UPDATES

യാത്ര

ഇരുപത് വിമാനങ്ങൾക്ക് ഒരേ സമയം നിർത്താവുന്ന ഗ്രീൻ ഫീൽഡ് എയർപോര്‍ട്ട് കണ്ണൂരില്‍ റെഡി (ചിത്രങ്ങളും വീഡിയോയും)

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യമുള്ളതുമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ വലിയ യാത്രാവിമാനം ഇറങ്ങി

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യമുള്ളതുമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ വലിയ യാത്രാവിമാനം ഇറങ്ങി. 190 സീറ്റുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 737 -800 ബോയിങ്ങ് വിമാനമാണ് ഇന്ന് രാവിലെ പത്ത് മണിയോടെ മട്ടന്നൂരിലെ കണ്ണൂർ വിമാന താവളത്തിലിറങ്ങിയത്. ഇരുപത് വിമാനങ്ങൾക്ക് ഒരേ സമയം നിർത്താവുന്ന ഗ്രീൻ ഫീൽഡ് എയർപോർട് ആണിത്. നിലവിൽ മൂന്നു കിലോമീറ്ററിലധികം റൺവേയുണ്ട് കണ്ണൂർ വിമാനത്താവളത്തിന്. അധികം താമസിയാതെ ഇത് നാല് കിലോമീറ്ററാകും.

ആദ്യവർഷം പതിമൂന്നു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. വലിയ തോതിലുള്ള കാർഗോ സംവിധാനവും ഉണ്ട്. പത്തോളം ചെറു വിമാനങ്ങൾ നേരത്തെ മട്ടന്നൂരിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും വലിയ വിമാനം ആദ്യമായാണ് ഇറക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാവിലെ 9.45 ന് പുറപ്പെട്ട വിമാനമാണ് കണ്ണൂരി ഇറക്കിയത്. ഷെഡ്യൂൾ, ലാൻഡിംഗ്, റൺവേ അടക്കമുള്ളവയുടെ പ്രവർത്തന ക്ഷമത പരിശോധിച്ചു.

ജെറ്റ് എയർവേയ്സ്, ഗോ എയർ, ഇൻഡിഗോ, കമ്പനികൾക്ക് അന്താരാഷ്ട്ര ആഭ്യന്തര സർവീസുകൾ അനുമതി ആയിട്ടുണ്ട്. ഒക്ടോബർ ഇരുപത്തിഒന്‍പതിനു പുറത്തിറങ്ങുന്ന ഈ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിൽ കണ്ണൂർ വിമാനത്താവളവും ഇടം പിടിക്കുമെന്നു അധികൃതർ അറിയിച്ചു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്ന് ഇരുപത്തഞ്ചു കിലോമീറ്റർ അകലെ മട്ടന്നൂർ മൂർഖൻപറമ്പിലാണ് വിമാനത്താവളം.
സെപ്റ്റംബറിൽ തന്നെ വിമാനത്താവള ലൈസൻസ് നൽകുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു നേരത്തെ വ്യക്തമാക്കിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്തിമ പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിനു ശേഷം എയര്‍ക്രാഫ്റ്റ് പരീക്ഷണത്തിനായാണ് വലിയ യാത്ര വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്.

എയർ ട്രാഫിക് കൺട്രോളിൽ നിന്ന് റൂട്ടുകളുടെ നിർണയം, റേഡിയോ നാവിഗേഷൻ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായിരുന്നു യാത്രാ വിമാനമിറക്കിയത്. റൺവേ, ടാക്സി ട്രാക്, ഗ്രൗണ്ട് ലൈറ്റിംഗ് തുടങ്ങിയ സംവിധാനങ്ങളും കഴിഞ്ഞ ദിവസം പരിശോധിച്ച് നടപടികൾ പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിബന്ധന പ്രകാരമുള്ള ഡി വി ആർ ഓ പരീക്ഷണമാണ് ഇന്ന് കണ്ണൂർ വിമാന താവളത്തിൽ നടന്നത്.

വിമാനത്താവളത്തിനു ലൈസൻസ് നൽകുന്നതിനുള്ള ഡി ജി സി എ അന്തിമ പരിശോധന പൂർത്തിയായിട്ടുണ്ട്. പരിശോധനയും പരീക്ഷണ പാറക്കലും സംബന്ധിച്ച റിപ്പോർട് ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്നാണ് അറിയുന്നത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് രണ്ടാഴ്ചക്കുള്ളിൽ ലഭ്യമായേക്കും. ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ പൂർണ തൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന.

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍