UPDATES

യാത്ര

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പ്രചാരണ പരിപാടികളുമായി കേരളം

കേരളത്തിലെ സ്ഥലങ്ങളുടെ പുതിയ ദൃശ്യങ്ങളും ചിത്രങ്ങളും അടങ്ങുന്ന പുതിയ പ്രചരണ പരിപാടികളുമായി കേരള ടൂറിസം വകുപ്പ്‌

കേരളത്തിലെ വിനോദസഞ്ചാര മേഖലകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി പുതിയ പ്രചരണ പരിപാടികളുമായി കേരള ടൂറിസം. കേരളത്തിലെ സ്ഥലങ്ങളുടെ പുതിയ ദൃശ്യങ്ങളും ചിത്രങ്ങളും അടങ്ങുന്നത് ആയിരിക്കും പ്രചാരണ പരിപാടി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്താന്‍ ഇത് സഹായിക്കുമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി തവണ കേരള ടൂറിസത്തിന്റെ പല പരിപാടികളും പദ്ധതികളും മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. സ്വദേശ വിദേശ സഞ്ചാരികള്‍ എല്ലാവരും കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊക്കം കാരണം കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റി വെച്ചു. ഒരുപാട് പരിപാടികള്‍ റദ്ദ് ചെയ്യേണ്ടി വന്നു. വന്‍ നഷ്ടങ്ങളാണ് വിനോദസഞ്ചാര മേഖലയില്‍ ഉണ്ടായത്. ഇതിനൊക്കെ ഒരു പരിഹാരമായിരിക്കും പുതിയ പ്രചാരണ പരിപാടികള്‍.

കേരളത്തിന്റെ ടൂറിസം ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ മാസം ആയിരുന്നു ഓഗസ്റ്റ്. പടിഞ്ഞാറേ ഏഷ്യയില്‍ നിന്നും വടക്കേ ഇന്ത്യയില്‍ നിന്നും നിരവധി ആളുകളാണ് യാത്ര റദ്ദ് ചെയ്തത്. വ്യാപാര വ്യവസായികളെ ഇത് ബാധിച്ചു. ഡിസംബറില്‍ ബുക്കിംഗ് ലഭിക്കുന്നുണ്ടെങ്കിലും, വെള്ളപ്പൊക്കത്തിന്റെ അനന്തരഫലവും എലിപ്പനി പടരുന്നതും നവംബര്‍ വരെ ടൂറിസം മേഖലകളെ ബാധിക്കുമെന്ന് വ്യവസായികള്‍ ഭയക്കുന്നു.

‘കേരളത്തിലെ പല വിനോദസഞ്ചാര മേഖലകളും വെള്ളപ്പൊക്കത്തില്‍ സുരക്ഷിതമായിരുന്നു. ഈ സ്ഥലത്തേക്കുള്ള റോഡുകളും പാലങ്ങളും പുതുക്കിപ്പണിയാനായി പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ – റാണി ജോര്‍ജ് പറഞ്ഞു.

ഇപ്പോള്‍ മൂന്നാറിലേക്കും മറ്റു സ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ എത്തി തുടങ്ങി. ഒക്ടോബര്‍ മാസമാണ് കേരളത്തിലെ പ്രധാന ടൂറിസം സീസണ്‍. ഇതിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ക്ക് ഒപ്പം തന്നെ ശുചീകരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

ഓഗസ്റ്റ് മുതല്‍ നടക്കുന്ന ക്യാന്‍സലേഷനുകള്‍ കേരള ടൂറിസം മേഖലയെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയൊരു തിരിച്ചു വരവിന്റെ പാതയിലാണ് കേരളം. മൂന്നാറിനെ പഴയ രീതിയിലേക്ക് മാറ്റാന്‍ 2,000 സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘവും, കെട്ടിടങ്ങള്‍ വൃത്തിയാക്കാനും, മറ്റു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആലപ്പുഴയില്‍ 15,000 പേരടങ്ങുന്ന ഒരു സംഘവും ഉണ്ട്. കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഗസ്റ്റ് മാസത്തില്‍ തന്നെ വാണിജ്യവിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചു. അങ്ങനെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് എത്തി തുടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍