UPDATES

യാത്ര

ചക്രവാളങ്ങളിലേക്ക് നോക്കി ഒരു പെണ്‍കുട്ടി സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ നന്ദി ഹില്‍സ്‌

ചുറ്റും കാഴ്ചകളുടെ കൂമ്പാരമുണ്ട് നന്ദി ഹില്‍സില്‍ / ശ്രീനാഥ് പുത്തന്‍പുരയ്ക്കലിന്റെ യാത്രവിവരണം

നന്ദിഹില്‍സ്, ബാംഗ്ലൂരില്‍ നിന്നും  നിന്നും ഏകേദേശം പത്തറുപത് കിലോ മീറ്റര്‍ അകലെയുള്ള ഒരു കുന്നിന്‍ പുറം. ഏതൊരു സഞ്ചാര ഇടങ്ങളില്‍ പോകുന്നതിനുമപ്പുറം എന്റെ മനസിനെ ആകര്‍ഷിക്കാന്‍ കാരണം ഒരു പെണ്‍കുട്ടിയാണ്. എവിടെ നിന്നോ വന്നു, എപ്പോഴോ കടന്നു പോയ ഒരു പെണ്‍കുട്ടി. ഒരിക്കലും സ്വന്തം വീടിനെ ഇഷ്ടപ്പെടാത്ത ഒരു പെണ്ണ്. അമ്മയെയും അച്ചനെയും അനിയനെയും വിട്ട് സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നത്‌ സ്വപ്നം കണ്ടവള്‍, ഒരു കൊച്ച് സുന്ദരിക്കുട്ടി. സ്വന്തം പ്രൊഫഷന്‍ കാമുകന്‍ അംഗീകരിക്കാത്തതില്‍ അവള്‍ ഒരുപാട് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്തിനാണ് അവള്‍ ഇതൊക്കെ പറഞ്ഞത്, അറിയില്ല. സംസാരിക്കുന്നതിനിടയില്‍, അവള്‍ മിക്കപ്പോഴും പറയുമായിരുന്നു, അവള്‍ ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന്റെ സീമകള്‍ കണ്ടതും അനുഭവിച്ചതും ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന ഒരു മാസം ആയിരുന്നത്രെ. അവള്‍ ആദ്യമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് നന്ദി ഹില്‍സില്‍ വെച്ചാണത്രേ. വെയില്‍ മങ്ങി സൂര്യന്‍ അസ്തമിക്കുമ്പോള്‍ അച്ഛനും അമ്മയും ഫോണില്‍ മാറി മാറി വിളിക്കുമ്പോഴും അതിനെ തിരസ്‌കരിച്ച് അവള്‍ ചക്രവാളങ്ങളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു എന്ന് പറയുമ്പോള്‍ അവളുടെ മുഖം തുടുത്തിരുന്നു.

Also Read: നന്ദി ഹില്‍സിലെ സൂര്യോദയം/ചിത്രങ്ങള്‍

യാത്ര ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു മുന്‍പും നന്ദി ഹില്‍സിലേക്ക്. ഇതൊക്കെ കേട്ടപ്പോള്‍ ആ ആഗ്രഹം ഒന്നുകൂടി മൂര്‍ച്ഛിച്ചു. പതിവ് പോലെ ഓരോ യാത്രകളും അവിടെ എത്താതെ പോയി. അങ്ങനെ ഇരിക്കെ  ജോലി ആവശ്യത്തിനായി കോയമ്പത്തൂര്‍ വരെപോകേണ്ടതായി വന്നു. നേരെയുള്ള ട്രെയിന്‍ ലഭ്യമല്ലാത്തതിനാല്‍ ബാംഗ്ലൂര്‍ വഴി പോകാമെന്ന്  വെച്ചു. അങ്ങനെ ആകുമ്പോള്‍ ഒരു ദിവസം ബാംഗ്ലൂര്‍ ലഭിക്കും. അപ്പൊ നമ്മുടെ ട്രിപ്പ് റെഡി ആവുകയും ചെയ്യും. പ്ലാന്‍ റെഡി ആയി. ഹൈദരാബാദ് നിന്നും യശ്വന്ത്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി. ലഗേജ് ക്ലോക്ക് റൂമില്‍ വെച്ച് യാത്ര ആയി. പോകുമ്പോള്‍ പുള്ളി പറഞ്ഞു 10 മണി ആകുമ്പോള്‍ തിരിച്ചു വരണം, പൂട്ടി പോകും ആ സമയത്ത് എന്ന്. എന്റെ ട്രെയിന്‍ രാത്രി 12 മണിക്കാണ്.  9 മണി ആകുമ്പോഴേക്കും എത്താമെന്നും പറഞ്ഞു. വെബ്‌സൈറ്റ് വഴി നോക്കിയപ്പോള്‍ ബസില്‍ മാക്‌സിമം സമയം 2 മണിക്കൂര്‍ ആണ് ബാംഗ്ലൂര്‍- നന്ദി ഹില്‍സ് യാത്ര. ബാംഗ്ലൂര്‍ നിന്നും നേരിട്ട് ബസ്  അപൂര്‍വമാണ്. അത് കൊണ്ട് ചിക്കബെല്ലാപൂര്‍ ചെന്നിട്ട് പോകാമെന്ന് കരുതി. മജസ്റ്റികില്‍ നിന്ന് ബസ് ഇല്ലാത്തോണ്ട് മുകളിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും ചിക്കബെല്ലാപൂരിലേക്ക് വണ്ടി കയറി.

ആന്ധ്ര ബസ് ഒക്കെ സര്‍വീസ് നടത്തുന്ന ബസ് സ്റ്റാന്റ്. 62 രൂപ വണ്ടി കാശ് കൊടുത്തു. ചിക്കബെല്ലാപൂര്‍ വന്നിറങ്ങി. അടുത്ത് കണ്ട ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഒരു ചപ്പാത്തിയും, ചോറും, കുറച്ച് കറികളും. 35 രൂപയായ ചോറിനു 40 കൊടുത്തപ്പോള്‍ ചില്ലറ ഇല്ലാത്തോണ്ട് വിഷമിച്ച കടക്കാരന് ആശ്വാസമായി 5 രൂപയ്ക്കു ഞാന്‍ ഒരു വടയും വാങ്ങി കടിച്ചു തിന്നു. നന്ദി ഹില്‍സ് പോകാന്‍ വണ്ടി പിടിക്കാന്‍ ചെന്നപ്പോള്‍ അവിടെ ബസ് സ്റ്റോപ്പില്‍ ഒരു കൂടിനകത്ത് ‘മ്മടെ ചങ്ങായി ഇരിപ്പുണ്ട്. അന്വേഷണ ബോര്‍ഡുമായി, കര്‍ണാടക ബസ് (കെഎസ്ആര്‍ടിസി) ജീവനക്കാരന്‍. ചോദ്യങ്ങള്‍ കേട്ടപ്പോള്‍ പുള്ളി ചൂടായി, ഒരാളും അമ്പതു ചോദ്യങ്ങളും എന്ന് മുറി ഹിന്ദിയില്‍, പിന്നെ കന്നടയില്‍ ഏതാണ്ടും. ഞാന്‍ ഒന്നും മിണ്ടാതെ ഒരു മരച്ചുവട്ടില്‍ പോയിരുന്നു. കുറേ നേരം കാത്തിരുന്നു, പിന്നെ ബസിലെ കണ്ടക്ടര്‍മാരോടായി ചോദ്യം, അവരിലൊരാള്‍ സഹായിച്ചു.

ബസില്‍ കേറി, 25 രൂപ ആയി ബസ് ചാര്‍ജ്. വണ്ടി പോകുന്ന വഴി അരികില്‍ പാടങ്ങള്‍ കാണാം, കുറച്ച് കൂടി നീങ്ങുമ്പോള്‍ റോസാ പൂത്തോട്ടങ്ങളും. 40 ഓളം ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട് നന്ദി ഹില്ല്‌സിലേക്ക് പോകും വഴി. ചില കുന്നുകളുടെ മുകളില്‍ മഞ്ഞ് തങ്ങി നില്‍ക്കുന്നത് കാണാം പോകും വഴിയുടെ വിദൂര കാഴ്ചകളില്‍. എത്രയും പെട്ടെന്ന് എത്താന്‍ കൊതിയായി കുന്നിന്‍ മുകളില്‍. എത്തുന്നതിനു മുമ്പ് ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് സന്ദര്‍ശന സമയം എന്ന്. ബസ് ഇറങ്ങി. പ്രവേശന ടിക്കറ്റ് എടുക്കാന്‍ ചെന്നപ്പോള്‍ ഒറ്റയാള്‍ക്ക് ആയി പാസ് തരില്ല എന്ന്. ഞാന്‍ വെബ്‌സൈറ്റ് വഴി അറിഞ്ഞിരുന്നു സിംഗിള്‍ എന്‍ട്രി ഇല്ല എന്ന്. പക്ഷെ അതൊക്കെ വെറുതെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. എന്നാ ഒരു 5 പാസ് തന്നോ ഞാന്‍ വാങ്ങാം എന്ന് പറഞ്ഞു. ബാക്കി നാല് പേര് എവിടെ എന്ന് മറു ചോദ്യം. അടുത്ത ബസ് കേറി തിരിച്ചു പൊക്കോ, ഒരു രക്ഷയും ഇല്ലെന്നു അവര്‍.

അങ്ങനെ വെറുതെ പോകാനല്ലലോ മകനെ ഇവിടെ വരേ എത്തിയത് എന്ന് മനസ്സില്‍ പറഞ്ഞു. ഇതിനിടയില്‍ വന്ന ചിലരോട് ഞാന്‍ ഒരു പാസ് കൂടി എടുക്കാന്‍ പറഞ്ഞു നോക്കി, നോ രക്ഷ. ഞാന്‍ ഒരു ചായ കുടിക്കാന്‍ പോയി. വഴി തെളിയും എന്ന് മനസ്സില്‍ ഉറപ്പുണ്ട്. കുറച്ച് സമയം അങ്ങനെ പോയി. അതാ വരുന്നു കുറച്ചു മച്ചാന്മാര്‍. മലയാളം പറയന്നുണ്ട്. ചന്ദ്രനില്‍ വരെ മലയാളി സാന്നിധ്യം ഉള്ളതാണ്! പിന്നെയാണ് ഈ നന്ദി ഹില്‍സ്. ഞാന്‍ കാര്യം ഉണര്‍ത്തിച്ചു. നീ വാ ഗഡീ എന്നായി അവര്‍. എന്നാല്‍ പോയേക്കാം.. 10 പേരുണ്ട് അവര്‍, സിആര്‍പിഎഫ്-ല്‍ ജോലി ചെയ്യുന്നവരും അവരുടെ നാട്ടിലുള്ള സുഹൃത്തുക്കളും. ഞങ്ങള്‍ അങ്ങനെ നന്ദി ഹില്‍സിന്റെ പ്രവേശന കവാടം കടന്നു. മനസ്സില്‍ ആഹ്ലാദം നുരഞ്ഞു.

ചുറ്റും കാഴ്ചകളുടെ കൂമ്പാരമുണ്ട്, പക്ഷെ താഴേക്ക് നോക്കണമെന്ന് മാത്രം. ബാംഗ്ലൂര്‍ നഗരം എത്ര ചെറുതാണ്. തൃശ്ശൂര്‍ ഭാഷയും, കൊയിക്കൊടനും, കണ്ണൂര്‍ ശൈലിയും ഞങ്ങളുടെ സംസാരത്തിലൂടെ കടന്നു പോയി. വേലി കെട്ടിയിട്ടുണ്ട് കുന്നിന്റെ അതിരുകളില്‍. നല്ല നടപ്പാതകള്‍. കാറില്‍ വരുന്നവര്‍ക്ക് തുഞ്ചത്ത് വരെ പോകാം. നടന്നു പോകുന്ന വഴികളില്‍ സഹയാത്രികര്‍ ഒന്നിന് പുറകെ ഒന്നായി ഫോട്ടോ എടുത്ത് കൊണ്ടിരുന്നു. കുത്തനെയുള്ള ചെരുവുകളുള്ള ഇടങ്ങളില്‍ ഫോട്ടോ എടുക്കുന്നുണ്ട് ചിലര്‍. ഇതിനിടക്ക് ഒരു തുരങ്കം കാണുന്നുണ്ട്, ഇറങ്ങി നോക്കി. പക്ഷെ തുടര്‍ച്ച കാണുന്നില്ല. നടന്നു നന്ദി അമ്പലം അടുത്തു, അപ്പോഴേക്കും എന്റെ ഫോണ്‍ ഓഫായി പോയി. പരമ ഹംസര്‍ ധ്യാനിച്ചു എന്ന് വിശ്വസിക്കുന്ന ബ്രഹ്മാശ്രമം അമ്പലത്തിനു അടുത്ത് തന്നെയാണ്. വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ ടൂറിസം വകുപ്പ് വക റെസ്റ്റോറന്റ് കാണാം. മദ്യവും അവിടെ ലഭ്യമാണ്, പക്ഷെ വില അല്‍പം കൂടുതല്‍ ആണ്. അതിനടുത്ത് ആണ് ടിപ്പു സുല്‍ത്താന്‍ കുറ്റവാളികളെ താഴോട്ട് എറിഞ്ഞു കൊണ്ടിരുന്ന ഇടം, അത് ഇപ്പോള്‍ കമ്പി വേലി വെച്ച് മറച്ചിട്ടുണ്ട്. അതിനടുത്ത് നിന്ന് അസ്തമയം കാണുമ്പോഴാണ് ആ സംഭവം ഉണ്ടാകുന്നത്.

സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ അവരുടെ വായ് നോക്കി അവരുടെ പിന്നാലെ കൂടുന്നതു കൂട്ടത്തില്‍ ഉള്ള ഒരുത്തന്റെ ബലഹീനത ആണെന്ന് ഒരാളുടെ കമന്റ്. അത് പക്ഷെ ഒരു പ്രശ്‌നത്തിനു വഴി തെളിക്കുമെന്നു ആരും കരുതിയില്ല. അത് കേട്ട ഒരു മലയാളി എന്റെ ഭാര്യയെ ആരെടാ വായ് നോക്കുന്നത് എന്ന് പറഞ്ഞു പഞ്ഞെടുത്തു. ഒരു ആജാനബാഹു, കൂടെ വേറെ ഒരുത്തനും. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ അവരെ തല്ലാന്‍ ഒരുങ്ങി എന്റെ കൂടെയുള്ള ചിലര്‍. പിടിച്ചു മാറ്റി പോരുമ്പോഴും അവനു രണ്ടെണ്ണം കൊടുക്കേണ്ടിയിരുന്നു എന്ന് ചിലര്‍ ഉറച്ചു വിശ്വസിക്കുന്നു. യാത്രകള്‍ അങ്ങനെയാണ്, വൈവിധ്യമാര്‍ന്ന ജീവിതങ്ങളെ അത് കാട്ടി തരും. അസ്തമയം കണ്ടു പിന്നെ പുറത്തിറങ്ങി. എന്നെ മലയുടെ താഴെ വരെ എത്തിക്കാമെന്നു അവര്‍ വാഗ്ദാനം ചെയ്തു, എങ്കിലും വീണ്ടും ബുദ്ധിമുട്ടിക്കാന്‍ മനസ് വന്നില്ല. അവസാന ബസ് 5 മണിയോട് അടുത്ത് പുറപ്പെടും, അത് പണ്ടേ പോയ് കഴിഞ്ഞു.

ഓട്ടോ കിടപ്പുണ്ട്, 50 രൂപ കൊടുത്താല്‍ അടിവാരത്തില്‍ എത്തിക്കാമെന്നു അവര്‍ പറഞ്ഞു. കൂട്ടുണ്ടായിരുന്നവര്‍ക്ക് വിട പറഞ്ഞു ഞാന്‍ ഓട്ടോയില്‍ കയറി. തിരികെ യശ്വന്ത്പൂര്‍ എത്തണം അതും 10 മണിക്ക് മുന്‍പ്, വന്ന വഴിയില്‍ അത് സാധ്യമാകില്ല. ചോദിച്ചു അറിഞ്ഞപ്പോള്‍ ദോഡബെല്ലാപൂര്‍ വഴി ആണ് എളുപ്പമെന്നു തോന്നി. ദോഡബെല്ലാപൂര്‍ നിന്ന് യെലഹങ്ക അവിടെ നിന്നും യശ്വന്ത്പൂര്‍. 9.45 ആയപ്പോഴേക്കും ഞാന്‍ സ്‌റ്റേഷനില്‍ എത്തി. ഇതിനിടയില്‍ നന്ദി പറയണ്ട ചിലരുണ്ട്. ദോഡബെല്ലാപൂര്‍ നിന്ന് യശ്വന്ത്പൂര്‍ തൊട്ടു മുമ്പ് വരെ എന്റെ ഒപ്പം ഉണ്ടായിരുന്ന പ്രഭു എന്ന ഒരു അമ്പതുകാരന്‍, ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന, മോഡിയുടെ പുതിയ സാമ്പത്തിക നയങ്ങളെ കുറിച്ച് സംസാരിക്കുകയും, എനിക്ക് വഴി പറഞ്ഞു തന്നു അടുത്ത തവണ അവിടെ എത്തുമ്പോള്‍ വീട്ടില്‍ വരണമെന്ന് പറഞ്ഞു ഫോണ്‍ നമ്പര്‍ തന്ന മനുഷ്യന്‍. പിന്നെ യശ്വന്ത്പൂര്‍ സര്‍ക്കിളില്‍ നിന്നും സ്റ്റേഷന്‍ വരെ ഒരു കൊച്ച് കുഞ്ഞിനെ പോലെ എന്റെ കയ്യും പിടിച്ച് നടന്ന പേരറിയാത്ത ഒരു മെക്കാനിക്.

ആരോ എഴുതിയ തിരക്കഥയില്‍ വളരെ മോശമായി അഭിനയിക്കുന്ന ഒരാളാണ് ഞാന്‍, ജീവിതവും യാത്രയും അത് വളരെ ആകസ്മിക നിമിഷങ്ങളാല്‍ നിറഞ്ഞതാണ്. ഇതിനിടയില്‍ ഞാന്‍ മനസിലാക്കിയ ഒരു കാര്യം ഉണ്ട്, ഈ ലോകം ഒറ്റകളുടെതല്ല, ഇണകളുടേതാണ്, അല്ലെങ്കില്‍ കൂട്ടങ്ങളുടേതാണ്. ഒറ്റയാവുക എന്നത് ഒരു പാതകം പോലെ ആളുകള്‍ നോക്കി കാണുന്നു.

(ആദ്യ ചിത്രം-നബീല്‍ സികെഎം; മറ്റു ചിത്രങ്ങള്‍- ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍