UPDATES

യാത്ര

ധനുഷ്‌കോടി; കടലാഴത്തിലേക്ക് ചൂളമിട്ട് ഇറങ്ങിപ്പോയൊരു തീവണ്ടി

പ്രവീണ്‍ വട്ടപ്പറമ്പത്ത്

വായനകള്‍ കൊണ്ടുതന്നെ മനസ്സില്‍ അസ്വസ്ഥത നിറഞ്ഞ ചിത്രമായി മാറിയ ഒരു സ്ഥലം. കേട്ടറിവുകളും കെട്ടുകഥകളും ആ അസ്വസ്ഥതയ്ക്ക് ജിജ്ഞാസയില്‍ പൊതിഞ്ഞ ആഗ്രഹത്തിന്റെ രൂപം നല്‍കി. കൊച്ചിയില്‍ നിന്ന് ധനുഷ്‌കോടിയിലേക്ക് ഒരു ബൈക്ക് യാത്രയുടെ ചിന്തകള്‍ ആരംഭിക്കുന്നത് ഈ ആഗ്രഹത്തില്‍ നിന്നാണ്. മണ്‍സൂണിന്റെ ആരംഭത്തില്‍ ഇടുക്കിയിലെ മലമടക്കുകളിലൂടെ, തണുത്ത കാറ്റേറ്റ് തമിഴ്‌നാടിന്റെ ചൂടിലേക്ക്… അവിടെ നിന്ന് ചരിത്രവും സങ്കല്‍പങ്ങളും കഥകളും ഉറങ്ങിയും ഉണര്‍ന്നും ഞങ്ങളെ കാത്തിരിക്കുന്ന മുനമ്പിലേക്ക്..

മൂന്നു ബൈക്കുകളിലായി വെള്ളിയാഴ്ച മൂന്നുമണിയോടെ കൊച്ചിയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ കാര്യമായ തയ്യാറെടുപ്പുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മൂലമറ്റത്ത് നിന്ന് ഹെയര്‍പിന്നുകള്‍ കയറി നാടുകാണിയെത്തിയപ്പോഴേക്കും തണുപ്പ് പൊതിഞ്ഞു. നാടുകാണിയില്‍ ഒരു മനോഹരമായ വ്യൂപോയിന്റ് ഉണ്ട്. താഴ്‌വരയിലെ ഗ്രാമങ്ങളുടെ ഒരു ആകാശദൃശ്യത്തോടൊപ്പം ചെറിയ മഞ്ഞും കൂടെയാവുമ്പോള്‍ നല്ലൊരു ഓയില്‍ പെയിന്റിങ്ങിന്റെ ആസ്വാദനതലം നമുക്ക് സൃഷ്ടിച്ചുതരും. അധികം വൈകാതെ അവിടെ നിന്നും യാത്ര തിരിച്ചു. കട്ടപ്പന വഴി പുളിയന്‍മലയിലെത്തിയപ്പോഴേക്കും ഹൈറേഞ്ച് ഉറങ്ങിത്തുടങ്ങിയിരുന്നു. നേരെ കമ്പംമേട്ട് വഴി തമിഴ്‌നാട്ടിലേക്ക്. കമ്പവും കടന്ന് തേനിയിലെ താമസസ്ഥലത്തെത്തിയപ്പോള്‍ സമയം പതിനൊന്നുമണി കഴിഞ്ഞിരുന്നു.

പുലര്‍ച്ചെ ആറുമണിക്ക് തേനിയില്‍ നിന്ന് യാത്ര പുറപ്പെട്ടു. മികച്ചരീതിയിലുള്ള റോഡുകള്‍ യാത്രയുടെ ക്ഷീണം കുറയ്ക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചു. ഇടയില്‍ നിര്‍ത്തിയും ആസ്വദിച്ചും ചിത്രങ്ങളെടുത്തും വെയിലുദിക്കും മുന്നെ മധുര കടന്നു. ഒന്‍പതുമണിയായതോടെ തമിഴ്‌നാട്ടിലെ ചൂടിന്റെ കാഠിന്യം അറിഞ്ഞുതുടങ്ങി. അതിനാല്‍ തന്നെ യാത്രയുടെ വേഗതയും കൂടി. രാമനാഥപുരത്ത് നിന്ന് ലഘുഭക്ഷണം കഴിച്ച്, നേരെ രാമേശ്വരത്തേക്ക്. പാമ്പന്‍പാലത്തിലെത്തിയപ്പോഴേക്കും ഉച്ചയായി. ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമാണ് ഇത്. 2010 വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പാലമായിരുന്ന പാമ്പന്‍ പാലം 1914- ലാണ് ഔദ്യോഗികമായി തുറക്കപ്പെട്ടത്. ധനുഷ്‌കോടിയില്‍ സംഭവിച്ച ദുരന്തത്തിനു ശേഷം ഈ പാത നാല്‍പ്പത്തിയാറു ദിവസം കൊണ്ട് കേടുപാടുകള്‍ തീര്‍ത്താണ് ഇ ശ്രീധരന്‍ വാര്‍ത്തയില്‍ നിറഞ്ഞത്.

മനോഹരമായ ദൃശ്യമാണു പാമ്പന്‍ പാലത്തിന്റെ മുകളില്‍ നിന്നും. നിരവധി വാഹനങ്ങള്‍ പാലത്തില്‍ നിറുത്തിയിട്ടുണ്ട്. ഞങ്ങളും ബൈക്ക് ഒതുക്കി കാഴ്ചകാണാനും ചിത്രങ്ങളെടുക്കാനുമായി ആരംഭിച്ചു. ചെറുകിട വില്‍പ്പനക്കാരും കാഴ്ചക്കാരെ ലക്ഷ്യമിട്ട് പാലത്തിലുണ്ടായിരുന്നു. രാമേശ്വരത്തുനിന്ന് ഒരു ട്രെയിന്‍ ഇതുവഴി തിരിച്ചു പോവുന്ന കാഴ്ച അതിദാരുണമായ ഒരു ദുരന്തത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു. 1964ല്‍ ആണ് ധനുഷ്‌കോടിയെ ഇല്ലാതാക്കിയ, തുടച്ചു നീക്കിയ ആ മഹാദുരന്തം സംഭവിച്ചത്.

മുന്‍പ് ധനുഷ്‌കോടി മുനമ്പ് ജനവാസമുള്ള, പ്രാധാന്യമുള്ള ഒരു ചെറു തുറമുഖമായിരുന്നു. ശ്രീലങ്കയിലേക്കുള്ള കുറഞ്ഞ ദൂരം ധനുഷ്‌കോടി തുറമുഖത്തെ അത്യാവശ്യം തിരക്കുള്ളതാക്കി മാറ്റി. ഏതാനും ദശകങ്ങള്‍ക്ക് മുന്നെ, ദക്ഷിണേന്ത്യക്കാരന്റെ ഗള്‍ഫ്, കൊളംബോ ആയിരുന്നു എന്നോര്‍ക്കുക. ഒരു സ്‌കൂളും മറ്റു വ്യാപാരസ്ഥാപനങ്ങളും ഒരു ചെറിയ റെയില്‍വേ സ്‌റ്റേഷനും അവിടെ പ്രവര്‍ത്തിച്ചിരുന്നു. പിന്നെ, മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ കുറെ കുടുംബങ്ങളും. മദ്രാസില്‍ നിന്നും പുറപ്പെടുന്ന ‘ബോട്ട് മെയില്‍’എന്ന ട്രെയില്‍ അവസാനിച്ചിരുന്നത് ഇവിടെയായിരുന്നു. 1964 ഡിസംബര്‍ 17-നു രൂപം കൊണ്ട ചുഴലിക്കാറ്റ് ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ ധനുഷ്‌കോടിയില്‍ ആഞ്ഞടിച്ചു. ധനുഷ്‌കോടിയിലേക്ക് പോവുകയായിരുന്ന പാമ്പന്‍ -ധനുഷ്‌കോടി പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ : 653 ) ഇതറിയാതെ മുന്നോട്ടെടുത്തു. കാറ്റും കോളും പതിവായിരുന്ന ധനുഷ്‌കോടിയില്‍ സിഗ്‌നല്‍ ലഭിക്കാതിരിക്കുന്നത് പുതുമയല്ലായിരുന്നത്രെ. സ്വന്തം റിസ്‌കില്‍ ട്രെയിന്‍ മുന്നോട്ടെടുക്കാന്‍ പൈലറ്റ് തീരുമാനിച്ചതിന്റെ അനന്തരഫലം നൂറ്റിയിരുപത് പേരുടെ ജീവന്‍ ഭീമന്‍ തിരമാലകള്‍ കവര്‍ന്നെടുക്കലായിരുന്നു. ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥചിത്രം പുറം ലോകം അറിയുമ്പോഴേക്കും 48 മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. അതിനുള്ളില്‍ ഒരു നഗരവും അവിടെയുണ്ടായിരുന്ന രണ്ടായിരത്തോളം മനുഷ്യജീവനുകളും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് ഗവണ്‍മെന്റ് ധനുഷ്‌കോടിയെ ആവാസയോഗ്യമല്ലാത്ത സ്ഥലമായി പ്രഖ്യാപിച്ചു (എങ്കിലും മത്സ്യബന്ധനത്തൊഴിലാളികള്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ വീടുകളില്‍ താമസിക്കുന്നുണ്ട്).

പാമ്പന്‍ പാലത്തിലെ കാഴ്ചകളോട് വിടപറഞ്ഞു ഞങ്ങള്‍ രാമേശ്വരം നഗരത്തിലേക്ക് നീങ്ങി. അരമണിക്കൂറിനുള്ളില്‍ ക്ഷേത്രത്തിനടുത്തെത്തി. വളരെ തിരക്കുനിറഞ്ഞ ഒരു ക്ഷേത്രനഗരം. ക്ഷേത്രത്തിനോട് ചേര്‍ന്നു നിരവധി ഹോട്ടലുകള്‍ ഉണ്ട്. വലിയ നിരക്കുകള്‍ ഒന്നുമില്ല. ഞങ്ങള്‍ അവിടെയൊരു ഹോട്ടലില്‍ റൂമെടുത്ത് വേഗം തന്നെ കുളിച്ചു റെഡിയായി, ധനുഷ്‌കോടിയിലേക്ക് തിരിച്ചു. അന്ധവിശ്വാസങ്ങളുടെ ഒരു ഹോള്‍സെയില്‍ സൂപ്പര്‍മാര്‍ക്കറ്റാണു ധനുഷ്‌കോടി. അതില്‍ പ്രധാനമാണു സന്ധ്യകഴിഞ്ഞ് കാഴ്ചക്കാര്‍ അവിടെ നിന്നുകഴിഞ്ഞാല്‍ അപകടം സംഭവിക്കും എന്ന വിശ്വാസം. ഇവിടേക്കാണു യാത്ര എന്നതറിഞ്ഞ സഹയാത്രികന്റെ തമിഴ്‌നാട്ടുകാരനായ സഹപ്രവര്‍ത്തകന്‍ കൂടെക്കൂടെ അദ്ദേഹത്തിനെ ഫോണിലൂടെ മുന്നറിയിപ്പ് കൊടുത്തിരുന്നു. അങ്ങനെയൊരു വിശ്വാസത്തിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള ധാരണ മുന്നോട്ടുള്ള യാത്രയില്‍ വ്യക്തമായി. രാമേശ്വരത്ത് നിന്ന് ധനുഷ്‌കോടിയിലേക്ക് 20 കിലോമീറ്ററിനടുത്തുണ്ട്. ഈ വഴിയില്‍ പലസ്ഥലത്തും എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്റെ പോസ്റ്ററുകളും ഫ്‌ളക്സ്സുകളും കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫ്‌ളക്‌സ് വച്ച ഒരു കല്ല്യാണവും കണ്ടു. ദുരന്തകാലയളവിനു ശേഷം ധനുഷ്‌കോടി ദേശീയശ്രദ്ധയിലേക്ക് വന്നത് തമിഴ് പുലികളിലൂടെയാണ്. അവര്‍ക്ക് ഈ ഭാഗത്തുള്ള പിന്തുണ അതിശക്തമായതിനാല്‍ ഇവിടെ നിന്നും പെട്രോളും മരുന്നുകളും അവര്‍ക്ക് വേണ്ടി കടത്തുമായിരുന്നത്രെ. അതിനാല്‍തന്നെ ധനുഷ്‌കോടിയെ ചുറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കേണ്ടതും പ്രചരിക്കേണ്ടതും ഒരു ആവശ്യമായി വന്നിട്ടുണ്ടാവണം.

ധനുഷ്‌കോടി തുരുത്തിന്റെ ആരംഭത്തില്‍ നിന്ന് നമ്മള്‍ യാത്ര ചെയ്യേണ്ടത് കടല്‍ത്തീരത്തൂടെയാണ്. ആ യാത്ര അവിടെ സജ്ജമാക്കിയിട്ടുള്ള ഫോര്‍വീല്‍ വാഹനങ്ങളിലൂടെ വേണം. എന്നിരുന്നാലും പൂഴിയിലേക്ക് രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ബൈക്കെടുത്തു. രണ്ട് ബൈക്കുകളിലായി നാലുപേര്‍ (ഒരു ബൈക്ക് ഹോട്ടലില്‍ തന്നെ വച്ചു). മുന്നോട്ട് പോവാന്‍ സാധിക്കാത്ത വിധം പൂഴിമണലും ചതുപ്പും നിറഞ്ഞ സ്ഥലം. മുന്‍പേ പോയ വാഹനങ്ങളുടെ ടയറുകള്‍ താഴ്ന്ന് രൂപപ്പെട്ട വഴികളിലൂടെ ബൈക്ക് മുന്നോട്ടെടുത്തു. പലപ്പോഴും ഇറങ്ങി തള്ളേണ്ടി വന്നു. വെള്ളക്കെട്ടുകള്‍ നിറയെ ഉണ്ടെങ്കിലും അധികം ആഴമില്ലായിരുന്നു. ഒരു നൂലുപോലെ കര, രണ്ടു ഭാഗത്തും കടല്‍, മുകളില്‍ തെളിഞ്ഞ ആകാശം. പലയിടത്തും നശിച്ച തോണികളുടെ അവശിഷ്ടങ്ങള്‍.. പരുന്തുകള്‍.. അങ്ങകലെ ചെറിയ തുരുത്തുകള്‍…

ഒരുമണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ ധനുഷ്‌കോടിയിലെ പ്രേതനഗരത്തിലെത്തി. ഒരിക്കല്‍ ജീവനുണ്ടായിരുന്ന നഗരം. ഇന്ന് എല്ലാമോര്‍മ്മപ്പെടുത്താനെന്നവണ്ണം ഒരു നഗരത്തിന്റെ അവശിഷ്ടങ്ങള്‍ നമ്മളെ വരവേല്‍ക്കുന്നു. പള്ളിയുടേയും വിദ്യാലയത്തിന്റേയും റെയില്‍വേ സ്‌റ്റേഷന്റെയും തുറമുഖത്തിന്റേയുമൊക്കെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍.

കുറച്ച് നേരം അവിടെ നിന്നു. ധനുഷ്‌കോടിയുടെ കഥകളെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ വരുന്ന വഴിക്കൊക്കെ ഉണ്ടായിരുന്നത് കൊണ്ടാവണം ആളുകളുണ്ടായിരുന്നിട്ടും ആഴമേറിയ ഒരു നിശബ്ദത അവിടെ നിലനിന്നിരുന്നത്.

ഇവിടെ മൂന്നുനാലു കിണറുകളുണ്ട്. ചെറിയ കിണറുകള്‍. ഇതില്‍ ഉപ്പുവെള്ളമല്ല എന്നാണ് പറയുന്നത്. രണ്ട് കിണറുകളിലെ വെള്ളം രുചിച്ച് നോക്കി. ഒരെണ്ണത്തില്‍ ചെറിയ ഉപ്പുരസമുണ്ട്. എന്നാല്‍ മറ്റുള്ളവയില്‍ ഉപ്പുരസമില്ലാത്ത വെള്ളമായിരുന്നു.

ബൈക്ക് അവിടെ വച്ച് ഏറ്റവും അറ്റത്തേക്ക് ഞങ്ങള്‍ നടന്നു. ചിലയിടത്തൊക്കെ ചില പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഐതിഹ്യങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള സ്ഥലമാണിത്. വാനരസേനകള്‍ തീര്‍ത്തതെന്ന് വിശ്വസിക്കുന്ന രാമസേതുവിന്റെ ഉപഗ്രഹചിത്രം മൊബൈലില്‍ സേവ് ചെയ്തിരുന്നത് എടുത്ത് നോക്കി. സ്വര്‍ണമയിയായ രാവണലങ്ക ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറമുണ്ട്. പരാക്രമികളായ രാമലക്ഷ്മണന്മാരും, പാലംതീര്‍ക്കാന്‍ വാനരസേനകളും, രക്ഷിക്കപ്പെടാനൊരു സീതാദേവിയും, പിന്നെയൊരു രാവണനും . മിത്തുകളുടെ പുനര്‍വായനയെ ഭാവനയ്ക്ക് വിട്ടുകൊടുത്ത് ശാന്തമായി നടന്നു.

ഏറ്റവും അറ്റത്തെത്തിയപ്പോഴേക്കും ഞങ്ങള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. ആളുകളേയും കൊണ്ട് വന്ന വണ്ടികള്‍ അവസാന ട്രിപ്പ് പൂര്‍ത്തിയാക്കി മടങ്ങിത്തുടങ്ങിയിരുന്നു. ബലിയിടുവാന്‍ അത്യാവശ്യം നല്ല തിരക്കുണ്ട്. അവിടെയെത്തിയപ്പോള്‍ ശ്രീലങ്കന്‍ മൊബൈല്‍ സര്‍വീസുകളുടെ സ്വാഗതം ആശംസിച്ചുകൊണ്ടുള്ള മെസേജുകള്‍ കിട്ടിത്തുടങ്ങി. ഇന്ത്യയില്‍ നിന്നുകൊണ്ട് തന്നെ ശ്രീലങ്കയിലെത്തിയ അവസ്ഥ.

തിരിച്ച് ബൈക്ക് ഇരിക്കുന്നത് വരെ നടക്കുക അപ്രായോഗികമാണെന്ന് മനസ്സിലായതുകൊണ്ട്, ഒരു ടെമ്പോ ഡ്രൈവര്‍ക്ക് കുറച്ച് പണം കൊടുത്ത് ടെമ്പോയുടെ മുകളില്‍ സ്ഥലം തരപ്പെടുത്തി. ആടിയുലഞ്ഞ് കടലോരത്തുകൂടെ തിരിച്ച് ബൈക്കിനടുത്തെത്തിയപ്പോഴേക്കും സന്ധ്യയായി. രണ്ടുവശവും കടല്‍, നടുവിലെ നൂലുപോലുള്ള കരയില്‍ ഞങ്ങള്‍… ആകാശത്ത് വര്‍ണങ്ങളുടെ ഘോഷയാത്ര. ശക്തമായ കാറ്റും കൂടെയായപ്പോള്‍ ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി.

വഴിയില്‍ ബൈക്കില്‍ പറ്റിയ മണ്ണു കഴുകാനായി ഒരു പൊതുകുളത്തിനരികില്‍ നിര്‍ത്തി. ഇരുട്ടായിട്ടും അവിടെയുള്ള വഴിയരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളും കൂടെക്കൂടി. അവരുടെ കൂടെ കുറച്ചു സമയം ചെലവഴിച്ച് റൂമിലെത്തിയപ്പോഴേക്കും രാത്രിയായി. ഭക്തി ഈ യാത്രയുടെ ഭാഗമല്ലാത്തതുകൊണ്ടും പിറ്റേ ദിവസം മേഘമലയിലെ കാഴ്ചകള്‍ ഞങ്ങളെ കാത്തിരിക്കുന്നതുകൊണ്ടും അമ്പലങ്ങളെ ഒഴിവാക്കി ഉറക്കത്തിലേക്ക് വീണു. പിന്നീടുള്ള നാളുകളില്‍ പലപ്പോഴും സ്വപ്നങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത് കടലലകളെ ചികഞ്ഞുമാറ്റി ഊളിയിട്ടിറങ്ങിപ്പോയ ഒരു തീവണ്ടിയും പ്രാര്‍ത്ഥനകള്‍ പാതിവഴിയിലുപേക്ഷിക്കേണ്ടി വന്ന പവിഴപ്പുറ്റാല്‍ തീര്‍ക്കപ്പെട്ട പള്ളിയും നങ്കൂരമിട്ട കപ്പലുകളിലെ വെള്ളിവെളിച്ചവുമായിരുന്നു …

(മലയാളം ബ്ലോഗര്‍‌.  കൊച്ചിയില്‍ ഐടി പ്രൊഫഷണല്‍‌ ആയി ജോലി ചെയ്യുന്നു. യാത്രികന്‍‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

പ്രവീണ്‍ വട്ടപ്പറമ്പത്ത്

പ്രവീണ്‍ വട്ടപ്പറമ്പത്ത്

യാത്രികന്‍‌, ബ്ലോഗര്‍‌. ഐടി പ്രൊഫഷണല്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍