UPDATES

യാത്ര

വരുമാനവും തൊഴിലും പോകട്ടെ; പ്രകൃതിയെ രക്ഷിക്കാന്‍ തായ്‌ലന്‍ഡ്, ഫിലിപ്പിന്‍സ് ബീച്ചുകള്‍ അടയ്ക്കുന്നു

ലിയോണാര്‍ഡോ ഡി കാപ്രിയ അഭിനയിച്ച പ്രശസ്ത ചിത്രമായ ദി ബീച്ചിന്റെ ലൊക്കേഷനായ തായ്‌ലന്‍ഡിലെ മായാ ബേ ഈ വര്‍ഷം ജൂണ്‍ മുതല്‍ നാല് വര്‍ഷത്തേക്ക് അടയ്ക്കുകയാണ്

പ്രശസ്തമായ തെക്ക് കിഴക്കന്‍ ഏഷ്യന്‍ ദ്വീപുകള്‍ ഈ വര്‍ഷം അടയ്ക്കുന്നു. ഇക്കാലയളവില്‍ സന്ദര്‍ശകര്‍ക്ക് ഇവിടേക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. ടൂറിസം വരുമാനവും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടവും ഉണ്ടാക്കുമെങ്കിലും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്കിടയില്‍ പ്രകൃതിയെ സംരക്ഷിക്കുന്നതിനാണ് അധികൃതര്‍ ഈ തീരുമാനത്തില്‍ എത്തിയത്.

ലിയോണാര്‍ഡോ ഡി കാപ്രിയ അഭിനയിച്ച പ്രശസ്ത ചിത്രമായ ദി ബീച്ചിന്റെ ലൊക്കേഷനായ തായ്‌ലന്‍ഡിലെ മായാ ബേ ഈ വര്‍ഷം ജൂണ്‍ മുതല്‍ നാല് വര്‍ഷത്തേക്ക് അടയ്ക്കുകയാണ്. ഫിലിപ്പിന്‍സിലെ ബൊറക്കെ ദ്വീപ് ഏപ്രില്‍ അവസാനം മുതല്‍ ആറ് മാസത്തേക്ക് അടയ്ക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദുര്‍ബ്ബലമായ ഒരു പരിസ്ഥിതിയാണ് ദ്വീപുകളില്‍. ഒരുപാട് ആളുകളെയോ, ബോട്ടില്‍ നിന്നും ബീച്ച് ഫ്രെണ്ട് ഹോട്ടലുകളില്‍ നിന്നുമുള്ള മലിനീകരണമോ ദ്വീപിന് താങ്ങാന്‍ കഴിയില്ലെന്ന് ബാങ്കോങിലെ മറൈന്‍ വിദഗ്ദന്‍ തോണ്‍ തംറോങ്‌നവസാവത് പറഞ്ഞു. “കടലിലെ ചൂടും ആളുകളുടെ തിക്കും തിരക്കും കാരണം പവിഴപ്പുറ്റുകള്‍ നശിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതിക്ക് ഇവയെ വീണ്ടെടുക്കാന്‍ ഇത്തരത്തില്‍ ദ്വീപുകള്‍ അടച്ചിടുകയാണ് മാര്‍ഗ്ഗം” – അദ്ദേഹം തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷനോട് പറഞ്ഞു.

“തായ്‌ലന്‍ഡിലെ പവിഴപ്പുറ്റുകള്‍, കൂടിക്കൊണ്ടിരിക്കുന്ന കടല്‍ താപനിലയിലും സൂക്ഷ്മപരിശോധന നടത്താത്ത ടൂറിസം കൊണ്ടും പകുതിയില്‍ കൂടുതല്‍ നശിച്ചു.” – തോണ്‍ പറഞ്ഞു. പവിഴപ്പുറ്റുകളുടെ വീണ്ടെടുക്കലിനായി 22 മറൈന്‍ പാര്‍ക്കുകളില്‍ 6 മില്യണ്‍ സന്ദര്‍ശകരെ മാത്രമേ അനുവദിക്കാവൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ 5.5 മില്യണ്‍ സന്ദര്‍ശകരാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഡസനോളം ഡൈവ് സൈറ്റുകളാണ് 2011ല്‍ തായ്‌ലന്‍ഡില്‍ പൂട്ടിയത്. ലോകത്തെ ഏറ്റവും വലിയ ഡൈവിംഗ് സൈറ്റായ ആന്‍ഡമാന്‍ കടലിലെ ചൂട് കാലാവസ്ഥയും പവിഴപ്പുറ്റിന്റെ നശീകരണവുമാണ് ഈ ഡൈവിംഗ് സൈറ്റുകള്‍ അടച്ചിടാന്‍ കാരണം. 2016ല്‍ ചില ദ്വീപുകളും പൂട്ടിയിരുന്നു. രാജ്യത്തെ ബീച്ചുകളില്‍ റെക്കോര്‍ഡ് സന്ദര്‍ശകരാണ് എത്തിയത്. സന്ദര്‍ശകരുടെ ഈ ഒഴുക്ക് കൊണ്ട് 12 ശതമാനം പങ്കാണ് രാജ്യത്തിന്റെ വരുമാനത്തില്‍ ഉണ്ടായത്. 38 മില്യണ്‍ സന്ദര്‍ശകരെയാണ് സര്‍ക്കാര്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

പവിഴപ്പുറ്റുകള്‍ക്ക് ഉണ്ടായ നാശനഷ്ടവും, മത്സ്യബന്ധ തൊഴിലാളികളുടെ വരുമാനം നഷ്ടപ്പെടുത്തുന്നതും തെക്ക് കിഴക്ക് ഏഷ്യ വഹിക്കും. കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും അനുഭവപ്പെടുന്നത് ഫിലിപ്പിന്‍സിലാണ്. ഇവിടുത്തെ പ്രശസ്തമായ വൈറ്റ് സാന്‍ഡ് ബീച്ചായ ബൊറാകെയില്‍ രണ്ട് മില്യണ്‍ സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം എത്തിയത്. പ്രസിഡന്റ് റോഡ്രിഹോ ഡുട്ടെര്‍ട്ടെ കഴിഞ്ഞ മാസം ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ ‘അഴുക്കുചാല്‍’ എന്നാണ് ഇവിടുത്തെ വിശേഷിപ്പിച്ചത്. കടലിലേക്ക് നേരിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത്. തീരത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ പ്രകൃതിക്ക് ദോഷകരമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ കാരണം ദ്വീപ് ആറ് മാസത്തേക് അടച്ചിടണമെന്ന് കാട്ടി ഒരു നിവേദനം ഡുട്ടെര്‍ട്ടെയ്ക്ക് ലഭിച്ചു. ഈ നിവേദനം അദ്ദേഹം അംഗീകരിച്ചു.

36000 ജോലിയാണ് ഇപ്പോള്‍ നഷ്ടമാകുന്നതെന്ന് ടൂര്‍ ഓപ്പറേറ്റുകള്‍ പറയുന്നു. “പരിസ്ഥിതിയുടെ നല്ലതിന് സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ദ്വീപ് മൊത്തത്തില്‍ അടച്ചിടുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പാണ്.” – ഫിലിപ്പിന്‍ ട്രാവല്‍ ഏജന്‍സി അസോസിയേഷന്‍ പറഞ്ഞു.

ടൂറിസം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഈ സ്ഥലങ്ങളൊക്കെ ഭാവി തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കപ്പെടണം എന്ന ചിന്ത തന്നെയാണ് ഈ അടച്ചിടലുകള്‍ക്ക് പിന്നില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍