UPDATES

യാത്ര

മേഘങ്ങളിലൂടെ ഒരു തീവണ്ടി യാത്ര!

നമ്മളിങ്ങനെ പോവുകയാണ്, ആകാശത്തിലൂടെ! ചുറ്റും നല്ല വെളുപ്പ് മാത്രം വെറെ ഒന്നും കാണുന്നില്ല, ശരിക്കും ആകാശത്തിലൂടെ… മേഘങ്ങള്‍ക്കിടയിലൂടെ തീവണ്ടി യാത്ര നടത്തുന്നതുപോലെ.. പെട്ടെന്ന് മൊത്തം ഇരുട്ടായി കുറച്ച് കഴിഞ്ഞ് വീണ്ടും വെളുപ്പ്… അതു കഴിഞ്ഞ് കട്ട ഇരുട്ട്.

ഒഡീഷയില്‍ നിന്നും നേരെ ട്രെയിന്‍ പിടിച്ചത് ഛത്തീസ്ഗണ്ഡിലെ ജഗദല്‍പൂരിലേക്കായിരുന്നു. ലക്ഷ്യം ചിത്രകൂട് വെള്ളച്ചാട്ടം. പക്ഷെ കാത്തിരുന്നത് വിസ്മയകരമായ ഒരു പുലര്‍കാലമായിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. പുരിയില്‍ നിന്ന് ഭുവനേശ്വരറില്‍ എത്തി ഒന്നുകൂടി വെറുതെ നഗരമൊക്കെ പ്രദക്ഷണം വച്ച് വൈകിട്ടത്തെ ട്രെയിന്‍ പിടിച്ചു. അവിടെ നിന്ന് ബസ് ഉണ്ടായിരുന്നുവെങ്കിലും ട്രെയിനാണ് തിരഞ്ഞെടുത്തത്. അതിലെ ഒരു പ്രശ്നമെന്നത് ഒരിക്കല്‍ കൂടി വിശാഖപട്ടണം റൂട്ടിലേക്ക് വരണമെന്നതും ദൂരകൂടുതല്‍ ആണെന്നതുമാണ്. ആ തീരുമാനം നന്നായി എന്ന് പിറ്റേന്ന് പുലര്‍ച്ചെ ബോദ്ധ്യപ്പെട്ടു.

രാവിലെ എഴുന്നേറ്റത് തന്നെ സഹിക്കാന്‍ പറ്റാത്ത തണുപ്പ് കാരണം വിന്‍ഡോ ഷട്ടര്‍ അടയ്ക്കാനായിരുന്നു. ജനലില്‍ കൂടി പുറത്തെ കാഴ്ച കണ്ട് ഒന്ന് ഞെട്ടി. ഉറക്കപ്പിച്ചയായതുകൊണ്ട് സ്വപ്നമാണെന്നാണ് ആദ്യം കരുതിയത്. സംഭവം എന്താണെന്നു വച്ചാല്‍ നമ്മളിങ്ങനെ പോവുകയാണ്, ആകാശത്തിലൂടെ! ചുറ്റും നല്ല വെളുപ്പ് മാത്രം വെറെ ഒന്നും കാണുന്നില്ല, ശരിക്കും ആകാശത്തിലൂടെ… മേഘങ്ങള്‍ക്കിടയിലൂടെ തീവണ്ടി യാത്ര നടത്തുന്നതുപോലെ.. പെട്ടെന്ന് മൊത്തം ഇരുട്ടായി കുറച്ച് കഴിഞ്ഞ് വീണ്ടും വെളുപ്പ്… അതു കഴിഞ്ഞ് കട്ട ഇരുട്ട്. കാര്യങ്ങള്‍ മനസ്സിലാവാന്‍ കുറച്ചു സമയമെടുത്തു. ട്രെയിന്‍ പോവുന്നത് കോടമഞ്ഞിലുളളിലൂടായിരുന്നു. ഇടയ്ക്ക് തുരങ്കത്തില്‍ കയറുമ്പോള്‍ ഇരുട്ടാകും. കയറിയ ട്രെയിന്‍ മാറിപ്പോയോ എന്നു കരുതി ബാഗിലെ റൂട്ട് മാപ്പ് എടുത്ത് നോക്കിയപ്പോഴാണ് അറിയാതെയാണെങ്കിലും ഈ റൂട്ട് തിരഞ്ഞെടുത്തത് നന്നായി എന്ന് മനസിലായത്.

അതായത് ട്രെയിന്‍ വിശാഖപട്ടണത്തിന് മുമ്പുള്ള വിഴിം നഗരം വഴി തിരിഞ്ഞാണ് പോവുന്നത്. ആ റൂട്ട്- അറക്കുവാലി ഹില്‍ സ്റ്റേഷന്‍ (ആന്ധ്രാപ്രദേശിലെ മനോഹരമായ അറക്കുവാലിയെ കുറിച്ചുള്ള വിവരണം പിന്നീട് ഒരിക്കല്‍) വഴിയുള്ള മനോഹരമായ ഒരു റെയില്‍ റൂട്ടാണ്. ഇടയ്ക്ക് കാടും നല്ല പ്രകൃതി ഭംഗിയും ധാരാളം തുരങ്കങ്ങളുമൊക്കെയുള്ള മനോഹരമായ പാതയാണിത്. സൈഡ് സീന്‍ മാത്രം കാണുന്നതനായി മാത്രവും ഈ റെയില്‍ പാത തിരഞ്ഞെടുക്കുന്നത് തെറ്റില്ല. പുറംകാഴ്ചകള്‍ കണ്ടിരുന്ന് ഫോട്ടോ എടുക്കുന്ന കാര്യം പോലും മറന്നു പോയി. ചിത്രങ്ങള്‍ എടുക്കാഞ്ഞതില്‍ ഇപ്പോള്‍ വലിയ നഷ്ടം തോന്നുന്നു.

ചരിത്രത്തിന്റെ പ്രതിധ്വനികള്‍: ഗോല്‍കൊണ്ട കോട്ടയിലേക്ക് ഒരു യാത്ര


ചിത്രകൂട് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര


ഉച്ചയോടെ അടുത്തായി ജഗദല്‍പൂര്‍ എത്തിയപ്പോള്‍. ആദ്യം റൂം അന്വേഷിച്ചെങ്കിലും നേരെ ചിത്രകൂട് പിടിക്കാമെന്ന് കരുതി ബസ് അന്വേഷിച്ചു. ജഗദല്‍പുരില്‍ നിന്ന് 30 കി.മീ ദൂരമുള്ള ചിത്രകൂടിലേക്ക് ടാക്‌സികാര്‍ കനത്ത തുകയാണ് പറഞ്ഞത്. ബസ് സ്റ്റോപ്പില്‍ ചെന്നപ്പോള്‍ നേരിട്ടുള്ള ബസ് പോയി കഴിഞ്ഞിരുന്നു. പിന്നെയുള്ളത് ചിത്രകൂടിന് 5 കി.മീ അരികിലെത്തുന്ന ബസ് ഉണ്ടെന്ന് അറിഞ്ഞു. അതില്‍ വലിഞ്ഞ് കുത്തി കയറി. കയറി കഴിഞ്ഞപ്പോഴാണ് ചുറ്റുമുള്ളവരുടെ ശ്രദ്ധ നമ്മുടെ മേലാണെന്ന് മനസ്സിലായത്. വലിയ ട്രാവല്‍ ബാഗും തൂക്കി കയറിയതു കൊണ്ടാവാം. അപരിചിതനായ നമ്മളെ കണ്ട് കുറെ നേരം കൗതുകത്തോടെ നോക്കിയതിന് ശേഷം, കടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവാം ചില ധൈര്യശാലികള്‍ പരിചയപ്പെടാന്‍ എത്തി. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ ഒക്കെ ഒന്നു കൂടി അടുത്തു. അതിന്റെ കാരണം പിന്നെ മനസ്സിലായി. 35 ഓളം ട്രൈബല്‍ വിഭാഗം ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഒരു ട്രൈബല്‍ സംസ്ഥാനമായ ഛത്തീസ്ഗണ്ഡില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ പ്രവര്‍ത്തനങ്ങളുണ്ടെന്നതായിരുന്നു ആ അടുപ്പത്തിന് കാരണം. കഥകള്‍ ഒക്കെ പറഞ്ഞ് ഒരു വിധം ചിത്രകൂട് വെള്ളച്ചാട്ടത്തിന് സമീപ പ്രദേശത്ത് എത്തി. ഇതിനിടയ്ക്ക് ഇവിടെ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് പോകുവാന്‍ സഹയാത്രികര്‍ ഒന്നു രണ്ട് ഓട്ടോകാരെ സമീപിച്ചെങ്കിലും പൈസ കൂടുതലായതുകൊണ്ട് അവര്‍ തന്നെ നിരുത്സാഹപ്പെടുത്തി.

ഭോംഗിര്‍, വാറംഗല്‍: പോരാട്ടങ്ങള്‍ ചുവപ്പിച്ച മണ്ണിലേക്ക്

ചിത്രകൂടിലേക് 5 കി.മീ കൂടിയുണ്ട്. ഓട്ടോയോ ടാക്സിയോ നോക്കാതെ നേരെ വരുന്ന വണ്ടിക്ക് ഒക്കെ ലിഫ്റ്റ് ചോദിച്ചു തുടങ്ങി. അവസാനം ഒരു ബൈക്കുകാരന്‍ നിര്‍ത്തി. പുള്ളി ഭാഗ്യത്തിന് വെള്ളച്ചാട്ടത്തിന്റെ ഭാഗത്തായിരുന്നു. നമ്മള്‍ ആദ്യം കാണുന്നത് വെള്ളച്ചാട്ടമല്ല വിശാലമായ പാറ കൂട്ടങ്ങള്‍ക്കിടയിലൂടെ ശാന്തമായി ഒഴുകുന്ന ഇന്ദ്രാവതി നദിയാണ്. നദി തൊണ്ണൂറ് അടിയോളം താഴോട്ട് പതിക്കുന്ന മനോഹരമായ കാഴ്ച കാണാം (നവംബറില്‍ ഇന്ദ്രവതി നദി ശാന്തമാണ്. മണ്‍സൂണ്‍ സമയങ്ങളില്‍ സകലതിനെയും തകര്‍ത്ത് പായുന്ന രൗദ്രതയുടെ ഏറ്റവും മുകളിലെത്തും ഇവള്‍). വെള്ളം കുറവായതിനാല്‍ കുതിര ലാടത്തിന്റെ രൂപത്തില്‍ നീണ്ടു വളഞ്ഞുകിടക്കുന്ന ആ പാറക്കെട്ടിലൂടെ മധ്യഭാഗം വരെ എത്താന്‍ സാധിക്കുമായിരുന്നു. പാറയുടെ തുഞ്ചത്ത് നിന്നാല്‍ തൊട്ടപ്പുറത്ത് വെള്ളം പതിക്കുന്നത് കാണാം. മഴക്കാലത്ത് ഈ ഭാഗത്ത് അടുക്കാന്‍ പോലും സാധിക്കില്ല. നദിയുടെ അരികിലുള്ള നടപ്പാതയിലൂടെ വെള്ളച്ചാട്ടത്തിന്റെ താഴെ എത്താന്‍ സാധിക്കും. അവിടെ തോണിക്കാരുണ്ട്. തോണിയില്‍ കയറിയാല്‍ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് പോയി നനയാം. കാഴ്ചകള്‍ കണ്ട് സമയം പോയതറിഞ്ഞില്ല, ചിത്രകൂടില്‍ നിന്നുള്ള ജഗദല്‍ പൂരിലേക്കുള്ള അവസാന ബസ് പോയി കഴിഞ്ഞിരുന്നു. അഞ്ചരക്കായിരുന്നു അവ സാന ബസ്. ചിത്രകൂട് എത്തിയപ്പോള്‍ അവിടെ ടെന്റ് അടിക്കാമെന്നായിരുന്നു കരുതിയത്. നല്ല പ്രകൃതി ഭംഗി, വെള്ളമുണ്ട്, കൈയില്‍ അത്യാവശ്യം വിശപ്പിനുള്ളതുണ്ട്, പാറപ്പുറത്ത് കുറ്റിയടിക്കാം എന്ന് ഉറപ്പിച്ചു.


ഒരു കുഞ്ഞ് സാഹസികത

പക്ഷേ, പെട്ടെന്ന് തോന്നി എങ്ങനെയും ജബല്‍പൂര്‍ എത്തണം. ചിത്രകൂടില്‍ നിന്ന് വണ്ടിയില്ലെന്നു പറയുന്നു, ഇനി അതുവഴി പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന് ഒക്കെ അന്വേഷണത്തില്‍ നിന്ന് മനസിലായി. എന്നാലും റിസ്‌ക് എടുക്കാന്‍ ഒരു ആവേശം. ആദ്യം ബസ് ഇറങ്ങിയെടത്തേക്ക് നടന്നു, കുറെ ബൈക്കുകള്‍ കടന്നു പോയെങ്കിലും ആരും ലിഫ്റ്റ് തന്നില്ല. ഘടാഘടിയന്‍ ബാഗും തൂക്കി അഞ്ച് കി.മീ നടന്നു. ഈ പൊട്ട ബുദ്ധിയെ ശപിച്ച് കൊണ്ടായിരുന്നു നടപ്പ് മുഴുവനും. ബസ് ഇറങ്ങിയ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവിടെയും ഒന്ന് അന്വേഷിച്ച. അവിടെ നിന്നും വണ്ടി ഇനി ഇല്ലെന്നും അടുത്തെങ്ങും ഒരു ലോഡ്ജ് പോലും കിട്ടില്ലെന്നും മനസ്സിലായി. ചിത്രകൂടില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുണ്ട്. അത് പക്ഷേ മുമ്പേ ഓണ്‍ലൈന്‍ ബുക്ക് ചെയ്യണം. ഈ സീസണില്‍ മാത്രം ആണോയെന്നറിയില്ല, ഇവിടെങ്ങളില്‍ അഞ്ചര കഴിയുമ്പോഴേക്കും നല്ല ഇരുട്ട് വീണു തുടങ്ങും. വീണ്ടും നടന്നു. മൂന്നാലു കി.മീ കൂടി പോയാല്‍ ചെറിയ ഒരു ടൗണുണ്ട്. ചെറിയ ദൂരത്തേക്ക് രണ്ട് ലിഫ്റ്റ് കിട്ടി. ഉള്ളത് ആട്ടെ, നടപ്പിന് ഒരു ആശ്വാസം കിട്ടുമല്ലോ. ഒരു ലിഫ്റ്റ് കിട്ടിയത് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നതായിരുന്നു. പുള്ളി ആരാണ് എന്ന് ആദ്യം പറഞ്ഞില്ല – നമ്മടെ വിവരങ്ങള്‍ വിശദമായിട്ട് ചോദിച്ചു. കേരളത്തില്‍ നിന്ന് ചിത്രകൂടില്‍ എത്തിപ്പറ്റിയത് പുള്ളിക്ക് ദഹിച്ചില്ല. പിന്നെ നമ്മളൊരു ഓള്‍ ഇന്ത്യ ട്രാവലിംഗിന് ഇറങ്ങിയതാണെന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പുള്ളി ഓക്കെയായി. ഇനി ജഗദല്‍പൂരിന് വണ്ടിയില്ലെന്നും ടാക്സി ഓട്ടോ ഒന്നുമില്ലെന്നും പുള്ളി വിശദീകരിച്ചിട്ടും നമ്മള്‍ കുലുങ്ങിയില്ല, ലിഫ്റ്റ് ചോദിക്കാലോ എന്ന് പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു. പിന്നെ പുള്ളി സ്വയം പരിചയപ്പെടുത്തി പൊലീസ് ആണെന്നും മാവോയിസ്റ്റ് വേട്ടയാണ് പുള്ളിയുടെ മേഖല എന്നും പറഞ്ഞു. എന്നെ കണ്ട് ചെറിയ സംശയം തോന്നിയത്രേ, പൊന്നണ്ണാ നമ്മള്‍ വെറും യാത്രകാരന്‍ മാത്രമാണെന്ന് പറഞ്ഞ് തടിയൂരി.

ഇവിടെ നിന്ന് ജഗദല്‍പൂരിക്കുള്ള വണ്ടി അന്വേഷിച്ച് നിന്നപ്പോള്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെ ഒരു ആംബുലന്‍സ് ഡ്രൈവറേ പരിചയപെട്ടു. വണ്ടി കിട്ടിയില്ലെങ്കില്‍ ഇവിടെ നില്‍ക്കേണ്ടന്നും ആശുപത്രിയിലേക്ക് പോരെന്നും പറഞ്ഞു. പുള്ളിയും കുറെ ശ്രമിച്ചു ജഗദല്‍പൂരിലേക്കുള്ള ലിഫ്റ്റിനായി. ഒന്നും കിട്ടിയില്ല. കുറെ സമയം അവിടെ കാത്തിരുന്നു. ആ സമയത്ത് നാട്ടുകാരില്‍ ചിലരെ പരിചയപ്പെടാനും പറ്റി. വണ്ടിയില്ലാത്തതില്‍ അവര്‍ അനുതാപം പ്രകടിപ്പിച്ച് ഓരോരുത്തര്‍ മടങ്ങി. അവസാനം നമ്മളും നമ്മുടെ ബാഗും മാത്ര. ആ തണുപ്പത്ത് കട്ടപിടിച്ച ഇരുട്ടത്ത് വായുംപൊളിച്ച് ഇരിക്കുമ്പോള്‍ ഒരു ദിവ്യപ്രകാശം വരുന്നു, കൈകാണിക്കുന്നു. നിര്‍ത്തുന്നു. ഒടുവില്‍ ഒരു ടാക്സി ടാവേര നിര്‍ത്തി. ഒറ്റ ശ്വാസത്തില്‍ നമ്മള് ഊരുതെണ്ടിയാണെന്നും ബസ് കിട്ടാതെ ലിഫ്റ്റ് നോക്കിയിരിക്കുവാണെന്നും അവരോട് പറഞ്ഞു. ഒന്നു സംശയിച്ചിട്ട് അവര്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. പിന്നെ ചടപടാന്ന് കയറി, ഇടിച്ച് കയറി അവരെയും പരിചയപ്പെട്ട് ജഗദല്‍പൂരിലെത്തുന്നടം വരെയും കത്തിയടിച്ച് നമ്മള്‍ അങ്ങ് ഉഷാറാക്കി. അവിടെ എത്തിയപ്പോള്‍ മനസ്സില്‍ ഉണ്ടായ ഒരു അത്മവിശ്വാസം.. പറയാന്‍ വാക്കുകളില്ല.

‘നീലാകാശവും ചുവന്ന ഭൂമിയും’: അശോകന്റെ കലിംഗ യുദ്ധ ഭൂമിയിലേക്ക്

 

മലയാളികളില്ലാത്ത നാടില്ല!

വണ്ടി ഇറങ്ങി അട്ടം നോക്കി ഇരിക്കുമ്പോള്‍ രണ്ടു പേര്‍ എന്തോ സംസാരിച്ചുകൊണ്ടുപോകുന്നു, അവര്‍ പോയി കഴിഞ്ഞപ്പോള്‍ ആണ് അവര്‍ സംസാരിച്ചത് മലയാളം ആണല്ലോ എന്ന കാര്യം സ്ട്രൈക്ക് ചെയ്തത് ഉടനെ ഓടി പോയി അവരെ പിടിച്ചു. അവര്‍ക്കും അതിശയം. അവര്‍ ആര്‍മിക്കാരാണ്. ചുമ്മാതെ നടക്കാനിറങ്ങിയതാണ്. അവര്‍ക്ക് ടാറ്റ കൊടുത്ത് ബസ് സ്റ്റാന്‍ഡിലേക്ക് വിട്ടു. ഒരു രാത്രി ബസിലിരുന്നാല്‍ പിറ്റേന്ന് ഛത്തീസ്ഗണ്ഡിന്റെ തലസ്ഥാനം റായ്പൂരിലെത്താം. അങ്ങോട്ടേക്ക് തന്നെ വച്ചുപിടിക്കാം എന്ന് വിചാരിച്ചു. ഒരു ചാത്തന്‍ പ്രൈവറ്റ് ബസിന് ടിക്കറ്റ് എടുത്തു ഒന്നര മണിക്കൂര്‍ കൊതുകുകടിയും കൊണ്ട് ബസ് കാത്തു നിന്നു. പത്തര മണിയായപ്പോള്‍ന്റെ ചാത്തന്‍ സ്ലീപ്പര്‍ ബസ് എത്തി. അതിലെ യാത്ര ഒരു യാത്രയായിരുന്നു. ശരീരം മുഴുവന്‍ ഫ്രീ മസാജ് നടത്തിയപ്പോലെയാണ് (വല്ലാത്തൊരു മസാജായിപ്പോയി അത്‌) പിറ്റേന്ന് വെളുപ്പിനെ 5 മണിക്ക് റായ്പൂര്‍ എത്തിയപ്പോള്‍ തോന്നിയത്.

ചിത്രങ്ങള്‍

 

റായ്പൂര്‍ ഒന്ന് നഗരം ചുറ്റിയടിച്ച് അടുത്ത സംസ്ഥാനത്തിലേക്ക് കടക്കാനുള്ള പ്ലാനും പദ്ധതിയും നോക്കി. മഹാരാഷ്ട്രയിലേക്ക് കയറണോ മധ്യപ്രദേശിലേക്ക് കയറണോയെന്നുള്ള ആശയകുഴപ്പത്തിനിടയില്‍ മാറാത്ത മണ്ണ് തന്നെ മതിയെന്ന് അങ്ങ് ഉറപ്പിച്ചു. പിന്നെ ഒരു വിധത്തില്‍ നാഗ്പൂരിലേക്കുള്ള (മഹാരാഷ്ട്ര) ട്രെയിനില്‍ കയറിപ്പറ്റി ഒന്നുകൂടി നീണ്ടു നിവര്‍ന്ന് തലേന്നത്തെ ചെറിയ ഭ്രാന്തും അയവിറക്കി പതിയേ മയങ്ങി.

(കേരളത്തില്‍ നിന്ന് ചിത്രകൂടിലേക്ക് പോകുന്നവര്‍ വിശാഖപട്ടണം കഴിഞ്ഞുള്ള വിഴിംനഗരം സ്റ്റേഷനില്‍ നിന്ന് പോവുക. ഒരു രാത്രി എടുക്കുന്ന യാത്രയില്‍ ജഗദല്‍പൂരിലെത്താം. ജഗദല്‍പൂരില്‍ ലോഡ്ജുകളുണ്ട്. ചിത്രകൂട് കൂടാതെ തീര്‍ത്ഥ വെള്ളച്ചാട്ടം, കൊട്ടമസര്‍ ഗുഹകള്‍, ബസ്ത, ഹാഥിധരയിലെ വെള്ളച്ചാട്ടവും അമ്പലവും തുടങ്ങിയ സ്ഥലങ്ങളും കാണാം. പല സ്ഥലങ്ങളും വികസനമെത്തിയിട്ടില്ല. സ്വദേശികള്‍ പലരും ആദിവാസികളും സംസാരിക്കാന്‍ മടിയുള്ളവരുമാണ്. ടൂറിസ്റ്റ് ഫ്രണ്ടലിയായിട്ടുള്ള പ്രദേശമാണെന്ന് അനുഭവത്തില്‍ തോന്നിയിട്ടില്ല. ചില ഭാഗങ്ങള്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളാണ്.)

തുടരും..

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍