UPDATES

യാത്ര

എറണാകുളത്തെ നാല് ഡെസ്റ്റിനേഷനുകളില്‍ ഗ്രീന്‍കാര്‍പറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ്

കൊച്ചി, ഏഴാറ്റുമുഖം, ഭൂതത്താന്‍കെട്ട്, ചെറായി-മുനമ്പം ബീച്ചുകള്‍ എന്നീ സ്ഥലങ്ങള്‍ക്കാണ് ഗ്രീന്‍കാര്‍പറ്റ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്

എറണാകുളം ജില്ലയിലെ നാല് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ടൂറിസം വകുപ്പ് ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. കേരളത്തില്‍ ഗ്രീന്‍കാര്‍പറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാലയിലാണ് ഈ തീരുമാനം എടുത്തത്.

‘ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പിലാക്കുന്നത് എറണാകുളത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യും. എറണാകുളത്തെ ഒന്‍പത് ടൂറിസം ഡെസ്റ്റിനേഷനുകളാണ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി നടപ്പിലാക്കും.’- ശില്‍പശാലയില്‍ പങ്കെടുത്ത എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എസ് വിജയകുമാര്‍ പറഞ്ഞു.

‘ഇതില്‍ കൊച്ചി, ഏഴാറ്റുമുഖം, ഭൂതത്താന്‍കെട്ട്, ചെറായി-മുനമ്പം ബീച്ചുകള്‍ എന്നീ സ്ഥലങ്ങള്‍ക്കാണ് ഗ്രീന്‍കാര്‍പറ്റ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. 2019 മാര്‍ച്ചിന് മുന്‍പ് ഈ സ്ഥലങ്ങളില്‍ പദ്ധതി നടപ്പിലാക്കും. എറണാകുളം ബോട്ട് ജെട്ടി, കുഴിപ്പിള്ളി ബീച്ച്, മലയാറ്റൂര്‍, മണപ്പാട്ടുചിറ തുടങ്ങിയതാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ മറ്റു സ്ഥലങ്ങള്‍. അധികം വൈകാതെ പദ്ധതി ഇവിടെ നടപ്പിലാക്കും.’- അദ്ദേഹം വ്യക്തമാക്കി.

അതുപോലെ തന്നെ എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. മാലിന്യ നിയന്ത്രണം, നല്ല ഭക്ഷണവും വെള്ളവും, ശൗചാലയങ്ങളും മറ്റു സംവിധാനങ്ങളും, ഗ്രീന്‍ പ്രോട്ടോകോള്‍, സഞ്ചാരികളുടെ സുരക്ഷാ, പരിശീലനം നല്‍കുക, പ്രാദേശിക ആളുകളെ പങ്കെടുപ്പിക്കുക, സഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ പത്ത് അജണ്ടകളാണ് പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് മുന്നോട്ട് വെച്ചത്.

‘ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പാക്കാനും മേല്‍നോട്ടം വഹിക്കാനും ഞങ്ങള്‍ സൂപ്പര്‍വൈസര്‍മാരെ നിയമിക്കും. ഡെസ്റ്റിനേഷനുകളുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു ഡെസ്റ്റിനേഷന്‍ മാനേജറെയും നിയമിക്കും.’- വിജയകുമാര്‍ പറഞ്ഞു.

മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ടൂറിസം സ്ഥലങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി. ഈയിടെ, കേരള സംസ്ഥാന മാലിന്യ നിയന്ത്രണ ബോര്‍ഡ് (KSPCB) കേരളത്തിലെ 68 ടൂറിസം സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

എറണാകുളം ജില്ലയില്‍ കൊച്ചി നഗരം, ഫോര്‍ട്ട് കൊച്ചി, കാലടി, ആലുവ, മരട്, പറവൂര്‍, ചെറായി ബീച്ച്, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കടംബ്രയാര്‍, കുഴിപ്പിള്ളി ബീച്ച്, മുനമ്പം ബീച്ച്, ആലുവ മണപ്പുറം, അരീക്കല്‍ വെള്ളച്ചാട്ടം, ഇരിങ്ങോല്‍, ഭൂതത്താന്‍കെട്ട്, കുമ്പളങ്ങി, കാഞ്ഞൂര്‍ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

50 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍, മരുന്നുകള്‍ പാക്ക് ചെയ്യാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ എന്നിവയ്ക്ക് നിരോധനം ബാധകമല്ല. ഇതോടൊപ്പം, കൃഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 50 മൈക്രോണില്‍ കൂടുതല്‍ കനമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്കും നിരോധനമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍