UPDATES

യാത്ര

സാഹസിക വിനോദസഞ്ചാരത്തില്‍ ശ്രദ്ധ പതിപ്പിച്ച് കേരള ടൂറിസം വകുപ്പ്

യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ സാഹസിക വിനോദസഞ്ചാരത്തിന് പ്രത്യേക ഊന്നല്‍ നല്‍കും

‘സാഹസിക, പ്രവര്‍ത്താധിഷ്ടിത വിനോദസഞ്ചാര’ കേന്ദ്രമായി മാറാനുള്ള കേരളത്തിന്റെ ബൃഹത്തും എണ്ണമറ്റതുമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് ശ്രദ്ധചെലുത്തുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സാഹസികതയെയും പ്രവര്‍ത്തനനിരതയെയും അടിസ്ഥാനമാക്കിയിള്ള വിനോദ സഞ്ചാരത്തിന്റെ ആവശ്യങ്ങള്‍ ടൂറിസം വകുപ്പ് തന്നെ നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സംസ്ഥാന വിനോദസഞ്ചാരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വകുപ്പ് സംഘടിപ്പിച്ച ഒരു ദിവസത്തെ ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാഹസിക, പ്രവര്‍ത്തനാധിഷ്ടിത വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുതിയ വിനോദസഞ്ചാരനയം ഉടന്‍ തന്നെ നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ പുഷ്ടിപ്പെടുത്തുക എന്നതായിരുന്നു ശില്‍പശാലയുടെ ഊന്നല്‍. സാഹസിക വിനോദസഞ്ചാര മേഖലയിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സംസ്ഥാന വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു.

2021 ആവുമ്പോഴേക്കും കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുക എഎന്ന ലക്ഷ്യത്തോടെ മേഖലയെ മുന്നോട്ട് നയിക്കുന്നതിനുള്ള പുതിയ പാതകള്‍ കണ്ടെത്തുന്നതിനായി സ്വയം നവീകരിക്കാനുള്ള ശ്രമങ്ങളിലാണ് കേരള വിനോദസഞ്ചാരം ഇപ്പോഴുള്ളത്. ഇത് മനസില്‍ വച്ചുകൊണ്ട് വടക്കന്‍ കേരളത്തെ അടിസ്ഥാനമാക്ക് ഒരു വിനോദസഞ്ചാര സര്‍ക്യൂട്ട് ആരംഭിക്കാന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധയൂന്നിയിരിക്കുന്ന പദ്ധതികളില്‍ നിന്നും വ്യതിചരിച്ചുകൊണ്ട് യുവാക്കളെ കൂടുതലായി സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്ന എന്ന ഉറ്റലക്ഷ്യം മുന്‍നിര്‍ത്തി സാഹസിക വിനോദസഞ്ചാരത്തിന് പ്രത്യേക ഊന്നല്‍ നല്‍കും.

സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരം വളര്‍ത്തുന്നതിന് വനംവകുപ്പുമായുള്ള സഹകരണവും സംഘാടനവും അത്യന്താപേക്ഷിതമാണെന്നും എന്നാല്‍ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങള്‍ ഒന്നും ലംഘിക്കാതെ തന്നെ ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച സംസ്ഥാന വിനോദസഞ്ചാര പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. വേണു വാസുദേവന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍