UPDATES

യാത്ര

ഗോവന്‍ യാത്രയില്‍ തേടിയെത്തിയ ആ മരണതാളം!

‘രാജാവിനെയും’ ‘മരം കൊത്തി’യെയും കൂട്ടുപിടിച്ച് സംസാരിച്ചിരുന്നു. മുന്നില്‍ വിശാലമായ കടല്‍.. ആര്‍പ്പ് വിളികള്‍ ഇല്ലാതെ, തിരകളെ ആസ്വാദിച്ചു രാത്രി വൈകുവോളം ഇരുന്നു.

തിരക്കുകള്‍ പൊതിയാതെ, പ്രസരിപ്പോടെ ആരെയോ കാത്തിരിക്കുന്ന ഭാവമുള്ള ഗോവയെ അറിയണം എന്നുണ്ടായിരുന്നു. ജോലിത്തിരക്കുകള്‍ വന്ന് മൂടുമ്പോള്‍ ആകെ കിട്ടുന്ന ഒരു ഞായര്‍ കൊണ്ട് അവിടെ പോയി വരിക സാദ്ധ്യമല്ല എന്നത് കൊണ്ട് ആ സന്ദര്‍ശനം അങ്ങനെ നീണ്ടു പോയി. 1100 കിലോമീറ്റര്‍ ദൂരമുണ്ട് ഈ രണ്ടു പട്ടണങ്ങള്‍ തമ്മിലുള്ള ദൂരം. അങ്ങനെ ഇരിക്കെ എല്ലാ മാസത്തിലെയും പോലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഉള്ള ഔദ്യോഗികമായ വിസിറ്റുകള്‍ കടന്നു വരുന്നു. അപ്പോഴാണ് സുഹൃത്ത് അറിയിക്കുന്നത് അവധി ആഘോഷിക്കാന്‍ അവന്‍ ഗോവയിലേക്ക് വരുന്നു എന്ന്.. അപ്പോള്‍ അവിടെ കണ്ടു മുട്ടാം അല്പം സംസാരിക്കാന്‍ എന്ന് ഉറപ്പിച്ചു. കര്‍ണാടകയിലെ ദാവണഗരെയില്‍ അവസാന ഔദ്യോഗിക മീറ്റിംഗ് അവസാനിപ്പിച്ചു, ശനിയാഴ്ച്ച ഗോവക്ക് വണ്ടി കയറി. ഡയറ്കടര്‍ക്ക് ഗോവക്ക് വ്യകതിപരമായ ഒരു യാത്രക്ക് പോവുകയാണ്, രണ്ടു ദിവസം കഴിഞ്ഞു മടങ്ങി വരികയുള്ളൂ എന്ന് മെയില്‍ അയക്കുകയും ചെയ്തു. മറുപടിക്ക് കാത്തു നില്‍ക്കാതെ യാത്ര ആസ്വാദിക്കാന്‍ തുടങ്ങി.

രാവിലെ 6.30 ആയപ്പോള്‍ പനാജി എത്തി. അവിടെ നിന്ന് മഡ്ഗാവിലേക്കു ബസ് കയറി. പോകേണ്ട സ്ഥലം അഗോണ്ട എന്ന ബീച്ച് ആണ്. അവിടെ ബീച്ചിന്റെ മുന്‍പിലുള്ള ഒരു വള്ളികുടിലിലാണ് സുഹൃത്തും സംഘവും കൂടിയിരിക്കുന്നത്. അവര്‍ അവിടെ വന്നിട്ട് 3 ദിവസം കഴിഞ്ഞെന്ന് തോന്നുന്നു. മഡ്ഗാവില്‍ നിന്ന് കണ്‍കോണ്‍ എന്ന സ്ഥലത്തേക്ക് വന്നിട്ട് വേണം അഗോണ്ട ബീച്ചില്‍ എത്താന്‍. പനാജിയില്‍ നിന്നും മൊത്തം 70 കിലോമീറ്റര്‍ ദൂരം ഉണ്ട്. ബസ് നേരം വൈകും എന്നറിഞ്ഞപ്പോള്‍ കണ്‍കോണില്‍ നിന്നും സുഹൃത്തുക്കള്‍ വന്ന് കൊണ്ട് പോയി.

ബീച്ചിനെ അഭിമുഖീകരിച്ചു ഇരിക്കുന്ന താമസ സ്ഥലം, പിന്നെ വിരസതയകറ്റാന്‍ ഷാക്ക്. ഷാക്ക് എന്ന് പറഞ്ഞാല്‍ വേറെ ഒന്നും അല്ല തീനും കുടിയും മുട്ടില്ലാതെ കിട്ടുന്ന കൂടാരം. ബിയറിലൂടെ ആണ് ആരംഭിച്ചത്. സംഭാഷണങ്ങള്‍ അങ്ങനെ നീളുന്നു, കുപ്പികള്‍ മാറി മാറി വരുന്നു, തീരുന്നു. ഇരുന്നു അവിടെ ഉറച്ചു പോകാതിരിക്കാന്‍ പുറത്തേക്കു പോകാം എന്ന് എല്ലാരും ഉറപ്പിച്ചു. ഒരു കാര്‍ ഉണ്ട്, റെന്റിനു കിട്ടിയതാ. പോകാന്‍ പാടില്ലാത്ത സ്ഥലങ്ങളുടെ ലിസ്റ്റ് വണ്ടി തരുമ്പോള്‍ അവര്‍ പറഞ്ഞിരുന്നുവത്രെ. പണം പിടുങ്ങാന്‍ പോലീസ് ഉള്ളത് കൊണ്ട് ആ വഴികള്‍ ഒഴിവാക്കണം എന്ന്.

പുറത്തു ഇറങ്ങി യുനെസ്‌കോ യുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള, വിശുദ്ധ ഫ്രാന്‍സീസ് സേവ്യാറിന്റെ ശരീരം അടക്കിയിരിക്കുന്ന ബോം ജീസസ് ബസിലിക്ക പള്ളിയില്‍ പോയി. കാഴ്ചകള്‍ കണ്ടു ചുറ്റും നടന്നു. ഓള്‍ഡ് ഗോവയില്‍ ആണ് പ്രശസ്തമായ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. വിശന്നു തുടങ്ങിയിരിക്കുന്നു എല്ലാര്‍ക്കും. നല്ല ഹോട്ടല്‍ തേടി അലഞ്ഞു. സമയം വൈകീട്ട് 3.30 കഴിഞ്ഞത് കൊണ്ട് ഉച്ച ഭക്ഷണ സമയം കഴിഞ്ഞു. വണ്ടി മുന്നോട്ടു പോയി. അങ്ങനെ ഇന്റര്‍നെറ്റില്‍ നോക്കി ഒരു നല്ല സ്ഥലം കണ്ടു പിടിച്ചു, ‘ഫിഷര്‍മാന്‍ വാര്‍ഫ് ‘. ഭക്ഷണം കഴിച്ചു കൊണ്ടേ ഇരുന്നു. ജെഗ്ഗില്‍ നിന്ന് ഗ്ലാസിലേക്കു പരിചാരകര്‍ ബിയര്‍ പകര്‍ത്തി കൊണ്ടും. വണ്ടി ഓടി ഓടി അന്നത്തെ രാത്രി അഗോണ്ടയിലെ കുടിലില്‍ അവസാനിച്ചു.


നോര്‍ത്ത്‌ ഇന്ത്യന്‍ ഭക്ഷണരീതിയില്‍ ഞങ്ങളുടെ ഷാക്കിലെ കുക്ക് വിദഗ്ധനാണ്, എല്ലാര്‍ക്കും നന്നേ ബോധിച്ചു. പാന പാത്രങ്ങള്‍ നിറഞ്ഞു കവിയും മുന്‍പേ ഓരോരുത്തര്‍ മോന്തിക്കൊണ്ടേ ഇരുന്നു. അങ്ങനെ ഒരു ദിവസം പൂര്‍ത്തിയാകുന്നു. പിറ്റേന്ന് അവിടെ താമസം മതിയാക്കി ഇറങ്ങണം. Secret beaches in goa എന്നൊക്കെ വരെ എത്തി നെറ്റില്‍ സര്‍ഫിങ്. ആള്‍ക്കൂട്ട ബഹളങ്ങള്‍ ഇല്ലാത്ത ഒരിടം വേണം എന്ന നിര്‍ബന്ധം എല്ലാര്‍ക്കും. പണി വരുന്നതേയുള്ളു. പ്രഭാത ഭക്ഷണം, രാവിലത്തെ ക്വോട്ട ഇതൊക്കെ എല്ലാരും മുറക്ക് നടത്തി. ഇനി ഇവിടെ നിന്ന് പോകണം. അങ്ങനെ ആണ് ബെറ്റുല ബീച്ച് എന്നൊരെണ്ണം വരുന്നത്, ആളുകളുടെ ശല്യം ഉണ്ടാകാത്ത ഒന്ന്, മീനൊക്കെ കിട്ടും എന്നൊക്കെ റിവ്യൂ. ഗൂഗിള്‍ മാപ്പ് ഓണ്‍ ആക്കി ഇറങ്ങി.

അവിടെ എത്തിയപ്പോള്‍ മാപ്പ് ചതിച്ചു. അങ്ങോട്ട് പോകണം എങ്കില്‍ നീന്തി കടക്കണം, കാര്‍ പോകില്ല, അടുത്തൊങ്ങും ഒരു ഷാക്ക് കാണാനുമില്ല. മനസ്സില്‍ എന്റെ പ്രപിതാക്കന്മാരെ മനസ്സില്‍ സ്മരിച്ചു കാണും, ഉറക്കെ ആരും പറഞ്ഞില്ല. വീണ്ടും മാപ്പ് ഓണ്‍ ആക്കി മോബോര്‍ എന്ന ബീച്ച്. കാവലോസിം എന്ന ബീച്ചു കഴിഞ്ഞു ഹോട്ടല്‍ ലീലക്ക് അടുത്താണ് മോബോര്‍ ബീച്ച്. അവിടെ മൂന്നാലു ഷാക്കുകള്‍ ഉണ്ട്. വലിയ ഒച്ചപാടില്ല, ബഹളങ്ങളില്ല. ബീച്ചില്‍ സാഹസിക പറക്കലും, കടല്‍ വെള്ളത്തില്‍ കറങ്ങലും ഒക്കെ നടക്കും എന്ന ബോര്‍ഡ് കണ്ടു. ഉച്ച ആയതു കൊണ്ട് ആളുകളില്ല. വൈകീട്ട് എത്തുമായിരിക്കും. കഴിക്കാന്‍ കയറി. ഭക്ഷണ വിഭവങ്ങളുടെ വ്യത്യസ്തകള്‍ ഒന്നിനു പുറകെ ഒന്നായി. ‘രാജാവിനെയും’ ‘മരം കൊത്തി’യെയും കൂട്ടുപിടിച്ച് സംസാരിച്ചിരുന്നു. മുന്നില്‍ വിശാലമായ കടല്‍.. ആര്‍പ്പ് വിളികള്‍ ഇല്ലാതെ, തിരകളെ ആസ്വാദിച്ചു രാത്രി വൈകുവോളം ഇരുന്നു.

പിന്നെ പതിയെ മഡ്ഗാവ് അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്ത് കൂടാനുള്ള വട്ടം കൂട്ടി. കുളിരുന്ന ഹോട്ടല്‍ റൂമില്‍ വോഡ്കയുടെ ഗന്ധം പടരുമ്പോള്‍ ഏതോ സിനിമയിലെ ആ മരണ ഗാനം.. ‘ഒടുവിലെ യാത്രക്കായിന്ന് പ്രിയ ജനമേ ഞാന്‍ പോകുന്നു.. മെഴുതിരി എന്തും മാലാഖ മരണ രഥത്തില്‍ വന്നെത്തി’, ആ രാവിനെ വെളുപ്പിച്ചത് ആ പാട്ടിനൊപ്പം ആയിരുന്നു. വിരഹവും വിട പറച്ചിലും ഓര്‍മകളിലൂടെ മലവെള്ളപ്പാച്ചില്‍ പോലെ തേടിയെത്തി. നെറുകയില്‍ ഒടുവില്‍ മുത്തുമ്പോള്‍ കരയരുതേ നീ പിടയരുതേ എന്ന് പാടുമ്പോള്‍ കണ്ണുകളില്‍ ഈറനണിഞ്ഞു എന്ന് തോന്നുന്നു. ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു ആ ഗാനവും സംഗീതവും, ആ മരണതാളവും. ഈ ഗോവന്‍ യാത്ര എന്നും ഓര്‍മിക്കപ്പെടുക ഈ ഗാനത്തിലൂടെ ആകും എന്ന് തോന്നുന്നു.

ഞങ്ങള്‍ മൂന്നു പേരായിരുന്നു റൂമിലുണ്ടായിരുന്നത് ബാക്കി ഉള്ളവര്‍ നാട്ടിലോട്ടു മടങ്ങിയിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ കുറച്ചു ദിവസം കൂടി ഗോവയില്‍ കാണും. പുലര്‍ച്ചെ എന്നെ മടക്കി അയച്ചു ഗോവയില്‍ ആസ്വാദനത്തിന്റെ പുതിയ മലരികളും ചുഴികളും തേടി അവര്‍ പോകും..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍