UPDATES

യാത്ര

നനുത്ത ഓര്‍മകളുമായി ഒരു വയനാടന്‍ മഴയാത്ര

വയനാടിന്റെ മുഖം ഏറേ മാറിയെങ്കിലും സൗന്ദര്യം മങ്ങിയിട്ടില്ല

മഴയ്‌ക്കൊപ്പമുള്ള നനുത്ത ഓര്‍മകള്‍ എന്നും സുഖമുള്ള ഒന്നാണ്. ആവിപറക്കുന്ന കട്ടന്‍ ചായയും അമ്മയുടെ മടിയിലെ അരി വറുത്തുവെച്ച പാത്രത്തിനു നേരെ കൈകള്‍ നീട്ടുന്നതും തമാശകളും താന്തോന്നിത്തരങ്ങളും ചക്കപ്പുഴുക്കും.. എല്ലാം ഓര്‍മ്മിപ്പിക്കും ഈ മഴ. കാലം മാറിയിരിക്കുന്നു.. ഇന്ന് മഴ ആസ്വദിക്കുന്നത് യാത്രകളിലൂടെയാണ്. മഴ നനഞ്ഞു സുന്ദരിയായ വയനാട്ടിലൂടെ കടന്നുപോയപ്പോള്‍ പതിവുപോലെ ആ ഓര്‍മകളും കൂടെയുണ്ടായിരുന്നു.

കാടും മഴയും എല്ലാവര്‍ക്കും ആവേശമാണ്. വയനാടിന്റെ സൗന്ദര്യം തന്നെയാണ് മഴയും കടും. ഓരോ മരങ്ങളും മറ്റൊന്നിനു അതിരിട്ടുകൊണ്ട് അങ്ങ് നീലാകാശാത്തോളം ചെന്നെത്തിയിരിക്കുന്ന കാഴ്ച മനസ്സിനെ എങ്ങോട്ടെയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് അനുഭവിച്ച് തന്നെ അറിയും. പ്രകൃതി അതിന്റെ എല്ലാ വന്യതയോടെയും സൗമ്യയത്തോടെയും നിറച്ചതാണ് ഇവിടുത്തെ കാടുകള്‍. പകുതി മൂടിയ പാതയും പതഞ്ഞൊഴുകുന്ന പുഴയ്ക്കും കനത്ത കാടിനും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ടു പോകുന്ന വയനാടന്‍ കാട്ടുപാതകളിലൂടെയുള്ള യാത്രകള്‍ ഒരു അനുഭൂതിയാണ്. നിബിഡമായ പശ്ചിമഘട്ട മലനിരകളാണ് വയനാടിനെ ഉഷ്ണഭൂമിയില്‍ നിന്ന് വേര്‍തിരിക്കുന്നത്. മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങളുമാണ് വയനാട്.

ചിത്രം- ചന്തു കിരണ്‍

കാവല്‍മാടങ്ങളില്‍ റാന്തല്‍ വിളക്കിന്റെ വെളിച്ചം മാത്രമുള്ള ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ട് വയനാട്ടില്‍. ചുരം താണ്ടി ഇംഗ്ലീഷുകാര്‍ക്ക് വഴി കാണിച്ച കരിന്തണ്ടന്‍ എന്ന ആദിവാസിയുടെ ഓര്‍മകളുറങ്ങുന്ന മണ്ണ്, പഴശ്ശിയും കുറിച്യപ്പടയും, കാവല്‍മാടങ്ങളും, മലകളും, ആദിവാസികളും അങ്ങനെ വയനാടിനെക്കുറിച്ച് പറയുവാന്‍ വാക്കുകളില്ല. കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായി 1980 നവംബര്‍ 1-നാണ് വയനാട് ജില്ല രൂപികരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ അമ്പരപ്പിക്കുന്ന സൗന്ദര്യം അതിന്റെ മൂര്‍ദ്ധന്യതയില്‍ വരച്ചുകാട്ടിയിരിക്കുകയാണ് ഈ മലനിരകള്‍. മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ വയനാട് നിലവിലുണ്ടായിരുന്നതായാണ് ആര്‍ക്കിയോളജി വിദഗ്ധരുടെ അഭിപ്രായം. കാടും കാടിനുള്ളിലെ മനുഷ്യരും ഒത്തിണക്കത്തോടെ കഴിഞ്ഞ കാലത്തിലേക്കുള്ള ഓര്‍മപ്പെടുത്തലുകള്‍ വയനാടിന്റെ പലയിടങ്ങളിലും നമ്മുക്ക് അനുഭവിക്കാന്‍ സാധിക്കും.

താമരശ്ശേരി ചുരം കടന്ന് വയനാടന്‍ മണ്ണില്‍ കാല് കുത്തുമ്പോഴറിയാം പിന്നിട്ട വഴികളും ഇനി അങ്ങോട്ടുള്ള പ്രകൃതിയും തമ്മിലുള്ള വ്യത്യാസം. പ്രകൃതിയുടെ ചൂടും ചൂരുമെല്ലാം, മഞ്ഞും മരവും തണുപ്പും പച്ചപ്പുമെല്ലാം വയനാട്ടില്‍ പ്രത്യേകത നിറഞ്ഞതാണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ പഴശ്ശിരാജ നടത്തിയ പോരാട്ടത്തിന് സാക്ഷിയായ വയനാടന്‍ കാടുകള്‍.. പഴശ്ശിപ്പടയുടെ പോരാട്ടങ്ങളുടെ താളുകളില്‍ വയനാടിന്റെ മക്കളുടെ പടയുണ്ട്, ധീര പോരാട്ടങ്ങളുണ്ട്.

ആദിവാസികള്‍ ജീവിക്കുന്ന ഉള്‍ക്കാടുകളില്‍ വന്യമൃഗങ്ങള്‍ നിരവധിയുണ്ട്. കൃഷിയിടങ്ങള്‍ കാട്ടാന പോലുള്ള മൃഗങ്ങള്‍ നശിപ്പിക്കുമ്പോഴാണ് കാവല്‍മാടങ്ങളില്‍ തങ്ങളുടെ മണ്ണിനായ് കര്‍ഷകര്‍ കാത്തിരിക്കുന്നത്. വയനാടിന്റെ മുഖം ഏറേ മാറിയെങ്കിലും സൗന്ദര്യം മങ്ങിയിട്ടില്ല. കാടും മണ്ണും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേര്‍ന്ന് കിടക്കുന്നത് അവിടെ കാണാം. എവിടെയോ കേട്ട ഒരു വായനാടന്‍ ഈരടികളുണ്ട്- ‘കാടിറങ്ങി പുഴയിറങ്ങി ഞങ്ങ ബന്നെ ഞണ്ടു പുടിച്ച് മീനു പുടിച്ചു ഞങ്ങ നടന്തേ’. ഈ വരികളായിരുന്നു തിരുനെല്ലിയിലേക്ക് യാത്രയില്‍ കാടിന്റെ മമ്ണിന്റെ തനതു മക്കളെ കണ്ടപ്പോള്‍ ആ വരികള്‍ ഓര്‍മ്മവന്നു. കാടിന്റെ യഥാര്‍ഥ അവകാശികളായ ഇവര്‍ വീര്യം കൂടിയ വയനാടന്‍ പോലയും(പുകയില) കൂട്ടിയുള്ള മുറുക്കാന്‍ മുറുക്കി മഴകാലത്ത് കാട് നല്‍കുന്ന സമ്മാനങ്ങള്‍ തേടി നടക്കുകയാണന്ന് തോന്നുന്നു. കൂണ്‍ കാട്ടുതേന്‍ പലതരം ഇലകള്‍ ഇവയെല്ലാം മഴക്കാലത്ത് ആദിവാസികള്‍ കിട്ടുന്ന പ്രകൃതിയുടെ സമ്മാനം.


തെക്കന്‍ കാശി എന്നറിയപ്പെടുന്ന വയനാടന്‍ ഗോത്രഭൂമിയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്‍പ്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കാനും വിശ്വാസികള്‍ ധാരാളം എത്താറുണ്ട്. വിശ്വാസമില്ലാത്തവരും ഇവിടെ വരും പ്രകൃതി സൗന്ദര്യം നുകരാന്‍. മഴ പെയ്യുമ്പോള്‍ തിരുനെല്ലി കാട് പൂക്കും.. അപ്പോള്‍ പച്ചപ്പ് വിരിച്ച കാട്ടിനുള്ളില്‍ നിന്നും ആദിവാസിപെണ്‍കുട്ടികള്‍ ഇങ്ങനെ പറയുന്നുണ്ടാവും ‘ഏയ് പെണ്ണെ നീയു നാണു തേനെടുക്കാന്‍ കാട്ടുക്കുള്ളെ പൂവാ…മയാ വരും ഓടി ബരി.’

തിരുനെല്ലി കാട്ടിലൂടെ 7 കിലോമീറ്റര്‍ നടന്നാല്‍ പക്ഷിപാതാളത് എത്താം. അപൂര്‍വ്വമായ പറവകള്‍ എത്തുന്ന നിഗൂഡമായ ഭീതി ജനിപ്പിക്കുന്ന ഒരു ഗുഹയാണ് പക്ഷിപാതാളം. കണ്ണിനു താഴെ കുടകും വയനാടും ഇതാണ് പക്ഷിപാതാളത്തില്‍ നിന്നുള്ള കാഴ്ച. കടല്‍നിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലുള്ള പക്ഷിപാതാളം ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകലും കാട്ടുമൃഗങ്ങളും കൊണ്ട് സമ്പന്നമാണ്. അനേകം ഇനത്തില്‍ പെട്ട പക്ഷികളുടെ വാസസ്ഥലമാണ് ഇവിടെ. കര്‍ണ്ണാടക അതിര്‍ത്തിയോട് തൊട്ടടുത്താണ് ഈ സ്ഥലം. ബ്രഹ്മഗിരിയുടെ വടക്കേ അറ്റത്ത് മലമുകളിലുള്ള ഈ വലിയ പാറ ഗുഹകളില്‍ ധാരാളം പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. ഭീമാകാരങ്ങളായ അനേകം ഉരുളന്‍ കല്ലുകളാല്‍ രൂപപ്പെട്ട ഈ ഗുഹകളിലൂടെ സഞ്ചാരികള്‍ക്ക് അടിയിലേക്ക് ഇറങ്ങാം. താഴെഭാഗത്ത് വവ്വാലുകള്‍ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന ഒരു ഗുഹ കാണാന്‍ സാധിക്കും. വിവിധയിനം ദേശാടനപക്ഷികള്‍ കൂടുകൂട്ടുന്ന മറ്റ് ഗുഹയില്‍ പണ്ടുകാലത്ത് സന്യാസിമാര്‍ തപസ്സിന് ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഇടവുമുണ്ട്. കേരളത്തിലെ വിപ്ലവകാരികളുടെ ഒളിത്താവളം കൂടിയായിരുന്നു ഒരു കാലഘട്ടത്ത് ഈ ഗുഹ. പക്ഷിപാതാളത്ത് എത്തുവാന്‍ വനം വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം. കൂടാതെ അവര്‍ അധികാരപ്പെടുത്തിയിട്ടുള്ള വഴികാട്ടികളെയും (ഗൈഡ്) കൂടെ കൂട്ടണം.

വയനാടിന്റെ മറ്റൊരു കാഴ്ചയാണ് പൂക്കോട് തടാകം, നാലുവശവും വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രകൃതിദത്ത തടാകത്തില്‍ സഞ്ചാരികള്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മഴയാത്രയില്‍ പൂക്കോട് തടാകത്തിനു ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. നവദമ്പതികളും കാമുകികാമുകന്മാരുടെ പ്രിയപ്പെട്ട ഒരുയിടം കൂടിയാണ് ഈ തടാകം. കൈകള്‍ കോര്‍ത്ത് നൂലുപോലെ പെയ്തിറങ്ങുന്ന മഴയിലൂടെ നടന്നു നീങ്ങുന്നവരുടെ ദൃശ്യം ഒരു ചിത്രമായി അവിടുന്ന് നിന്ന് ഇറങ്ങിയപ്പോള്‍ മനസ്സില്‍ നിറഞ്ഞ് നിന്നിരുന്നു. മഴ നനഞ്ഞ് പിന്നെ പോയത് മണ്ണുകൊണ്ടുള്ള അണക്കെട്ടുകളില്‍ വലുപ്പമേറിയ ഡാം ആയ ബാണാസുര സാഗറിലേക്കായിരുന്നു. ബാണാസുര മലകളുടെ പശ്ചാത്തലം ഡാമിന് ഭംഗിയേറുന്നു. ഡാമില്‍ ബോട്ടിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കല്‍പറ്റയില്‍ നിന്ന് ഏതാണ്ട് 24 കിലോ മീറ്ററോളം ദൂരമുണ്ട് അങ്ങോട്ടേക്ക്. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്രമല വയനാടിന്റെ മറ്റൊരു കാഴ്ചയാണ്. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരാണ് ഇവിടെയെത്തുന്നവരില്‍ ഏറെയും. വനം വകുപ്പിന്റെ അനുമതിയോടെ ഗ്രൂപ്പ് ട്രക്കിംഗ് ആസ്വദിക്കാന്‍ കഴിയും. ചെമ്പ്ര മലപ്രണയ ജോഡികളുടെ മറ്റൊരുയിടമാണ്. മലയുടെ മുകളിലുള്ള ഹൃദയ ചിഹ്നത്തിലുള്ള തടാകം (ലൗ ലേക്ക്) ആരെയും ഒന്നു പിടിച്ചിരുത്തുന്നതാണ്.

കാടിന്റെ സൗന്ദര്യവും സാഹസികയാത്രയും മഴയും നിറഞ്ഞ് ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. മൂന്ന് തട്ടായി ഒഴുകുന്ന വെള്ളച്ചാട്ടം. വടുവഞ്ചാലില്‍ നിന്ന് ഊട്ടി റോഡില്‍ നാല് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീന്മുട്ടിയിലെത്താം. കാടിനുള്ളിലൂടെ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്തു വേണം വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍. ഗൈഡിന്റെ സേവനം ലഭ്യമാണ്. ശിലായുഗത്തിലേക്ക് ഓര്‍മ്മകളെ നയിക്കുന്ന കാഴ്ചകള്‍ നിറഞ്ഞ എടയ്ക്കല്‍ ഗുഹയും മറ്റൊരു അനുഭവമാണ്. അമ്പലവയലിലെ അമ്പുകുത്തി മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതാണ് എടക്കല്‍ ഗുഹ. ശിലായുഗത്തെ ചുമര്‍ കൊത്തുചിത്രങ്ങളാണ് പ്രത്യേകത. ലോക പൈതൃക പട്ടികയുടെ പരിഗണനയിലുള്ള എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധാകേന്ദ്രമാണ്. തിങ്കളാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും ഗുഹയിലേക്ക് പ്രവേശനമുണ്ടാക്കാറില്ല.

കാടിനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാനനമഴ കാഴ്ചകള്‍ അത്ഭുതമായിരിക്കും. നീലഗിരി ജൈവമെഖലയിലെ ബന്ദിപ്പൂര്‍ ദേശീയ പാര്‍ക്കും മുതുമല വന്യജീവി സങ്കേതമായും ബന്ധപ്പെട്ടു കിടക്കുന്നു. ആനകള്‍ക്ക് പ്രസിദ്ധമാണീ വന്യജീവി സങ്കേതം. ഇതേ പോലെ വന്യ മൃഗങ്ങളുടെ ലോകത്തേക്കുള്ള സാഹസിക യാത്രാനുഭവം നല്‍കുന്ന മറ്റൊരുയിടമാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതം നല്‍കുന്നത്. ഇവിടെ പ്രവേശിക്കുന്നതിന് വനം വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. തിരുനെല്ലി റൂട്ടിലുടെ തന്നെ യാത്ര ചെയ്താല്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.


വയനാട്ടിലെ എത്തുന്ന ഏവരുടെയും മനം കവരുന്ന ഇടമാണ് കുറുവാ ദ്വീപ്. 950 എക്കര്‍ വിസ്തൃതിയില്‍ കബനി നദിയില്‍ ചിതറിക്കിടക്കുന്ന നൂറ്റിയമ്പതോളം ചെറു ദ്വീപുകള്‍ ആണ് കുറുവയുടെ പ്രത്യേകത. മുളകൊണ്ടുള്ള പാലങ്ങളും ചങ്ങാടയാത്രയും വന്യ സൗന്ദര്യവും ഈ ദീപസമൂഹങ്ങള്‍ക്ക് ചാരുതയേകുന്നു. കൂടാതെ ഒരു ദ്വീപില്‍ നിന്ന് അടുത്ത ദ്വീപിലേക്ക് പാറക്കെട്ടിലുടെയും കോച്ചുന്ന തണുപ്പുള്ള പുഴയില്‍ ഇറങ്ങിയുള്ള യാത്ര മറ്റ് ഒരിടത്ത് നിന്നും കിട്ടില്ല. പുല്‍പ്പള്ളി വഴിയും കാട്ടിക്കുളം വഴിയും ഈ ദ്വീപില്‍ എത്തിച്ചേരാന്‍ സാധിക്കും. കാട്ടു ചോലകളുടെ വന്യതയും സൗമ്യതയും ശരിക്കും കാട്ടി തരും കുറവാ ദ്വീപ്.

പഴശ്ശി കുടീരം, പഴശ്ശി മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം, കല്ലമ്പലം, കാന്തന്‍പാറ, ഫാന്റെം റോക്ക്, കാരാപ്പുഴ ഡാം, ജൈന ക്ഷേത്രങ്ങള്‍, ചിതറാല്‍ വെള്ളച്ചാട്ടം, അങ്ങനെ അങ്ങനെ പോകുന്നു വയനാടിന്റെ സൗന്ദര്യയിടങ്ങള്‍. പ്രദേശിവാസികള്‍ക്ക് മാത്രം ധാരണയുള്ള മനോഹരമായയിടങ്ങള്‍ വെറയുമുണ്ട്. കന്യകയായി തുടരുന്ന വയനാട്ടിന്റെ കാട്ടിടങ്ങള്‍ തേടി ഏറെ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും കുറച്ച് നിമിഷത്തെ കൗതുകത്തിന് വേണ്ടി അവളെ നശിപ്പിക്കാനാണ് പലരും എത്തുന്നത്. അവളെ ബഹുമാനിക്കാന്‍ മറന്നുപോകുന്നു സഞ്ചാരികളില്‍ പലരും.. അടുത്ത മഴക്കാലത്ത് അവള്‍ ഉണ്ടാകുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

രഞ്ജിമ കെ ആര്‍

രഞ്ജിമ കെ ആര്‍

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍