UPDATES

യാത്ര

2020 ആകുമ്പോൾ കേരളത്തില്‍ ഇപ്പോള്‍ വരുന്നതിന്റെ ഇരട്ടി സഞ്ചാരികൾ; പുത്തന്‍ പദ്ധതികളുമായി ടൂറിസം വകുപ്പ്

ടൂറിസം മേഖലയെ ആകെ മെച്ചപ്പെടുത്താനായി ഇന്ത്യയിലെ 10 നഗരങ്ങളിൽ പാട്ണർഷിപ് മീറ്റിങ്ങുകൾ സംഘടിപ്പിക്കാനും കേരളാ  ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്

കേരളാ ടൂറിസം അണിഞ്ഞൊരുങ്ങുകയാണ്. ചെറിയ ലക്ഷ്യമൊന്നുമല്ല, 2020 അവസാനം ആകുമ്പോഴേക്കും ഇപ്പോൾ വരുന്നതിന്റെ ഇരട്ടി വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികൾ മെനയുന്നത്. കണ്ണൂർ വിമാനത്താവളം കൂടി കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ 4 അന്താരാഷ്ട വിമാനത്താവളങ്ങളുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇത്തവണ കളമൊന്ന് മാറ്റിപ്പിടിക്കാൻ തന്നെയാണ് ടൂറിസം വകുപ്പ് നൂതന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. സഞ്ചാരികൾ വര്‍ഷങ്ങളായി സന്ദർശിച്ചു വരുന്ന സ്ഥലങ്ങൾ കൂടാതെ അധികമാരും കണ്ടിട്ടില്ലാത്ത ചെറു സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിരവധി പാക്കേജുകളാണ് വരും വർഷണങ്ങളിലേക്കായി ആലോചിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന വിനോദ സഞ്ചാരികളോട് ബേക്കൽ കോട്ടയും വയനാടും മാത്രമല്ലാതെ കാസർകോട്, കണ്ണൂർ ജില്ലകളിലെ കണ്ണഞ്ചിപ്പിക്കുന്ന മറ്റ് ഇടങ്ങൾ കൂടി സന്ദർശിക്കാൻ നിർദ്ദേശിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. വടക്കൻ കേരളത്തെയാണ് ഇതിനായി ആദ്യം പരിഗണിക്കുക.

ടൂറിസം മേഖലയെ ആകെ മെച്ചപ്പെടുത്താനായി ഇന്ത്യയിലെ 10 നഗരങ്ങളിൽ പാട്ണർഷിപ് മീറ്റിങ്ങുകൾ സംഘടിപ്പിക്കാനും കേരളാ  ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. പ്രളയം മൂലം സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ വിനോദ സഞ്ചാരികൾക്ക് വലിയ കുറവുണ്ടായിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് മാത്രമല്ല ഇന്ത്യയുടെ തന്നെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഈ സമയത് കേരളത്തിലേക്കെത്താൻ ഒന്ന് ഭയന്നിരുന്നു എന്നാൽ ഡിസംബർ ജനുവരി മാസമൊക്കെ ആയതോടെ കേരളം ഈ പ്രതിസന്ധി അതിജീവിച്ച് വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറിയെന്നാണ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ബി.എസ് ബിജു പറയുന്നത്.

തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഡൽഹി മുതലായ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേരും കേരളം കാണാനെത്താറുള്ളത്. യുകെ, യുഎസ്എ, ജർമ്മനി, ഫ്രാൻസ്, മിഡിൽ ഈസ്റ്റ് മുതലായ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേരെ ആകർഷിക്കാനായി ഈ രാജ്യങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികളെ കുറിച്ചാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

തനതായ കലകളും പാരമ്പര്യവും തന്നെയാണ് കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മാർച്ച് മാസം അവസാനം വരെ നീളുന്ന കൊച്ചി മുസിരിസ് ബിനാലെ കാണാൻ ഇപ്പോൾ ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഇവിടുത്തെ കല പാരമ്പര്യവും കരകൗശല വിദ്യകളും പ്രദർശിപ്പിച്ചു കൊണ്ട് തന്നെയാനും വരും വർഷങ്ങളിലും കേരളം അതിഥികളെ ക്ഷണിക്കുന്നത്. ഇതിനായി നിശാഗന്ധി നൃത്തോത്സവം പോലുള്ള പരിപാടികളും നടത്തിയതാണ്. തുടർന്നും ഇത്തരത്തിലുള്ള മെഗാ ഇവന്റുകൾ സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി കേരളാ ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍