UPDATES

യാത്ര

കാശ്മീലെ നിയന്ത്രണങ്ങളിൽ കേരളത്തിന് പ്രതീക്ഷ ഉണ്ടായിരുന്നു, തിരിച്ചടിയായത് കനത്തമഴ

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനു കീഴിലുള്ള ഹോംസ്റ്റേകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുമുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബിസിനസ്സ് കുത്തനെ കുറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കാലവര്‍ഷക്കെടുതി സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചക്ക് കടുത്ത വെല്ലുവിളിയാവുകയാണ്. പ്രതികൂല കാലാവസ്ഥ ടൂറിസം വ്യവസായത്തിന്റെ എല്ലാ പദ്ധതികളും താളം തെറ്റിച്ചു. മണ്‍സൂണ്‍ ടൂറിസവും, അറബ് വിനോദസഞ്ചാരികളുടെ വരവും, ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ കാരണം ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചേക്കാമെന്ന പ്രതീക്ഷയുമെല്ലാമാണ് പെരുമഴയില്‍ ഒലിച്ചുപോയത്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, മലയോരമേഖലകളിലേക്ക് വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം വിലക്കിയത്, നെഹ്റു ട്രോഫി വള്ളംകളിയും ഈ വര്‍ഷം ആരംഭിക്കാനിരുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗും മാറ്റിവെച്ചതും സംസ്ഥാനത്തിന്റെ ടൂറിസം വ്യവസായത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനു കീഴിലുള്ള ഹോംസ്റ്റേകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുമുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബിസിനസ്സ് കുത്തനെ കുറഞ്ഞു. കെടിഡിസിയുടെ കീഴിലുള്ള മൂന്നാര്‍, തെക്കടി എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും വയനാട്ടിലെ റിസോര്‍ട്ടുകളിലും ആളില്ലാതെ അടച്ചിടേണ്ട അവസ്ഥയാണ്.

ആതിരപ്പള്ളി വെള്ളച്ചാട്ടവും പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രവും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനാണ് തീരുമാനം. ഒരു ദിവസം 65 ആഭ്യന്തര വിമാന സര്‍വ്വീസുകളെങ്കിലും കൈകാര്യം ചെയ്തിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതും തിരിച്ചടിയായി. പലരും യാത്രകള്‍ മാറ്റിവയ്ക്കുന്നു, മറ്റുള്ളവര്‍ പണം മടക്കിനല്‍കാന്‍ ആവശ്യപ്പെടുന്നു. റോഡുകളുടെ അവസ്ഥയും ആശങ്കാജനകമാണ്, ആരും റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷത്തെ ഏക്കാലത്തേയും വലിയ വെള്ളപ്പൊക്കത്തിനു ശേഷം കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായം പതിയെ പൂര്‍വ്വസ്ഥിതിയിലേക്ക് വരികയായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 14.8% വളര്‍ച്ചാ നിരക്കെന്ന മികച്ച നിലയില്‍ എത്തുകയും ചെയ്തിരുന്നു. ഏകദേശം 10 മാസത്തെ (2018 മെയ് മുതല്‍ (ഡിസംബര്‍ ഒഴികെ) 2019 മാര്‍ച്ച് വരെ) അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവില്‍ നല്ല വളര്‍ച്ചയുണ്ടായിരുന്നു. അതിനിടയിലാണ് വീണ്ടും പെരുമഴപ്പെയ്ത്തുണ്ടാകുന്നത്.

Read More : എന്താണ് ഗൂഗിള്‍ മാപ്പ് പുതുതായി അവതരിപ്പിക്കുന്ന ‘ലൈവ് വ്യൂ’?; ലോകത്ത് ഏത് കോണിലും ഇനി വഴി തെറ്റാതെ പോകാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍