UPDATES

യാത്ര

ഇന്ത്യയുടെ പാടുന്ന ഗ്രാമം

‘ഇങ്ങനെ ഒരു സംഗീതം ഞാന്‍ ഉണ്ടാക്കിയെടുത്തത് എന്റെ ഹൃദയത്തിനുള്ളില്‍ നിന്നാണ്. എന്റെ മകനോടുള്ള സ്നേഹമാണ് ഇതില്‍..’

കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ കുയില്‍ നാദം പോലെ മനോഹരമായ ചൂളമടികളും മറ്റ് പല സുന്ദര ശബ്ദങ്ങളും പ്രതിധ്വനിക്കുന്നത് കേള്‍ക്കാം. എന്നാല്‍ ഇത് കിളികളോ മുളങ്കൂട്ടങ്ങളോ ഉണ്ടാക്കുന്ന ശബ്ദങ്ങളല്ല. ഇവിടെത്തെ ആളുകള്‍ സംവദിക്കുന്നത് ഇത്തരം ശബ്ദങ്ങളിലൂടെയാണ്. ഇത് കോംങ്തോംങ്.. ഇന്ത്യയുടെ പാടുന്ന ഗ്രാമം (Singing Village). മേഘാലയയിലെ ഒരു ഉള്‍ഗ്രാമമാണ് കോംങ്തോംങ്.

ഇന്ത്യയില്‍ മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകതരം പാരമ്പര്യരീതിയാണ് ഇവര്‍ പിന്‍തുടരുന്നത്. കോംങ്തോംങിലെ അമ്മമാര്‍ ഓരോ കുട്ടിയെ വിളിക്കാനും ഓരോ തരം സംഗീതാര്‍ദ്രമായ ശബ്ദമാണ് ഉപയോഗിക്കുന്നത്. പിന്നീട് ആ ഗ്രാമത്തിലെ എല്ലാവരും അദ്ദേഹത്തെ ആ ട്യൂണിലാണ് ജീവിതകാലം മുഴുവന്‍ വിളിയ്ക്കുന്നത്. അതേസമയം, അവര്‍ക്ക് സാധാരണ പേരുകളും ഉണ്ട്. എന്നാല്‍ ഈ പേരുകള്‍ അപൂര്‍വ്വമായി മാത്രമേ വിളിയ്ക്കാറുള്ളൂ.

ഗ്രാമത്തില്‍ കൂടി നടക്കുമ്പോള്‍ പലതരം ശബ്ദങ്ങളായിരിക്കും കേള്‍ക്കുന്നത്. ഒരിടത്ത് അമ്മ മകനെ ഭക്ഷണം കഴിക്കാന്‍ വിളിയ്ക്കുന്നതും, മറ്റൊരിടത്ത് കുട്ടികള്‍ കളിയ്ക്കുന്നതും, സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്നതും അങ്ങനെ എല്ലാം സംഗീതാത്മകം ആയിരിക്കും.

‘ഇങ്ങനെ ഒരു സംഗീതം ഞാന്‍ ഉണ്ടാക്കിയെടുത്തത് എന്റെ ഹൃദയത്തിനുള്ളില്‍ നിന്നാണ്. എന്റെ മകനോടുള്ള സ്നേഹമാണ് ഞാന്‍ ഇതിലൂടെ പ്രകടിപ്പിക്കുന്നത്’ – മൂന്ന് കുട്ടികളുടെ അമ്മയായ 31-കാരി പിന്‍ഡാപ്ലിന്‍ ഷബോംങ് പറഞ്ഞു.

‘എന്നാല്‍ മകന് എന്തെങ്കിലും തെറ്റ് ചെയ്താല്‍ ദേഷ്യത്തോടെ ഞാന്‍ അവന്റെ യഥാര്‍ത്ഥ പേര് വിളിക്കും” – സമുദായ നേതാവായ റോത്തല്‍ കോംങ്സിറ്റ് പറഞ്ഞു.

അധികം ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു സ്ഥലമായിരുന്നു കോംങ്തോംങ്. 2000-ലാണ് ഇവിടെ വൈദ്യുതി ലഭിച്ചത്. 2013-ലാണ് ഇവിടെ പാതകള്‍ നിര്‍മ്മിച്ചത്. പുല്‍ച്ചൂലുകളാണ് ഇവിടുത്തെ ഏക വരുമാന മാര്‍ഗ്ഗം. കാട്ടിനുള്ളില്‍ കയറുമ്പോള്‍ മറ്റുള്ളവരെ വിളിക്കാനായി ഗ്രാമീണര്‍ 30 സെക്കന്‍ഡ് നീളമുള്ള സംഗീത ‘പേര്’ ആണ് വിളിച്ചു കൊണ്ടിരുന്നത്. പ്രകൃതിയിലുള്ള പല ശബ്ദങ്ങളില്‍ നിന്നാണ് ഓരോരുത്തര്‍ക്കുമുള്ള പേര് കണ്ടുപിടിച്ചിരുന്നത്.

‘ഈ ഗ്രാമത്തിന് ചുറ്റിനും കൊടുംവനവും കുന്നുകളുമാണ്. അതുകൊണ്ടു തന്നെ ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളുമായും ഞങ്ങള്‍ക്ക് അടുപ്പമുണ്ട്. പക്ഷികളും മൃഗങ്ങളും പലതരം ശബ്ദങ്ങള്‍ ഉണ്ടാക്കിയാണ് ആശവിനിമയം നടത്തുന്നത്. അത് തന്നെയാണ് ഞങ്ങളും പിന്‍തുടരുന്നത്’ – കോംങ്സിറ്റ് പറഞ്ഞു.

‘ജിഗ്രവെയ് ലൊയെബി’ എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ‘ഗോത്രത്തിലെ ആദ്യ വനിതയുടെ ഗാനം’ എന്നാണ് ഇതിന്റെ അര്‍ത്ഥം.” ഇത് ഒരു മാട്രിലീനിയല്‍ സമൂഹമാണ്. അമ്മയില്‍ നിന്ന് മകളിലേക്കാണ് സ്വത്തും ഭൂമിയും കൈമാറുന്നത്. വിവാഹ ശേഷം സ്ത്രീ, പുരുഷന്റെ വീട്ടിലേക്ക് പോകുന്നതിന് പകരം ഇവിടെ പുരുഷന്മാര്‍ സ്ത്രീകളുടെ വീട്ടിലേക്കാണ് പോകുന്നത്. ‘അമ്മയെ ആണ് ഞങ്ങള്‍ കുടുംബത്തിലെ ദേവിയെ ആയി കാണുന്നത്. കുടുംബം നോക്കുന്ന ചുമതല അമ്മയ്ക്കാണ്’ – കോംങ്സിറ്റ് കൂട്ടിച്ചേര്‍ത്തു.

നരവംശശാസ്ത്രജ്ഞര്‍ പറയുന്നത് ഇത് കാപട്യം നിറഞ്ഞ പുരുഷാധിപത്യമുള്ള ഒരു സമൂഹമാണെന്നാണ്. സ്ത്രീകള്‍ക്ക് തീരുമാനം എടുക്കാനുള്ള അവകാശം ഇല്ല. രാഷ്ട്രീയത്തിലോ മറ്റ് പരിപാടികളിലോ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. കുട്ടികളെ നോക്കേണ്ട പൂര്‍ണ്ണ ചുമതലയും സ്ത്രീകള്‍ക്കാണ്.

‘ജിഗ്രവെയ് ലൊയെബി’യുടെ ഉത്ഭവം വ്യക്തമല്ല. എന്നാല്‍ അവിടുത്തെ ഗ്രാമവാസികള്‍ പറയുന്നത് ഈ ആചാരത്തിന് അവരുടെ ഗ്രാമത്തോളും പഴക്കമുണ്ടെന്നാണ്. ടെലിവിഷനുകളും, മൊബൈലുകളും കോംങ്തോംങ് ഗ്രാമത്തിലേക്ക് എത്തിത്തുടങ്ങി. പുതിയ പേരുകള്‍ അവര്‍ ബോളിവുഡ് ഗാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഇടുന്നത്. എന്നാല്‍ യുവാക്കള്‍ ഇപ്പോള്‍ സുഹൃത്തുക്കളെ വിളിക്കാനായി ഫോണുകളാണ് ഉപയോഗിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍