UPDATES

യാത്ര

1000 പൂന്തോട്ടങ്ങളുടെ നഗരം, വെള്ളച്ചാട്ടങ്ങളുടെ നാട്: ഝാര്‍ഖണ്ഡ് വിളിക്കുന്നു

സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട് ഝാര്‍ഖണ്ഡില്‍ – പരശനാഥ് ഹില്ലിലെ ജെയ്ന്‍ തീര്‍ത്ഥാടന കേന്ദ്രം, അവിടുത്തെ ദേശീയോദ്യാനം, കാടുകള്‍ എന്നിവ. ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചേക്കാവുന്ന 10 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

2000 നവംബര്‍ 15നാണ് ബിഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത്. ഇന്ത്യയിലെ 40% ധാതുസമ്പത്ത്, കാടുകള്‍, വന്‍ വ്യവസായശാലകള്‍ എന്നിവയൊക്കെയുണ്ടെങ്കിലും സംസ്ഥാനം പട്ടിണി, ദാരിദ്ര്യം, സാമൂഹിക അസമത്വം, അനീതി, അഴിമതി തുടങ്ങിയവ കൊണ്ട് കടുത്ത ദുരിതം അനുഭവിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ളപ്പോള്‍ തന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട് ഝാര്‍ഖണ്ഡില്‍ – പരശനാഥ് ഹില്ലിലെ ജെയ്ന്‍ തീര്‍ത്ഥാടന കേന്ദ്രം, അവിടുത്തെ ദേശീയോദ്യാനം, കാടുകള്‍ എന്നിവ. ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചേക്കാവുന്ന 10 കാര്യങ്ങളാണ് ചുവടെ പറയുന്നത്.

1. വെള്ളച്ചാട്ടങ്ങളുടെ നാട് – ഝാര്‍ഖണ്ഡിനെ വെള്ളച്ചാട്ടങ്ങളുടെ നാട് എന്നാണ് വിളിക്കുന്നത്. 150 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന ലോധ് വെള്ളച്ചാട്ടമാണ് (Lodh Falls) ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം. ലാതെഹാര്‍ (Latehar) കാടുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹുന്‍ഡ്രു വെള്ളച്ചാട്ടം (Hundru Falls), ജോന വെള്ളച്ചാട്ടം (Johna Falls,), ഡാസം വെള്ളച്ചാട്ടം (Dassam Falls), പഞ്ച് ഗാഹ് വെള്ളച്ചാട്ടം (Panchghagh Falls), ഹിര്‍നി വെള്ളച്ചാട്ടം (Hirni Falls) എന്നിവ ഇവിടുത്തെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളാണ്.

2. സാഹസികപ്രിയര്‍ക്ക് പറ്റിയ സ്ഥലം – ഝാര്‍ഖണ്ഡ് കാടുകളാല്‍ ചുറ്റപ്പെട്ട ഒരു നാടാണ്. ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ്, മൗണ്ടന്‍ ബൈകിംഗ്, പാരാഗ്ലൈഡിംഗ്, കാനോയിംഗ്, കായകിംഗ് എന്നിവയാണ് സാഹസികരെ ഇവിടെ കാത്തിരിക്കുന്നത്. സിക്കിഡ്രി (Sikidiri), ഡാസം വെള്ളച്ചാട്ടം (Dasam Falls, Ranchi) എന്നിവയാണ് സീസണല്‍ ട്രെക്കിംഗിന് പറ്റിയത്. ജംഷദ്പൂര്‍ (Jamshedpur), ദിയോഗര്‍ (Deoghar), ഗിരിദ് (Giridih) എന്നീ സ്ഥലങ്ങളില്‍ എയ്റോ സ്പോര്‍ട്സും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

3. മനസില്‍ പതിയുന്ന ഗോത്ര സംഗീതം – 30ലധികം ഗോത്രസമൂഹങ്ങളാണ് ഝാര്‍ഖണ്ഡിന്റെ സംസ്‌കാര അടയാളം എന്ന് പറയാം. ചൗ നാച്ച് ആണ് ഇവിടുത്തെ പ്രധാനപ്പെട്ട നൃത്തം. നിറങ്ങളുള്ള മുഖം മൂടിയണിഞ്ഞും, തീയും ഉപയോഗിച്ചാണ് നൃത്തം ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിലേക്ക് സഞ്ചരിച്ചാല്‍ പാരമ്പര്യമായ കലാരൂപങ്ങളായ ബുള്‍ പെയ്റ്റിംഗ്, ബോഡി പെയ്ന്റിംഗ്, ചുമര്‍ചിത്രം, ശില്‍പ്പ നിര്‍മ്മാണം എന്നിവ കാണാവുന്നതാണ്.

4. രുചിവൈവിധ്യമുള്ള ഭക്ഷണങ്ങള്‍ – ഇവിടുത്തെ ഒരു സാധാരണ വീട് സന്ദര്‍ശിച്ചാല്‍ അവര്‍ നിങ്ങളെ സത്കരിക്കുന്നത് ലിട്ടി ചോക്ക (Litti Chokha), മാല്‍പുവ (Malpua), തേക്കുവ (Thekua) , മിത ഖാജ (Mitha Khaja) എന്നീ ഭക്ഷണങ്ങള്‍ നല്‍കിയായിരിക്കും. മിക്ക ഭക്ഷണങ്ങളും പാകം ചെയ്യുന്നത് കടുകെണ്ണ ഉപയോഗിച്ചായിരിക്കും. ഇത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

5. 1000 പൂന്തോട്ടങ്ങളുടെ നഗരം – ചരിത്രപരമായ നഗരമായ ഹസരിബാഗ്, 1000 പൂന്തോട്ടങ്ങളുടെ നഗരമാണ്. ഹസരിബാഗ് നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് കടുവകള്‍, പല ഇനങ്ങളിലുള്ള മാനുകള്‍, പുള്ളിപ്പുലി, കാട്ടുപന്നി എന്നിവയെ കാണാം. കുട്ടികള്‍ക്ക് വന്യജീവികളെ പരിചയപ്പെടുത്താന്‍ പറ്റിയ ഇടമാണ് ഇവിടം.

6. ക്ഷേത്രങ്ങളുടെ നാട് – ദിയോഗര്‍ നഗരം ശിവക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങള്‍ ഉള്ള ബാബ ബൈദ്യനാഥ് ക്ഷേത്രം ഇവിടെയാണുള്ളത്. നൗലാക്ക മന്ദിറും, ബാസുകിനാഥ് ക്ഷേത്രവും നിങ്ങള്‍ക്ക് പോയി സന്ദര്‍ശിക്കാവുന്നതാണ്.

7. ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം – ചീരോ രാജവംശത്തിന് മുമ്പുള്ള കോട്ടകളാണ് പലാമു കോട്ടകള്‍. പലാമു കോട്ടകള്‍ തമ്മില്‍ 20 കിലോമീറ്റര്‍ വ്യത്യാസമുണ്ട്. ഒരു കോട്ട മലയുടെ മുകളിലും ഒരെണ്ണം താഴെയുമാണ് സ്ഥിതിചെയ്യുന്നത്. ഈ കോട്ട പണിതിരിക്കുന്നത് ഇസ്ലാമിക് ശൈലിയിലാണ് എന്നാല്‍ ശിലാശിഖിതങ്ങള്‍ സംസ്‌കൃതത്തിലാണ്.

8. ഹൃദയഹാരിയായ റോക്ക് സ്ട്രെക്ച്ചറുകള്‍ – റാഞ്ചിയിലെ റോക്ക് ഗാര്‍ഡന്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ബിര്‍സ സുവോളജിക്കല്‍ പാര്‍ക്ക്, മാന്‍ പാര്‍ക്ക് എന്നിവയും നിങ്ങളെ ഇവിടെ കാത്തിരിക്കുന്നു.

9. സൂര്യാസ്തമയ ഭംഗി നുകരാന്‍ – മംഗ്‌നോലിയയിലെ നെതര്‍ഹാറ്റ് കുന്നിലെ കോയല്‍ നദിയിലെത്തിയാല്‍ മനോഹരമായ സൂര്യസ്തമയം കാണാം. വെള്ളം ഒരു സ്വര്‍ണ്ണ പാളികളായി അവിടെ കാണാം. കുതിരപ്പുറത്തു നിന്ന് വീണ് മരിച്ച ബ്രിട്ടീഷ് പെണ്‍കുട്ടിയായ മഗ്‌നോലിയയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്.

10. വന്യജീവികളെ അറിയാന്‍ – ഇന്ത്യയിലെ ആദ്യത്തെ കടുവസങ്കേതകേന്ദ്രമായ ബെറ്റ്ല നാഷണല്‍ പാര്‍ക്ക് ഇവിടെയാണ്. ഡല്‍മ വൈല്‍ഡ്ലൈഫ് സാന്‍ചുറി (The Dalma Wildlife Sanctuary), ഹസരിബാഗ് വൈല്‍ഡ്ലൈഫ് സാന്‍ചുറി (Hazaribagh Wildlife Sanctuary) പലാമു നാഷണല്‍ പാര്‍ക്ക് (Palamu National Park) എന്നിവയും ഇവിടെയുണ്ട്. വൈല്‍ഡ് ലൈഫ് സഫാരി നടത്താനുള്ള പ്രശസ്തമായ സ്ഥലങ്ങളും ഇവിടെയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍