UPDATES

യാത്ര

ഉള്ളും ഉടലും വിറപ്പിച്ച നാടുകാണി യാത്രയിലെ ആ മനുഷ്യര്‍

യാത്രകള്‍ തുടങ്ങിയിട്ടേ ഉള്ളു, ഇനിയേറെ സ്വപ്നങ്ങളുണ്ട്, കയ്യില്‍ ഉള്ളതെല്ലാം കൊടുത്താല്‍ നമ്മളെ വെറുതെ വിടുമോ?

തോരാത്ത മഴയാണ്. വഴിക്കടവ് കഴിഞ്ഞതോടെ ആകാശം വീണ്ടും കറുത്തിരുന്നു. ഏറ്റക്കുറച്ചിലുകളില്ലാതെ, കാറ്റ് പോലും വീശാതെ ഒറ്റപ്പെയ്ത്താണ്. ആദ്യത്തെ യാത്രകളില്‍ ഒന്നാണ്; കാറിലാണ്.

എടുത്തുചാട്ടമായിരുന്നു. അല്ലെങ്കില്‍ ഒരു പാതിരാത്രി അന്താക്ഷരി കളിയ്ക്കുമ്പോ നാടുകാണി ചുരത്തിന്‍റെ നെറുകയില്‍ പാടാനും അത് കേട്ട് കൂട്ടത്തിലൊരുത്തന്‍ പണ്ട് അവന്റെ അമ്മായി ഒരാളെ ചാടിച്ച് നാടുകാണി മലകയറിയ കഥ പറയാനും. പ്രായത്തിന്‍റെ എടുത്തുചാട്ടപ്പുറത്തുള്ള വണ്ടിയോടിക്കലായിരുന്നു. കൂട്ടത്തിലെല്ലാവരും ഒരു വേറെമതപ്രേമമെങ്കിലും, ആ പ്രേമത്തിന്‍റെ ഓര്‍മ്മയെങ്കിലും ഉള്ളവരായതു കൊണ്ടു കൂടിയാണ് നാടുകാണിക്ക് വണ്ടിയെടുത്തിറങ്ങിയത്.

ഓരോ ഹെയര്‍പ്പിന്‍ തിരിവുകളിലും സ്റ്റിയറിങ്ങ് തിരിച്ചത് ഏതോ തോന്നലളവുകള്‍ വച്ചായിരുന്നു. ഓരോ തിരിവും ഇരുട്ട് മൂടി നിന്നിരുന്നു. ഓരോ ഇരുട്ടും വലിയ കൊക്കകള്‍ കാത്തുവച്ചിട്ടുണ്ടെന്ന പേടിയുണ്ടായിരുന്നു. നാടുകാണി റോഡന്ന് ഏറ്റവും മോശമായിരുന്നു. ചളിയില്‍ പലവട്ടം തിരിഞ്ഞു മാത്രമേ വണ്ടി മുന്നോട്ട് പോയുള്ളൂ. ജി പി എസ് കാണിച്ചവഴിയെ, മഴപേടിച്ച്, കുഴിപേടിച്ച്, ചളിയില്‍ പലവട്ടം നട്ടം തിരിഞ്ഞു മുകളിലെത്തിയപ്പോഴേക്കും മഴ കുറഞ്ഞിരുന്നു. വെളിച്ചം ഇത്തിരി വീണിരുന്നു.

ചുരം കയറി ഇടത്തോട്ട് പോയാല്‍ വയനാടെത്താമെന്നും വലത്തോട്ട് തിരിഞ്ഞു പോയാല്‍ മൈസൂരോ ഊട്ടിയോ ചേരാമെന്നും പറഞ്ഞതല്ലാതെ നമുക്ക് പോവേണ്ടതെവിടെയാണെന്നും തിരിയേണ്ടെതെങ്ങോട്ടാണെന്നും ഗൂഗിള്‍ മാപ്പ് പറഞ്ഞില്ല. പണ്ട് പണ്ടൊരു ഇലക്ഷന്‍ കാലത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ അബ്ദുട്ടിയെയും കൊണ്ട് ഇവന്‍റെ അമ്മായി നടത്തിയ പലായനത്തിന്‍റെ ചരിത്രപ്രസക്തിയും അവരുടെ കുടിയേറ്റത്തിന്‍റെ ഭൂമിശാസ്ത്ര പ്രത്യേകതയും ഗൂഗിളിനറിയിലെന്നു തന്നെ വേണം കരുതാന്‍.

അതുകൊണ്ടാണ് ജംക്ഷനില്‍ ആദ്യം കണ്ട ആള്‍ക്കരകില്‍ വണ്ടി നിര്‍ത്തി വഴി ചോദിച്ചത്. ‘ഇങ്ക ഒരു അബ്ദുട്ടിയേ തെരിയുമാ?’ പാതി തമിഴറിവില്‍ ചോദിക്കുന്നതിനു മുന്നേ, ആ അറിയാമെന്നു പറഞ്ഞാ മനുഷ്യന്‍  ഡോര്‍ തുറന്ന് അകത്തു കയറിയപ്പോ, നിങ്ങള്‍ വിട്ടോ, വഴി ഞാന്‍ പറഞ്ഞു തരാ എന്ന് തമിഴില്‍ പറഞ്ഞപ്പോള്‍, ‘അയ്യോ വേണ്ട’ എന്ന് പോലും പറയാന്‍ കഴിയാത്ത രീതിയില്‍ ഉള്‍വിറകള്‍ വാക്കിനെ മുക്കി കളഞ്ഞു. സിനിമാതീയറ്ററിലും ഒറ്റയാത്രകളിലും സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും, സാര്‍ ഇത് വാങ്ങിയാല്‍ മതിയെന്ന് പറയുന്ന സെയില്‍സ്മാന്‍റെ ആധികാരികതയ്ക്ക് മുന്നില്‍ പോലും അതുവേണ്ടെന്നു പറയാന്‍ കരുത്തില്ലാത്തവനാണ്. ചില അപ്രതീക്ഷിത തോണ്ടലുകളിലും അറിയാക്കൈയ്യുകളുടെ അതിരില്ലാ സഞ്ചാരങ്ങളിലും പ്രതികരിക്കാന്‍ കഴിയാതെ വാക്കുകള്‍ പലപ്പോഴും സ്വയം മുങ്ങി ചാവാറുമുണ്ട്. പക്ഷേ ഇത് വണ്ടിയിലുള്ള ബാക്കിമൂന്നുപേരുടെയും വാക്കുകളെ മുക്കിക്കൊല്ലും വിധമൊരു സുനാമിയായിരുന്നു. അയാള്‍ തിരിക്കാനും വളയ്ക്കാനും പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ ഞങ്ങള്‍ നാല് പേരുണ്ട്, അയാള്‍ ഒറ്റയ്ക്കാണ്, നമ്മളൊന്ന് ബലംപ്രയോഗിച്ചാല്‍ അയാളെ തള്ളി പുറത്തിടാവുന്നതേ ഉള്ളു. കാര്‍ പതുക്കെയാക്കിയപ്പോ ഉള്‍വിറയെ വിന്‍ഡോ തുറന്നു പുറത്തേക്കിട്ടു.

ടാര്‍ റോഡുകള്‍ ഇടവഴികള്‍ക്കും മണ്‍റോഡുകള്‍ക്കും വഴിമാറിയപ്പോള്‍ വീണ്ടും ചെറുതല്ലാത്ത പേടി. ബാക്കിയുള്ളവരെ നോക്കി, ഉള്‍വിറകളുടെ സംഗമം. സ്റ്റിയറിങ്ങിനെ മുറുക്കെ പിടിച്ചിട്ടുണ്ടെങ്കിലും കാറിന്‍റെ നിയന്ത്രണം മുഴുവനായി പുതിയ യാത്രക്കാരന്‍ ഏറ്റെടുത്തിരിക്കുന്നു. പേടിയിലും അരക്ഷിതാവസ്ഥയിലും അനുസരിക്കാതിരിക്കാനാവാത്ത വിധം അയാള്‍ വലത്തോട്ടും ഇടത്തോട്ടും തിരിക്കാന്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. ഇപ്പോള്‍ ഒരു കാറിനു കഷ്ടിച്ച് പോകാന്‍ കഴിയുന്ന മണ്‍വഴിയാണ്. എതിരെ വണ്ടി വന്നാല്‍ ഇടം കൊടുക്കാനിടമില്ലാത്ത വിധം ചെറിയ വഴി, പിന്നില്‍ നിന്നും മുന്നില്‍ നിന്നും ഒരുമിച്ചു വണ്ടികള്‍ വന്നാല്‍ ഇടയില്‍ കുടുങ്ങി പോകാവുന്ന വഴി. ഇനിയൊരു അപകട സൂചന മുന്നില്‍ ഉണ്ടായാല്‍ പോലും പെട്ടന്ന് വണ്ടി തിരിച്ചു രക്ഷപ്പെടാന്‍ കഴിയാത്ത വഴി. മരണത്തിലേക്കുള്ള വഴിയും ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമാണെന്ന് തോന്നി. വണ്ടി പുതിയ കയറ്റങ്ങള്‍ കയറുമ്പോള്‍ മനസ്സ് കാടും മലയും കയറി പേടിപ്പിക്കുന്നുണ്ടായിരുന്നു.

‘ഇവടെ വണ്ടി നിര്‍ത്തിക്കോളൂ, ഇനി അങ്ങോട്ട്‌ കാര്‍ പോവില്ല. ആ കാണുന്ന ഓട്ടോറിക്ഷയില്‍ പോവ്വാം.’

മുന്നേ എഴുതിവച്ച തിരക്കഥ പോലെ, ചെറിയ വഴി. കൃത്യമായി വഴി തീരുന്നിടത് ഒരു ഓട്ടോറിക്ഷ.

‘വേണ്ടാ, ഞങ്ങള്‍ തിരിച്ചു പൊക്കോളാം’

അങ്ങനെ പറയണം എന്നുണ്ട്. പക്ഷെ വണ്ടി തിരിക്കാന്‍ പോലും കൃത്യമായ സ്ഥലമില്ല. അറിയുന്ന സ്ഥലങ്ങളില്‍ നിന്നും ഭാഷയില്‍ നിന്നും ഒരുപാട് ദൂരയാണ്, അനുസരിക്കുക എന്നല്ലാതെ നിവര്‍ത്തിയില്ല. കൂടെ വന്ന ആള്‍ ഒരു വീട്ടിലേക്ക് കയറി പോകുന്നു, ഓട്ടോക്കാരനെയും കൂട്ടി പുറത്തേക്ക് വരുന്നു. ഞങ്ങള്‍ നാലുപേര്‍ പിന്നില്‍, വഴി കാട്ടിയും ഓട്ടോക്കാരനും മുന്നില്‍. അവരുടെ പരസ്പര നോട്ടം പോലും ഭൂകമ്പങ്ങള്‍ ഉണ്ടാക്കുന്നു. യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

വീട്ടില്‍ പറഞ്ഞിട്ടല്ല ആരും വന്നട്ടിള്ളത്, കാണാതായാല്‍, എന്തെങ്കിലും സംഭവിച്ചാല്‍ ഈ മലനാട്ടിലുണ്ടാവുമെന്ന് ആരും ഊഹിക്കുക പോലുമില്ല. ഫോണില്‍ നിന്നും ഓട്ടോയുടെ നമ്പര്‍ അറിയുന്നവര്‍ക്ക് വെറുതെ ഒരു മെസ്സെജായി അയച്ചു കൊടുത്തു. നാളെ നമ്മള്‍ക്ക് എന്തെങ്കിലും പറ്റിയാലും ഇവരൊക്കെ പിടിക്കപ്പെടണമെന്നു തന്നെ കരുതി.

ഓട്ടോറിക്ഷ കുണ്ട് വഴികളില്‍ പതുക്കെയാകുമ്പോള്‍ ഇറങ്ങി ഓടാമെന്നുണ്ടായിരുന്നു. പക്ഷെ ഇനിയെങ്ങോട്ടോടാനാണ്. ഓടി ചെല്ലുന്നത് ഇവരിലേക്കല്ലെന്നാര് കണ്ടു. തിരിവുകള്‍ തിരിഞ്ഞു. പരസ്പരം ഒന്നു മിണ്ടാന്‍ പോലും കഴിയാത്ത രീതിയില്‍ പേടിയുടെ ഒരു ഉള്‍വിറ ഉള്ളില്‍ മുഴുവന്‍ നിറയുന്നുണ്ട്. ഇനിയെന്ത് ചെയ്യും എന്നൊരു തോന്നലില്‍ ഇരുട്ട്  കയറുന്നുണ്ട്.

മഴ തോര്‍ന്നെങ്കിലും മനസ്സിലും പുറത്തും കണ്ണ് കാണാത്ത രീതിയില്‍ ഇരുട്ടാവുന്നതറിയുന്നുണ്ട്. യാത്രകള്‍ തുടങ്ങിയിട്ടേ ഉള്ളു, ഇനിയേറെ സ്വപ്നങ്ങളുണ്ട്, കയ്യില്‍ ഉള്ളതെല്ലാം കൊടുത്താല്‍ നമ്മളെ വെറുതെ വിടുമോ?

തിരിച്ചു പോയാല്‍ കാറവിടെ ഉണ്ടാവോ, വെറും ജീവനോട്‌ തിരിച്ചു പോയാല്‍ മതിയെന്ന് പറഞ്ഞാല്‍ മനസ്സിലിവുണ്ടാകുമോ? തണുത്തു വിറക്കേണ്ട നാടുകാണി തണുപ്പിലും ശരീരം വിയര്‍ക്കുന്നുണ്ട്.

അവസാനം ഒരു ഒറ്റമുറി വീടിനു മുന്നിലാണാ നരകയാത്ര ഫുള്‍സ്റ്റോപ്പിടുന്നത്. ഒരു ചെറിയ കയറ്റത്തില്‍ ഷീറ്റ് കൊണ്ട് മേഞ്ഞ ഒരു ഒറ്റമുറി വീട്, ചാറുന്ന മഴ താളത്തില്‍ ശബ്ദമുണ്ടാക്കുന്ന വീട്.  ഇതാണ് വീടെന്നും പറഞ്ഞ് ഓട്ടോറിക്ഷക്കാരനും വഴികാട്ടിയും അടുത്തുള്ള വീട്ടിലേക്ക് ഓടിപ്പോയി.

ഒറ്റമുറി വീടിനു മുന്നില്‍ വിധിയും കാത്ത് ഞങ്ങള്‍ നാല് പേര് നിരന്നു നിന്നപ്പോള്‍ അകത്തു നിന്നും കരുത്തുള്ള ഒരു സ്ത്രീ പുറത്തേക്ക് വന്നു.

‘അമ്മായി’!

ആ ചുമരിനു മേലെ കരുണാനിധിയും കരുണാകരനും ഒരുമിച്ചു ചിരിച്ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നാലുപേരും പരസ്പരം നോക്കി ചിരിച്ചു. ദുഃഖവെള്ളിയും ദൈവമില്ലാ ശനിയും കടന്ന് ഈസ്റ്റര്‍ കണ്ടവരെ പോലെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ചിരി.

അമല്‍ ലാല്‍

അമല്‍ ലാല്‍

ഫ്രീലാന്‍സ് റൈറ്റര്‍, യാത്രികന്‍. എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍