UPDATES

യാത്ര

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ അപകടത്തില്‍ പെട്ട സ്വാതി ഷായെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചു

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം പ്രചരണാര്‍ത്ഥമായിരുന്നു യാത്ര; തുടര്‍ചികില്‍സ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

പ്രളയാനന്തര കേരള പുനര്‍നിര്‍മിതി സന്ദേശവുമായി സോളോ ബൈക്ക് യാത്ര നടത്തി അപകടത്തില്‍പ്പെട്ട കോളേജ് വിദ്യാര്‍ഥി സ്വാതി ഷായെ തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരം വഴയില സ്വദേശി സ്വാതി ഷാ സെപ്റ്റംബര്‍ 19ന് മാനവീയം വീഥിയില്‍ നിന്നാണ് സര്‍ക്കാരിന്റെ സംസ്ഥാന പുനര്‍നിര്‍മാണ ശ്രമത്തിന്റെ പ്രചാരണാര്‍ഥം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ബൈക്ക് യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരണം നടത്താനായി സ്വയം തീരുമാനമെടുത്ത് യാത്ര തിരിക്കുകയായിരുന്നു ഈ പത്തൊമ്പതുകാരന്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. അപകടവിവരം അറിഞ്ഞ മധ്യപ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്വാതി ഷായ്ക്ക് മികച്ച ചികില്‍സ ലഭ്യമാക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എയര്‍ ആംബുലന്‍സില്‍ എത്തിയ സ്വാതി ഷായുടെ തുടര്‍ചികില്‍സ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 25ന് രാത്രി ഗ്വാളിയാറിലേക്ക് പോകുന്നതിനിടെ മധ്യപ്രദേശിലെ ടികംഗജില്‍ വെച്ച് സ്വാതി ഷായുടെ വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്വാതി ഷാ സുഹൃത്തുക്കളോട് വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. അപകടത്തിന് കാരണമായ വാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബോധരഹിതനായ സ്വാതി ഷായെ പ്രദേശവാസികള്‍ ഝാന്‍സി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില അതീവഗുരുതരമായതിനെ തുടര്‍ന്ന് ഗ്വാളിയാറിലെ ബിഐഎംആര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വൈകുന്നേരം 3.45ഓട് കൂടി അഡ്മിറ്റ് ചെയ്തതായി സ്വാതി ഷായുടെ അമ്മയും കരമന ബോയ്‌സ് സ്‌കൂളിലെ അധ്യാപികയുമായ ഷൈല ബീഗം അറിയിച്ചു.

ചെമ്പഴന്തി എസ്.എന്‍ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ ബിരുദവിദ്യാര്‍ത്ഥിയാണ് സ്വാതി. കശ്മീര്‍ ബൈക്ക് റൈഡ് മോഹം സാക്ഷാല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് കേരളം മഹാപ്രളയത്തിന്റെ പിടിയിലായത്. ഇതോടെ തന്റെ സ്വപ്നങ്ങള്‍ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നഗരത്തില്‍ പ്രവര്‍ത്തിച്ച വിഭവസമാഹരണ കേന്ദ്രങ്ങളിലും സജീവമായി സ്വാതി ഷാ പ്രവര്‍ത്തിച്ചിരുന്നു. 20 ദിവസത്തിനുള്ളില്‍ കന്യാകുമാരി കശ്മീര്‍ സോളോ റൈഡ് പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ലോകറെക്കോഡ് സ്വന്തമാക്കാനുള്ള ശ്രമം കൂടിയാണ് അപകടമുണ്ടായതോടെ വിഫലമായത്.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍