UPDATES

യാത്ര

പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കായി കാത്തിരിക്കുന്നു മരുഭൂമിയിലെ ‘പ്രണയ തടാകം’

പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമല്ലയിത്

അല്‍ ഖുദ്‌റ തടാകത്തിനടുത്തുനിന്ന് പത്തുമിനിറ്റ് അല്‍ സലാം മരുഭൂമിയിലൂടെ യാത്രചെയ്താല്‍ 5,50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന പ്രണയതടാകത്തിനരികില്‍ എത്തിച്ചേരാം. രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക.

രണ്ട് ഹൃദയചിഹ്നങ്ങള്‍ ഒരുമിച്ചുചേര്‍ത്ത മാതൃകയിലാണ് തടാകം. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്.

പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 150-ല്‍ അധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറുവെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദര്‍ശകനും മറക്കാനാവാത്തതായിരിക്കും. 16,000 ഒലീവ് മരങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിട്ടുള്ളത്.

ഇതോടൊപ്പം മരുഭൂമിയിലെ സ്ഥിരസാന്നിദ്ധ്യമായ ഗാഫ് മരമുള്‍പ്പെടെ പല ഇനങ്ങളിലുള്ള എട്ട് ലക്ഷത്തോളം ചെടികളും ഇവിടെ പരിപാലിക്കപ്പെടുന്നുണ്ട്. ആഴ്ചയില്‍ ആയിരത്തോളവും വാരാന്ത്യങ്ങളില്‍ മൂവായിരത്തോളവും സന്ദര്‍ശകര്‍ എത്തുന്ന ഇവിടം അധികം വൈകാതെതന്നെ സന്ദര്‍ശകരുടെ ഇഷ്ടയിടമായി മാറും.

പക്ഷികളുടെ പാട്ടുകളും കേട്ട് അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുക്കാന്‍ പരസ്പരം സ്നേഹിക്കുന്നവരെ മാടിവിളിക്കുകയാണ് ദുബായിലെ പുതിയ അദ്ഭുത നിര്‍മിതിയായ പ്രണയ തടാകം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍