UPDATES

യാത്ര

“വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ”: റിപ്പബ്ലിക്ക് ദിനത്തിലെ കശ്മീർ – ഒരു അനുഭവക്കുറിപ്പ്

ഒരു യാത്രികൻ എന്ന നിലയിൽ അതിരുകളില്ലാത്ത ലോകത്തെയാണ് എപ്പോഴും സ്വപ്നം കാണുന്നത്.  ആഗ്രഹിക്കുന്നതും തേടുന്നതും സ്വാതന്ത്ര്യവും സമാധാനവുമൊക്കെയാണ്. എല്ലാവരും ഇതൊക്കെ തന്നെയല്ലേ ആഗ്രഹിക്കുന്നത്.

റിപ്പബ്ലിക്ക് ദിനം പൂർണ്ണ സ്വാതന്ത്ര്യത്തോടെ നമ്മൾ ആഘോഷിക്കുമ്പോൾ ഒരിക്കലെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വടക്കേയറ്റത്തുള്ള കശ്മീർ പ്രദേശങ്ങളിലെയും അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ വരെ ചിന്തിക്കാത്ത ഈ കാര്യം ഞാന്‍ ഇന്ന് ചിന്തിച്ചു. കാരണം ഇത് എഴുതുന്നത് കശ്മീരിലിരുന്നാണ്. ശ്രീനഗറിലെ എപ്പോഴും തിരക്കുള്ള, എന്നാൽ ഇന്ന് അപ്രഖ്യാപിത കർഫ്യൂ ഉള്ളതുപോലെ ഒഴിഞ്ഞുകിടക്കുന്ന റസിഡൻസി റോഡിലിരുന്നാണ്. ഈ തെരുവിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ യാതൊരു അനക്കവും കാണുന്നില്ല. ഹർത്താൽ ദിനത്തിൽ നമ്മുടെ കേരളത്തിലെ തെരുവുകൾ ഇതിലും സജീവമാണ്. (ശ്രീനഗറിൽ നിലവിൽ ഏറ്റവും സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയുന്ന ഒരു പ്രദേശമാണ് റസിഡൻസി റോഡ്).

റസിഡൻസി റോഡിലൂടെ രാവിലെ 10 മണിക്ക് നടപ്പ് തുടങ്ങിയതാണ്, ഒരു ഭക്ഷണശാല കണ്ടെത്തിയത് 12 മണിക്ക്. അതും പകുതി ഷട്ടർ താഴ്ത്തിയ നിലയിൽ. അവിടുന്ന് കാപ്പിയും ബ്രഡ്ഡും കഴിച്ച് വീണ്ടും നടപ്പ് തുടങ്ങി. സാധാരണ ദിവസങ്ങളിൽ നല്ല തിരക്കുള്ള ഈ റോഡ് ഇന്ന് വിജനമാണ്. നിറയെ കടകമ്പോളങ്ങൾ ഉള്ള ഇവിടം എല്ലാം അടച്ചിട്ടിരിക്കുകയാണ്. ജമ്മു ആൻഡ് കശ്മീരിന്റെ സർക്കാർ വക ഒന്ന് രണ്ട് ബസും (കാലിയായിട്ട് ഓടുന്ന) പിന്നെ രണ്ടോ മൂന്നോ കാറും ഓട്ടോയും കണ്ടു.

അങ്ങിങ്ങായി കണ്ട ചിലരോട് – ‘ഇന്ന് കർഫ്യൂ ആണോ? എന്താണ് കടകൾ എല്ലാം അടച്ചിരിക്കുന്നത്? തെരുവെല്ലാം വിജനമായി കിടക്കുന്നു. മൊബൈൽ നെറ്റ് വർക്ക് ഇന്നലെ പതിനൊന്നര കഴിഞ്ഞപ്പോൾ പോയതാണ് ഇതുവരെ വന്നിട്ടില്ല. (ഒരു മണിക്ക് ശേഷം നെറ്റ് വർക്ക് ശരിയായി – ഇത് ചോദിച്ചത് ഉച്ചക്ക് പന്ത്രണ്ട് മണിയ്ക്കായിരുന്നു). എന്താ പ്രശ്നം?’ എന്നു ചോദിച്ചു. ‘ഒരു കർഫ്യൂവും ഇല്ല. കടകൾ ഒക്കെ വൈകുന്നേരമാകുമ്പോഴേക്ക് തുറക്കും. ആളുകൾ ഒക്കെ ഇറങ്ങാത്തത് പോലീസിന്റെയും പട്ടാളത്തിന്റെയും അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാനാണ്. രണ്ടു മണി ഒക്കെ കഴിയുമ്പോൾ ഇവിടം ഒക്കെ സജീവമാകും. റിപ്പബ്ലിക്ക് ദിനാഘോഷം ഒക്കെ സർക്കാർ സ്ഥാപനങ്ങളിലും, പോലീസ് സ്റ്റേഷനിലും, മിലിട്ടറി ഏരിയിലും ഒക്കെ കാണുകയുള്ളൂ. നെറ്റ് വർക്ക് ഇല്ലാത്തത് ഗവൺമെന്റ് സസ്പെൻഡ് ചെയ്തതാണ്. അത് 12 മണിക്കൂറത്തേക്കേയുള്ളൂ. കഴിഞ്ഞ തവണ 36 മണിക്കൂർ (ഒന്നര ദിവസം) ആയിരുന്നു. ഇത്തവണ എന്തോ ഇളവ് ചെയ്തു. സ്വാതന്ത്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ഇവിടെ ഇതൊക്കെ പതിവാണ്. പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുന്നതിനാണ് ഇതെല്ലാം.’ എന്നായിരുന്നു മറുപടി (ശരിക്കുള്ള കാരണം പിന്നെ അറിഞ്ഞു ദേശീയ ആഘോഷങ്ങൾ ഹർത്താലുപ്പോലെയാണ് കശ്മീർ ജനതയ്ക്ക്. ദേശീയ ആഘോഷങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ സർക്കാരിന്റെ കർശന നിയന്ത്രങ്ങൾക്ക് എതിരെയും തങ്ങളുടെ സ്വാതന്ത്യത്തിന് തടസ്സപ്പെടുത്തുന്നതിനുമുള്ള പ്രതിഷേധം).

ഇന്ന് റസിഡൻസ് റോഡ് വിട്ട് പോകരുതെന്ന് റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഓണർ പറഞ്ഞിരുന്നതുകൊണ്ട് ആ തെരുവിലൂടെ വീണ്ടും നടപ്പ് തുടർന്നു. ക്യാമറയും തൂക്കി നടന്നു വരുന്ന മൂന്നാലു പേരെ കണ്ടപ്പോൾ പത്രക്കാരണെന്ന് ഉറപ്പിച്ചു. പോയി പരിചയപ്പെട്ടപ്പോൾ ഹിന്ദി പത്രം അമർ ഉജാലയുടെയും കശ്മീരി പത്രത്തിന്റയും ഗറ്റി ഇമേജ്സിന്റെയും ഫോട്ടോഗ്രാഫേഴ്സായിരുന്നു. അവരും പറഞ്ഞത് മുമ്പ് വഴിയിൽ കണ്ട പ്രദേശവാസികൾ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു. കശ്മീരിലെ ഏറ്റവും സുരക്ഷിതമായ ഭാഗത്താണ് നമ്മൾ ഉള്ളതെന്നും ഇതൊക്കെ ഇവിടെ പതിവാണെന്നും കൂട്ടിച്ചേർത്ത് അവർ നീങ്ങി.

പിന്നെ പരിചയപ്പെട്ടത് കുറച്ച് ‘ആംഗ്രി യങ്ങ് മെൻ’സിനെയായിരുന്നു. കശ്മീരിലെ ക്ഷുഭിത യൗവനങ്ങൾ. തെരുവിലെ നടപ്പിനിടയിൽ ബഹളം കേട്ടാണ് ഇടവഴി കയറിയത്. ഒരു കൂട്ടം ചെറുപ്പക്കാർ ക്രിക്കറ്റ് കളിക്കുന്നതിന്‍റെ ഘോഷമായിരുന്നു. കൂട്ടത്തിലെ ഒട്ടുമിക്ക പേരും സൗഹൃദപരമായി ആംഗ്യങ്ങൾ കാട്ടിയപ്പോൾ ഒന്ന് രണ്ട് പേർ തിരിഞ്ഞ് നിന്നു. കളിക്കുന്നതിന്റെ വീഡിയോ എടുക്കാനും അവര്‍ സമ്മതിച്ചു. കൂടെ കളിക്കാൻ ക്ഷണിച്ചപ്പോൾ ഒന്ന് കളിക്കുകയും ചെയ്തു. അതോടെ അകന്നു നിന്നവരും അടുത്തു. അപരിചിതത്വം മാറിയപ്പോൾ അവർ കൂടുതൽ സംസാരിച്ചു. ജേണലിസ്റ്റാണ്, ഇന്ത്യ കാണാൻ ഇറങ്ങിയതാണ് എന്നൊക്കെ അറിഞ്ഞപ്പോൾ അവർ തങ്ങളുടെ അവസ്ഥയെക്കുറിച്ചും ഗതികേടിനെ കുറിച്ചുമൊക്കെ സംസാരിച്ചു.

കൂട്ടത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്ന സൊഹൈൽ ഖാൻ ശരിക്കും വൈകാരികമായി പൊട്ടിത്തെറിച്ചു – “നിങ്ങൾ എന്താണ് ഭൂമിയിലെ സ്വർഗം എന്ന് പറയുന്ന ഇവിടുത്തെ കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത്? ഇവിടെ വന്നിട്ട് ഞങ്ങൾ എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞോ? ഇന്ത്യൻ സോൾജ്യഴ്സ് ഞങ്ങളോട് ഇടപെടുന്നത് എങ്ങനെയാണെന്ന് അറിയാമോ? നിങ്ങളുടെ നാട്ടിൽ നിങ്ങൾ ഒരു സമരം നടത്തിയാൽ സർക്കാർ പരമാവധി നിങ്ങളെ എതിർക്കുക ജല പീരങ്കിയും കണ്ണീർ വാതകവുമൊക്കെ ഉപയോഗിച്ചാണ്. എന്നാൽ ഞങ്ങളെ നേരിടുന്നത് പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പടെയുള്ള ക്രൂരമായ മാർഗ്ഗങ്ങളുപയോഗിച്ചാണ്. ഞങ്ങളുടെ അമ്മമാർ പെങ്ങന്മാർ സഹോദരന്മാർ എല്ലാവരോടും അവർ ഈ രീതിയിൽ പെരുമാറുന്നു. ഞങ്ങളും മനുഷ്യരല്ലേ? ഇത് ഞങ്ങളുടെ അവസാന അവസരമാണ്. നിങ്ങളെപ്പോലെ, എല്ലാവരെയുപ്പോലെ, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം. ഞങ്ങൾ അതിനുള്ള ശ്രമത്തിലാണ് സഹോദരാ” – കെട്ടിപ്പിടിച്ച് ആ ചെറുപ്പക്കാരോട് യാത്ര പറഞ്ഞ് നടന്നപ്പോൾ അവരുടെ കണ്ണുകളിൽ കണ്ടത് എന്തായിരുന്നു? പൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്ന നമ്മളോടുള്ള അസൂയയോ പകയോ, സ്വന്തം വിധിയിലെ ദൈന്യതയോ നിരാശയോ, സ്വാതന്ത്ര്യം നേടി എടുക്കാനുള്ള വാശിയോ..? എന്തോക്കെയോ ആ കണ്ണുകളിൽ മിന്നി മറയുന്നത് കണ്ടു.

പിന്നെ ആ തെരുവിലൂടെയുള്ള യാത്രയിൽ കണ്ടത് ഒറ്റക്ക് നടക്കാത്ത പട്ടാളക്കാരെയും പോലീസുകാരെയും ആയിരുന്നു. തങ്ങളെ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യണമല്ലോ എന്ന് ആകുലതയുമായി നിൽക്കുന്ന മറ്റൊരു കൂട്ടം മനുഷ്യർ. പൊതുജനങ്ങളോട് അധികം ഇടപെടാൻ അനുവാദമില്ലാത്ത ഒരു കൂട്ടർ. ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗവും ഇവർ തന്നെയാണെന്ന് തോന്നുന്നു. ഒരു പ്രശ്‌നമുണ്ടായാൽ ഇവർക്കും നഷ്ടങ്ങളുണ്ടാകും (അവർക്ക് പത്രക്കാരോടോ പൊതുജനങ്ങളോടോ സംസാരിക്കാൻ അനുവാദമില്ല).

ഈ തെരുവിലുടെയുള്ള ചെറിയ യാത്രയിൽ അധികമില്ലെങ്കിലും പലരെയും പരിചയപ്പെട്ടു. പ്രായമേറിയവർ – തങ്ങളുടെ സങ്കടങ്ങൾ മറച്ചുവെച്ച് ആത്മാർത്ഥമായി കെട്ടിപ്പിടിച്ച് പുഞ്ചിരിയോട് സംസാരിച്ചവർ – അവർ ആരെയും കുറ്റപ്പെടുത്തിയില്ല. സമാധാനവും സ്വാതന്ത്ര്യവും വേണം. പക്ഷേ എങ്ങനെയെന്ന് അറിയില്ല ആ വൃദ്ധജനങ്ങൾക്ക്. എന്നാല്‍ ചെറുപ്പക്കാർ അസ്വസ്ഥരാണ്. തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ആകുലപ്പെട്ട് അത് തിരിച്ച് പിടിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തിളച്ചു നിൽക്കുകയാണ് അവർ.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നില്‍ യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ സർക്കാർ എടുക്കുന്ന മുൻകരുതലുകളെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ കശ്മീരിലും മറ്റും ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്തുന്ന കർശനമായ ഇത്തരം മുൻകരുതലുകളിലേക്ക് കാര്യങ്ങൾ എത്തിയ ഗതികേടിന് ആരൊക്കെയാണ് ഉത്തരവാദികൾ? അടുത്ത ദിപ്പബ്ലിക്ക് ദിനത്തിൽ നമ്മൾ ഒക്കെ അനുഭവിക്കുന്ന (പരാതികളുണ്ടെങ്കിലും) സ്വാതന്ത്ര്യം കശ്മീർ ജനതക്കും ലഭ്യമാകുമോ? അങ്ങനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇത്തവണത്തെ മുൻകരുതലുകൾ മുമ്പത്തേക്കാളും ചെറിയ തോതിൽ കുറവുണ്ടെന്ന അറിവ് ഒരു  ആശ്വാസമാണ്.

ഒരു യാത്രികൻ എന്ന നിലയിൽ അതിരുകളില്ലാത്ത ലോകത്തെയാണ് എപ്പോഴും സ്വപ്നം കാണുന്നത്.  ആഗ്രഹിക്കുന്നതും തേടുന്നതും സ്വാതന്ത്ര്യവും സമാധാനവുമൊക്കെയാണ്. എല്ലാവരും ഇതൊക്കെ തന്നെയല്ലേ ആഗ്രഹിക്കുന്നത്.

ഈ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭാവി എന്താകും?

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍