UPDATES

യാത്ര

വിസയെ കുറിച്ച് ആകുലത വേണ്ട; ഈ വര്‍ഷാന്ത്യത്തില്‍ തന്നെ ഒരു വിദേശ യാത്ര നടത്താം

ഒരു വിദേശയാത്രയാണ് നിങ്ങള്‍ പദ്ധതി ചെയ്യുന്നതെങ്കില്‍ താഴെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഈ വര്‍ഷം കഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വര്‍ഷത്തെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ പറ്റിയോയെന്ന് പരിശോധിക്കാന്‍ പറ്റിയ സമയമാണ്. ഓരോ പുതുവര്‍ഷവും നമുക്ക് ഓരോ യാത്രാപദ്ധതിയുണ്ടാകും. നിങ്ങള്‍ക്ക് ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കിലും വിഷമിയ്ക്കേണ്ട, അതിന് ഇനിയും സമയമുണ്ട്.

ഒരു വിദേശയാത്രയാണ് നിങ്ങള്‍ പദ്ധതി ചെയ്യുന്നതെങ്കില്‍ താഴെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. യാത്രയ്ക്ക് അധികം സമയം ചിലവഴിക്കാതിരിക്കാനായി സ്ഥിരം വിമാനസര്‍വ്വീസുകളുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ അവധിക്കാലം മികച്ചതാക്കാനായി ഒരു വ്യത്യസ്ത അനുഭവം നല്‍കുന്ന ഒരു സ്ഥലത്തേക്ക് പോകാവുന്നതാണ്.

ഇന്ത്യോനേഷ്യ (വിസ ഓണ്‍ അറൈവല്‍)

.

നിരവധി ബീച്ചുകളുള്ള ഇന്റോനേഷ്യയിലെ പ്രശസ്തമായ സ്ഥലമാണ് ബാലി. സഞ്ചാരികള്‍ക്ക് ഒരുപാട് ആകര്‍ഷകമായ മറ്റ് നിരവധി പരിപാടികളും ഈ ദ്വീപിലുണ്ട്. ഉബുദിലെ അയുംഗ് നദീ താഴ്വരയില്‍ റാഫ്റ്റിംഗ് പരീക്ഷിക്കാവുന്നതാണ്. റാഫ്റ്റിംഗ് ചെയ്യുമ്പോള്‍ വെള്ളച്ചാട്ടങ്ങള്‍ കാണാനും, ശുദ്ധമായ വെള്ളത്തില്‍ നീന്താനുമുള്ള അവസരവും ലഭിക്കും.

ലാവോസ് (വിസ ഓണ്‍ അറൈവല്‍)

.

ലാവോസ് തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള, കരകളാല്‍ ചുറ്റപ്പെട്ട രാജ്യമാണ്. കാട് മൂടിയ മലകള്‍, പുരാതന ക്ഷേത്രങ്ങള്‍ എന്നിവയൊക്കെയാണ് സഞ്ചാരികളെ ഈ സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത്. സാഹസിക യാത്രികര്‍ക്കും ഇവിടെ അവസരമുണ്ട്. മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ച് മലനിരകളിലൂടെ ബൈക്ക് ഓടിച്ച് ഇവിടെ പോകാവുന്നതാണ്. ലുവാങ് പ്രബാങില്‍ നിന്നും ബൈക്ക് യാത്ര തുടങ്ങാവുന്നതാണ്. പച്ചപ്പ് നിറഞ്ഞ മലകള്‍, ഹമോംങ്, ഖുമു പോലുള്ള ആദിവാസി സമൂഹങ്ങളെയും യാത്രാമധ്യേ കാണാവുന്നതാണ്.

ഫിജി (വിസ ഓണ്‍ അറൈവല്‍)

.

ഫിജി തെക്കന്‍ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. ബീച്ചുകള്‍, രുചികരമായ ഭക്ഷണങ്ങള്‍, സാംസ്‌കാരിക യാത്രകള്‍, സാഹസിക യാത്രകള്‍ എന്നിവയെല്ലാം ഈ ദ്വീപില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. പരമ്പരാഗതമായ ഫിജിയന്‍ ബോബോ മസാജ് നിങ്ങളുടെ മനസ്സും ശരീരവും ഉന്മേഷം നിറഞ്ഞതാക്കും.

ജോര്‍ദ്ദാന്‍ (വിസ ഓണ്‍ അറൈവല്‍)

.

ജോര്‍ദ്ദാനിലെ ആകാശക്കാഴ്ച ടാന്‍ഡെം പാരാസെയ്ലിംഗിലൂടെ നിങ്ങള്‍ക്ക് ആസ്വദിക്കാവുന്നതാണ്. വാട്ടര്‍ സ്പോര്‍ട്സിനും സാഹസികവിനോദങ്ങള്‍ക്കും പ്രശസ്തമായ ഇടമാണ് ജോര്‍ദ്ദാനിലെ തീരപ്രദേശമായ അക്കാബ.

വിയറ്റ്നാം (വിസ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം)



ഹാ ലോങ് ബേ, വിയറ്റ്നാമിലെ ക്വാങ്ങ് നിന്‍ഹ് പ്രോവിന്‍സിലുള്ള ഒരു യുനെസ്‌കോ ലോക പൈതൃക സ്ഥലവും ജനപ്രിയ സഞ്ചാരകേന്ദ്രവുമാണ്. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് ചുണ്ണാമ്പുകല്ലാല്‍ നിര്‍മ്മിതമായ ദ്വീപുകളും ഉള്‍ക്കൊള്ളുന്നതാണ് ഇവിടം.

ലോകത്തിലെ ഏറ്റവും വലിയ നീളം കൂടിയ വരണ്ട ഗുഹയായ പാരഡൈസ് കേവ് സന്ദര്‍ശിക്കാവുന്നതാണ്. ശുദ്ധവായു ശ്വസിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും താല്‍പര്യമുള്ളവര്‍ക്ക് കാവു ബാങ് മലനിരകളിലേക്ക് പോകാവുന്നതാണ്. കോവ ഡോ ദ്വീപുകള്‍, മെക്കോങ് ഡെല്‍റ്റയിലെ കായല്‍ ഭംഗി, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷകങ്ങളാണ്.

അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ഗോള്‍ഡന്‍ ബ്രിഡ്ജും സന്ദര്‍ശിക്കാവുന്നതാണ്. വിയറ്റ്നാമിലെ ഡാ നാങില്‍ സ്ഥിതി ചെയ്യുന്ന 150 മീറ്റര്‍ നീളമുള്ള പാലമാണിത്. റുവോ റാന്‍ എന്ന സ്നേക്ക് വൈന്‍ ആണ് വിയറ്റ്നാമിലെ മറ്റൊരു വ്യത്യസ്ത വിഭവം. റൈസ് വൈനില്‍ പാമ്പിനെ മുക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ഇത് ഇവിടുത്തെ ഒരു പ്രധാന ആരോഗ്യ പാനീയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍