UPDATES

യാത്ര

എവറസ്റ്റില്‍ അമേരിക്കന്‍ പര്‍വതാരോഹകന് ദാരുണാന്ത്യം

ക്രിസ്റ്റഫര്‍ ജോണ്‍ ഖുലിഷ് എന്ന 61-കാരനായ അമേരിക്കന്‍ പര്‍വ്വതാരോഹകനാണ് മരണപ്പെട്ടിരിക്കുന്നത്.

ഒരു എവറസ്റ്റ് പര്‍വ്വതാരോഹകന്‍ കൂടി മരണപ്പെട്ടു. ഇതോടെ ഈ സീസണില്‍ എവറസ്റ്റില്‍ മരണപ്പെടുന്നവരുടെയോ കാണാതായവരുടെയോ പട്ടികയിലെ ഔദ്യോഗിക സംഖ്യ ഒന്‍പതായി. പുതിയ വിവരമനുസരിച്ച് ക്രിസ്റ്റഫര്‍ ജോണ്‍ ഖുലിഷ് എന്ന 61-കാരനായ അമേരിക്കന്‍ പര്‍വ്വതാരോഹകനാണ് മരണപ്പെട്ടിരിക്കുന്നത്. 29,035 അടി ഉയരത്തില്‍ തെക്ക്-കിഴക്കന്‍ പര്‍വ്വത ശിഖരത്തിലെ സാധാരണ ട്രക്കിംഗ് പാതയാണ് ക്രിസ്റ്റഫര്‍ തിരഞ്ഞെടുത്തിരുന്നത്. ഇന്നലെ രാവിലെ തെക്കന്‍ മുനമ്പ് ഇറങ്ങുമ്പോള്‍ പെട്ടെന്ന് മരണപ്പെടുകയായിരുന്നുവെന്നാണ് നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥ മിരാ ആചാര്യ അറിയിച്ചത്.

അതിനിടിയില്‍ പര്‍വ്വതത്തിന്റെ പടിഞ്ഞാറന്‍ ചെരുവില്‍ ബോധമില്ലാതെ കിടന്നിരുന്നു ഓസ്‌ട്രേലിയന്‍ പര്‍വ്വതാരോഹകനെ തിബറ്റന്‍ പര്‍വ്വത വിഭാഗത്തില്‍പ്പെട്ട ആളുകള്‍ രക്ഷപ്പെടുത്തി. എവറസ്റ്റ് കീഴടക്കാന്‍ പര്‍വതാരോഹകരുടെ തിരക്കേറിയതോടെ അപകടങ്ങളും വര്‍ധിക്കുകയാണ്. കൊടുമുടി കീഴടക്കി താഴേക്ക് ഇറങ്ങുന്നതിനിടെ ശാരീരിക അവശതകള്‍ നേരിട്ടാണ് എല്ലാവരും മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ്ഇന്ത്യക്കാരായ കല്‍പന ദാസ്(52), നിഹാല്‍ ഭഗ്വാന്‍ (27) ഈ സീസണില്‍ മരണപ്പെട്ടിരുന്നു.

പതിവിലും കൂടുതല്‍ സഞ്ചാരികള്‍ക്കാണ് നേപ്പാള്‍ ഇത്തവണ എവറസ്റ്റിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. മോശം കാലാവസ്ഥ കാരണം പര്‍വ്വതാരോഹണത്തിന്റെ ദിവസങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. ഇതോടെയാണ് തിരക്ക് കൂടിയത്. നേപ്പാള്‍ സര്‍ക്കാര്‍ 381 പേര്‍ക്ക് മല കയറാന്‍ അനുമതി നല്‍കിയതാണ് തിരക്ക് കൂടാനിടയാക്കിയത്. നേപ്പാളികളായ ഷെര്‍പ ഗൈഡുകളുടെ എണ്ണംകൂടി കൂട്ടുമ്പോള്‍ ഇത്തവണ മല കയറുന്നവരുടെ എണ്ണം 750 കവിയും.

കൂടാതെ, ടിബറ്റ് വഴി വേറെ 140 പേര്‍ക്ക് എവറസ്റ്റ് കയറാന്‍ അനുമതി കിട്ടിയിട്ടുണ്ട്. തിരക്കേറിയതോടെ 8,848 മീറ്റര്‍ ഉയരത്തിലെത്തുന്നതിന് ഇവര്‍ക്ക് രണ്ടു മണിക്കൂറോളം കൊടുംതണുപ്പില്‍ വരിനില്‍ക്കേണ്ടിവരും. നിരവധിപേര്‍ പര്‍വ്വതാരോഹണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. പര്‍വ്വതത്തില്‍ ഏറെനേരം കാത്തിരിക്കേണ്ടിവരുന്നതാണ് ശാരീരികപ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതും, മരണത്തില്‍ കലാശിക്കുന്നതും.

എവറസ്റ്റിലെത്തുന്ന സഞ്ചാരികളുടെ ബാഹുല്യവും, അവരുടെ സുരക്ഷയും സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. വിദേശ കമ്പനികളെക്കാള്‍ പകുതിയോളം കുറഞ്ഞ നിരക്കിലാണ് നേപ്പാളിലെ ട്രെക്കിംഗ് കമ്പനികള്‍ ആളുകളെ എടുക്കുന്നത്. തിരക്കൊഴിവാക്കാന്‍ പല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നേപ്പാളിലെ ടൂറിസം വകുപ്പ് പുറപ്പെടുവിക്കുന്നുണ്ട്, പക്ഷെ, ഒന്നും നടപ്പാവാറില്ല. നേപ്പാള്‍ ടൂറിസം വകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുവാനോ, ട്രെക്കിംഗ് കമ്പനികള്‍ വാങ്ങുന്ന പണത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാനോ, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാനോ ഒന്നും നേപ്പാള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം.

Read: വെനസ്വേലന്‍ കറന്‍സി നോട്ടുകള്‍കൊണ്ട് തീര്‍ത്ത മനോഹരമായ ശില്‍പ്പങ്ങളുമായി കൊളംബിയ നിങ്ങളെ കാത്തിരിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍