UPDATES

യാത്ര

ട്രംപിലെ റിയല്‍ എസ്റ്റേറ്റ് ഭീമനെ മോഹിപ്പിച്ച ഗ്രീന്‍ലാന്‍ഡ്; ആരുംകൊതിക്കുന്ന ഈ ദ്വീപിനെ അറിയാം

പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുവാന്‍ പലരെയും കൊതിപ്പിക്കുന്നത്. സ്വര്‍ണം, മരതകം, കോപ്പര്‍, മാര്‍ബിള്‍, എണ്ണ തുടങ്ങിയ പ്രകൃതി വിഭവങ്ങളും ധാതുക്കളാലും സമ്പന്നമാണ് ദ്വീപ്.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റും റിയല്‍ ഭീമനുമായ ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന്റെ പിന്നില്‍ ‘കച്ചവടം’ തന്നെയാണെന്നാണ് യൂറോപ്പിലെ മാധ്യങ്ങള്‍ കരുതുന്നത്. മുമ്പ് ചൈനയും ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കം നടത്തിയിരുന്നു. പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുവാന്‍ പലരെയും കൊതിപ്പിക്കുന്നത്. സ്വര്‍ണം, മരതകം, കോപ്പര്‍, മാര്‍ബിള്‍, എണ്ണ തുടങ്ങിയ പ്രകൃതി വിഭവങ്ങളും ധാതുക്കളാലും സമ്പന്നമാണ് ദ്വീപ്. മാത്രമല്ല ശുദ്ധജലവും സമുദ്ര വിഭവങ്ങളും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളും സാഹസിക ടൂറിസം സാധ്യതകളും ഒക്കെകൊണ്ട് പലരും സ്വന്തമാക്കുവാന്‍ കൊതിക്കുന്ന പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്.

ഡെന്മാര്‍ക്കിന്റെ അധീനതയില്‍ സ്വതന്ത്ര പദവിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഗ്രീന്‍ലാന്‍ഡ്. നൂക്കാണ് തലസ്ഥാനം. ദ്വീപിന്റെ ഔദ്യോഗിക ഭാഷ ഗ്രീന്‍ലാന്‍ഡിക് അഥവാ കലാലിത് സൂത് ആണ്. ഉത്തര അറ്റ്‌ലാന്റിക്ക് സമുദ്രത്തിലുള്ള ഗ്രീന്‍ലാന്‍ഡിന് 1979-ലാണ് ഡെന്മാര്‍ക്ക് സ്വയംഭരണാവകാശം അനുവദിച്ച് നല്‍കിയത്. ഭൂപ്രകൃതിയനുസരിച്ചും ജീവിത ശൈലിയനുസരിച്ചും ആര്‍ട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗവുമാണെങ്കിലും ഗ്രീന്‍ലാന്‍ഡ് ചരിത്രപരമായും രാഷ്ട്രീയമായും ബന്ധപ്പെട്ടുകിടക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളായ ഐസ്ലാന്‍ഡ്, നോര്‍വെ, ഡെന്മാര്‍ക്ക് തുടങ്ങിയ പ്രദേശങ്ങളോടാണ്. ദ്വീപിന്റെ തെക്ക്-കിഴക്ക് അറ്റ്‌ലാന്റിക്ക് സമുദ്രവും, കിഴക്ക് ഗ്രീന്‍ലാന്‍ഡ് കടലും, വടക്ക് ആര്‍ട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബഫിന്‍ ഉള്‍ക്കടലുമാണ് സ്ഥിതിചെയ്യുന്നത്. ഗ്രീന്‍ലാന്‍ഡിനോട് ഏറ്റവും അടുത്തുള്ള രാജ്യങ്ങള്‍ കിഴക്ക് വശത്ത് അറ്റ്‌ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്ലാന്‍ഡും, പടിഞ്ഞാറ് ബഫിന്‍ ഉള്‍ക്കടലോട് ചേര്‍ന്നുള്ള കാനഡയുമാണ്.

വിസ്തീര്‍ണത്തിന്റെ 81 ശതമാനവും ഹിമപാളികള്‍ക്കൊണ്ട് മൂടപ്പെട്ടിരിക്കുന്ന ഇവിടെ 85 ശതമാനം ഭൂപ്രദേശവും മൂന്ന് കിലോമീറ്റര്‍ ആഴത്തില്‍ മഞ്ഞ് പുതഞ്ഞുകിടക്കുകയുമാണ്. മൂടികിടക്കുന്ന മൊത്തം ഹിമപാളികളുടെ അളവ് ഏകദേശം 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റര്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ മാത്രം ഉരുകുകയാണെങ്കില്‍ സമുദ്രജലനിരപ്പ് 7 മീറ്ററില്‍ കൂടുതല്‍ ഉയരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗ്രീന്‍ലാന്‍ഡ് ഒരു ദ്വീപസമൂഹമായി മാറാനും സാധ്യതയുണ്ട്. പാലിയോ-എസ്‌കിമോകള്‍ ഇവിടെ വസിച്ചിരുന്നുവെന്നതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. എ ഡി 984 മുതല്‍ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കന്‍ മുനമ്പിനടുത്തുള്ള ഫ്യോര്‍ഡുകളില്‍ ഐസ്ലാന്‍ഡുകാര്‍ കോളനി സ്ഥാപിച്ചിരുന്നുവെങ്കിലും 1400 കളില്‍ ഇവ അപ്രത്യക്ഷമായി. 2018ലെ ജനുവരിയിലെ കണക്കുപ്രകാരം 55,877 പേരാണ് ദ്വീപില്‍ അധിവസിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ വടക്കു-കിഴക്കന്‍ ഭാഗം ഏതെങ്കിലും പ്രാദേശിക ഭരണത്തിന്റെ കീഴില്‍ ഉള്‍പ്പെടുന്നില്ല. ഈ ഭാഗം ദേശിയോദ്യാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനവും ഇതു തന്നെയാണ്. ദ്വീപിലെ എല്ലാ നഗരങ്ങളും ജനവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയില്‍ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലായിട്ടാണ് വസിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീന്‍ലാന്‍ഡില്‍ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോര്‍ത്ത് ഐസ്, നോര്‍ത്ത് ജി ആര്‍ ഐ പി ക്യാമ്പ്, റാവെന്‍ സ്‌കൈ വേ തുടങ്ങിയവ അവയില്‍പ്പെട്ടതാണ്. കൂടാതെ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്. 1989 ലാണ് ഇത് സ്ഥാപിച്ചത്.

Read: ഗ്രീൻലാൻഡ് വാങ്ങാനുള്ള ട്രംപിന്റെ പൂതി ടൂറിസം വളർത്താനുള്ള അവസരമാക്കി മാറ്റി അധികൃതർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍