UPDATES

യാത്ര

മഞ്ഞുമല കയറി ഉയരങ്ങളിലേക്ക് (ഹിമാലയ യാത്ര – ഭാഗം മൂന്ന്)

ട്രെക്കിങ്ങിന്‍റെ ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ വഴികളിലൂടെ നമ്മള്‍ കടന്നു പോകും. മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ പലരും മുമ്പന്മാരും ആകും എന്ന് യേശു പറയാനുള്ള കാരണം പുള്ളിയും ശിഷ്യന്മാരും കുറെ മല കേറിയത് കൊണ്ടാകും എന്ന് ഞാന്‍ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു.

മൂന്നാം ദിവസം – ഇന്ന് റാപെലിംഗ് ആണ് മെയിന്‍ ഐറ്റം. മല മുകളില്‍ നിന്നും കയറില്‍ താഴോട്ട് ഇറങ്ങുന്ന പണി ആണ് റാപെലിംഗ്. വളരെ സൂക്ഷിച്ച് ചെയ്യേണ്ട ഒരു സംഗതി ആണ് ഇത്. ശരിക്ക് കണ്ട് പഠിച്ച് ചെയ്തില്ലെങ്കില്‍ താഴോട്ട് വീണ് ചാവില്ലെങ്കിലും, പാറയുടെ ഭാഗങ്ങളില്‍ ഇടിച്ചു ചതവിനും മുറിവിനും നല്ല സാധ്യത ഉണ്ട്. മുമ്പ് ശ്രമിച്ച മൂന്നുനാല് പേര്‍ക്ക് ഈ അപകടം പറ്റിയത് കണ്ട ഞാന്‍ മുകളില്‍ റാപെലിംഗ് ആരംഭിക്കുന്ന സ്ഥലത്ത് പോയി ശരിക്ക് നോക്കി കണ്ടു പഠിച്ചു. ശരീരം നോവിക്കണ്ട ആവശ്യമില്ലല്ലോ. അത്യാധുനികമായ കയര്‍ ആണ്, ഇടവിട്ട് പരിശോധിക്കുകയും ചെയ്യും അവര്‍. ഞാന്‍ വലിയ ബുദ്ധിമുട്ട് ഇല്ലാതെ റാപെലിംഗ് പൂര്‍ത്തിയാക്കി. തിരിച്ചു വരുന്ന വഴി ഒരു കല്യാണ വീട്ടില്‍ കുമ്മനടിക്കുകയും ചെയ്തു. മധുര പലഹാര പൊതികള്‍ നമ്മള്‍ സ്‌നേഹപൂര്‍വം കൈപ്പറ്റി. റൈസ് ബിയര്‍ നിരസിക്കുകയും ചെയ്തു. ചില സമയത്ത് എനിക്ക് തല തിരിഞ്ഞ ബുദ്ധിയാണ്.

നാലാം ദിവസം രാവിലെ തന്നെ ലഞ്ച് ബോക്‌സില്‍ ഭക്ഷണവും നിറച്ച് ബേസ് ക്യാമ്പ് വിട്ടു. അടുത്ത ക്യാമ്പ് സൈറ്റ് ”തില്‍ഗന്‍”. ആണ്, സമുദ്ര നിരപ്പില്‍ നിന്നും 7000 അടി ഉയരത്തിലാണ് ഈ സ്ഥലം. വൈകീട്ട് ആവും അവിടെ എത്തുമ്പോള്‍. ഇടയ്ക്കുവച്ച് ഒരിടത്ത് നിന്നു. നമ്മള്‍ നടന്നു പോകുന്ന വഴിയില്‍ ഗ്രാമങ്ങള്‍ കാണാം. കുട്ടികളും മുതിര്‍ന്നവരും സഞ്ചാരികള്‍ക്കായി ഊന്നുവടി വില്‍ക്കുന്നുണ്ട്. 10 രൂപ മുതല്‍ 20 രൂപ വരെയുണ്ട് വില. പിന്നെ ഉണക്കിയ ആപ്പിള്‍ വില്‍ക്കുന്ന സ്ത്രീകളെ അങ്ങോളം ഇങ്ങോളം കാണാം. നാഗങ്ങളെ പൂജിക്കുന്ന ഒരു അമ്പലം കണ്ടു. അതിനോട് കുറച്ച് അപ്പുറത്തായി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നിന്നു. പിന്നെ ഒരല്‍പ്പം വിശ്രമിച്ചു. വീണ്ടും യാത്ര തുടങ്ങി. തില്‍ഗന്‍ എത്താന്‍ തുടങ്ങുമ്പോ മഞ്ഞ് മൂടിയ മലനിരകള്‍ ആരംഭിച്ചു. വൈകുന്നേരം ആകുന്നതിനു മുമ്പ് ഞങ്ങള്‍ ക്യാമ്പില്‍ എത്തി. അവിടെ ഒരു മലയാളിയെ കണ്ടു മുട്ടി, അലഞ്ഞുതിരിയുന്ന ഒരു യാത്രാ പ്രേമി. പുള്ളി അവിടെ ക്യാമ്പ് ലീഡറാണ്. ഒരു മാസക്കാലം അവിടെയുണ്ടാകും എന്ന് പറഞ്ഞു. വൈകീട്ട് ആയപ്പോള്‍ ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ ഒരു നല്ല ഇടം കണ്ടുപിടിച്ചു, കാഴ്ചകള്‍ കാണാന്‍.

ജംഗിള്‍ ബുക്കില്‍ മൗഗ്ലി ഇരിക്കാറുള്ള ഒരു പാറ പോലത്തെ ഇടം. ഞങ്ങള്‍ അവിടെ ഇരുന്നു. ആ കന്നഡ പെണ്‍കുട്ടി പാട്ട് പാടി തരാം എന്ന് പറഞ്ഞു. അവള്‍ ”ഏതു കരി രാവിലും” എന്ന പാട്ട് പാടി, മലയാളം വാക്കുകള്‍ പ്രത്യേക ഈണത്തില്‍ പാടുമ്പോ എനിക്ക് ഒരു കൌതുകം തോന്നി. അടുത്ത പാട്ട് എന്നെ അമ്പരിപ്പിച്ചു കൊണ്ട് ഒരു മാപ്പിള ആല്‍ബം പാട്ട് ആയിരുന്നു, ”അറിഞ്ഞിരുന്നില്ല ഞാന്‍ ഇങ്ങനൊരു സ്‌നേഹം” മലയാളികള്‍ അല്ലാത്തവര്‍ മലയാളം പാട്ട് പാടുമ്പോ കേള്‍ക്കാന്‍ ഇത്രേം രസം ഉണ്ടായിരുന്നല്ലേ. അഡ്‌നാന്‍ സാമി ചാഞ്ചാടി ആടി എന്ന പാട്ട് പാടുന്നത് പോലെ! YHAI ക്യാമ്പില്‍ എനിക്ക് തോന്നിയ പ്രത്യേകത, നല്ല ഭക്ഷണം ആണ്. നല്ല വെജിറ്റേറിയന്‍ ഫുഡ് സമയ കൃത്യതയോടെ, ആവശ്യാനുസരണം, നല്ല ചൂടോടെ. വൈകീട്ട് ആയപ്പോള്‍ ക്യാമ്പ് ഫയര്‍ ഔദ്യോഗികമായി അനുവദനീയം അല്ലെങ്കിലും അവിടെ അടുത്തുള്ള ക്യാമ്പില്‍ ഒരാള്‍ ഒരുക്കുന്നുണ്ട് എന്നറിഞ്ഞു. ഞങ്ങള്‍ പോയി. തണുത്ത് വിറങ്ങലിക്കുന്ന ഞങ്ങള്‍ ആട്ടവും പാട്ടും തുടങ്ങി. മുംബൈയില്‍ നിന്നും വന്ന കുറച്ചു സുഹൃത്തുക്കള്‍ ഇതിനിടെ ഡാന്‍സ് പഠിപ്പിക്കാം എന്നായി. ഡാന്‍സ് ഒക്കെ കളിച്ചിട്ടും തണുപ്പ് തുളച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ടെന്റിലേക്ക് മടങ്ങി. ഓരോരുത്തര്‍ക്കും ഉള്ള സ്ലീപിംഗ് ബാഗില്‍ കേറി കിടന്നു. രാവിലെ അടുത്ത ക്യാമ്പിലേക്ക് പോകണം.

അടുത്ത ക്യാമ്പ് ‘സൊറോട്’ എന്ന ഇടത്താണ്. സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ ആണ് ഇവിടെ. കഴിഞ്ഞ ക്യാമ്പില്‍ നിന്നും 5 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്ക്. മഞ്ഞു മൂടിയ മലനിരകള്‍ യാത്രയെ ദുഷ്‌കരമാക്കും. തില്‍ഗന്‍ ക്യാമ്പ് മുതല്‍ ട്രെക്കിംഗ് വളരെ ബുദ്ധിമുട്ടാണ്. ട്രെക്കിങ്ങിന്‍റെ ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ വഴികളിലൂടെ നമ്മള്‍ കടന്നു പോകും. മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ പലരും മുമ്പന്മാരും ആകും എന്ന് യേശു പറയാനുള്ള കാരണം പുള്ളിയും ശിഷ്യന്മാരും കുറെ മല കേറിയത് കൊണ്ടാകും എന്ന് ഞാന്‍ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു. ഉയരമുള്ള ഇടം ആയതുകൊണ്ട് നമ്മുടെ ശ്വാസമെടുക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നുണ്ട് ചിലര്‍ക്ക്. വളരെ പതുക്കെ ഞാന്‍ നടന്നു നീങ്ങി. വല്യ ലക്ഷ്യങ്ങളിലേക്ക് നടത്തത്തിന്റെ ആദ്യ നിമിഷങ്ങളില്‍ മാത്രം കണ്ണോടിക്കും. പിന്നെ ചെറിയ ചുവടുകളില്‍ മാത്രമാണ് ശ്രദ്ധ. മഞ്ഞുകട്ടകള്‍ തെന്നാന്‍ സാധ്യതയുണ്ടാകും എന്നതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിച്ചാണ് പോകുന്നത്. ഹിമപാതം ഉള്ളിടത്ത് നമ്മള്‍ വളരെ ശ്രദ്ധിക്കണം. കാലാവസ്ഥ വലിയ പ്രശ്‌നമുണ്ടാക്കിയില്ല. മഴ പെയ്താല്‍ പിന്നെ തീര്‍ന്നു. മണിക്കൂറുകള്‍ എടുക്കും ചെറിയ ദൂരം പോലും എല്ലാവരും കൂടി താണ്ടാന്‍.

വൈകീട്ട് ”സൊറോട്” ക്യാമ്പില്‍ എത്തി. ആടുകളെയും കൊണ്ട് രണ്ടു ആട്ടിടയന്മാര്‍ അവിടെ അടുത്ത് കൂടാരം അടിച്ചിട്ടുണ്ട്. കുറെ ആടുകള്‍ ഉണ്ട്, എങ്ങനെ ഇവയുടെ എണ്ണം എടുക്കുക എന്ന് ഞാന്‍ അത്ഭുതപെട്ടു. പതിവ് ചര്യകളോടെ ഇഷ്ടപെട്ട ടെന്റുകളിലേക്ക് ഞങ്ങള്‍ ചേക്കേറി. കുറച്ചു നേരം ചീട്ടൊക്കെ കളിച്ചു. പാട്ടുകള്‍ പല ടെന്റുകളില്‍ നിന്ന് ഉയരുന്നുണ്ട്. പുറത്ത് ഒരുമിച്ചു കൂടി ഇരിക്കാന്‍ എല്ലാര്‍ക്കും ആഗ്രഹം ഉണ്ട്. പക്ഷെ തണുപ്പ് സമ്മതിക്കുന്നില്ല. ഉറങ്ങാന്‍. അടുത്ത ദിവസം യാത്ര ഡുംഡുമി യിലേക്കാണ്. ഡുംഡുമി ആണ് വന്ന അന്ന് മുതല്‍ ക്യാമ്പുകളിലെ സംസാര വിഷയം. ഡുംഡുമിയില്‍ നിന്ന് ഉള്ള യാത്ര വളരെ ദുഷ്‌കരം ആണെന്ന് എല്ലാവരും പറഞ്ഞ് പേടിപ്പിക്കാറുണ്ട്. മഴയോ ഹിമാപാതമോ ഉണ്ടായാല്‍ പിന്നെ ഒന്നും പറയുകയും വേണ്ട എന്ന. 9500 അടി സമുദ്ര നിരപ്പില്‍ നിന്നും ഉയരെ ആണ് ഡുംഡുമി. മഞ്ഞ് പുതയാത്ത വഴികളില്ല യാത്രകളുടെ ഇടയില്‍. ക്യാമ്പിലെ ആളുകള്‍ തമ്മില്‍ വല്ലാത്ത ഒരു അടുപ്പം ഇതിനകം രൂപപ്പെട്ടിരുന്നു. പരസ്പരം സഹായിക്കാന്‍, അപരന് വേണ്ടി കാത്തുനില്‍ക്കാന്‍, കയ്യില്‍ പിടിച്ച് നടത്താന്‍ ഒക്കെ, എല്ലാവരും അന്യോനം മത്സരിച്ചു.

ഡുംഡുമിയില്‍ നിന്ന് ട്രെക്കിങ്ങിന്റെ ഏഴാം ദിവസം ഖര്‍ബണ്ടാരി എന്ന അടുത്ത ക്യാമ്പിലേക്ക് നടത്തം ആരംഭിച്ചു. കുത്തനെയുള്ള മഞ്ഞു മലകള്‍ താണ്ടാന്‍ ഏവരും കഷ്ടപെട്ടു. ഇതിനിടയില്‍ മഴയും വന്നുതുടങ്ങി. മഴക്കോട്ട് വാങ്ങാന്‍ മറന്ന നിമിഷത്തെ ഞാന്‍ ശപിച്ചു. വില കൂടിയ ഷൂസുകള്‍ ആളുകളുടെ ബാലന്‍സ് താങ്ങി നിര്‍ത്താന്‍ സഹായിച്ചു. അല്ലാത്തവര്‍ മനസാന്നിധ്യം ഒന്ന് കൊണ്ട് നടന്നുനീങ്ങി. ട്രെക്കിംഗ് ഈ നിമിഷം വരെ മടുക്കാതെ ആസ്വദിച്ചവര്‍ എപ്പോ അടുത്ത ക്യാമ്പില്‍ എത്തും എന്ന് ചോദിച്ചു ചോദിച്ചു രണ്ടു ഗൈഡുകളുടെ സൈ്വരം കെടുത്തി. ഇനിയും ഏറെ എന്ന് ചിറി കോട്ടി അവര്‍ പറഞ്ഞു. തണുപ്പിനെ അതിജീവിക്കാന്‍ രണ്ടു ചെറുപ്പക്കാരുടെ ബുദ്ധി അതിഭയങ്കരമായിരുന്നു. ഹിന്ദിയില്‍ നിര്‍ത്താതെ തെറി പറഞ്ഞുകൊണ്ട് മല കയറുന്നു ഇരുവരും. നാലഞ്ച് വര്‍ഷങ്ങള്‍ ആയി ഞാന്‍ പുകവലി നിര്‍ത്തിയിട്ട്. തണുപ്പ് അസഹ്യമായപ്പോള്‍ ഒരു പാറയുടെ കീഴെ ഞാന്‍ ഒന്ന് ചാഞ്ഞു നിന്നു. മഴ പെയ്യുന്നുണ്ട്. വച്ചിരിക്കുന്ന തൊപ്പിയുടെ പരിധി കഴിഞ്ഞു. തല നന്നായി നനഞ്ഞിരിക്കുന്നു. ഒരു സുഹൃത്തിനോട് സിഗരറ്റ് വാങ്ങി കൊളുത്തി. സാവധാനം പുകയൂതി വിട്ടുകൊണ്ടിരുന്നു. ചെറിയ ആശ്വാസം കിട്ടിയപ്പോള്‍ വീണ്ടും യാത്ര തുടര്‍ന്നു.

കുത്തനെയുള്ള ഇറക്കങ്ങളില്‍ മഞ്ഞ് മൂലം ആളുകള്‍ തെന്നി വീഴുന്നത് കണ്ടപ്പോള്‍ ഒരു ഗൈഡ് ഒരു ഉപായം പറഞ്ഞു. ശരീരം ഒന്ന് ബാലന്‍സ് ചെയ്ത്, ഇരുന്ന് ഊര്‍ന്നിറങ്ങിയാല്‍ മതിയെന്ന്. മഞ്ഞായത് കൊണ്ട് നാം തെന്നി പൊയ്‌ക്കോളും. ശരീരം നന്നായി തുലനം ചെയ്തില്ലെങ്കില്‍ പണി പാളാനും സാധ്യത ഉണ്ട് എന്ന് മുന്നറിയിപ്പ് കിട്ടി. എന്തെങ്കിലുമാകട്ടെ എന്ന് കരുതി ഊര്‍ന്നിറങ്ങി കൊണ്ടിരുന്നു, ചെരിവുകളിലൂടെ. കുറെ സമയം അതിലൂടെ ലാഭിച്ചു. നനഞ്ഞ് കുളിച്ച്, തണുത്ത് വിറച്ച് എല്ലാവരും ഖര്‍ബണ്ടാരി എന്ന ക്യാമ്പില്‍ എത്തി. ടെന്റില്‍ ചൂടോടെ തയ്യാറാക്കി വെച്ചിരുന്ന സൂപ്പ് എല്ലാവരും ഊതിയൂതി കുടിച്ചു. ഇതിനിടയില്‍ ട്രെക്കിങ്ങിലെ ഏറ്റവും ഉയരം കൂടിയ 12500 അടി ഉയരം ഇതിനിടെ താണ്ടിയിരുന്നു.

പിറ്റേന്ന്, അതായത് ട്രെക്കിങ്ങിന്റെ എട്ടാം നാള്‍, അടുത്ത ക്യാമ്പ് സൈറ്റ് ആയ ”ജോബ്രി നല്ല” എന്ന ഇടത്തെക്കായിരുന്നു യാത്ര. ഇനി മലയില്‍ നിന്ന് താഴോട്ടാണ്. 8000 അടി സമുദ്രനിരപ്പില്‍ നിന്ന് ഉയരെ ആണ് ഇവിടെ ടെന്റ് അടിച്ചിരിക്കുന്നത്. അവിടെക്കുള്ള യാത്ര ഒരല്‍പ്പം ലാഘവത്തോടെ പൂര്‍ത്തിയാക്കി, നമ്മള്‍ ഇതെത്ര കണ്ടത് എന്ന മട്ടില്‍. ക്യാമ്പ് കഴിയാന്‍ പോകുന്നു എന്നത് എല്ലാവരെയും സങ്കടപ്പെടുത്താതെ ഇരുന്നില്ല. അടുത്ത വര്‍ഷം ഏതു ട്രെക്കിങ്ങില്‍ ആണ് കാണേണ്ടത് എന്നുള്ള ചര്‍ച്ചയില്‍ ആയിരുന്നു മിക്കവരും. ടെന്റിനോട് ചേര്‍ന്ന് ഇവിടങ്ങളില്‍ സഞ്ചരികള്‍ക്കായുള്ള ഭക്ഷണശാല കണ്ടിരുന്നു. നോണ്‍ വെജ് ഭക്ഷണം ആവശ്യമുള്ളവര്‍ അവിടെ നിന്ന് കഴിച്ചു.

ഒമ്പതാം നാള്‍ വെളുത്തു. ഇന്ന് ഉച്ചയാകുമ്പോഴേക്കും നമ്മള്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തും. ജോബ്രി നല്ലയില്‍ നിന്ന് നടക്കാനുള്ള വഴി കുറച്ച് മാത്രമേ ദുര്‍ഘടം പിടിച്ചതായുള്ളൂ. ബാക്കി സാധാരണ മലമ്പ്രദേശമാണ്. ഒരു യാത്ര അവസാനിച്ച പ്രതീതി അപ്പോഴേ വന്നുതുടങ്ങി. മനസില്‍ ദുഃഖം തളം കെട്ടി. ഒരു 11 മണി ആയപ്പോഴേക്കും താഴെയെത്തി. അവിടെ നിന്ന് കൊണ്ടുപോകാന്‍ വണ്ടി ഉണ്ടാകില്ല എന്ന് ഗൈഡ് പറഞ്ഞു. എന്തോ സാങ്കേതിക തടസമാണത്രേ. ഇനി ബസ് കിട്ടണമെങ്കില്‍ പ്രിനി എന്ന സ്ഥലമെത്തണം. രണ്ടും കല്‍പ്പിച്ചങ്ങ് നടന്നു. ഞാനും ഹൈദരാബാദിലെ സുഹൃത്ത് സണ്ണിയും വേസ്റ്റ് പെറുക്കാന്‍ പോകുന്ന വണ്ടിക്ക് കൈ കാണിച്ചു. കൂടെയുണ്ടായിരുന്ന നാലഞ്ച് പേര്‍ മടിച്ചുനിന്നു.

ട്രാക്ടറിന്റെ എഞ്ചിന്‍, അതില്‍ ഡ്രൈവര്‍ ക്യാബിന്‍, അതില്‍ 3 പേര്‍ ഇരിപ്പുണ്ട്. അതിന്റെ പുറകില്‍ ഒരു ഷോക്ക് അബ്‌സോര്‍ബര്‍ പോലും ഇല്ലാതെ രണ്ട് ചക്രങ്ങളുള്ള വേസ്റ്റ് ബിന്‍. കല്ലും കുഴികളും നിറഞ്ഞ പാത. രണ്ട് പേരുടെയും നടു ഇപ്പൊ ഒടിയും എന്നായപ്പോള്‍ ഞങ്ങള്‍ ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ആ ചേട്ടനോട് നന്ദി പറഞ്ഞ് വണ്ടിയില്‍ നിന്നിറങ്ങി. മാലിന്യം മണക്കുന്നുണ്ടായിരുന്നു ഇരുവരെയും. ഇനി നടക്കുക തന്നെ. കുറച്ചു നേരം ഒരിടത്ത് ഇരുന്ന് ക്ഷീണം മാറിയപ്പോള്‍ ഒരു അഞ്ചെട്ട് പേര് വരുന്നത് കണ്ടു. നമ്മുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ തന്നെ. ഹെയര്‍പിന്‍ വളവുകളിലൂടെ നടക്കാതെ ഇടക്കുള്ള കുത്തനെ ഇറക്കങ്ങള്‍ പിന്നിട്ടാല്‍ നമുക്ക് നേരത്തെ എത്താം എന്ന് അവര്‍ പറഞ്ഞു. നടന്നുനടന്ന് അവശതയോടെ ഞങ്ങള്‍ പ്രിനിയിലെത്തി. ആദ്യം കണ്ട ബസില്‍ കട്രൈന്‍ ബേസ് ക്യാമ്പിലേക്ക് വിട്ടു.

അവിടെ എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞു. കുറെയേറെ പുതിയ ക്യാമ്പ് അംഗങ്ങള്‍ അവിടെ എത്തി ചേര്‍ന്നിരുന്നു. ഉച്ച കഴിഞ്ഞ് റാഫ്ടിംഗിന് പോകാം എന്ന ആശയം ഞാന്‍ പറഞ്ഞപ്പോള്‍ പതിമൂന്ന് പേര്‍ വരാം എന്നായി. രണ്ട് റാഫ്ടിംഗ് ബോട്ടുകള്‍ എടുക്കാം എന്നു പറഞ്ഞു. വില പേശുന്നതില്‍ ഗുജറാത്തികളുടെ വൈദഗ്ധ്യം കാണേണ്ടത് തന്നെ. രണ്ട് ഗുജറാത്തി സുഹൃത്തുക്കള്‍ 4500 രൂപ റേറ്റ് പേശി പേശി 2500 ഇല്‍ ഉറപ്പിച്ചു. വളരെ ത്രില്ലിംഗാണ് റാഫ്റ്റിംഗ്. ഏഴ് കിലോമീറ്റര്‍ പുഴയിലെ ചുഴികളും ഒഴുക്കും താണ്ടി അവസാനിപ്പിക്കുമ്പോള്‍ ഒരു ചെറിയ മായാലോകത്തായിരിക്കും നമ്മള്‍.

രാത്രി സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ ചടങ്ങിന് നിന്നിട്ട് കുളുവില്‍ നിന്ന് ബസ് കേറാന്‍ ആയിരുന്നു ഞങ്ങളുടെ പരിപാടി. അനുഭവങ്ങള്‍ പങ്കിട്ട്, സൗഹൃദങ്ങളോട് ഇനി അടുത്ത ഇടത്ത് വെച്ച് കാണാം എന്ന് പറഞ്ഞ് വിട വാങ്ങുമ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന 45 പേരുടെ കണ്ണുകളിലും നനവുണ്ടായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഔദ്യോഗികമായി അവസാനിക്കുകയെങ്കിലും എനിക്ക് യാത്ര ചെയ്യാന്‍ ഒരിടം കൂടിയുണ്ട്. ടൗണ്‍ പ്ലാനിംഗില്‍ ഇന്നും ഇന്ത്യയിലെ വിസ്മയമായ ചണ്ഡിഗഡ്. പിന്നെ കല്ലുകള്‍ കൊണ്ട് അത്ഭുതം രചിച്ച റോക്ക് ഗാര്‍ഡന്‍. ഞാനും രണ്ട് സുഹൃത്തുക്കളും അങ്ങിനെ 9 മണിക്ക് കട്രൈനിലെ ബേസ് ക്യാമ്പില്‍ നിന്നും ഇറങ്ങി. ഇനി ചണ്ഡിഗഡ്. ഹാഷിഷിന്‍റെ നേരിയ ഗന്ധം പരക്കുന്ന കുളുവും മണാലിയും ഞങ്ങളുടെ ബസിന്‍റെ ഏറെ അകലെയാണിപ്പോള്‍.

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍