UPDATES

യാത്ര

129 വര്‍ഷം പഴക്കമുള്ള മുംബെ ഛത്രപതി ശിവജി ടെര്‍മിനസ് ഇനി റെയില്‍ മ്യൂസിയം

ലണ്ടനിലെ സെന്റ് പാന്‍ക്രാസ് റെയില്‍വേ സ്റ്റേഷന്റെ മാതൃകയില്‍ ബ്രിട്ടീഷ് വാസ്തു വിദഗ്ധന്‍ ഫെഡറിക് വില്യം സ്റ്റീവന്‍സ് രൂപകല്‍പന ചെയ്ത പഴയ വിടി പത്തുവര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1888ലാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടത്

129 വര്‍ഷം പഴക്കമുള്ള മുംബെ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍ മ്യൂസിയമാക്കുന്നു. ഇതിനായി ഇവിടെ പ്രവര്‍ത്തിക്കുന്ന മധ്യ റെയില്‍വേ ആസ്ഥാന ഓഫീസുകള്‍ വഴി മാറിക്കൊടുക്കും. ലോക പൈതൃക കെട്ടിടമായി യുനെസ്‌കോ പ്രഖ്യാപിച്ച സിഎസ്ടിയില്‍ പക്ഷെ ട്രെയിനുകള്‍ ഇനിയും വരികയും പോവുകയും ചെയ്യും. എന്നാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മധ്യ റെയില്‍വേ ഓഫീസുകളെല്ലാം മാറ്റും.

ജനറല്‍ മാനേജരുടെ ഓഫീസ് ഉള്‍പ്പെടെ മധ്യ റെയില്‍വേ ആസ്ഥാനത്തെ മൂന്ന് വകുപ്പുകളിലായി 400 ജീവനക്കാരാണ് നിലവില്‍ ഈ പൈതൃക കെട്ടിടത്തില്‍ ജോലി ചെയ്യുന്നത്. ഇവയെല്ലാം ഏതാനും കിലോ മീറ്റര്‍ മാത്രം അകലെയുള്ള പി ഡി’മെല്ലോ റോഡിലെ പുതിയ കെട്ടിടത്തിലേക്ക് മാറും. നിലവിലെ പദ്ധതി പ്രകാരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുക അടുത്ത വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തും. പുതിയ ആസ്ഥാനമന്ദിരത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ ഒരു താല്‍ക്കാലിക കെട്ടിടത്തിലേക്ക് മധ്യ റെയില്‍വേയുടെ ആസ്ഥാനം മാറ്റി സ്ഥാപിക്കാനാണ് ഇപ്പോഴുള്ള ആലോചന. സിഎസ്ടിഎമ്മില്‍ നിന്നും മാറ്റുന്ന ഓഫീസുകള്‍ക്കായി 8000 ചതുശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു കെട്ടിടത്തിന്റെ അന്വേഷണം മധ്യ റെയില്‍വേ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.

വിക്ടോറിയ ടെര്‍മിനസ് (വിടി) എന്ന പേരില്‍ പ്രസിദ്ധമായിരുന്ന ഈ റെയില്‍വേ സ്റ്റേഷന്റെ പേര് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഛത്രപതി ശിവജി ടെര്‍മിനസ് (സിഎസ്ടി) എന്ന് മാറ്റിയത്. കഴിഞ്ഞ വര്‍ഷം അത് പുതുക്കി ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സിഎസ്ടിഎം) എന്ന് ഈ വര്‍ഷം മാറ്റിയിരുന്നു. ദിവസവും മൂന്ന് ദശലക്ഷത്തിലധികം യാത്രക്കാര്‍ എത്തുന്ന സ്റ്റേഷന്‍ പക്ഷെ ഇപ്പോഴും ‘വിടി’ എ്ന്ന പേരില്‍ തന്നെയാണ് പ്രസിദ്ധം.

ലോക പൈതൃക പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ കെട്ടിടം സംരക്ഷിക്കണമെന്നും അതിനെ ലോക നിലവാരമുള്ള റെയില്‍ മ്യൂസിയമാക്കി മാറ്റണമെന്നുമുള്ള റയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ ആശയമാണ് ഇപ്പോള്‍ നടപ്പിലാവുന്നത്. സിഎസ്ടിഎം കെട്ടിടത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു വൈദ്യുതി സബ്‌സ്റ്റേഷനും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും മാറ്റി സ്ഥാപിക്കുന്നതിന് 41 കോടി രൂപ ചിലവ് വരുമെന്ന് മധ്യ റെയില്‍വേ ജനറല്‍ മാനേജര്‍ ദേവേന്ദ്ര ശര്‍മ്മ കഴിഞ്ഞ ആഴ്ച റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു. ലോക നിലവാരമുള്ള റയില്‍വേ മ്യൂസിയം നിര്‍മ്മിക്കുന്നതിന് വൈദഗ്ധ്യ അറിവുകള്‍ ആവശ്യമായതിനാല്‍ ഈ മേഖലയില്‍ വിദഗ്ധരായവരുമായി ബന്ധപ്പെടാന്‍ റയില്‍വേ ബോര്‍ഡിന്റെ ഹെറിറ്റേജ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയിലുള്ള വിദഗ്ധരുടെ സഹായം തേടാനും റയില്‍ മന്ത്രാലയം ആലോചിക്കുന്നുണ്ട്.

ലണ്ടനിലെ സെന്റ് പാന്‍ക്രാസ് റെയില്‍വേ സ്റ്റേഷന്റെ മാതൃകയില്‍ ബ്രിട്ടീഷ് വാസ്തു വിദഗ്ധന്‍ ഫെഡറിക് വില്യം സ്റ്റീവന്‍സ് രൂപകല്‍പന ചെയ്ത പഴയ വിടി പത്തുവര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1888ലാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടത്. ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുല റയില്‍വേയുടെ ആസ്ഥാനമായിരുന്നു തുടക്കത്തില്‍ വിടി. 2004ലാണ് ലോക പൈതൃക കെട്ടിടമായി യുനെസ്‌കോ മുംബെ വിടിയെ തിരഞ്ഞെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍