UPDATES

യാത്ര

ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഫ്രീ സിംകാര്‍ഡ്

പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് സിം വിതരണം ചെയ്യുന്നത്.

യാത്രകള്‍ക്കിടയില്‍ പ്രിയപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയെന്നതാണ് ഏറ്റവും ശ്രമകരമായ കാര്യം. റോമിംഗ് പാക്കേജുകളൊക്കെ എടുത്ത് യാത്ര പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ബില്ലുകണ്ട് അന്തംവിട്ടു നിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടോ നിങ്ങള്‍ക്ക്? ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇടുന്നതിനായി ഓപ്പന്‍ വൈഫൈ അന്വേഷിച്ച് നടക്കേണ്ടി വന്നിട്ടുണ്ടോ? ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികള്‍ക്കും മികച്ചൊരു പരിഹാരം നിര്‍ദേശിക്കുകയാണ് മിഡില്‍ ഈസ്റ്റിലെ ഒരു നഗരം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇപ്പോള്‍ ഒരു പ്രാദേശിക സിം കാര്‍ഡ് ലഭിക്കും. അതില്‍ മൂന്ന് മിനിറ്റ് ടോക്ക് ടൈമും 20 എംബി ഡാറ്റയും ഉണ്ടാകും. യാത്രക്കാര്‍ക്ക് ഉടന്‍തന്നെ ഓണ്‍ലൈനില്‍ പ്രവേശിക്കാനാകും എന്നതാണ് ആകര്‍ഷകം. 30 ദിവസം വരെയാണ് സിമ്മിന്റെ കാലാവധി. അതില്‍ കൂടുതല്‍ ദിവസം ദുബൈയില്‍ താങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ആകര്‍ഷകമായ പ്ലാനുകളും ലഭ്യമാണ്. അതിലൊന്ന് പ്രയോജനപ്പെടുത്തി റീചാര്‍ജ് ചെയ്യാം.

25 ദിര്‍ഹം (472 രൂപ) നല്‍കിയാല്‍ മൂന്നു ദിവസത്തേക്ക് 150 എംബി ഡാറ്റയും 10 മിനുട്ട് ഫ്‌ളക്‌സിബിള്‍ ടോക്ക് ടൈമും ലഭിക്കും. അതല്ല, നിങ്ങള്‍ ഒരാഴ്ചകൂടെ അവിടെ താങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ 55 ദിര്‍ഹം (1037 രൂപ) നല്‍കിയാല്‍ 20 മിനിറ്റ് സംസാര സമയവും 500 എം.ബിയും ലഭിക്കും. രണ്ടാഴ്ചത്തേക്ക് 110 ദിര്‍ഹത്തിന്റെ (2074 രൂപ) പ്ലാന്‍ തിരഞ്ഞെടുക്കാം. അതില്‍ 2 ജി.ബി ഡാറ്റയും 40 ഫ്‌ളെക്‌സി-മിനിറ്റുകളും അടങ്ങിയിട്ടുണ്ട്.

പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് സിം വിതരണം ചെയ്യുന്നത്. സന്ദര്‍ശന വിസയോ, വിസ ഓണ്‍ അറൈവലോ, ട്രാന്‍സിറ്റ് വിസയോ എന്തുമാകട്ടെ 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും സിം ലഭിക്കും. യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്ക് പോകാന്‍ വിസ ആവശ്യമില്ലാത്ത സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കും ഫ്രീയായി സിം ലഭിക്കും. ദുബായിലെ സ്മാര്‍ട്ട് ഗവണ്‍മെന്റിന്റെ ‘ഹാപ്പിനെസ് പ്രൊജക്റ്റി’ന്റെ ഭാഗമാണ് ഈ നീക്കവും. പ്രാദേശിക ടെലികോം കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ‘ഡു’വുമായി സഹകരിച്ചുകൊണ്ടാണ് അവര്‍ സേവനം നല്‍കുന്നത്.

Read More : പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ വേറിട്ടൊരു യാത്രയുമായി ‘ഇന്‍ട്രെപിഡ് ട്രാവല്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍