UPDATES

യാത്ര

ചൈന, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് സഞ്ചാരികളെ എത്തിക്കാന്‍ പദ്ധതികളുമായി കേരള ടൂറിസം!

യുകെ, യുഎസ്, യൂറോപ്പ് തുടങ്ങിയ പരമ്പരാഗത മാര്‍ക്കറ്റില്‍ നിന്നും വഴിമാറി പുതിയ വിപണിയിലേക്ക് കാല്‍കുത്തുകയാണ് കേരള ടൂറിസം.

ചൈന, പടിഞ്ഞാറന്‍ ഏഷ്യ, റഷ്യ, കിഴക്കേ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേരള ടൂറിസം പദ്ധതിയിടുന്നു. യുകെ, യുഎസ്, യൂറോപ്പ് തുടങ്ങിയ പരമ്പരാഗത മാര്‍ക്കറ്റില്‍ നിന്നും വഴിമാറി പുതിയ വിപണിയിലേക്ക് കാല്‍കുത്തുകയാണ് കേരള ടൂറിസം.

കേരളത്തിലെ ടൂറിസം മേഖലയില്‍ നിന്നും 34,000 കോടി ആണ് കഴിഞ്ഞ വര്‍ഷം ലഭിച്ച വരുമാനം. പത്തു ശതമാനം ആണ് കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) ടൂറിസം മേഖലയുടെ സംഭാവന. പ്രളയത്തില്‍ 1500 കോടി രൂപയുടെ നാശനഷ്ടമാണ് കേരളത്തിന് ഉണ്ടായത്.

കേരളത്തിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നത് ടൂറിസം മേഖലയ്ക്ക് ജിഡിപിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ സഹായിക്കുമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ‘സന്ദര്‍ശകരുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തിന് സാമ്പത്തിക നേട്ടമുണ്ടാകും. ഹോട്ടല്‍ ഉടമകള്‍, ഹോം സ്റ്റേ ഉടമകള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കട ഉടമകള്‍, മറ്റു കച്ചവടക്കാര്‍ തുടങ്ങിയ എല്ലാരും ഉള്‍പ്പെടുന്നതാണ് ടൂറിസം മേഖല. അതുകൊണ്ട് തന്നെ കൂടുതല്‍ സഞ്ചാരികള്‍ കേരളത്തില്‍ എത്തുന്നത് ഇവര്‍ക്കും ഉപകാരപ്പെടും.’- റാണി ജോര്‍ജ് വ്യക്തമാക്കി.

പുനരുദ്ധാരണ പ്രവര്‍ത്തനം

പ്രളയ ബാധിത മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി നല്‍കാനുള്ള തീരുമാനം ഉണ്ട്. ഇതിനായി റെസ്പോണ്‍സിബിള്‍ ടൂറിസം മിഷനും കേരള ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ടൂറിസം ആന്‍ഡ് സ്റ്റഡീസും (KITTS) സര്‍വ്വേ നടത്തിയിട്ടുണ്ട്. മലബാറും വടക്കന്‍ കേരളയുമാണ് നിലവില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കൊല്ലം ചടയമംഗലത്തെ ജഡായു എര്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പം (ജടായു ശില്‍പം), കേബിള്‍ കാര്‍ സംവിധാനം, വെര്‍ച്വല്‍ റിയാലിറ്റി മ്യൂസിയം എന്നിവയാണ് ഇവിടെ പ്രധാന ആകര്‍ഷണങ്ങള്‍.

മറ്റ് ആകര്‍ഷണങ്ങള്‍

‘നെഹ്‌റു ട്രോഫി വള്ളംകളി വളരെ ആവേശത്തോടെ തന്നെ നടന്നു. നീലകുറുഞ്ഞി കാണാന്‍ നിരവധി പേരാണ് എത്തിയത്. ഇന്ത്യയിലും വിദേശത്തും കൂടുതല്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. കേരളം പ്രളയത്തെ അതിജീവിച്ചെന്ന സന്ദേശം എല്ലാവരിലും എത്തിക്കും.’- റാണി ജോര്‍ജ് പറഞ്ഞു.

കേരള ടൂറിസം മേഖലയിലെ പൊതു – സ്വകാര്യ ഉടമസ്ഥതാ മാതൃക (പിപിപി മോഡല്‍) മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്. സ്വകാര്യ മേഖലയില്‍ പ്രാദേശിക വ്യവസായികള്‍, ഹോട്ടല്‍ ഉടമകള്‍, ടൂര്‍ ഓപ്പറേറ്ററുകള്‍, ഹോം സ്റ്റേ ഉടമകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സ്വകാര്യ മേഖലയിലെ എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ എന്നും ഉണ്ട്.’- റാണി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍