UPDATES

യാത്ര

അറുപതാം വയസില്‍ മകനൊപ്പം ബുള്ളറ്റില്‍ ഒരു ഹിമാലയന്‍ യാത്ര; തൃശൂര്‍ക്കാരി ഈ അമ്മ ഒന്നൊന്നര ഗഡിയാ!

ദേവഭൂമിയിലൂടെ, നിലാവും നിഴലുകളും തുടങ്ങി അഞ്ചോളം യാത്രാവിവരണങ്ങൾ എഴുതിയ മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരൻ എം.കെ.രാമചന്ദ്രന്റെ ഭാര്യയാണ് ഗീത

ജീവിതത്തിൽ നമ്മൾ പോകുന്ന യാത്രകൾ ചിലപ്പോ നമ്മുടെ ജീവിതം തന്നെ മാറ്റിമറയ്ക്കും. അത്തരമൊരു യാത്രയിലൂടെ സമൂഹ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു അമ്മയേയും മകനെയും കുറിച്ചാണിത്. തൃശൂർ സ്വദേശി ശരത് കൃഷ്ണനും അമ്മ ഗീതാ രാമചന്ദ്രനും പറയാനുള്ളത് വെറുമൊരു യാത്രയുടെ വിശേഷങ്ങളല്ല. ഏയ്ജ് ഈസ് ജസ്റ്റ് ആ നമ്പർ എന്ന്‌ അടിവരയിടുന്ന നിശ്ചയദാർഢ്യത്തിന്റെ കഥ കൂടിയാണ്.

യാത്ര ചെയ്യാനിഷ്ടപ്പെടാത്ത ആരുംതന്നെ ഇല്ല. ഈ കാലത്ത് ഒരു ബുള്ളറ്റ് യാത്ര അത്ര പുതുമയുള്ള കാര്യവുമല്ല. എന്നാൽ അത് പലപ്പോഴും ഭാര്യയോടൊപ്പമോ കാമുകിയോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ആയിരിക്കും.പ്രായമായ അച്ഛനെയോ അമ്മയേയോ സൗകര്യപൂർവ്വം നമ്മൾ ഒഴിവാക്കാറാണ് പതിവ്. അവരുടെ പ്രായം, ആരോഗ്യം തുടങ്ങി പല കാരണങ്ങളും നമ്മുക്ക് പറയാനുമുണ്ടാകും. ഇനി വിളിച്ചാൽ തന്നെ മക്കൾക്കൊരു ബുദ്ധിമുട്ടാകും എന്നു കരുതി മാറി നിൽക്കാനാണ് അച്ഛനമ്മമാരും ശ്രമിക്കാറ്. അത്തരക്കാർക്ക് മുന്നിൽ ഏറെ വ്യത്യസ്തരാണ് ശരത് കൃഷ്ണനും അമ്മ ഗീതയും.

ശരത് കൃഷ്ണനും അമ്മയും യാത്ര തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. എന്നാൽ ഒരാഴ്ച്ച മുമ്പ് അമ്മയോടൊപ്പം മണാലിയിലേക്ക് പോയ ഒരു യാത്രാനുഭവം സഞ്ചാരി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് ഈ അമ്മയേയും മകനേയും ലോകം അറിഞ്ഞത്. തൃശൂരിനപ്പുറം വലിയ ലോകങ്ങൾ കണ്ടിട്ടില്ലാത്ത തനി നാട്ടിൻപുറത്തുകാരി ഗീതാ രാമചന്ദ്രനും ഏതൊരാളെയും പോലെ യാത്ര ഇഷ്ടമായിരുന്നു. എന്നാൽ കുടുംബം, വീട്, മക്കൾ ഇവയ്ക്കൊക്കെ നടുവിൽ സ്വന്തം സ്വപ്നങ്ങൾക്ക് ഈ അമ്മയും പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ അതൊക്കെ ഇളയ മകൻ തിരിച്ചറിഞ്ഞതോടെയായിരുന്നു ആ അമ്മയുടെ ജീവിതത്തിന്റെ ഗതി മാറിയത്. ഒഴുക്കിൽ ഒരില പോലെ ഒഴുകിയിരുന്ന ആ ജീവിതം പുതുതീരങ്ങൾ തേടിത്തുടങ്ങി. അമ്മയെ കുറിച്ചു പറയുമ്പോൾ ആയിരം നാവാണ് മകൻ ശരത്തിന്. “അമ്മയുടെ യാത്രകളൊക്കെ വടക്കുംനാഥനെയോ ഗുരുവായൂരപ്പനെയോ കാണാൻ വേണ്ടി മാത്രമായിരുന്നു. പക്ഷെ ചെറിയ യാത്രകൾ പോലും അമ്മ നന്നായി ആസ്വദിച്ചിരുന്നു എന്നെനിക്കു മനസ്സിലായിരുന്നു”.

ദേവഭൂമിയിലൂടെ, നിലാവും നിഴലുകളും തുടങ്ങി അഞ്ചോളം യാത്രാവിവരണങ്ങൾ എഴുതിയ മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരൻ എം.കെ.രാമചന്ദ്രന്റെ ഭാര്യ ഗീത തന്റെ യാത്രകൾക്ക് തുടക്കം കുറിച്ചത് ഈ അറുപതാം വയസിലായിരുന്നു. ഭർത്താവിന്റെ യാത്രകളുടെ ഗൗരവം മനസിലാക്കി സ്വയം മാറി നിൽക്കുകയായിരുന്നു ഭാര്യ ഗീതാ രാമചന്ദ്രൻ. എന്നാൽ ഇതൊക്കെ മനസിലാക്കികൊണ്ടു തന്നെയായിരുന്നു മകൻ ശരത് ആ തീരുമാനമെടുത്തത്. താൻ പോയ സ്‌ഥലങ്ങളിലെല്ലാം അമ്മയേയും കൊണ്ടു പോവുക. അങ്ങനെയാണ് കഴിഞ്ഞ 2014 ൽ ഒരു ബിസിനസ് മീറ്റിന്റെ ഭാഗമായി പോവേണ്ടിയിരുന്ന മുംബൈ യാത്രയിൽ അമ്മയെ കൂടെ കൂട്ടാൻ ശരത് തീരുമാനിച്ചത്. ഏറെ നിർബന്ധിക്കേണ്ടി വന്നു ഈ മകനു അമ്മയെ സമ്മതിപ്പിച്ചെടുക്കാൻ. വീട്, കുടുംബം ഇതൊക്കെ വിട്ടൊരു യാത്ര ആ അമ്മയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ മകന്റെ നിർബന്ധത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു ആ അമ്മ. പത്തു ദിവസം നീണ്ട ആ യാത്രയിൽ നാസിക്, അജന്ത, എല്ലോറ തുടങ്ങി പല സ്‌ഥലങ്ങളിലും അവർ പോയി. തൃശൂരിനപ്പുറം തന്നെ കാത്തിരിക്കുന്ന ഒരു വലിയ ലോകമുണ്ടെന്ന് ഗീതാ രാമചന്ദ്രൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. “പിടിച്ചു വലിച്ചു കൊണ്ടുപോയ അമ്മ തിരിച്ചു വരുമ്പോൾ ചോദിച്ചത് അടുത്ത ട്രിപ്പിനെ പറ്റിയായിരുന്നു” ശരത് സന്തോഷത്തോടെ പറയുന്നു.

അതിനു ശേഷം 2015ന്റെ തുടക്കത്തിൽ വീണ്ടും അമ്മയേയും കൊണ്ട് യാത്രയ്ക്കൊരുങ്ങി ഈ മകൻ. ഇത്തവണ അധികമൊന്നും അമ്മയെ നിർബന്ധിക്കേണ്ടി വന്നില്ല. “ഹരിദ്വാർ, ഋഷികേഷ്, കേദാർനാഥ്. ഒരു വലിയ സംസ്കാരത്തെ അമ്മയെ പരിചയപ്പെടുത്തുക എന്നതു കൂടിയായിരുന്നു ലക്ഷ്യം” ശരത് പറയുന്നു. 2015 ന്റെ അവസാനം ഒരു യാത്ര കൂടെ പോയി ഇവർ.ഒരു ഡൽഹി ട്രിപ്പായിരുന്നു അത്. അതോടെ യാത്രകളെ ആ അമ്മ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. അമ്മയുടെ ഉത്സാഹവും സന്തോഷവുമായിരുന്നു മകന്റെ കരുത്ത്.

പിന്നീട് 2017 ഫെബ്രുവരി 14 നായിരുന്നു സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റടുത്തു ആഘോഷമാക്കിയ ആ യാത്ര സംഭവിച്ചത്. പ്രണയിക്കുന്നവരുടെ ആ ദിനത്തിൽ ആ മകൻ ചിന്തിച്ചത് തികച്ചും വ്യത്യസ്തമായാണ്. ജന്മം തന്ന അമ്മയെക്കാൾ വലുതല്ല തനിക്കൊന്നും എന്ന് സ്വയം ഓർമപ്പെടുത്തികൊണ്ട് ശരത് തീരുമാനിച്ചു. വീണ്ടുമൊരു യാത്ര.

“രാവിലെ എണീറ്റപ്പോൾ തോന്നിയ ഒരാഗ്രഹമാണ്. അമ്മയോട് സംസാരിച്ചപ്പോൾ അമ്മ ഡബിൾ ഒക്കെ. പോകുമ്പോൾ മൂന്നു ദിവസത്തെ കാശി യാത്ര അത്രയേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ. കൊച്ചിയിൽ നിന്നും നേരെ വാരണാസിയിലേക്ക് ഫ്‌ളൈറ്റ് പിടിച്ചു. അവിടുന്നു ടാക്സിയിൽ നേരെ കാശിയിലേക്ക്. അമ്മ ഉള്ളതുകൊണ്ട് ഞാൻ എല്ലാ ട്രിപ്പും കൂടുതൽ സേഫ് ആക്കും ” അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഈ മകൻ. കാശിയിലെ ഓരോ ഇടവഴിയിലൂടെയും അമ്മയുടെ കൈപിടിച്ചു നടന്ന ഈ ചെറുപ്പക്കാരൻ പുതു തലമുറയോട് പലതും പറയാതെ പറയുന്നുണ്ട്. “തിരിച്ച് ഡൽഹിയിലേക്കും അവിടെ നിന്നും നാട്ടിലേക്കും മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ഷിംലയ്ക്കു പോകുന്ന ആ ട്രെയിനിൽ നിന്നും ഒരു മലയാളി ടി.ടി യെ പരിചയപ്പെട്ടതോടെ തീരുമാനം മാറ്റി. യാത്ര നേരെ ഷിംലയ്ക്കു മാറ്റി. അമ്മയ്ക്കായിരുന്നു എന്നെക്കാളും ഉത്സാഹം.” ഷിംലയിൽ നിന്നും ഇവർ നേരെ പോയത് മണാലിയിലേക്കാണ്. “അവിടെ എത്തിയപ്പോഴാണ് അമ്മയെ പിറകിലിരുത്തി ഒരു ബുള്ളറ്റ് യാത്ര എന്ന മോഹം തോന്നിയത്” ജീവിതത്തിൽ ഇതുവരെ ബൈക്കിൽ കയറിയിട്ടില്ലാത്ത 60 വയസുകാരി ഇൻഡ്യയുടെ മറ്റൊരു കോണിൽ അപകടം നിറഞ്ഞ റോഡിൽ ബുള്ളറ്റിൽ യാത്ര ചെയ്യുന്നു എന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. ആദ്യമൊന്നു മടിച്ചെങ്കിലും ആലോചിച്ചു സമയം കളഞ്ഞില്ല ഗീതാ രാമചന്ദ്രൻ. “അമ്മയോടൊപ്പം ഒരു ബുള്ളറ്റ് യാത്ര. സന്തോഷത്തേക്കാൾ കൂടുതൽ അഭിമായിരുന്നു എനിക്ക്”. ആ യാത്രയിൽ 60 വയസുകാരിയായ അമ്മയിൽ 18 വയസുകാരിയെ കാണാനായി ശരത് കൃഷ്ണന്.

“ആദ്യമായി മഞ്ഞ് കണ്ടപ്പോൾ അമ്മ തുള്ളിച്ചാടുകയായിരുന്നു.” ശരത് കൃഷ്ണൻ സന്തോഷത്തോടെ പറയുന്നു. ഈ ബുള്ളറ്റ് യാത്രയാണ് ശരത് കൃഷ്ണനേയും അമ്മയേയും വൈറലാക്കിയത്. “ഞങ്ങൾ ആദ്യമായല്ല യാത്ര പോകുന്നത്. മണാലിയ്ക്ക് ശേഷം ഞങ്ങൾ ഹിമാലയത്തിലും പോയി. പക്ഷെ മണാലി യാത്ര കേറി ക്ലിക്കായി.” ഈ കഴിഞ്ഞ ജൂൺ 1 നാണ് അച്ഛൻ എഴുതിയ യാത്രാവിവരണങ്ങളിലൂടെ മാത്രം അറിഞ്ഞ ഹിമാലയൻ താഴ്‌വരയിലേക്ക് ഈ അമ്മയും മകനും യാത്രയാരംഭിച്ചത്. “18 ദിവസം നീണ്ടു നിന്ന യാത്ര തികച്ചും പുതിയ ഒരനുഭവമായിരുന്നു. സ്വപ്നമാണോ എന്നു വരെ തോന്നിപ്പോയി. അമ്മയുടെ കൂടെ മഞ്ഞിലൊക്കെ കളിച്ചപ്പോൾ പെട്ടന്ന് കുട്ടിക്കാലം ഒക്കെ ഓർമ്മ വന്നു. ജീവിത്തിൽ അമ്മ ഇത്രത്തോളം സന്തോഷിച്ച ദിനങ്ങൾ വേറെ ഉണ്ടായിട്ടില്ല.” ശരത് ഇതു പറയുമ്പോൾ പറഞ്ഞതത്രയും നൂറു ശതമാനം ശെരിയാണെന്ന മട്ടിൽ ആ അമ്മ ചിരിച്ചു.

മനസു നിറഞ്ഞു ചിരിക്കാൻ പറ്റുന്നത് തന്നെ ഈ കാലത്ത് വലിയ ഒരു അനുഗ്രഹമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഈ അമ്മയേയും മകനേയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.അമ്മയെ നഷ്ടപെട്ടവരും ഇതുവരെ ഇങ്ങനെ ഒരു ആശയം തോന്നാതിരുന്നവരും ശരത്തിനെ പോലെ ആവണം എന്നാഗ്രഹിക്കുന്നവരുമെല്ലാം ആ കൂട്ടത്തിലുണ്ട്.

“ഞങ്ങളുടെ കഥ അറിഞ്ഞു ഏതെങ്കിലും ഒരു മകൻ അമ്മയുടെ ആഗ്രഹങ്ങൾക്കു വേണ്ടി ഒരു ദിവസമെങ്കിലും എല്ലാ തിരക്കുകളും മാറ്റി വെയ്ക്കാൻ തയ്യാറായാൽ അതിലും വലുതോന്നുമില്ല എനിക്ക് ലഭിക്കാൻ” ശരത് പറഞ്ഞു.

അടുത്ത യാത്രയെ പറ്റി ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ട് തനി തൃശൂർ ശൈലിയിൽ ഗീതാ രാമചന്ദ്രൻ പറഞ്ഞു, “ഇനിയും ഞങ്ങൾ പോകും. ഇനിയല്ലേ കാണാൻ കിടക്കുന്നത്”

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍