UPDATES

യാത്ര

മൂടല്‍മഞ്ഞിന് മറച്ചുവയ്ക്കാനാവില്ല, കാഞ്ചന്‍ജംഗയുടെ സൂര്യനെ….

കാഞ്ചന്‍ജംഗയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും നല്ലത് ടൈഗര്‍ ഹില്‍ ആണ്. പുലര്‍ച്ചെ തന്നെ സൂര്യോദയം കാണാന്‍ ടൈഗര്‍ ഹില്ലിലേക്ക് പോകാം.

സത്യജിത് റേയുടെ ആദ്യ കളര്‍ ചിത്രമാണ് 1962ല്‍ പുറത്തിറങ്ങിയ കാഞ്ചന്‍ ജംഗ. അവധിക്കാലം ആഘോഷിക്കാന്‍, കാഞ്ചന്‍ജംഗയിലെ ഉദയാസ്തമയങ്ങള്‍ ആസ്വദിക്കാന്‍, തെളിഞ്ഞ സൂര്യപ്രകാശത്തില്‍ കാഞ്ചന്‍ജംഗ കാണാന്‍ ഡാര്‍ജിലിംഗിലെത്തിയ ഒരു ബംഗാളി കുടുംബത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഗൗതം ഘോഷിന്റെ ‘ശൂന്യോ ഒങ്കോ” എന്ന ബംഗാളി ചിത്രത്തില്‍ യുവ ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിന്റെ പിരിമുറുക്കം അഴിച്ചുവയ്ക്കാനെത്തുന്നത് ഡാര്‍ജിലിംഗില്‍ കാഞ്ചന്‍ജംഗയുടെ അടിവാരത്താണ്. ഡാര്‍ജിലിംഗ് വളരെ കാല്‍പ്പനികവും പ്രണയാതുരവുമായ അനുഭൂതി പകരുന്ന സ്ഥലമായിട്ടാണ് എല്ലായ്പ്പോഴും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. കാഞ്ചന്‍ജംഗ കാണുന്നത് ബംഗാളികളെ സംബന്ധിച്ച് പലപ്പോഴും ഒരു ആചാരം പോലെയുമാണ്.

തണുത്ത സന്ധ്യാ നേരത്ത് ഒരു ബോള്‍ തുക്പാ കഴിക്കാം, മദ്യം നുകരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജോയ്‌സ് പബ്ബില്‍ പോയി ഒരു ഗ്ലാസ് സിക്കിം സുപ്രീം റം കുടിക്കാം. മ്യൂസിക് ബാന്‍ഡിനൊപ്പം പാട്ട് പാടി ആസ്വദിച്ച് അടുത്ത ദിവസം മൂടല്‍മഞ്ഞൊന്നുമില്ലാത്ത തെളിഞ്ഞ കാലാവസ്ഥയുള്ള ഒരു നല്ല ദിവസം പ്രതീക്ഷിച്ച് സുഖമായി ഉറങ്ങുക. മൂടല്‍മഞ്ഞ് മാറി, തെളിഞ്ഞ സൂര്യനുള്ള കാഞ്ചന്‍ജംഗയെ കാണാനാണ് കൂടുതല്‍ പേരും ഡാര്‍ജിലിംഗിലെത്തുന്നത്. പിന്നെ തേയില തൊട്ടങ്ങള്‍ നിറഞ്ഞ മനോഹരമായ കുന്നിന്‍ ചെരിവുകള്‍, ടോയ് ട്രെയിന്‍ യാത്ര ഇതെല്ലാം നല്ല അനുഭവമായിരിക്കും. നാരോഗേജ് ട്രെയിനുകള്‍ സിലിഗുഡി ജംഗ്ഷന്‍ മുതല്‍ സര്‍വീസ് നടത്തുന്നു.

തൊട്ടടുത്ത് സിക്കിം ഉണ്ടെങ്കിലും ചൂട് കാലത്ത് ഡാര്‍ജിലിംഗ് തേടി പോകുന്ന ബംഗാളികളുടെ നൊസ്റ്റാള്‍ജിക്ക് വികാരങ്ങള്‍ക്ക് വലിയ മാറ്റമില്ല. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചിട്ട് പോയ നിരവധി കെട്ടിടങ്ങള്‍ കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശേഷിപ്പുകള്‍ ആയും ചരിത്രം ഓര്‍മ്മപ്പെടുത്തിയും ഇവിടെയുണ്ട്. ഗ്ലനറീസ്, കെവെന്റര്‍സ് തുടങ്ങിയവ പോലെ ബ്രിട്ടീഷ് ഭരണകാലം മുതലുള്ള പഴയ റെസ്റ്റോറെന്റുകളും ഇന്നും ഇവിടെയുണ്ട്.

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് ഹിമാലയത്തിലെ കാഞ്ചന്‍ജംഗ. ഇന്ത്യന്‍ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഡാര്‍ജിലിങ്ങിന്റെ കാലാവസ്ഥ എപ്പോള്‍ വേണമെങ്കിലും പെട്ടെന്ന് തന്നെ മാറാം. മഴ, മഞ്ഞ്, വെയില്‍ എല്ലാം വളരെ പെട്ടെന്ന് മാറിമറിയും. കാഞ്ചന്‍ജംഗയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും നല്ലത് ടൈഗര്‍ ഹില്‍ ആണ്. പുലര്‍ച്ചെ തന്നെ സൂര്യോദയം കാണാന്‍ ടൈഗര്‍ ഹില്ലിലേക്ക് പോകാം. ഡാര്‍ജിലിങ്ങിലെ ചന്ദ്രന് കൂടുതല്‍ തിളക്കമുണ്ട്, നക്ഷത്രങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ട്, ആകാശം കൂടുതല്‍ നീലയാണ്, സത്യജിത് റേയുടെ കാഞ്ചന്‍ജംഗയുടെ അവസാനം മൂടല്‍ മഞ്ഞൊക്കെ മാറി കാഞ്ചന്‍ജംഗയെ തെളിഞ്ഞു കാണാം. കാഞ്ചന്‍ജംഗയെ തെളിഞ്ഞുകാണാന്‍ സാധിച്ചാല്‍ ഡാര്‍ജിലിംഗ് യാത്ര പൂര്‍ണമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍