UPDATES

യാത്ര

‘സിര്‍ക് ഡ്യു സൊലെ’ ഇന്ത്യയിലേക്ക് എത്തുന്നു!

ടൂറിംഗ് ഷോ ആയ ‘ബസ്സാര്‍’ ആണ് കാനഡ ആസ്ഥാനമായ സിര്‍ക് ഡ്യു സൊലെ നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

പ്രമുഖ വിനോദ വ്യവസായ കമ്പനിയായ സിര്‍ക് ഡ്യു സൊലെ ഈ വര്‍ഷം ഇന്ത്യലേക്ക് എത്തുന്നു. ഇതാദ്യമായാണ് പരിപാടി അവതരിപ്പിക്കാന്‍ കമ്പനി ഇന്ത്യയില്‍ എത്തുന്നത്. ഡല്‍ഹി, മുംബൈ നഗരങ്ങളിലാണ് സിര്‍ക് ഡ്യു സൊലെയുടെ പരിപാടികള്‍ നടക്കുക. ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് ടിക്കറ്റിങ് ബ്രാന്‍ഡ് ആയ ബുക് മൈ ഷോയുമായി സഹകരിച്ചാണ് സിര്‍ക് ഡ്യു സൊലെ പരിപാടികള്‍ നടത്തുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് പ്രവേശനം.

ടൂറിംഗ് ഷോ ആയ ‘ബസ്സാര്‍’ ആണ് കാനഡ ആസ്ഥാനമായ സിര്‍ക് ഡ്യു സൊലെ നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ’30 വര്‍ഷങ്ങളായി കോടി കണക്കിന് ആളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇനിയും കുറെ സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനുണ്ട്. ഇന്ത്യയില്‍ നടത്താന്‍ പോകുന്ന ഷോ ഞങ്ങളുടെ ആഗോള വളര്‍ച്ചയ്ക്ക് സഹകമാകും’- സിര്‍ക് ഡ്യു സൊലെ എന്റര്‍ടെയിന്‍മെന്റ് ഗ്രൂപ്പ് മേധാവി ഡാനിയല്‍ ലാമാറെ പറഞ്ഞു.

1984-ലാണ് 20 സ്ട്രീറ്റ് പെര്‍ഫോര്‍മേഴ്സുമായി കമ്പനി ആരംഭിച്ചത്. സര്‍ക്കസ് കലയ്ക്ക് പുതിയ ഒരു രൂപവും ഭാവവും അവര്‍ നല്‍കി. ഇതുവരെ 60 രാജ്യങ്ങളിലെ 450 നഗരങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. അക്രോബാറ്റിക്‌സ്, കൊറിയോഗ്രാഫ്, കഥാപാത്രങ്ങള്‍, കഥകള്‍ എന്നിവയുടെ ഒരു കൂട്ടിച്ചേരല്‍ ആണ് പരിപാടി. ഏതു ഭാഷക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാം കമ്പനിയുടെ പരിപാടികള്‍. സിര്‍ക് ഡ്യു സൊലെ അവരുടെ പുതിയ ബിഗ് ടോപ് ടെന്റിലാണ് ‘ബസ്സാര്‍’ അവതരിപ്പിക്കുന്നത്. 62 അടി ഉയരവും 135 അടി വ്യാസവും ഉള്ള ടെന്റില്‍ 1500 പേര്‍ക്ക് ഇരിക്കാം.

ആഗോള ലൈവ് എന്റര്‍ടെയിന്‍മെന്റ് ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക എന്നാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം ഇടുന്നത്. ‘സിര്‍ക് ഡ്യു സൊലെ ഒരു മികച്ച വിനോദ വ്യവസായ കമ്പനി ആണ്. അവിശ്വസനീയമായ ഗംഭീര പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ അവര്‍ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്’- ബുക് മൈ ഷോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍-നോണ്‍ മൂവീസ്, ആല്‍ബര്‍ട്ട് അല്‍മേഡ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍