UPDATES

യാത്ര

കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയലില്‍ ‘മണ്ണിലേക്കിറങ്ങി’ വന്ന ‘ചന്ദ്രന്‍’

‘മ്യൂസിയം ഓഫ് മൂണ്‍’ എന്ന ബ്രിട്ടീഷ് കൗണ്‍സിലിന്റെ പദ്ധതി, സാംസ്‌കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് നടത്തുന്നത്.

കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ ചന്ദ്രന്റെ കൂറ്റന്‍ പ്രതിരൂപം അനാവരണം ചെയ്തു. വിക്ടോറിയ മെമ്മോറിയലിന്റെ പുല്‍മൈതാനത് സ്ഥാപിച്ചിരിക്കുന്ന ചന്ദ്രന്റെ ഈ കൂറ്റന്‍ പ്രതിരൂപം കാണാന്‍ വടക്കേ കവാടം വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തി തുടങ്ങി. ചന്ദ്രന്റെ ഈ 3 ഡി രൂപം നാസയുടെ ലൂണാര്‍ റിക്കോണൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറയുടെ ഇമേജറി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് എക്‌സിബിഷന്‍ സംഘാടകരില്‍ ഒരാള്‍ പറഞ്ഞു. ‘മ്യൂസിയം ഓഫ് മൂണ്‍’ എന്ന ബ്രിട്ടീഷ് കൗണ്‍സിലിന്റെ പദ്ധതി, സാംസ്‌കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് നടത്തുന്നത്. വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍ സന്ദര്‍ശകര്‍ക്കായി ഇത് പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഈസ്റ്റ് ഡയറക്ടര്‍ ഡിബഞ്ചന്‍ ചക്രബര്‍ത്തി പിടിഐയോട് പറഞ്ഞു.

ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യ ഡയറക്ടര്‍ അലന്‍ ഗെമ്മല്‍, വിക്ടോറിയ മെമ്മോറിയല്‍ സെക്രട്ടറിയും ക്യൂറേറ്ററുമായ ജയന്ത സെന്‍ ഗുപ്ത, എംപി ബിര്‍ള പ്ലാനറ്റോറിയം ഡയറക്ടര്‍ ഡെബിപ്രസാദ് ദുആരി എന്നിവരുടെ സാന്നിധ്യത്തിലാണ് യുകെ സ്പേസ് ഏജന്‍സിയുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഈ കലാരൂപം അനാവരണം ചെയ്തത്. 23 അടി വീതിയുള്ള ചന്ദ്രന്റെ പ്രതിരൂപം യഥാര്‍ത്ഥ ചന്ദ്രനെക്കാള്‍ അഞ്ച് ലക്ഷം മടങ്ങ് വലിപ്പം കുറവാണ്. ബ്രിട്ടീഷ് കലാകാരന്‍ ല്യൂക്ക് ജെറാം ആണ് പ്രതിബിംബങ്ങള്‍ കൂട്ടിച്ചേര്‍ത്തെന്ന് ചക്രബര്‍ത്തി വ്യക്തമാക്കി.

ശാസ്ത്രവും കലയും ചേരുന്ന ഈ കലാരൂപം ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഒരു പ്രധാന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ഈ പ്രതിരൂപം യുവാക്കളില്‍ ബഹിരാകാശത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്‍പര്യം വെരുമെന്ന് എംപി ബിര്‍ള പ്ലാനറ്റോറിയം ഡയറക്ടര്‍ പറഞ്ഞു. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് 17 ദിവസങ്ങള്‍ക്ക് ശേഷം തന്നെ ‘മ്യൂസിയം ഓഫ് മൂണ്‍’ പദ്ധതി കൊല്‍ക്കത്തയില്‍ എത്തിയത് സന്തോഷകരമായ കാര്യമാണെന്ന് ദുആരി കൂട്ടിച്ചേര്‍ത്തു. ഈ പ്രതിരൂപം ജീവനുള്ള ചന്ദ്രനെ പോലെ തോന്നുന്നു, ഭാവിയില്‍ ബഹിരാകാശ ഗവേഷണം തിരഞ്ഞെടുക്കാനാണ് താല്‍പര്യമെന്ന് വിക്ടോറിയ മെമ്മോറിയലില്‍ എത്തിയ പത്താം ക്ലാസുകാരി അവന്തിക ഷാ പറഞ്ഞു. ബംഗളുരു, മുംബൈ, ഉദയപുര്‍ നഗരങ്ങളില്‍ ‘മ്യൂസിയം ഓഫ് മൂണ്‍’ പദ്ധതി ഇതിന് മുന്‍പ് സംഘടിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍