UPDATES

യാത്ര

ചരിത്രം ഉറങ്ങിക്കിടക്കുന്ന മരഭൂ നഗരം ‘റ്റിംബക്റ്റൂ’

ഒരുപാട് സഞ്ചാരികള്‍ റ്റിംബക്റ്റൂവില്‍ എത്താറുണ്ട്. റ്റിംബക്റ്റൂവിന്റെ ചരിത്രത്തില്‍ പ്രധാന പങ്കുള്ള പള്ളികളാണ് ഡിജിഗെരെയ്ബര്‍, സാന്‍കോര്‍, സിദി യാഹിയ എന്നിവ

പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ മാലിയിലെ ഒരു നഗരമാണ് റ്റിംബക്റ്റൂ മനോഹരമായ നൈജര്‍ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ക്യാമല്‍ കാരവന്‍ വ്യവസായ പാത പ്രശസ്തമാണ്. റ്റിംബക്റ്റൂ-വിലെ പ്രശസ്തവും ലാഭകരമായ കാരവന്‍ വ്യവസായം കാരണം ഇവിടേക്ക് ധാരാളം ഇസ്ലാം പണ്ഡിതര്‍ എത്തിച്ചേര്‍ന്നിരുന്നു. 16-ാം നൂറ്റാണ്ടില്‍ മൊറോക്കയില്‍ നിന്നുള്ള ആക്രമണം ഈ നഗരത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. റ്റിംബക്റ്റൂവിലെ ഇസ്ലാം പണ്ഡിതരെ അവര്‍ പറഞ്ഞു വിട്ടു. വ്യവസായങ്ങള്‍ അവര്‍ തീരത്തേക്ക് മാറ്റി. 19-ാം നൂറ്റാണ്ടിലെ ഫ്രെഞ്ച് കോളനിവത്ക്കരണവും റ്റിംബക്റ്റൂവിന്റെ പൂര്‍ണ തകര്‍ച്ചയ്ക്ക് കാരണമായി.

ഇസ്ലാമിക് സ്‌കോളര്‍ഷിപ്പിന്റെ ഒരു കേന്ദ്രമായിരുന്നു റ്റിംബക്റ്റൂ. ഏകദേശം 25,000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വ്വകലാശാലകളും, മദ്രസകളും ആണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. 13 മുതല്‍ 16-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തില്‍ ഇസ്ലാം പ്രചാരണത്തിന് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കെയ്റോ, ബാഗ്ദാദ്, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇസ്ലാം സാഹിത്യങ്ങള്‍ പലയിടത്ത് നിന്നും ഇവിടേക്ക് എത്തിക്കുമായിരുന്നു. ഇസ്ലാം പുസ്തകങ്ങളും, ജ്യോതിഷം, കണക്ക്, ഔഷധം, നിയമം എന്നിവയുമായി ബന്ധപ്പെട്ട നൂറുകണക്കിന് ലിഖിതങ്ങളും ഇവിടെ ശേഖരിച്ച് വെച്ചിട്ടുണ്ടായിരുന്നു. ഇന്നും ഇതൊക്കെ ഇവിടെ സംരക്ഷിച്ച് വെച്ചിട്ടുണ്ട്.

ഒരുപാട് സഞ്ചാരികള്‍ റ്റിംബക്റ്റൂവില്‍ എത്താറുണ്ട്. റ്റിംബക്റ്റൂവിന്റെ ചരിത്രത്തില്‍ പ്രധാന പങ്കുള്ള പള്ളികളാണ് ഡിജിഗെരെയ്ബര്‍, സാന്‍കോര്‍, സിദി യാഹിയ എന്നിവ. സമാധാനത്തിന്റെ ദൂതര്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ താമസിച്ചിരുന്ന സ്ഥലമാണ് ഇത്. റ്റിംബക്റ്റൂവിലെ ഈ വിലപിടിപ്പുള്ള കൈയ്യെഴുത്തു ലിഖിതങ്ങള്‍ ഇപ്പോള്‍ ചില സ്വകാര്യ ആളുകളുടെ കൈവശമാണ്. എന്നാല്‍ ചിലത് കരിച്ചന്തകളില്‍ ആണെന്നാണ് അറിയപ്പെടുന്നത്. ഇതൊക്കെ സംരക്ഷിക്കാന്‍ വേണ്ടി ലൈബ്രറികളും സാംസ്‌കാരിക കേന്ദ്രങ്ങളുമൊക്കെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പ്രധാന ടൂറിസം കേന്ദ്രം ആയേക്കാം. ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

1988 മുതല്‍ റ്റിംബക്റ്റൂ യുനെസ്‌ക്കോയുടെ ലോകപൈതൃകസ്ഥാനങ്ങളില്‍ ഒന്നാണ്. പക്ഷെ, മരുഭൂമീകരണത്തിന്റെ ഭീഷണി നേരിടുന്ന പൈതൃകസ്ഥാനങ്ങളില്‍ ഒന്നായി 1990-ല്‍ റ്റിംബക്റ്റൂ പ്രഖ്യാപിക്കപ്പെട്ടു. 2005-ല്‍ അതിന്റെ സംരക്ഷണത്തിനായി ഒരു പദ്ധതി തുടങ്ങുകയും അതിനെ അപകടത്തിന്റെ വക്കിലായ സ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍ പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പഴയ പള്ളികള്‍ക്ക് ഭീഷണിയാണെന്ന് ഒരു യുനെസ്‌കോ സമിതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സൈന്യത്തിന്റെ ഏറ്റുമുട്ടലും കലാപവും കാരണം 2012-ല്‍ വീണ്ടും റ്റിംബക്റ്റൂ ഭീഷണി നേരിടുന്ന ലോകപൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍