UPDATES

യാത്ര

29 സംസ്ഥാനങ്ങള്‍, 4 യൂണിയന്‍ ടെറിറ്ററീസ്; ലക്കും ലഗാനുമില്ലാതെ ഒരുത്തന്‍ ഒറ്റയ്ക്ക് ചുറ്റിയടിച്ച കഥ

180 ദിവസത്തെ അനുഭവങ്ങള്‍.. ആ ദിവസങ്ങളിലെ സന്തോഷം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ വീണ്ടുമൊരു യാത്ര നടത്തുകയാണ്..

‘Happiness is only real when shared’
‘സന്തോഷം യഥാര്‍ത്ഥ്യമാകുന്നത് പങ്കുവെയ്ക്കപ്പെടുമ്പോഴാണ്..’ Christopher McCandless


29 സംസ്ഥാനങ്ങള്‍.. 4 യൂണിയന്‍ ടെറിറ്ററീസ്.. ഇന്ത്യ മഹാരാജ്യം ഒന്ന് ഓടിച്ച് ചുറ്റിയടിക്കാന്‍ തന്നെ എടുത്തു 6 മാസം. എന്നിട്ടും മൂന്ന് യൂണിയന്‍ ടെറിറ്ററീസ് ബാക്കി. ബസില്‍, ട്രെയ്‌നില്‍, ട്രാക്ടറില്‍, ബൈക്കില്‍ അങ്ങനെ ഏതോക്കെയോ രീതിയല്‍ യാതൊരു മുന്നൊരുക്കവും കൂടാതെ 2017 ഒക്ടോബറില്‍ ആരംഭിച്ച ‘ഓള്‍ ഇന്ത്യ സോളോ ട്രാവല്‍’ അവസാനിച്ചത് 2018 ഏപ്രിലില്‍. 180 ദിവസത്തെ അനുഭവങ്ങള്‍.. ആ ദിവസങ്ങളിലെ സന്തോഷം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ വീണ്ടുമൊരു യാത്ര നടത്തുകയാണ്.. വരികളിലൂടെ..

12:40 PM (07-11-2017 )
സെക്കന്തരാബാദ് ബസ് സ്റ്റാന്‍ഡ്

യാത്രകള്‍ ആവേശമാകുന്നത് ഭ്രാന്തന്‍ വഴികള്‍ തിരഞ്ഞെടുക്കുമ്പോഴാണ്. തുടക്കത്തിലെയുള്ള ഈ മടുപ്പ് അസഹനീയമാണ്. നീണ്ട ഒരു യാത്രയുടെ തുടക്കത്തില്‍ ഇത്തരമൊരു മടുപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത് ഒരു രണ്ടു മൂന്ന് ആഴ്ച കൊണ്ട് മാറും. കാര്യം ഒരു തയ്യാറെടുപ്പും ഇല്ലെന്ന് പറയുമ്പോഴും, അടുത്തത് എന്ത് എങ്ങോട്ട് എങ്ങനെ എന്നൊക്കെയുള്ള കാര്യങ്ങള്‍ അലട്ടുകയാണ്. ഒരു തയ്യാറെടുപ്പും വേണ്ടെന്ന് ഉറപ്പിച്ചവരെ എങ്ങനെയാണ് ഈ ചോദ്യങ്ങള്‍ അലട്ടുന്നതെന്നതും അത്ഭുതപ്പെടുത്തുകയാണ്. ഈ ഭ്രാന്തന്‍ ചുറ്റലിന് പ്രത്യേകിച്ച് വലിയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല. ഇന്ത്യ ഒന്നു ചുറ്റിക്കാണണം എന്നത് മാത്രമാണ് കരുതിയിരുന്നത്. ബൈക്കില്‍ സൈക്കിളില്‍ ഒക്കെ പോവുമെന്നായിരുന്നു ചങ്ങായിമാരാടൊക്കെ വീമ്പു പറഞ്ഞത്. അവസാനം ബസിലും ട്രെയിനിലുമായി യാത്ര.

യാത്രകളെ എന്നായിരുന്നു ഭ്രാന്തമായി കണ്ടു തുടങ്ങിയത്? അറിയില്ല. ഒരു പക്ഷെ അമ്മ പറഞ്ഞ് തന്ന സ്ഥലങ്ങളിലെ കഥകളിലൂടെയായിരിക്കാം യാത്രകള്‍ രക്തത്തിലേക്ക് അലിഞ്ഞ് ചേര്‍ന്നത്. ഓര്‍മ്മയിലെ യാത്രകളില്‍ ആദ്യം തെളിഞ്ഞ് വരുന്നത് നന്നേ കുട്ടിയായിരിക്കുമ്പോള്‍ അമ്മയുടെ ഒപ്പം കോഴിക്കോടിന് പോയതും ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ അനിയന്റെ കൂടെ തിരുവനന്തപുരത്ത് നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വന്നതും (100 കി.മീ), പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തനിയെ ട്രെയിന് കോഴിക്കോട് പോയതും പിന്നെ മത്ത് പിടിപ്പിക്കുന്ന യാത്രകളിലേക്ക് നയിച്ച 17-ാം വയസ്സിലെ രാമേശ്വരം യാത്രകളുമൊക്കെയാണ്. ഭ്രാന്തന്‍ യാത്രകള്‍ക്ക് തുടക്കം കുറിച്ചത് രാമേശ്വരം യാത്രയായിരുന്നു. അന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പം നാഗര്‍കോവില്‍, ഉവരി, തൃച്ഛന്തൂര്‍, രാമേശ്വരം, ധനുഷ്‌കോടി പിന്നെ കന്യാകുമാരി ഒക്കെ ലോക്കല്‍ ട്രാന്‍സ്‌പോട്ട് വഴി കറങ്ങിയത് ഓര്‍ക്കുമ്പോള്‍ ഇന്നും ആവേശമാണ്.

ഡിഗ്രിക്ക് വയനാട്ടിലേക്ക് വണ്ടി കയറിയതിന് പിന്നില്‍ യാത്രകള്‍ എന്ന സാധ്യതയും ഉണ്ടായിരുന്നു. വയനാട്ടിലെ കട്ട തണുപ്പത്ത് ഒരു നട്ടഭ്രാന്ത് തോന്നി. ഹിപ്പികളെ പോലെ യാതൊരു ഐഡന്റിന്റിയുമില്ലാതെ യാത്ര പോവണം എന്ന്.. അന്ന് മനസ്സില്‍ വന്നത് പഴയ സില്‍ക്ക് റൂട്ടും കടല്‍ വഴിയുള്ള സ്പൈസ് റൂട്ടുമായിരുന്നു. അതിനെ മനസ്സില്‍ ഇട്ട്, ഇന്ത്യ-അഫ്ഗാനിസ്ഥാന്‍-(ഇറാന്‍..പഴയ പേര്‍ഷ്യാ റൂട്ടും അറബ് രാജ്യങ്ങളും) പാക്കിസ്താന്‍, ചൈന, ഭൂട്ടാന്‍,നേപ്പാള്‍, മ്യാന്‍മാര്‍, ശ്രീലങ്ക, സുമാത്ര ദ്വീപുകള്‍ അവസാനം കൊച്ചിയിലെത്തുന്ന ഒരു പദ്ധതി തയ്യാറാക്കിയിരുന്നു.. (മനസ്സില്‍ മാത്രം) പത്ത് കൊല്ലത്തോളം എടുക്കുന്ന ആ യാത്രക്കായി അന്ന് അമ്മയോട് അനുമതി ചോദിച്ചപ്പോള്‍ ഡിഗ്രി കഴിയട്ടെ എന്ന്.. ഡിഗ്രി കഴിഞ്ഞപ്പോള്‍ പി.ജി കഴിയട്ടെയെന്ന്.. അതു കഴിഞ്ഞപ്പോള്‍ ജോലി.. അങ്ങനെ അങ്ങനെ പല പല തടസ്സങ്ങള്‍..

എന്നാലും അത്തരമൊരു യാത്ര എന്നെങ്കിലും സംഭവിക്കുമെന്ന് കരുതി അതിനുള്ള തയ്യാറെടുപ്പുകള്‍ പല വര്‍ഷങ്ങള്‍ക്ക് മുമ്പേ നടത്തിയിരുന്നു. ജാക്കറ്റ് വാങ്ങിച്ചത്, ഗ്ലൗ വാങ്ങിച്ചത്, വൂളന്‍ സ്‌കോസ് വാങ്ങിച്ചത് അങ്ങനെ അങ്ങനെ പലതും, ഈ യാത്രക്ക് വേണ്ടിയായിരുന്നു. എന്നോ പോകുന്ന യാത്രക്ക് വേണ്ടി ഇതെല്ലാം വാങ്ങിക്കുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്. പക്ഷേ ആ കളിയാക്കല്‍ ഒരു തരത്തില്‍ യാത്രക്ക് പോകാനുള്ള ആവേശമായിരുന്നു തന്നത്. അക്കാദമിക്ക് രീതിയിലും അല്ലാതെയും പല കാര്യത്തിന് വേണ്ടിയും തുടക്കം കുറിച്ച് പാതി വഴിയില്‍ ഇട്ടിട്ടുപോയിട്ടുണ്ട്. മറ്റ് പലതുപോലെയും ഈ യാത്രയും ഒരു തുടക്കമായിരിക്കും.. ഇതിന് അവസാനമില്ല. പക്ഷെ ഇത് പാതി വഴിയില്‍ ഇട്ടിട്ടുപോകുവാനുള്ളതല്ല, ഒടുങ്ങുന്നടം വരെയും കൂടെയുണ്ടാവുന്ന ഒരു ഭ്രാന്തായിരിക്കും. ഇടവേളകള്‍ ഉണ്ടാവാം, എങ്കിലും ആരോഗ്യമുള്ളത്തോളം കാലം അറ്റമില്ലാത്ത യാത്രകളിലാവും ജീവിതം..

ഒരു വ്യാഴവട്ടകാലത്തിന്റെ കാത്തിരിപ്പിനൊടുവില്‍ വിചാരിച്ചതു പോലെ അല്ലെങ്കിലും ചിന്തിച്ചു കൂട്ടിയ യാത്രകളിലെ തീരെ ചെറിയ രീതിയിലുള്ള ഒരു കറക്കത്തിന് 2017 ഒക്ടോബര്‍ 27-ന് തുടക്കം കുറിച്ചു. ഓള്‍ ഇന്ത്യ സോളോ ട്രാവല്‍ ആരംഭിക്കുന്നതിന് മുമ്പ് എപ്പോഴും ചിന്തിക്കുമായിരുന്നു, ഇതൊക്കെ നടക്കുമോ എന്ന്? എന്ത് ചിന്തിച്ച് തുടങ്ങിയാലും അവസാനിക്കുന്നത് യാത്രകളിലാണ്.. ജോലിയെക്കുറിച്ച്, പെണ്‍കുട്ടികളെകുറിച്ച്, മരണത്തെകുറിച്ച്, സ്വപ്നങ്ങളെ കുറിച്ച് എന്തു ചിന്തിച്ചാലും യാത്രകളെ കുറിച്ചുള്ള ചിന്തകളിലായിരിക്കും അവസാനിക്കുക. എത്ര രാത്രികളില്‍, പ്രഭാതങ്ങളില്‍, ജോലി ചെയ്യുമ്പോള്‍, വായ്നോക്കുമ്പോള്‍, കൂട്ടുകൂടി നടക്കുമ്പോള്‍ എല്ലാം മനസ്സില്‍ യാത്രകള്‍ ഇങ്ങനെ നിറഞ്ഞ് നില്‍ക്കും.. സ്വപ്നം കണ്ട യാത്ര ആരംഭിച്ചിരിക്കുന്നു. രണ്ട് മാസം എന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ അറിയാം ഇത് രണ്ട് മാസം കൊണ്ട് തീരില്ലെന്ന്.. കാരണം സ്വപ്‌നത്തിന് പിന്നാലെയാണ് പായാന്‍ പോകുന്നത്.

ഒരു ബഹളവുമില്ലാതെ വീട്ടില്‍ (ചെങ്ങന്നൂര്‍) നിന്നു തുടങ്ങിയ യാത്ര നേരെ കൊച്ചിയിലേക്ക് വിട്ടു, അവിടെ നിന്ന് നിലമ്പൂര്‍ക്ക്. നിലമ്പൂരില്‍ നിന്നുള്ള മടക്കം ഒരു കിടിലന്‍ അനുഭവമായിരുന്നു. നിലമ്പൂര്‍ യാത്ര ഒക്കെ ഒരു നീണ്ട യാത്രയ്ക്കുള്ള വാം അപ്പ് ട്രാവലിന്റെ തുടക്കമായിട്ടായിരുന്നു കണ്ടിരുന്നത്. ഒരു ചങ്ങായിയുടെ വെഡ്ഡിംഗ് റിസ്‌പെന്‍ഷനു വേണ്ടിയായിരുന്നു ആ യാത്ര. നിലമ്പൂര്‍ എത്തിയപ്പോള്‍ തന്നെ വൈകിട്ട് ഏഴര കഴിഞ്ഞിരുന്നു. അവിടെ നിന്ന് ‘പുള്ളി’ എന്ന സ്ഥലത്ത് എത്തി. ചങ്ങായിക്ക് ഒരു ആശംസയും നേര്‍ന്ന് കഴിഞ്ഞപ്പോള്‍ സമയം എട്ടര കഴിഞ്ഞിരുന്നു. തിരിച്ച് നിലമ്പൂര്‍ എത്തുന്നതിനായി എട്ട് ഒന്‍പത് കിലോമീറ്ററുണ്ട്. ബസും മറ്റും കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ പടപണ്ടാരം ബാഗും തൂക്കി അങ്ങ് നടന്നു. റോഡിലൂടെ ചില വണ്ടികള്‍ പോയപ്പോള്‍ കൈ കാണിച്ച് നോക്കി.. നോ രക്ഷ.. വീണ്ടും നടപ്പ് തന്നെ.. അവസാനം ഒരു ബൈക്ക് നിര്‍ത്തി.. അത് നമ്മടെ ചങ്ങായിയുടെ അച്ഛനായിരുന്നു. പുള്ളിക്കാരന്‍ നമുക്ക് പോവേണ്ട ഭാഗത്തേക്ക് ഒരു കി.മീ ഓളം ഉണ്ടെന്ന് പറഞ്ഞു. അതില്‍ കയറി ഒരു കി.മീ ലാഭം നേടി. പുള്ളി ബാക്കിയൂടെ കൊണ്ടുവിടാമെന്ന് ഒക്കെ പറഞ്ഞെങ്കിലും, വേണ്ടെന്ന് പറഞ്ഞു സമാധാനിപ്പിച്ച് അയച്ചു. പിന്നെ ഒരു നാരങ്ങ വെള്ളമൊക്കെ കുടിച്ചു വീണ്ടും നടപ്പ്. ലിഫ്റ്റ് ഒക്കെ ചോദിക്കുന്നുണ്ട് പക്ഷേ ആരും മൈന്‍ഡുന്നില്ല, ഒടുവില്‍ ഒരു റിട്ടേണ്‍ ഓട്ടോ കിട്ടി; 150 രൂപയെങ്കിലും പൊട്ടുമെന്ന് കരുതി. 6 കി.മീ അധികമുണ്ടായിരുന്നു ടൗണിലേക്ക്. രാത്രിയായതിനാല്‍ കൂടുതല്‍ മേടിക്കുകയും ചെയ്യാം. പുള്ളി മേടിച്ചത് 20 രൂപ. പൈസ കേട്ടപ്പോള്‍ സത്യമായിട്ടും ഞെട്ടി. വടക്കന്‍ ഓട്ടോക്കാരുടെ ഒട്ടേറെ നല്ല കഥകള്‍ കേള്‍ക്കുകയും അനുഭവിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇത് ശരിക്കും ഞെട്ടിച്ചു.

നിലമ്പൂര്‍ ടൗണില്‍ നിന്നും നാടുകാണി ചുരം ഇറങ്ങിയ വന്ന കൊമ്പന്റെ പുറത്ത് കയറി പെരുന്തല്‍മണ്ണയും അവിടുനിന്ന് പാലക്കാടും പിടിച്ചു. നട്ട പാതിരക്ക് തന്നെ പാലക്കാട് നിന്നും കോയമ്പത്തൂരേക്കും വിട്ടു. കോയമ്പത്തൂര്‍ സ്റ്റേ ഉള്ളതിനാല്‍ താമസിക്കുന്നയിടത്തിലേക്ക് പോവണമായിരുന്നു. ചില ‘സാങ്കേതിക, തകരാറുകള്‍ കാരണം അങ്ങോട്ട് പോകുന്നതിനായി രണ്ടു മൂന്ന് മണിക്കൂര്‍ വൈകി. നല്ല സുന്ദരന്‍ കൊതുകളുടെ തരാട്ടും കുത്തുമോക്കെ കൊണ്ട് രണ്ട് മൂന്ന് മണിക്കൂര്‍ കോയമ്പത്തൂര്‍ ബസ്സ് സ്റ്റാന്‍ഡിനടുത്തുള്ള നടുറോഡിലെ ഡിവൈഡറില്‍ ഉറക്കം തൂങ്ങി ഇരുന്നു. ഇടയ്ക്ക് വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ സ്ഥലവാസികളായ തെരുവിന്റെ മക്കളുമുണ്ടായിരുന്നു. പിന്നെ ഒരു വിധം ഏഴുമണിയായപ്പോള്‍ താമസ സ്ഥലത്തെത്തി. പിറ്റേന്ന് (ഇതൊക്കെ വാം അപ്പ് ട്രിപ്പായിട്ടാണ് കൂട്ടിയിരിക്കുന്നത്. അതായത് ട്രെയിലര്‍ കഴിഞ്ഞിട്ടില്ല, പിക്ച്ചര്‍ അഭി ബാക്കി ഹേ ഭായി) ബാംഗ്ലൂര്‍ക്ക് പിടിച്ചു. അവിടെ എത്തിയപ്പോഴും നട്ട പാതിര. പിറ്റേന്ന് മുഴുവനും മടി പിടിച്ച് ഇരുന്നു’. കൂട്ടിന് ഒരു ചങ്ങായിയെയും കൂട്ടി.. നാട്ടിലുള്ള ചങ്ങായിമാര്‍ ബാംഗ്ലൂരും ഹൈദരാബാദ് – ഒക്കെ കറങ്ങുവാന്‍ ട്രെയിന്‍ കയറിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. പിറ്റേന്നത്തേക്കെ ആ ടീംസ് എത്തുകയുള്ളൂ. അന്ന് മുഴുവനും മടി പിടിച്ച് ഇരുന്ന ശേഷം പിറ്റേന്ന് നമ്മുടെ ബഡ്ഡീസിനൊപ്പം ചേരാന്‍ മജസ്റ്റിക്കിലേക്ക് വിട്ടു. അതുങ്ങള് വരാന്‍ ലേറ്റാവുമെന്ന് കണ്ടപ്പോള്‍.. അടുത്ത ഒരു ഫ്രണ്ടിനെ വിളിച്ച് അവരുടെ റൂമിലേക്ക്. അതൊരു പെണ്‍ മടയാണേ.. ‘നമ്മള്‍ കഴിച്ചില്ലെങ്കിലും നമ്മുടെ ചങ്ങായിമാരേ ഊട്ടുക’ എന്ന തത്വത്തില്‍ ജീവിക്കുന്ന ആ ബഡ്ഡീസ് പുട്ടും പയറും തന്ന് ഗംഭീരമായി സല്‍ക്കരിച്ചു. പിന്നെ അവിടെ നിന്ന് ഇറങ്ങി, രണ്ട് ചങ്ങായിമാര്‍ നമ്മളെ കാത്തിരിക്കുവല്ലേ.. നമ്മുടെ പെണ്‍പട അങ്ങോട്ടേക്ക് ഒരു ടാക്‌സി ബുക്ക് ചെയ്ത് തന്ന് സഹായിച്ചിരുന്നു. അത് ഒരു എട്ടിന്റെ പണിയായി പോയി.

ടാക്‌സിക്കാരന്‍ കൊണ്ടെത്തിച്ചത് ഏതോ ഒരു പട്ടിക്കാട്ടില്‍.. അവിടെയാണെങ്കില്‍ ഓട്ടോയില്ല ടാക്‌സിയില്ല നെറ്റുമില്ല. ലിഫ്റ്റ് ചോദിച്ചിട്ട് കിട്ടുന്നുമില്ല. അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും കാണുന്നവരോട് മുഴുവന്‍ അന്വേഷിച്ചു മജസ്റ്റിക്കില്‍ എത്താനുള്ള വഴി. തിരിച്ച് എത്താന്‍ രണ്ടു മൂന്ന് മണിക്കൂര്‍ വേണമെന്നാണ് അറിഞ്ഞത്. ഈ മലയാളികള്‍ ഒരു സംഭവമാണ്, ചന്ദ്രനില്‍ ചെന്നാലും ചായക്കടയുമായി മലയാളികളുണ്ടാവും. അത്തരമൊരു ചായക്കട ഇവിടെയും കണ്ടുകിട്ടി. ഹിന്ദി ഇംഗ്ലീഷും ഒക്കെ തട്ടിയിട്ടും കട്ട ജാഡയിട്ട് മൈന്‍ഡ് ചെയ്യാതെ നിന്ന ആ ന്യൂ ജെന്‍ ചായക്കടക്കാരന്‍ മല്ലു പയ്യന്‍സ് ഒരു ഒമ്‌നി വന്നപ്പോള്‍ ചാടിക്കയറിക്കൊള്ളാന്‍ പറഞ്ഞു.

‘ജോസഫേ കുട്ടിക്ക് മലയാളം അറിയാം’ എന്ന് മനസ്സില്‍ പറഞ്ഞ് അവന് റ്റാറ്റ കൊടുത്ത് വണ്ടിയില്‍ ചാടിക്കയറി. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും നല്ല കട്ട കോട്ടയം അച്ചായന്‍മാരായിരുന്നു. അവര്‍ പിന്നെ മജസ്റ്റിക്കിലേക്ക് ബസ് കിട്ടുന്ന സ്റ്റോപ്പില്‍ ഇറക്കി തന്നു. അവിടെ നിന്നുള്ള രണ്ടര മണിക്കൂറത്തേ ബസ് യാത്രയില്‍ മനസ്സിലായി വാം അപ് ട്രാവല്‍ കഴിഞ്ഞു ഇനിയുള്ള യാത്രകള്‍ ഇതുപോലെ ലക്കും ലഗാനുമില്ലാതേയുള്ള പാച്ചിലായിരിക്കുമെന്ന്..

മജസ്റ്റിക്കില്‍ മുമ്പും വന്നിട്ടുണ്ടെങ്കിലും വഴിതെറ്റലിന് ഇത്തവണയും യതൊരു മാറ്റവുമുണ്ടായില്ല. ബസ് സ്റ്റാന്‍ഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുവാന്‍ മര്യാദക്ക് അണ്ടര്‍ ഗ്രൗണ്ട് പാസേജ് ഉണ്ടെങ്കിലും പുറത്തൂടെ പോകണമെന്ന് വാശി. വാശി കയറി കിലോകണക്കിന് ഭാരമുള്ള ബാഗും തൂക്കി സുന്ദരമായി മജസ്റ്റിക്ക് സ്റ്റാന്‍ഡിന് ചുറ്റും രണ്ട് വലംവെച്ചു. ഒടുവില്‍ റെയില്‍വെ സ്‌റ്റേഷിനില്‍, പട്ടി അണയ്ക്കുന്ന പോലെ അണച്ച് കയറി ചെന്നു. അര മണിക്കൂര്‍ നിലത്ത് ഇരുന്ന് അങ്ങ് വിശ്രമിച്ചിട്ട്, ബാഗും കിടിതാപ്പുമൊക്കെ ക്ലോക്ക് റൂമില്‍ തട്ടി. എന്നിട്ട് ചങ്ങായിമാരെ വിളിച്ചു. അവര്‍ ചെല്ലാന്‍ പറഞ്ഞ സ്ഥലത്ത് നമുക്ക് എത്താന്‍ പറ്റാത്തതുകൊണ്ട് ‘നല്ല’ മലയാള പദങ്ങള്‍ പറഞ്ഞാണ് ഫോണ്‍ എടുത്തത് തന്നെ. ഒടുവില്‍ അതുങ്ങള് സ്‌റ്റേഷനില്‍ വരാമെന്ന് പറഞ്ഞ് വെച്ചു. അവര്‍ വരുന്നടം വരെ മജസ്റ്റിക്കിന് ഒന്നൂടെ പ്രദിക്ഷണം വെച്ച് സമയം കളഞ്ഞു. ഒടുവില്‍ അവരെ കണ്ടുമുട്ടി. രാത്രി വണ്ടിക്ക് ആന്ധ്രക്ക് പിടിക്കാനാണ് പദ്ധതി. പക്ഷെ അതിനിയും സമയമുണ്ടല്ലോ.. അതുവരെ ബാംഗ്ലൂര്‍ തന്നെ കറങ്ങാന്‍ തീരുമാനിച്ചു. സ്ഥിരം കറക്ക കേന്ദ്രങ്ങളായ കബ്ഓണ്‍ പാര്‍ക്കും ലാല്‍ബാഗും പിന്നെ നാഷണല്‍ അക്വേറിയവും ഒക്കെ വട്ടം പിടിച്ച് എത്തിയപ്പോള്‍ ട്രെയിന്‍ ട്രാക്കിലേക്ക് കയറി കൊണ്ടിരിക്കുവാണ്. ബാഗും സമാനങ്ങളുമൊക്കെ ക്ലോക്ക് റൂമില്‍ നിന്ന് പറന്നെടുത്ത് ഒരു വിധത്തില്‍ ഏതോ കമ്പാര്‍ട്ട്‌മെന്റില്‍ വലിഞ്ഞ് കയറി. പിന്നെ നമ്മടെ ബര്‍ത്ത് കണ്ടുപിടിക്കാനുള്ള ഓട്ടമായിരുന്നു. ഒന്ന് സമാധാനമായപ്പോള്‍ പിന്നെ കത്തിയടി തുടങ്ങി.

ട്രെയിന്റെ ഡോര്‍ സൈഡില്‍ വാര്‍ത്തമാനം ഇങ്ങനെ മുറുക്കിയപ്പോള്‍ കൂട്ടുകക്ഷികളില്‍ ഒരാളുടെ ചോദ്യം ‘ഞങ്ങള്‍ മൂന്നാല് ദിവസമുണ്ടാകും.. അതു കഴിഞ്ഞാല്‍ നിന്റെ പരിപാടി എന്താണ്? വല്ല പ്ലാനും പദ്ധതിയുമുണ്ടോ? അതോ പട്ടി ചന്തക്ക് പോയത് പോലെയാകുമോ?’ നമുക്ക് എന്ത് പ്ലാനും പദ്ധതിയും നിങ്ങള്‍ പോയികഴിഞ്ഞാല്‍ വിശാലമായ ഈ ലോകത്ത് തനിയെ നിവര്‍ന്ന് അങ്ങോട്ട് നില്‍ക്കും എന്നിട്ട് മൂരി നിവര്‍ത്തി മനസമാധാനത്തോടെ ഒന്ന് ഉറക്കെ കൂവും.. അതു കഴിഞ്ഞേ തീരുമാനിക്കൂ എങ്ങോട്ട് പോകണമെന്ന്.. മിഴിച്ച് നില്‍ക്കുന്ന അവന്മാരെ ഒന്ന് നോക്കിയിട്ട് നമ്മള്‍ മാന്യമായി ട്രെയിനിന്റെ ഡോറിന്റെ സൈഡ് കമ്പിയില്‍ പിടിച്ച് ശരീരം പകുതി പുറത്തേക്ക് തള്ളി പുറത്തേക്ക് നോക്കി.. കട്ട ഇരുട്ടില്‍ ശക്തമായിട്ട് മുഖത്തോട്ട് അടിക്കുന്ന കാറ്റിനെ വകവയ്ക്കാതേ നല്ലോരു കൂവല്‍ അങ്ങ് കൂവി.. കൂൂൂൂ…യ്.. അതിന്റെ എക്കോ അടങ്ങുന്നതിന് മുമ്പ് അവന്മാര്‍ പിടിച്ച് വലിച്ച് ബര്‍ത്തിലേക്ക് മറിച്ചിട്ട്, മിണ്ടാതേ കിടന്നോണം എന്ന് പറഞ്ഞ് ഒരു താങ്ങ്, തന്ന് ലൈറ്റും കെടുത്തി കിടക്കാന്‍ പോയി.

ചെറിയ ഉലച്ചിലോടെ പായുന്ന ആ ട്രെയിന്റെ ബര്‍ത്തില്‍ കിടന്ന് വെറുതെ ആലോചിച്ചു ഇവരും കൂടി പോയി കഴിഞ്ഞാല്‍ എന്തായിരിക്കും കാത്തിരിക്കുക.. ‘ഓള്‍ ഇന്ത്യ സോളോ ട്രാവല്‍’ ഒക്കെ കോമഡിയാകുമോ? ഒരായിരം ചിന്തകള്‍ വട്ടമിട്ട് മൂളികൊണ്ടിരിക്കുന്നതിനിടയില്‍ എപ്പോഴോ ഉറങ്ങിപ്പോയി..

തുടരും..

രണ്ടാം ഭാഗം – ഓള്‍ ഇന്ത്യ സോളോ ട്രാവലിന് മുന്‍പ് ബഡ്ഡികളുടെ കൂടെയൊരു കറക്കം

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍