UPDATES

യാത്ര

ഒരു ഹിമാലയന്‍ യാത്രാ (ഭക്ഷണ) വിശേഷങ്ങള്‍

Avatar

സനത് ബി ജോണ്‍

ലോകത്തെവിടെ ചെന്നാലും കഴിക്കാന്‍ ചോറും മോരു കറിയും വേണമെന്ന പിടിവാശിയുമായി ഹിമാലയത്തില്‍ കയറിയ ഒരു മലയാളിയുടെ ഭക്ഷണാന്വേഷണ പരീക്ഷണ യാത്രാക്കുറിപ്പ് .

ദീര്‍ഘദൂര യാത്രയ്ക്കിറങ്ങുന്ന ഏതൊരു മലയാളിയുടെയും കടുത്ത ആശങ്കയാണ് സൗത്ത് ഇന്ത്യന്‍ ഭക്ഷണം. ഈ ഗുരുതര പ്രശ്‌നം മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് കോഴിക്കോട് നിന്ന് ഞാനും ഹിമാലയത്തിലേക്ക് തീവണ്ടികയറിയത്. എന്നാല്‍ മലയാളി ഇല്ലാത്ത നാട് കാണുമോ? ചന്ദ്രനില്‍ വരെ ചായക്കട സാന്നിധ്യം പറയുന്ന നമുക്ക് എവിടെയാ പുട്ടും കടലയും കിട്ടാത്തത്, ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളുടെ ഒരു കലവറ തന്നെ വടക്കോട്ട് പോയാല്‍ ഇല്ലെ? ഡല്‍ഹിയിലെ ആന്ധ്ര ഫുഡ്, ആര്യ-ശരവണ ഭവനുകള്‍, മദ്രാസ് കഫെ, മുക്കിലും മൂലയിലും ഉള്ള ഉഡുപ്പികള്‍, മാഹി മുതല്‍ മംഗലാപുരം വരെയുള്ളവര്‍ നടത്തുന്ന മലബാര്‍ ഡീലക്‌സ് റോളെക്‌സ് ഹോട്ടലുകള്‍ പിന്നെ ഉത്തരേന്ത്യന്‍ തെരുവോരങ്ങളിലെ ഇഡലി ,ദോശ വില്‍ക്കുന്ന തമിഴ് സമൂഹങ്ങള്‍; അതീവ ആത്മവിശ്വസത്തോടെ തുടങ്ങിയ യാത്ര മുന്നോട്ട് പോയി. ലഡാക്ക് ആണ് ലക്ഷ്യം.

പക്ഷെ മനാലിയിലെ റൊതങ്ങ് പാസ് കഴിഞ്ഞു മുന്നോട്ട് പോയപ്പോഴാണ് അവിടെ മലയാളി ഫുഡ് ഇല്ല എന്ന ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. മലയാളി ഫുഡ് അല്ല ഇന്ത്യന്‍ ഫുഡ് തന്നെ ഇല്ല. പല സ്ഥലത്തും ഫുഡ് തന്നെ കിട്ടാനില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാഹസിക പാതകളിലൊന്നായ മനാലി, ലേ വഴികളിലെ ജനങ്ങള്‍ ടിബറ്റ് സംസ്‌കാരത്തില്‍ നിന്നുള്ളവര്‍ ആയതുകൊണ്ട് തന്നെ അവരുടെ രുചിഭേദങ്ങള്‍ വ്യത്യസ്തമാണ്. അതിനെ പൂര്‍ണമായി നമുക്ക് ഇന്ത്യന്‍ ഫുഡ് എന്ന് പറയാന്‍ പറ്റില്ല. മഹാ പര്‍വതങ്ങളിലൂടെയുള്ള വിദൂരയാത്രകളില്‍ പലപ്പോഴും ഒരു മനുഷ്യജീവിയെ കാണാന്‍ കിട്ടുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. അതുകൊണ്ടാണ് ഫുഡ് കിട്ടില്ല എന്ന് പറഞ്ഞത് .

ലോകത്തിലെ വിവിധ ദേശങ്ങളിലുള്ള സാഹസിക പ്രിയര്‍ തങ്ങളുടെ വാഹനം ഓടിച്ചു വരുന്ന പാത ആയതുകൊണ്ട് എല്ലായിടത്തും കിട്ടുന്ന സ്ഥിര ഭക്ഷണമാണ് മാഗി നൂഡില്‍സ്. ടിബറ്റന്‍ മോമോസ്, തുക്പാ ഓം ലെറ്റ്, ഭാഗ്യമുണ്ടെങ്കില്‍ റൊട്ടി ഐറ്റംസ്, ബ്രെഡ്, എന്തായാലും ഈ പാതകളില്‍ യാത്ര ചെയ്യുന്ന ആരും മാഗി കമ്പനിക്ക് സ്തുതി പറയാതെ ഇറങ്ങാറില്ല. എട്ടു മാസത്തിലേറെ മഞ്ഞു മൂടിക്കിടക്കുന്ന സൈബീരിയ കഴിഞ്ഞാല്‍ ഏറ്റവും തണുപ്പുള്ള ദ്രാസ് (60 Record cold) പോലുള്ള ഗ്രാമങ്ങള്‍. ഇവിടെ ജനങ്ങള്‍ കഴിക്കുന്ന കഠിനമായ ഭക്ഷണ രീതികള്‍ ഇത്തരം അപരിചിത രുചികള്‍ക്കിടയില്‍ വിഭവസമൃദ്ധമായ കേരളസദ്യ വിദൂര സ്വപ്നമായിരിക്കെ, കഠിന യാത്രയും അതി കഠിനമായ റൊട്ടിയും ചൊവ്മീനും, പുലിയും (Puli-A ladakki dish) ഒക്കെ വയറിലേറ്റി ഞങ്ങള്‍ (ഞാന്‍ ) മുന്നോട്ട് പോയി. ദീര്‍ഘമായ മൂന്നു ദിവസത്തിനുശേഷം ഞങ്ങള്‍ ലേ നഗരം പ്രാപിച്ചു.

പൂര്‍ണ്ണ ചന്ദ്രന്റെ നാടായ ലേ യില്‍, ഒരു ചായക്കട പോലും കാണുന്നില്ല. എല്ലാം ഒരുമാതിരി ഫോര്‍ട്ട് കൊച്ചി സ്‌റ്റൈല്‍. മുറ്റത്ത് കസേരയും ഇട്ട്, പകുതി വെന്ത ഇറച്ചിയും തിന്ന് ഡെലിഷ്യസ് എന്നുപറയുന്ന സാഹസിക വിനോദ സഞ്ചാരികള്‍.

ഒരു കോഴിക്കോടന്‍ തട്ടുദോശ എന്ന വിദൂരസ്വപ്നവുമായി ലേ (Leh-ladak )യിലെ തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോഴാണ് കൂടെ ഉണ്ടായിരുന്ന ഗുജറാത്തി സഹായാത്രികന്‍ എന്റെ നാട്ടുകാര്‍ എന്ന് പറഞ്ഞു രണ്ടു ഹൈദ്രബാദികളെ പരിചയപ്പെടുത്തി തരുന്നത്. അവരെ കണ്ട ഉടനെ ഒരു ഫോര്‍മാലിറ്റിയും നോക്കാതെ ആദ്യം ചോദിച്ചത് സൗത്ത് ഇന്ത്യന്‍ റസ്‌റ്റൊറന്റ് എക്കടെ ഉണ്ടി ? എന്ന് തന്നെയായിരുന്നു .

അവര്‍ ഒരു സഹതാപ ചിരിയോടെ, രണ്ടു ഹിമാലയന്‍ കെട്ടിടങ്ങളുടെ ഇടയിലെ കൊച്ചു കടയിലേക്കാനയിച്ചു. ചുവന്ന ഗ്ലാസ് ഇട്ട കടയിലെ സൗത്ത് ഇന്ത്യന്‍ ഫുഡ് AVAILABLE എന്ന കൊച്ചുബോര്‍ഡ്. അവിടെ ഒരു ചില്ലിട്ട കണ്ണാടി കൂട്ടില്‍ ഉഴുന്നു വട ഇരിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാതെ കണ്ട ഫൈബര്‍ ചില്ലുകൂട് നാട്ടിലെ മറ്റൊരു ചില്ലുകൂടിന്റെ ഓര്‍മയിലേക്കാനയിച്ചു. നാട്ടില്‍ പെരുമഴയത്ത് ചേമ്പിലയും തലയില്‍വച്ച് തോട് ചാടി അപ്പൂട്ടിയേട്ടന്റെ കടയില്‍ കയറുബോള്‍ ചില്ലിട്ട തടി അലമാരയില്‍ നിറഞ്ഞു കാണുന്ന കായപ്പത്തിന്റെ മധുര നൊമ്പരം.

എന്തായാലും എത്തിപെട്ട നിധി ശേഖരത്തില്‍, നമ്മുടെ ഭക്ഷണവും ഇവിടെ കിട്ടും എന്ന അഹങ്കാരത്തില്‍ ഗുജ്ജു സഹയാത്രികരെ നോക്കി, ശേഷം മെനുവും. ഉഴുന്നു വട, മസാല ദോശ പിന്നെ പരിചയം ഇല്ലാത്ത കുറേ പേരുകള്‍ സൗത്ത് ഇന്ത്യന്‍ എന്ന് പറഞ്ഞ് എഴുതി വച്ചിരിക്കുന്നു. പുട്ടും കടലയും കിട്ടില്ല എന്നറിയാം, എന്നാലും ഒരു മുന്‍ജന്മബന്ധം പോലുമില്ലാത്ത സൗത്ത് ഇന്ത്യന്‍ ആഹാരനാമങ്ങള്‍. ഞാന്‍ തുറന്ന അടുക്കളയിലേക്കു കണ്ണോടിച്ചു. മീശയും കുടവയറും ഉള്ള ആരെയും കാണുന്നില്ല. ക്ലീന്‍ ഷേവ് + പൂണുല്‍ കാണിക്കുന്ന ഉഡുപ്പി സ്‌റ്റൈല്‍ പാചകക്കാരെയും കാണുന്നില്ല. കണ്ടത് ഒരു രാജസ്ഥാനിയെ. അദ്ദേഹത്തോട് കേരളം അറിയുമോ എന്ന ചോദ്യത്തിന് മദ്രാസ് മുഴുവന്‍ അറിയും എന്ന മറുപടിയും. മനസിലെ ദോശ അവിടെ പകുതി കരിഞ്ഞു. പത്തു മിനിറ്റ് എന്ന നീണ്ട കാത്തിരിപ്പിന് ശേഷം സ്റ്റീല്‍ കൊണ്ടുള്ള പ്രതലത്തില്‍ നമ്മുടെ ഹിമാലയന്‍ ദോശ എത്തി. ആദ്യകാഴ്ചയില്‍ ദോശയോട് ഒരു സഹാതാപമാണ് ഉണ്ടായത്. പണ്ടെങ്ങോ ദോശയായി ജനിച്ചു, ജന്മജന്മാന്തരങ്ങള്‍ക്കപ്പുറം മറ്റെന്തോ ആയി മാറിയ ഒരു ദോശ. കൂടെ കടല ചമ്മന്തിയും .

പക്ഷെ പ്ലേറ്റ് കണ്ട സഹയാത്രികരുടെ ആരവം തയ്യാറെടുത്ത യുദ്ധത്തിനു പ്രോത്സാഹനമായി. രണ്ടെണ്ണം തട്ടിവിട്ടു. ഹിമാലയാന്‍ ദോശ; ഇന്നേവരെ കഴിച്ചതില്‍ ഏറ്റവും രുചിയുള്ള ദയനീയ ദോശ. ഹിമാലയാന്‍ ദോശയും കൊച്ചു സ്റ്റീല്‍ ഗ്ലാസിലെ കോഫിയുമൊക്കെയായി നേരം സന്ധ്യമയങ്ങുന്നതുവരെ അവിടെ ചിലവഴിച്ചു. ചില തമിഴ് സമൂഹങ്ങളെയും അവിടെ കാണാന്‍ കഴിഞ്ഞു. ശേഷം മരുഭൂമിയിലെ മരുപച്ച പോലെ ലഭിച്ച ആ കടയോടും ദോശ ഉണ്ടാക്കി തന്ന രാജസ്ഥാനി ഭീമയോടും നന്ദി പറഞ്ഞു ഞങ്ങള്‍ യാത്രയായി. ഇന്ത്യയുടെ അവസാനത്തെ ഗ്രാമമായ ടൂര്‍ടൂക്കീലേക്ക്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത പാതയായ ഖാര്‍ദുങ്ങ് ലാ താണ്ടി ഞങ്ങള്‍ നുബ്ര താഴ്‌വരയിലേക്ക് പ്രവേശിച്ചു. കണ്ണെത്താദൂരത്ത് വിജനമായി കിടക്കുന്ന പാതകള്‍. പാതയ്ക്ക് സമാന്തരമായി തല ഉയര്‍ത്തി നില്‍ക്കുന്ന കാറകോറം മല നിരകളുടെ പരിപൂര്‍ണ രൂപം. അവയ്ക്കലങ്കാരമായി പാറികളിക്കുന്ന മേഘക്കട്ടകള്‍. ഏതോ ചിത്രകലയുടെ അകത്തു എത്തിപെട്ട അവസ്ഥ. മാറി വരുന്ന കാഴ്ചകള്‍ പലപ്പോഴും ഓടിക്കുന്ന വണ്ടിയുടെ ഹാന്‍ഡില്‍ ബാലന്‍സ് തെറ്റിക്കുന്നു. സമയക്കുറവും വൈകുന്നേരം അധികമാവാന്‍ സാധ്യതയുള്ള തണുപ്പിനെയും അതിജീവിക്കാന്‍ വേഗത കൂട്ടി. അപ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ മൊബൈല്‍ റിംഗ് ചെയ്തത്. എയര്‍ടെല്ലിന്റെ അന്നത്തെ നെറ്റ്‌വര്‍ക്ക് റേഞ്ച് അവകാശവാദ പരസ്യം നുണയല്ല എന്ന ബോധ്യത്തോടു കൂടി ഫോണ്‍ എടുത്തു. വിളി വീട്ടില്‍ നിന്നാണ് .ഒരു ചെറിയ വിശേഷം – ഇന്ന് ഓണം ആണ് ,തിരുവോണം. എല്ലാ ഓണത്തിനും ചെറിയ കള്ളങ്ങള്‍ പറഞ്ഞ് ഊരു തെണ്ടാനിറങ്ങുന്ന ഞാന്‍ ഈ ഓണത്തിനു ഒരു പൂക്കളത്തിന്റെ നടുവിലാണെന്ന സത്യം പറഞ്ഞു. പിന്നെ നമ്മുടെ സഹയാത്രികരോട് ഓണസദ്യയെ കുറിച്ച് പറഞ്ഞു. ഞങ്ങളുടെ ഇരുചക്ര വാഹങ്ങള്‍ക്ക് വീണ്ടും വേഗതയാര്‍ജിച്ചു. ഏകദേശം 3 മണിയോട് കൂടി ഞങ്ങള്‍ക്ക് മനുഷ്യവാസം ഉള്ള ഒരു പ്രദേശവും ഒരു റെസ്‌റ്റൊറന്റും കാണാന്‍ സാധിച്ചു. ഒരു ടിബറ്റന്‍ വീടാണ്. അവര്‍ എല്ലാം ഉച്ചമയക്കത്തില്‍. പക്ഷെ ഞങ്ങളുടെ നിസ്സഹായാവസ്ഥ കണ്ട ഒരമ്മച്ചി ഞങ്ങള്‍ക്ക് ടൈഗര്‍ ബിസ്‌ക്കറ്റ്, കൊക്കകോള, തുപ്ക സോസ്, മോമോസ് തന്നു. കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന ആ വലിയ വിശാലതയിലേക്ക് ഒരു നിമിഷം ഉറ്റുനോക്കി ഞാന്‍ എന്റെ കഴിഞ്ഞു പോയ ഓണക്കാലങ്ങളെക്കുറിച്ചോര്‍ത്തു. കഴിഞ്ഞ ഓണം ഗോകര്‍ണയില്‍. അതിനു മുന്‍പത്തേത് മഹാരാഷ്ട്രയില്‍. കാണം വിറ്റും ഉണ്ണേണ്ട ഓണം ലഡാക്കിലെ ടൈഗര്‍ ബിസ്‌ക്കറ്റും ഗോകര്‍ണയിലെ വെജ് താലിയായും അലിഭാഗിലെ വടാപാവ് ഒക്കെയായി മാറിയിരിക്കുന്നു.

ഒരു മലയാളി എന്ന എന്റെ അസ്തിത്വത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ഓണക്കാലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ചെറിയ വിഷമം ഉണ്ടെങ്കിലും ചാനലുകളിലെ ഓണത്തെക്കാള്‍ ജീവന്‍ വഴിവക്കിലെ ഓണത്തിന് തന്നെയാണെന്ന ബോധ്യം കൂടുതല്‍ സംതൃപ്തി നല്‍കുന്നു. ഇപ്രാവശ്യത്തെ ഓണസദ്യ സമ്മാനിച്ച പഞ്ചൊക് വാങ്ങ്ദുസ് എന്ന വീടിനോട് ചേര്‍ന്ന ഭക്ഷണശാലയെയും അവിടുത്തെ സ്‌നേഹസമ്പന്നയായ അമ്മച്ചിയെയും മനസ്സില്‍ സ്തുതിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. തണുപ്പ് കൂടി വരുന്നു. തുപ്കാ സോസിന്റെ ചൂട് മുന്നോട്ട് പോകാനുള്ള ധൈര്യം നല്‍കി.

ഉത്രാടം നാള്‍ ഞങ്ങള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ ഗ്ലേസിയര്‍ താഴ്‌വാരത്തെത്തി. വര്‍ഷത്തില്‍ 365 ദിവസവും മൈനസ് 20 ഉം അതില്‍കൂടുതലും തണുപ്പുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിലേക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടുപോകുന്ന സൈന്യ വിമാനത്താവള ക്യാമ്പിലേക്കാണ് ഞങ്ങള്‍ പോയത്. അവിടെ ജോലി ചെയ്യുന്ന ജവാന്‍മാരെ ഹൃദയത്തിന്റെ ഭാഷയില്‍ നമിച്ചു പോയി. നാട്ടില്‍ അവധിക്കുവരുന്ന പട്ടാളക്കാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത് ഒരു ബഡായി ആയി കാണില്ല എന്ന ഒരു ചെറിയ തീരുമാനവും മനസ്സില്‍ എടുത്തു .

യാത്ര തുടര്‍ന്നു. ലാമയുടെ നാട്ടിലൂടെ, ശായോക് നദീതീരത്തുകൂടി, ബാള്‍ടിക് പ്രദേശങ്ങളിലൂടെ, ഇസ്ലാം ഭവനങ്ങള്‍, ബുദ്ധഭവനങ്ങള്‍. അവരുടെ ജീവിത രീതികളും ഭക്ഷണ രീതികളും. പതുക്കെ പതുക്കെ സ്വയമറിയാതെ ആ ലോകത്തോട് ഞാന്‍ ഇഴുകി ചേരുകയായിരുന്നു. ഒപ്പം അവരുടെ ഭക്ഷണ രീതികളോട്, രുചിയേറിയ ഭക്ഷണ രീതികളോട് ഞാന്‍ പ്രണയത്തിലുമായി.

തിരിച്ചുള്ള യാത്രയില്‍ സഹയാത്രികന്‍ ഞങ്ങള്‍ താമസിച്ച ഭവനത്തിനു തൊട്ടടുത്തുള്ള മിലിറ്ററി കഫെ 125 കണ്ടുപിടിക്കുകയും അവിടുത്തെ ദോശ കോര്‍ണര്‍ കണ്ടത് കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചതിനെക്കാളും വലിയ ആഹ്ലാദത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ ചൂടുള്ള മോമോസ് അന്വേഷിച്ചു നടക്കുകയായിരുന്നു. ആ അന്വേഷണത്തിന്റെ ആഘാതം പ്രിയ സുഹൃത്ത് ഡല്‍ഹിയില്‍ നിന്ന് യാത്ര പറയുന്നത് വരെ പ്രകടിപ്പിച്ചു. ആ വലിയ ചെറിയ ലോകത്തില്‍നിന്നും തിരിച്ചു പോരുമ്പോള്‍ അല്ലെങ്കില്‍ ഹിമാലയം ചുരം ഇറങ്ങുമ്പോള്‍ എവിടെ ചെന്നാലും മലയാളി ഭക്ഷണം വേണം എന്ന പിടിവാശിയും ഇറങ്ങിപ്പോയി. ഹിമാലയാന്‍ ദോശയ്ക്കുശേഷം പിന്നീടുള്ള യാത്രകളില്‍ മറ്റൊരു ദോശ അന്വേഷിക്കേണ്ടി വന്നില്ല.

 

(കോഴിക്കോട് സ്വദേശിയായ സനത് ഇപ്പോള്‍ സൌദിയിലെ റിയാദില്‍ ജോലി ചെയ്യുന്നു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍