ചായ, പേര്‍ഷ്യന്‍ ചായ, ഒസ്മാനിയ ബിസ്‌ക്കറ്റ്, മലായ് ബണ്‍ ഇതൊക്കെ ഹൈദരാബാദിലെ പ്രധാന ഐറ്റംസ് ആണെന്ന് കേട്ടിട്ടുള്ളതുകൊണ്ട് അതൊക്കെ ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കി ഇറങ്ങിയപ്പോഴാണ് ബണും റസ്‌ക്കുമൊക്കെയുണ്ടാക്കുന്ന പഴയ രീതിയിലുള്ള വിറക് ചൂള ‘ബോര്‍ മ’ കണ്ടത്. പിന്നെ അതുപോയി നോക്കി. പണി എങ്ങനെയാണെന്ന് വലിയ എഞ്ചിനീയറുമാരെ പോലെ നോക്കി ചൂളക്ക് അകത്ത് തലയിടാന്‍ ചെന്നപ്പോള്‍ കടക്കാര് ഓടിച്ചു വിട്ടു. ചാര്‍മിനാറില്‍ നിന്ന് പിസ്ത ഹൗസിലേക്ക് പോകുന്ന വഴിക്കുള്ള സംഭവങ്ങളാണേ ഇതൊക്കെ. പിസ്ത ഹൗസിലേക്ക് അര കി.മീ താഴെയുള്ള നടത്തമേയുള്ളൂ. ഈ പിസ്ത ഹൗസിലേക്കുള്ള എഴുന്നള്ളത് എന്തിനാണെന്ന് വെച്ചാല്‍. നോമ്പുകാലത്ത് ഹൈദരാബാദുകാര്‍ ഒരു വിഭവം ഉണ്ടാക്കും. ഹാലിം എന്ന ആ വിഭവം നോമ്പില്ലാത്ത സമയങ്ങളില്‍ കിട്ടാന്‍ പ്രയാസമാണ്. ഈ പിസ്ത ഹൗസില്‍ എല്ലാം സീസണിലും ഹാലിം കിട്ടുമെന്ന് നമ്മടെ ബഡ്ഢീസിനോട് ആരോ പറഞ്ഞു. അതിനുള്ള പോക്കാണിത്. അവിടെ എത്തിയപ്പോള്‍ എന്ത് ഹാലിം? ഏത് ഹാലിം? എന്ന് ചോദിച്ച് അവര്‍.. പിന്നെ പറഞ്ഞു അടുത്ത നോമ്പിന് വരാന്‍.. എന്നാ പിന്നെ ഹാലിം കഴിച്ചിട്ടെയുള്ളൂവെന്ന് ഇവരും.. അങ്ങനെ റുമാന്‍, അല്‍ഹംദുല്‍ഇല്ലാഹ്, പാരഡൈസ്- അങ്ങനെ കുറെ ഹോട്ടലില്‍ കയറിയും ഗൂഗിള്‍ ചെയ്ത് ഫോണ്‍ വിളിച്ച് അന്വേഷിച്ചും നോക്കിയിട്ടും ഒരു രക്ഷയുമില്ല.

അപ്പോഴണ്ടടാ.. ഒരു പ്രായമുള്ള ഭായ് വന്നു കമ്മട്ടിപാടത്തിലെ ബാലന്‍ ചേട്ടന്‍ ചോദിക്കുന്നത് പോലെ നിങ്ങക്ക് ഇടിക്കണോ? സോറി.. കഴിക്കണോയെന്ന്.. എന്നാല്‍ നേരെ വിട്ടോ ഹാലിം കഴിക്കാന്‍ അലി കഫേയിലേക്ക് എന്ന്. പുരാനി ഹവേലിയുടെ അടുത്തുള്ള ഭാഗമാണെന്ന് തോന്നുന്നു, പറഞ്ഞു തന്ന ഏതൊക്കയോ വഴിയിലൂടെ കുറെ നടന്ന് അവിടെയെത്തിപ്പോഴുണ്ട്… സാധനം കിട്ടാന്‍ കുറച്ച് താമസം എടുക്കുമെന്ന്. വേവുവോളം ഇരിക്കാമെങ്കില്‍ ആറുവോളം ഇരിക്കാമെന്ന് ചങ്ങായിമാര്‍. പിന്നെ അവിടെ ഹാലിം ഉണ്ടാക്കുന്നത് എങ്ങനെ? ഇവിടെ മാത്രം എന്താ ഓഫ് സീസണില്‍ ഹാലിം കിട്ടുന്നത് എന്നൊക്കെ ചോദിച്ച് കടക്കാരെയും വെറുപ്പിച്ച് അവന്മാര്‍ ഹാലിം തട്ടികയറ്റി ചിറിയും തുടച്ച് ഗലികളിലൂടെ ചാര്‍മിനാറിലേക്ക് തിരിച്ച് പിടിച്ചു. തിരികെ പോരുമ്പോള്‍ ഒരു ആണി വയ്ക്കാന്‍ പിസ്ത ഹൗസില്‍ കയറി പുച്ഛത്തോടെ ‘ഹാലിം നമ്മള് കഴിച്ച് ഭായ്’ എന്ന് ഒരു താങ്ങ് കൊടുക്കാനും കേഡികള് മറന്നില്ല കെട്ടോ.

അലി കഫേയുടെ മുതലാളിയും ഹാലിമും..

പിസ്ത ഹൗസ്

നല്ല മണം കിട്ടിയത് കൊണ്ടാണ് ചാര്‍മിനാറിന്റെ അടുത്തുള്ള ഒരു ചെറിയ അത്തര്‍ കടയില്‍ കയറിയത്. അവിടെ കയറി സകലമാന അത്തറ് കുപ്പികളും തുറന്ന് ദേഹം മുഴുവന്‍ പൂശുകയും കുറെ വാങ്ങിക്കുകയും ഒക്കെ ചെയ്തു ബഡ്ഡീസ്. ചാര്‍മിനാര്‍ തെരുവിലെ തെണ്ടി നടപ്പില്‍ എന്തോക്കെയോ മേടിച്ചിട്ട് തൊപ്പി ഹൗസില്‍ പോയി തോപ്പിയും വാങ്ങി ഹുസൈന്‍ സാഗറിലേക്ക് പോയി. നെക്കലൈസ് റോഡ് ഒക്കെ ചുറ്റികറങ്ങിയാണ് ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് എത്തിയത്. രാത്രിയിലായത് കൊണ്ട് തടാകത്തിന്റെ നടുക്കുള്ള ബുദ്ധപ്രതിമ ലൈറ്റ് ഒക്കെ ഇട്ട് ഗംഭീരമാക്കിയിട്ടുണ്ട്. അതിന് ചുറ്റുമുള്ള നടപ്പാതയിലൂടെ തെക്ക് വടക്ക് നടന്നപ്പോള്‍. ഒരു ടീം ഇരുന്ന് പച്ച കുത്തുന്നു എന്നാല്‍ നമ്മളും കുത്തിയേക്കാം എന്ന് കരുതി ചെന്നപ്പോള്‍ ടാറ്റൂക്കാരന്‍ പറഞ്ഞു പെര്‍മനന്റ് ടാറ്റൂ അടിച്ചാല്‍ രക്തദാനം നടന്നാല്‍ പറ്റില്ലെന്ന്. എന്നാല്‍ ടെമ്പററി മതിയെന്ന് പറഞ്ഞ് അതും കൈയില്‍ വരച്ച്. പാരഡൈസ് ഹോട്ടലിലേക്ക് ബിരിയാണി വിഴുങ്ങാന്‍ പോയി. പിന്നെ റൂമിലോട്ട് പോകുന്ന വഴി കറാച്ചി ബേക്കറിയിലും കയറി. കറാച്ചി ബേക്കറി അറിയത്തില്ലേ.. പാക്കിസ്ഥാനില്‍ നിന്ന് വന്ന സിന്ധി, എസ് കെ രമണി 1950-കളില്‍ തുടങ്ങിയ ബേക്കറി. എല്ലാത്തിനും നല്ല റേറ്റ് ആണെങ്കിലും പല അടിപൊളി ഐറ്റംസും ഉണ്ടവിടെ. അവിടെ പര്‍ച്ചൈസിംഗ് കഴിഞ്ഞ് റൂമിലേക്ക് നടക്കാന്‍ തീരുമാനിച്ചു. ഹൈദരാബാദ് ഇച്ചിരിയെങ്കിലും നടന്ന് കാണേണ്ടേ?

ചാര്‍മിനാര്‍

മെക്കാ മസ്ജീദ്

നടന്നുപോകുമ്പോള്‍ വഴിയരികില്‍ ഏതോ കിഴങ്ങ് പുഴുങ്ങി വില്‍ക്കാന്‍ വെച്ചിരിക്കുന്നു. എന്തോ പേര് അവര്‍ പറഞ്ഞെങ്കിലും പിടികിട്ടിയില്ല. അതു മേടിച്ച് തിന്നോണ്ടായി നടത്തം. ഒരുവിധം ഗൂഗിള്‍ മാപ്പ് ഉള്ളതുകൊണ്ട് റൂമിലെത്തി കട്ടിലില്‍ വീണു. രാവിലെ ബിര്‍ള മന്ദിറിലേക്ക് വിട്ട് സാളാര്‍ ജംഗ് മ്യൂസിയം, കണ്ട് നെഹ്റു പാര്‍ക്കിലെത്തി. അവിടുത്തെ കറക്കവും കഴിഞ്ഞ് പാര്‍ക്കിലെ തടിബഞ്ചില്‍ ഇരുന്നു. ഇനി അങ്ങോട്ട് ഒറ്റക്കാണ്. ബഡ്ഡീസ് പോവുകയാണ്. അവര്‍ക്ക് കുടുംബവും പ്രിങ്ങിണിയും വേലയും കൂലിയുമൊക്കെയുണ്ടല്ലോ. അവന്മാരെ എയര്‍പോര്‍ട്ടിലേക്ക് ടാക്സി കയറ്റിവിട്ട് മിയാപൂര്‍ പോകാനുള്ള വഴി നോക്കി. അവിടെ ‘മ്മടെ ഒരു ചേട്ടനുണ്ട്. പുള്ളിയുടെ അഡ്രസില്‍ ആമസോണില്‍ ഒരു പവര്‍ബാങ്ക് ബുക്ക് ചെയ്തിരുന്നു അത് എടുക്കണം. അങ്ങോട്ട് പോകാന്‍ ചാര്‍മിനാര്‍ ബസ് സ്റ്റാന്‍ഡിലേക്ക് വീണ്ടും പോകേണ്ടി വന്നു. അവിടെ എത്തിയപ്പോള്‍ പെട്ടന്ന് ഒറ്റക്ക് ആയതുപോലെ.. ഒറ്റക്ക് കറങ്ങാനാണ് ഇറങ്ങിയത് എന്നാലും രണ്ട് മൂന്ന് ദിവസം അവരുള്ളത്കൊണ്ട് വേറെ ഒരു തരത്തിലായിരുന്നു യാത്ര. ചാര്‍മിനാറിലെ ആ തിരക്കുള്ള വഴിയിലൂടെ തനിച്ചുള്ള യാത്ര എവിടെയ്ക്കയോ ഒരു മടുപ്പുണ്ടാക്കി. പിന്നെ ഒരു വിധം ചോദിച്ചും പറഞ്ഞും മിയാപൂരിലെ ചേട്ടന്റെ ഫ്ളാറ്റിലെത്തി. അവിടുന്ന് പിറ്റേന്ന് ഹൈദരാബാദ് സര്‍വകലാശാല ഒന്ന് കറങ്ങി, തിരിച്ച് വന്നു. പവര്‍ ബാങ്ക് എത്താത് കൊണ്ട് ഒരു ദിവസം കൂടി അവിടെ നില്‍ക്കേണ്ടി വന്നു.

അതു കഴിഞ്ഞ് രാവിലെ അവിടുന്ന് സ്ഥലം വിട്ടു. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഓള്‍ ഇന്ത്യ ട്രാവല്‍ മാറ്റി വയ്ക്കേണ്ടിവരും. കാരണം മനസ്  അങ്ങോട്ട് നില്‍ക്കുന്നില്ല. ഒറ്റക്ക് എങ്ങനെ പോകും? എന്നെക്കൊണ്ട് പറ്റുമോ? അങ്ങനെ അങ്ങനെ കുറെ ചിന്തകള്‍.. ബാഗും തൂക്കി സെക്കന്ദരാബാദിലെത്തിയപ്പോള്‍ ഇനി എങ്ങോട്ട് എന്നായി ചിന്ത? ഒരു എത്തുപിടിയും കിട്ടുന്നില്ല. സെക്കന്ദരാബാദ് റെയില്‍വെ സ്റ്റേഷനില്‍ കയറി തിരിച്ചിറങ്ങി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു. ബസ് സ്റ്റാന്‍ഡിലെ തിരക്കില്‍ ഒരു ബെഞ്ചില്‍ ഇരുന്ന് ആലോചിച്ചു. മൂഡ് ഒന്ന് ശരിയാവാന്‍ ഫോണ്‍ എടുത്ത് എഴുതിത്തുടങ്ങി ഈ യാത്രക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ചും യാത്രകളെ കുറിച്ചുമൊക്കെ. പതിയെ പോയ ആത്മവിശ്വാസം കുറച്ചൊക്കെ വന്നതുപോലെ തോന്നി. ബാഗിലുള്ള ഇന്ത്യയുടെ വിശദമായ ഭൂപടം എടുത്ത് അടുത്ത ലക്ഷ്യം തപ്പി. കിട്ടി.. അടുത്തതായി എങ്ങോട്ട് പോകണം എന്ന് തീരുമാനമായി.

തുടരും…

ആദ്യ ഭാഗം വായിക്കാം –
29 സംസ്ഥാനങ്ങള്‍, 4 യൂണിയന്‍ ടെറിറ്ററീസ്; ലക്കും ലഗാനുമില്ലാതെ ഒരുത്തന്‍ ഒറ്റയ്ക്ക് ചുറ്റിയടിച്ച കഥ

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍