UPDATES

യാത്ര

ഇങ്ങനെയും കുടജാദ്രിയിലേക്ക് പോകാം

ശ്രീനാഥ്‌ പുത്തന്‍പുരയ്ക്കല്‍

കുടജാദ്രി….. എത്രയോ രാത്രികളില്‍ ഈ പേര് എന്നെ മോഹിപ്പിച്ചിട്ടുണ്ടെന്നോ… എന്നെ മാത്രമല്ല ചിലപ്പോള്‍ നിങ്ങളെയും. അനുഭവകുറിപ്പുകളിലൂടെ പലരും നമ്മെ അസൂയപ്പെടുത്തിയ ഇടം.

ചില സ്വപ്നങ്ങള്‍ നമ്മിലേക്ക്‌ എത്തിച്ചേരുന്ന വഴികള്‍ നമ്മെ അമ്പരപ്പിക്കും. തുറവൂരിലെ എം. എസ്. ഡബ്ലിയു. പഠനകാലം. ഒരു സാധാരണ വൈകുന്നേരം. പക്ഷെ എനിക്കും എന്‍റെ മാഷിനും അതൊരു സാധാരണ വൈകുന്നേരമായിരുന്നില്ല. പുതിയ വാടക വീട്ടിലെ ആദ്യ ദിവസം. 3 വീടുകള്‍ മാറിക്കഴിഞ്ഞു, അല്ല അവിടെ നിന്നൊക്കെ ഞങ്ങളെ പുറത്താക്കി കഴിഞ്ഞു. പുതിയ വീടിന്‍റെ അന്തരീക്ഷം കണ്ടതോടെ സഹപാഠികള്‍ കുറച്ചു ദിവസം കഴിഞ്ഞു വരാം എന്ന് മൊഴിഞ്ഞു സ്ഥലം വിട്ടു. കയ്യില്‍ ആണെങ്കില്‍ 10 രൂപയുണ്ട് ആകെ. ഞാന്‍ ഒരു സിഗരറ്റും വാങ്ങി മാഷ് ഒരു ചായയും കുടിച്ചു. പിന്നെ സാധാരണ പോലെ കടവും പറഞ്ഞു ഞാന്‍ ആ 10 രൂപ പോക്കെറ്റിലോട്ടു തന്നെ ഇട്ടു. വല്ല മാഗിയെങ്കിലും വാങ്ങി തിന്നാലോ രാത്രിയില്‍. കയ്യില്‍ കാശ് ഇല്ലാത്തവന്‍ മാഗ്ഗിയും തിന്നും പൊറോട്ട ചാറില്‍ മുക്കി അടിക്കുകയും ചെയ്യും, അതാണ് ഞങ്ങളുടെയൊക്കെ ആഡംബരത്തിന്റെ അങ്ങേ അറ്റം. നേരെ റൂമില്‍ ചെന്ന് കുടിക്കാന്‍ വെള്ളം ചൂടാക്കാന്‍ പാത്രം കഴുകാന്‍ പൈപ്പിന്‍ ചുവട്ടില്‍ ചെന്നപ്പോള്‍ പാവം രണ്ടു പാമ്പുകള്‍ ഇഴഞ്ഞു പോകുന്നു.. അവരുടെ യാത്ര നമ്മുടെ റൂമിന്‍റെ അടിത്തട്ടിലോട്ടാണ്. ഇവര്‍ എവിടെ വരെ പോകും എന്ന് നോക്കാലോ എന്ന് ആലോചിച്ചു പിന്നാലെ ചെന്നപ്പോള്‍ അതാ വേറെ ഒരെണ്ണം കൂടി അവരെ അകമ്പടി സേവിക്കുന്നു. ഇത് വാവ സുരേഷ് ഡീല്‍ ചെയ്യണ്ട കേസ് ആണ്. ഞാന്‍ കൌണ്‍സലിംഗ് ചെയ്താലോ മാഷ് മലയാളം വ്യാകരണം പറഞ്ഞാലോ നടപടി ആകുന്ന കേസ് അല്ല. പാത്രം വലിച്ചെറിഞ്ഞു ഞാന്‍ പറഞ്ഞു നാഷണല്‍ ഹൈവേയില്‍ വണ്ടി ഇടിച്ചു ചത്താലും ഞാനില്ല ഈ കളിക്ക്. വല്ല കടത്തിണ്ണയിലോ അല്ലെങ്കില്‍ കോളേജ് വരാന്തയിലോ കിടന്നുറങ്ങാം എന്ന് കല്പിച്ചു ഞങ്ങള്‍ പടിയിറങ്ങി. ചുള്ളികാടിന്റെ വരികളൊന്നും ഞങ്ങള്‍ രണ്ടു പേരും ചൊല്ലിയില്ല. പിന്തിരിഞ്ഞു നോക്കിയതുമില്ല. ചുമ്മാ കടത്തിണ്ണയില്‍ രണ്ടു വശത്തുമായി ഇരുന്നു ഞങ്ങളുടെ അവസ്ഥ ആലോചിച്ചു ഇടയ്ക്കിടെ പരസ്പരം നോക്കി ചിരിച്ചിരിക്കുമ്പോള്‍  അതാ വരുന്നു നമ്മുടെ പ്രിയ സുഹൃത്ത് ശ്രീരാഗ്. കണ്ടപാടെ എന്തോ പണി കിട്ടി ഇരിക്കുന്നതാണെന്ന് അവനു തോന്നി. ആക്കിയൊരു ചോദ്യം എന്താ പരിപാടി? അതെനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ മറുപടി പറഞ്ഞു ഒന്നുമില്ല അളിയാ ഒന്ന് കുടജാദ്രി വരെ പോകണം. മാവേലി എക്സ്പ്രസ്സ്‌ രാത്രിയല്ലേ.. അത് വരെ ചുമ്മാ.. എന്‍റെ ഉത്തരം കേട്ടതും രണ്ട് പേരും ഞെട്ടി. പക്ഷെ കൂടുതല്‍ ഞെട്ടല്‍ മാഷിനായിരുന്നു.

ശ്രീരാഗിനാകെ ഒരു അമ്പരപ്പ്. കാരണമുണ്ട്, അവനു അമ്പരക്കാനുള്ള അവകാശമുണ്ട്. കാരണം നേരത്തെ ഞാന്‍ ഒരു 10 രൂപയുടെ കാര്യം പറഞ്ഞല്ലോ, ഇപ്പോള്‍ എന്‍റെ പോക്കെറ്റിലുള്ളത്. അത് തന്നത് അവനാണ്. അവന്‍ ചോദിച്ചു, കാശ് എവിടുന്ന് കിട്ടി? ഞാന്‍ പരുങ്ങലൊന്നും കൂടാതെ മറുപടി പറഞ്ഞു. കിട്ടിയിട്ടില്ല.. കിട്ടണം.. അത് കൊള്ളാമല്ലോ എന്ന ഭാവത്തില്‍ മാഷ് എന്നെ നോക്കി. കൈനീട്ടമായി അവന്‍റെ കയ്യില്‍ നിന്ന് 50 രൂപ വാങ്ങിയിട്ട് ആജ്ഞാപിച്ചു. പൊയ്ക്കോ ഞങ്ങള്‍ക്ക് അല്പം തിരക്കുണ്ട്.

അവനെ പറഞ്ഞു വിട്ടു വീണ്ടും ഞങ്ങള്‍ രണ്ടും മാത്രമായി. ഞാന്‍ എന്‍റെ തെറ്റ് ഏറ്റുപറഞ്ഞു മാഷിനോട്. അറിവില്ലാത്ത ഈ പൈതലിനോട് ക്ഷമിക്കണം. എനിക്കിപ്പോഴും അറിയില്ല എവിടെ നിന്നാണ് കുടജാദ്രി എന്ന വാക്ക് എന്‍റെ നാവില്‍ വന്നതെന്ന്. അരക്കുപ്പി റമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പകര്‍ത്തി അവസാനം വരുന്നത് ഞാന്‍ അടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഭാവമുണ്ട്, ….. മോനെ എന്ന ഭാവം. അത് പ്രതീക്ഷിച്ച എന്നോട്. വാ എഴുന്നേല്‍ക്ക് നമുക്ക് പോകാന്‍ റെഡി ആകാമെന്ന്. റെഡി ആകുക എന്നാല്‍ വസ്ത്രം മാറി ഭാണ്ഡം ഒരുക്കലായിരിക്കും നിങ്ങള്‍ക്കൊക്കെ.. നമുക്കത് അങ്ങനെയല്ല. ലക്ഷ്മി കടാക്ഷത്തിനായി മനസിനെ ഒരുക്കുക, അതായതു കടം ചോദിക്കുമ്പോള്‍ മനസ്സില്‍ ഒരു ദുരഭിമാനവും ഇല്ലാതാക്കല്‍, കഴിഞ്ഞ തവണ വാങ്ങി തിരിച്ചു കൊടുക്കാത്തത് ഓര്‍മിപ്പിക്കുമ്പോള്‍ സീന്‍ തമാശയാക്കല്‍, തുടങ്ങിയവ പെടും ഇതില്‍.

പിന്നെ ഒന്നും ആലോചിച്ചില്ല, ആദ്യം കണ്ട ഓട്ടോറിക്ഷക്കാരന്‍ രാഹുലിനോട് 200, തങ്കായി എന്ന യൂണിയന്‍കാരന്‍ ചേട്ടനോട് 500, പിന്നെ നമ്മുടെ ഹോട്ടലിലെ അളിയനോട് 200. തങ്കായിക്ക് മില്‍മയുടെ കാലിത്തീറ്റ കമ്പനിയില്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കല്‍ ആണ് പണി. പക്ഷെ 50 കിലോയുടെ ചാക്ക് ഉണ്ടാകും തലയില്‍ എപ്പോഴും എന്ന് മാത്രം. ഇതാ ഞങ്ങള്‍ കാശുകാരായി കഴിഞ്ഞു. ഇനിയും പിരിവു വേണോ ശ്രീനാഥേ എന്ന പുഞ്ചിരി കലര്‍ന്ന വെല്ലുവിളിയോടെ മാഷ്. വേണ്ട മാഷെ നമ്മള്‍ ദാ കുടജാദ്രിയില്‍ പോകുന്നു, അടുത്ത വണ്ടിക്കു കേറി തിരിച്ചു വരുന്നു, നമ്മുടെ മംഗലാപുരം കഴിഞ്ഞു തൊട്ടപ്പുറത്തല്ലേ ദീ പറയണ സ്ഥലം. പിന്നെ നേരെ തുറവൂര്‍ ചെന്നു അല്പം അമൃതപാനീയങ്ങളും കുത്തിക്കേറ്റി (കുത്തിക്കേറ്റി: ആ പ്രയോഗത്തിന് കടപ്പാട് ഉണ്ട്ട്ടോ) പിറ്റേദിവസം തല നേരെ നില്‍ക്കണമെങ്കില്‍ റം തന്നെ ഉത്തമം. അല്ലേ?. പിന്നെ കേസ് എടുക്കുമോ എന്നറിയില്ല ബീഫ് കറിയും ചപ്പാത്തിയും അടിച്ചു. പാതിരാത്രിക്ക്‌ ഞങ്ങള്‍ മാവേലിയില്‍ കയറി.. പതിവുപോലെ ട്രെയിനിന്റെ ഒരു മൂലയില്‍ കിടന്നുറങ്ങി. അന്നെന്തോ കുടജാദ്രിയിലെ കോടമഞ്ഞും കാട്ടുവഴികളും എന്നെ സ്വപ്നത്തില്‍ തേടി വന്നില്ല. ഞാന്‍ ഉറങ്ങുകയായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ, മലമടക്കുകളില്‍ കാലങ്ങളായി ഉറക്കമാണ്ട് കിടക്കുന്ന ഒരു അട്ടയെപോലെ, ചുരുണ്ട് മടങ്ങി,

രാവിലെ മംഗലാപുരം ചെന്നെത്തി, പിന്നെ അവിടെ നിന്ന് ബൈന്ദൂര്‍ വരെ ട്രെയിനില്‍, തുടര്‍ന്ന് ബസില്‍ കൊല്ലൂരിലേക്ക്. ഞങ്ങളുടെ മനസ്സില്‍ ചെറിയൊരു മൂളിപ്പാട്ടുണര്‍ന്നു. ഇതാ ഞങ്ങള്‍ അടുത്ത് കൊണ്ടിരിക്കുന്നു. ഒരു മല്ലയുദ്ധക്കാരനെ പോലെ നെഞ്ചില്‍ അടിച്ചു ആരെയൊക്കെയോ വെല്ലുവിളിക്കാന്‍ തോന്നി. ഉച്ചയായി കൊല്ലൂരില്‍ എത്തിയപ്പോള്‍ നേരെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നെ കുടജാദ്രിയിലേക്കുള്ള യാത്ര സാധ്യത ആരാഞ്ഞു. മൂളിപ്പാട്ടിന്റെ ഈണം മാറി തുടങ്ങി. ജീപ്പിനു ഒരാള്‍ക്ക് 250 രൂപ… നമുക്ക് ത്രസിപ്പിക്കണ സഞ്ചാരമാണ് വേണ്ടെതെന്നും ജീപ്പ് യാത്ര അത് തരില്ല (കാശ് ഇല്ല എന്ന് പറയാന്‍ പറ്റുമോ?) എന്നൊക്കെ എനിക്കറിയാവുന്ന ഭാഷകളില്‍ സംവദിച്ചു നടന്നു പോകാനുള്ള വഴിയൊക്കെ ചോദിച്ചു മനസിലാക്കി.. ഇത്തവണ മൂളിപ്പാട്ട് ഭരണിപ്പാട്ടിലേക്ക് അതിവേഗം ബഹുദൂരം സഞ്ചരിച്ചു. ഇന്നത്തെ യാത്ര നടക്കില്ല. രാവിലെ പോയാലേ വൈകീട്ട് തിരിച്ചെത്താന്‍ പറ്റു. നേരെ അമ്പലത്തിലേക്ക് നടന്നു. നഷ്ടബോധം തോന്നി അവിടെയെത്തിയപ്പോള്‍. അവിടെ അന്നദാനം ഉണ്ടായിരുന്നു. ഹോട്ടലില്‍ കൊടുത്ത കാശിനെയോര്‍ത്തു മനമുരുകി. ഉരുകാതിരിക്കാന്‍ വഴിയില്ല പോക്കറ്റില്‍ നോക്കുമ്പോള്‍. എന്നാല്‍ ഒന്ന് കുളിച്ചു കളയാം എന്നോര്‍ത്ത് നോക്കിയപ്പോള്‍ വഴിയരുകിലെ എല്ലാ ഹോട്ടെലുകളുടെയും  വിസര്‍ജ്യ കുഴലുകള്‍ നീണ്ടു കിടക്കുന്നു പരിപാവനമായ ആ നീരോഴുക്കിലേക്ക്. ചെയ്ത പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കാന്‍ നിശ്ചയിച്ചതിനാല്‍ ഞങ്ങള്‍ അവിടെ കുളിച്ചില്ല. മുന്‍പോട്ടു നടന്നു, മാലിന്യം ഏശാത്ത ജലപ്രവാഹം തേടി. കാടിനോടടുത്ത് ഞങ്ങള്‍ ഒരിടം കണ്ടു. എന്‍റെ കയ്യില്‍ ബാഗോ മറ്റു വസ്ത്രങ്ങളോ ഇല്ല, മാഷിന്റെ കയ്യില്‍ ഒരു തുണി സഞ്ചിയുണ്ട്, അതില്‍ ഒരു തോര്‍ത്തും. ആദ്യം മാഷ് കുളിക്കാന്‍ തീരുമാനിച്ചു വെള്ളത്തിലെക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ അതാ ഒരു പാമ്പ് ഇഴഞ്ഞടുക്കുന്നു. ഞാന്‍ കല്ലെടുത്ത്‌ വീക്കി. അത് ഇഴഞ്ഞു ദൂരേക്ക്‌ പോയി, വീണ്ടും മാഷ് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അതാ വീണ്ടും അടുത്തേക്ക് വരുന്നു, 3 തവണ കൂടി ഇതാവര്‍ത്തിച്ചു. ഞാന്‍ മടുത്തു, ഞങ്ങള്‍ അവിടെ നിന്നും കുളിക്കാതെ പോകാന്‍ തീരുമാനിച്ചു. പാമ്പായി പോയി അല്ലെങ്കില്‍ ഞങ്ങള്‍… പാമ്പിനെ പേടിച്ചു കൊല്ലുരു വന്നപ്പോള്‍ പാമ്പ് കളി എന്നൊരു പഴഞ്ചൊല്ല് മലയാളത്തില്‍ ഉണ്ടോന്നു ഞാന്‍ മാഷിനോട് ചോദിച്ചു. ഇല്ലെന്നു മാഷ് തറപ്പിച്ചു പറഞ്ഞു. അറിവുള്ള ആളാണ്, മാഷ് വെറുതെ പറയില്ല.

കാശ് കൊടുത്തു കുളി പാസാക്കി എന്നോട് മാഷ് ചോദിച്ചു ഇന്ന് രാത്രി തങ്ങാന്‍? അമ്പലമല്ലേ മാഷെ ആ സൈഡില്‍ എവിടെങ്കിലും കിടക്കാം, രാവിലെ എഴുന്നേറ്റ് കുടജാദ്രിക്കു പോകാം. ഓ.. അങ്ങനെ ആകട്ടെ, രാത്രിയില്‍ അന്നദാനം ഉണ്ട്. ആ പൈസ ലാഭിക്കാന്‍ പോകുന്നുവെന്ന നിഗൂഡമായ ആഹ്ലാദം രണ്ടു പേര്‍ക്കുമുണ്ടായി. രാത്രിയായി, ഭക്ഷണം കഴിച്ചു. അന്നദാനം കേമമായി എന്ന് പരസ്പരം പറഞ്ഞ് ഞങ്ങള്‍ അമ്പലത്തിനു പുറത്തെ വഴിയരികില്‍ കാത്തിരുന്നു, ക്ഷേത്ര നടയില്‍ കിടന്നുറങ്ങുന്ന ഞങ്ങളെ പോലുള്ളവര്‍ക്കായി. സങ്കല്പവും യാഥാര്‍ത്ഥ്യവും അങ്കത്തിലേര്‍പെട്ടു. പതിവുപോലെ നമ്മള്‍ തോറ്റു. ഇവിടെ നമ്മളെ പോലെ വരുന്നവര്‍ ഇല്ല. തോട്ടപ്പുറത്തുനിന്നും അതിഥി മന്ദിരങ്ങള്‍ കൊഞ്ഞനം കുത്തി. തണുപ്പ് പതുക്കെ അരിച്ചിറങ്ങി തുടങ്ങി. ഒരു കടയോട് ചേര്‍ന്നുള്ള ബസ്‌ വെയിറ്റിംഗ്ഗ് ഷെഡില്‍ ഞങ്ങള്‍ ഇരുവരും ചേര്‍ന്നിരുന്നു. പതുക്കെ വിറച്ചു തുടങ്ങി ഇരുവരും, ഉറക്കം വരുന്നുമില്ല. ഒന്നിന് പുറകെ ഒന്നായി വലിച്ചു കയറ്റിയ സിഗരറ്റുകള്‍ തണുപ്പില്‍ നിന്നും രക്ഷ തന്നില്ല, മറിച്ചു നാവില്‍ കയ്പ്പ് രുചി നിറച്ചു, ഒരു ഓക്കാനം വയറില്‍ കുടുങ്ങി കിടന്നു. കയ്യിലുണ്ടായ തോര്‍ത്തെടുത്ത് മാഷ് തലയില്‍ ചുറ്റി. ഞാന്‍ തപ്പി നോക്കിയപ്പോള്‍ ഒരു കര്‍ചീഫ്‌ ഉണ്ട്, കര്‍ചീഫെങ്കില്‍ കര്‍ചീഫ്‌, അതെടുത്തു ചെവി പൊതിഞ്ഞു. കഥകള്‍ ഒന്നിന് പുറകെ ഒന്നായി ഒഴുകി രണ്ട് പേരില്‍ നിന്നും, വേറെ ഒരു നിവര്‍ത്തിയില്ലലോ. പാതിരാത്രി കഴിഞ്ഞു, സഹിക്കാന്‍ പറ്റാതാകുന്നുണ്ട് തണുപ്പ്. ദൈവദൂതന്‍ കടന്നു വരുമോ ഞങ്ങളുടെ രക്ഷക്കായി? അവന്‍ വരും. എനിക്കുറപ്പുണ്ട്. അന്ന് ഒരു പോലീസുകാരനായി അവന്‍ അവതരിച്ചു. പോലീസ് വണ്ടി ഞങ്ങളുടെ മുന്നില്‍ ചവുട്ടി നിര്‍ത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിദ്യാഭ്യാസത്തിന്റെ ഓരോ പ്രയോജനങ്ങളെ.. പില്‍ഗ്രിം ടൂറിസത്തിന്റെ ഗവേഷണ സാദ്ധ്യതകള്‍ പഠിക്കാന്‍ ഇവിടെയെത്തിയ സാമൂഹിക പ്രവര്‍ത്തക വിദ്യാര്‍ത്ഥിയോടും അവനെ സഹായിക്കാന്‍ എത്തിയ ഒരു അധ്യാപകനെയും കാശ് തീര്‍ന്നു പോയി എന്ന ഒറ്റക്കാരണം കൊണ്ട് മഞ്ഞു കൊള്ളിക്കാന്‍ ആ പാവം പോലിസുകാരന് മനസ് വന്നില്ല. ഒരു അതിഥി മന്ദിരത്തിലേക്കുള്ള വഴി കാണിച്ചു തന്നിട്ട് പറഞ്ഞു, അതിന്‍റെ വരാന്തയില്‍ കിടന്നുറങ്ങിക്കൊള്ളാന്‍. നല്ലവനായ പോലീസുകാരാ നിനക്കെന്റെ ഒരായിരം ചുംബനങ്ങള്‍.. വരാന്തയില്‍ കേറി ചെന്ന് ഇടം കണ്ടെത്തി… ഐസ് പാളികളെ ഓര്‍മിപ്പിക്കുന്ന മാര്‍ബിള്‍ വിരിച്ച വലിയ ഇരിപ്പിടം. അതിലാണ് കിടക്കേണ്ടത്‌. സെക്യുരിടിറ്റിയുടെ തമാശ എന്‍റെ ഹൃദയം പിളര്‍ന്നു. ആ കൊടും തണുപ്പില്‍ കൊതുകില്‍ നിന്ന് രക്ഷ നേടാന്‍ അയാള്‍ ഫാന്‍ എല്ലാം ഫുള്‍ സ്പീഡിലാക്കി ഒരു 3 കെട്ടു കമ്പിളി പുതപ്പിനടിയില്‍ ഒളിച്ചു കിടക്കുന്നു.

എങ്ങനെയോ നേരം വെളുപ്പിച്ചു ഒരു ബസില്‍ കേറി കുടജാദ്രിയിലേക്കുള്ള കാട്ടുപാത വരെ വെച്ചു പിടിപ്പിച്ചു. കാട്ടിലെ ജന്തുക്കള്‍ ഇടയ്ക്കിടയ്ക്ക് ശബ്ദമുണ്ടാക്കി ഞങ്ങളുടെ സംസാരത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഹോട്ടല്‍ സന്തോഷ്‌ എന്ന മലയാളി നടത്തുന്ന ചായക്കടയില്‍ നിന്ന് വിലയില്‍ മാത്രം മുന്നില്‍ നില്‍ക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചു ഞങ്ങള്‍ യാത്രയായി, കൂടെ ഒരു പട്ടിയും; അത് ആ കടക്കാരന്‍റെ പട്ടിയാണ്. കുടജാദ്രിയിലേക്കുള്ള യാത്രികരുടെ കൂടെ സഞ്ചരിക്കുന്നത് ഈ പട്ടിക്കു ഹരമാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ മാഷ് 2 വലിയ കൂട് ബിസ്കറ്റ് വാങ്ങി പതുക്കെ അവനെ വശീകരിച്ചു, ഇതൊക്കെ എന്‍റെ ചെറിയ നമ്പറാഡാ എന്ന മട്ടില്‍ ചിരിച്ചു. ഞാന്‍ അത് ശരി വെക്കുകയും ചെയ്തു. യാത്ര തുടരുന്നു വീണ്ടും കാട്ടിലൂടെ, മുന്നില്‍ വഴികള്‍ തെളിഞ്ഞു കാണാം. ഇടയ്ക്കു വെച്ചു ആ വഴികള്‍ തെളിയുന്നില്ല, പക്ഷെ സൂക്ഷിച്ചു നോക്കിയാല്‍ 2 വഴിയായി അവ പിരിയുന്നു, ഇവിടെ വെച്ചു ഞങ്ങളുടെ സഹയാത്രികന്‍ ഞങ്ങളെ നോക്കിയൊന്നു പരിഹസിക്കും വണ്ണം നോക്കിയിട്ട് താഴേക്കിറങ്ങി പോയി. കൊടുത്ത ബിസ്കറ്റുകളുടെ നന്ദി കാണിക്കാന്‍ ഇടക്കവന്‍ തിരിഞ്ഞു നോക്കി, പക്ഷെ അത് ഒരു പരിഹാസമായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ ഒരു വഴി തിരഞ്ഞെടുത്തു, മാഷ് എന്നെ അനുഗമിച്ചു, ഉയരം കൂടും തോറും മാഷിന്റെ നെറ്റിയിലെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. ഹൃദയമിടിപ്പുകള്‍ വര്‍ധിച്ചു. എങ്കിലും യാത്ര തുടര്‍ന്നു, വഴി തെറ്റിയ പോലെ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും തോന്നി തുടങ്ങി. പതുക്കെ മാഷ് എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി, എന്‍റെ നിസഹായത ഞാന്‍ അറിയിച്ചുവെങ്കിലും ഇനി ഞാന്‍ പറയുന്ന വഴിയിലൂടെ യാത്ര തുടരാനില്ലെന്നറിയിച്ച് അദ്ദേഹം അവിടെ ഇരുന്നു, അപ്പോഴും ശ്വാസം എടുക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. തിരിച്ചൊന്നും പറയാതെ ഞാന്‍ നിലത്തിരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി. പോടുന്നെനെ എവിടെ നിന്നറിയില്ല ഒരു വയസായ സ്ത്രീ  കുന്നിന്‍ മുകളില്‍ നിന്നും കാറ്റിന്‍റെ വേഗതയില്‍ ഞങ്ങള്‍ക്ക് മുന്നിലേക്ക്‌ കടന്നു വന്നു.  ഞങ്ങള്‍ തരിച്ചു പോയി. അവര്‍ സ്വയം പരിചയപ്പെടുത്തി. കോതമംഗലത്തിനടുത്താണ് ജന്മദേശം എന്നും ഇപ്പോള്‍ സ്വാമിനി ആയി കഴിയുന്നു എന്ന് പറഞ്ഞവര്‍ ദൂരെയകലെ ഒരു മല ചൂണ്ടിക്കാട്ടി ഇപ്പോള്‍ അവിടാണ് താമസമെന്നും പറഞ്ഞു. ഈ കൊടുംകാട്ടില്‍ അവരെ കണ്ട അമ്പരപ്പ് മാറിയിരുന്നില്ല ഞങ്ങള്‍ രണ്ടിനും. എന്നും കുടജാദ്രി കയറുമെന്ന് പറഞ്ഞ അവരോട് ഞാന്‍ വഴിയെ കുറിച്ചുള്ള സംശയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വഴി തെറ്റിയിട്ടില്ലെന്നും പറഞ്ഞു. ക്ഷീണിച്ചിരിക്കുന്ന നിങ്ങള്‍ക്ക് ഇതാവശ്യമാണ് എന്ന് പറഞ്ഞു കയ്യില്‍ ഉണ്ടായിരുന്ന വെള്ളവും ബിസ്കറ്റും ഞങ്ങള്‍ക്ക് നേരെ നീട്ടിയപ്പോള്‍ മുത്തശ്ശിക്കഥകളിലെ ദുര്‍മന്ത്രവാദിനികളുടെ രൂപവും കഥകളും ഞങ്ങളിലേക്ക് ഇഴഞ്ഞെത്തി. മാഷ് ഒരു തടസവും ഉന്നയിക്കാതെ ബിസ്കറ്റ് വാങ്ങുകയും എന്നെ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. വെള്ളം വളരെ സ്നേഹപൂര്‍വ്വം വേണ്ടെന്നു പറയുകയും ചെയ്തു. പിന്നെ ഞങ്ങള്‍ വളരെ ശ്രദ്ധയോടെ കയറിയ കുന്നുകള്‍ ഒരു കോലാടിന്റെ വേഗത്തില്‍ അവര്‍ ഇറങ്ങി മറഞ്ഞു. ഞങ്ങള്‍ പരസ്പരം നോക്കി, എന്തോ ഒരു അപായ സൂചന പോലെ. അവിടെ നിന്നും പെട്ടെന്ന് എഴുന്നേല്‍ക്കുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. അവര്‍ പോയപാടെ ബിസ്കറ്റുകള്‍ കാട്ടിലേക്ക് എറിഞ്ഞു ഞങ്ങള്‍ ധൃതിയില്‍ നടന്നു. ചെങ്കുത്തായ പാതകള്‍, കുന്നിന്റെ മാറിലൂടെ  വരഞ്ഞുണ്ടാക്കിയ വഴികള്‍ , താഴെ നുരഞ്ഞൊഴുകുന്ന അരുവിയുടെ ശബ്ദം എന്നെ അസ്വസ്ഥനാക്കി. കാരണം താഴോട്ട് കണ്ണോടിക്കാന്‍ ഞാന്‍ ഭയന്നു. പിന്നെ സമതലം. ചെറിയ കയറ്റങ്ങള്‍. അവസാനം ഞങ്ങള്‍ എത്തിച്ചേര്‍ന്നു കുടജാദ്രിയുടെ കാല്‍ച്ചുവട്ടില്‍… ഞാന്‍ മാഷിനോട് കളിയായി ചോദിച്ചു വഴികാട്ടാന്‍ നമുക്കരികിലെത്തിയത് കുടജാദ്രിയില്‍ കുടി കൊള്ളുന്ന മഹേശ്വരിയാണോ മാഷേ? എന്നിട്ട് നീയെന്തേടാ പ്രസാദേ ബിസ്കറ്റ് വാങ്ങാന്‍ മടിച്ചത്? ചോദ്യത്തിന് ഒരു ഉത്തരം തന്നെ വേണമെന്നില്ലലോ തൃപ്തികരമാകാന്‍, ഒരു മറുചോദ്യം തന്നെ ധാരാളം.

മലനിരകളുടെ ഭംഗി ആസ്വദിച്ച് ഞങ്ങളിരുവരും നടന്നു. സഞ്ചാരികളെയും കൊണ്ട് വന്ന ജീപ്പുകള്‍ നിര നിരയായി കിടക്കുന്നുണ്ട്. അതിന്‍റെ ചെരുവില്‍ ആതിഥേയത്വമോതി അഡിഗമാരുടെ വീടുകള്‍. ഞാന്‍ ആതിഥേയരുടെ നിലവാരം അന്വേഷിച്ചു. ഒരാള്‍ക്ക് 200 രൂപക്ക് അവിടെ തങ്ങാമെന്നു അവര്‍ പറഞ്ഞു. ഭക്ഷണത്തിനു 50 രൂപ പുറമേ. വളരെ നല്ലത്, നമുക്കല്ലെന്നു മാത്രം. കയ്യില്‍ നുള്ളി പെറുക്കിയാല്‍  പോലും തികയില്ല, കയ്യിലുള്ള പൈസ കൊണ്ട് ഒരാള്‍ക്ക് മാത്രം സാധിക്കും ഇതെല്ലാം. തിരിച്ചു പോകുന്ന കാര്യം പിന്നയല്ലേ. പിന്നെ അതിനെ കുറിച്ചൊന്നും ചിന്തിക്കാതെ ആദി ശങ്കരന്‍ സ്ഥാപിച്ചെന്ന് പറയപ്പെടുന്ന സര്‍വജ്ഞ പീഠം കണ്ടു, ഗണേശ ഗുഹ, വീണ്ടും കല്ലുകള്‍കിടയില്‍ നൂര്‍ന്ന് പോയി ഭസ്മം മണക്കുന്ന വെള്ളം കുടിച്ചു.  പെട്ടെന്ന് ഞങ്ങള്‍ അവിടത്തെ ആളുകളായി മാറി. കടന്നു വരുന്ന ആളുകളുടെ വഴികാട്ടികള്‍ ആയി. ഗണേശ ഗുഹ കണ്ട് തൃപ്തി അടഞ്ഞു പോകുന്നവരോട് മറ്റ് ഇടങ്ങളും സന്ദര്‍ശിക്കാന്‍ പറയുന്നു. അങ്ങനെയങ്ങനെ….

മധ്യാഹ്നം കെട്ടടയാന്‍ പോകുന്നു, രണ്ടിലൊന്ന് തീരുമാനിക്കണം. തിരിച്ചു പോകാന്‍ വന്ന വഴിയെ ആശ്രയിക്കുന്നത് വിഡ്ഢിത്തരമാണ്. കൊടും കാടും, ചെങ്കുത്തായ പാതകളും പ്രായോഗികമല്ല. ഒരു ബുദ്ധി തോന്നി, എന്ത് കൊണ്ട് ജീപ്പുകള്‍ വരുന്ന വഴിയെ പൊയ്ക്കൂടാ? മോട്ടക്കുന്നുകളെ വകഞ്ഞുണ്ടാക്കിയ ആ വഴിയിലൂടെ ഞങ്ങള്‍ രണ്ടും നടന്നു. സന്ധ്യ കഴിഞ്ഞു. മാഷിന് കാഴ്ചയൊന്നും കാണാന്‍ പറ്റാതായി തുടങ്ങി. കോടമഞ്ഞിനെ പുകഴ്ത്തി പാടിയ നാവുകളെ ഞാന്‍ ശപിച്ചു. കയ്യില്‍ ആകെ ഒരു മൊബൈലിന്‍റെ നുറുങ്ങു വെട്ടം. ഇതിനകം ഞങ്ങള്‍ കൂടെ നടന്നു വഴി പറഞ്ഞു കൊടുത്തവരടക്കം ഞങ്ങളെ കടന്നു പോയി, ഞങ്ങളുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഇനി വരാന്‍ ജീപ്പുകള്‍ ഒന്നുമില്ല, ഇതിനകം മാഷ് 2 വട്ടം ഗംഗ കവിത പൂര്‍ത്തിയാക്കി, മറ്റനേകം കവിതകളും. ജെസ്സി ചൊല്ലാന്‍ ഞാന്‍ അനുവദിച്ചില്ല. പക്ഷെ ഞാന്‍ ചൊല്ലിയത് അഗസ്ത്യഹൃദയമായിരുന്നു, അത് മാത്രം.

മൊട്ടക്കുന്നുകള്‍ ഒന്നിന് പുറകെ ഒന്നായി ഞങ്ങള്‍ പിന്നിട്ടു. ഇടക്കെന്നോട് ചോദിക്കും, എത്താറായോ? ഞാന്‍ എന്ത് പറയാന്‍. പറഞ്ഞിട്ടെന്തു കാര്യം.. പുകയുന്ന മഞ്ഞിനെ കീറി വരഞ്ഞു നടക്കുമ്പോള്‍ അതാ പുറകില്‍ നിന്നും ഒരു മഞ്ഞ വെളിച്ചം. പ്രതീക്ഷകളൊന്നും ഇല്ലാത്തതിനാല്‍ തിരിഞ്ഞു നോക്കിയില്ല. ഞങ്ങള്‍ വഴി മാറി കൊടുത്തു. ജീപ്പ് കടന്നു പോയി. പെട്ടെന്ന് വണ്ടി ബ്രേക്കിട്ടു, ഉള്ളില്‍ നിന്ന് ചോദ്യം ഇംഗ്ലീഷില്‍ ആണ്,  വരുന്നോ? ഞാന്‍ മാഷിന്റെ കയ്യും പിടിച്ചു ഓടി സീറ്റില്‍ കയറി ഇരുന്നു. ഞങ്ങള്‍ പരിചയപ്പെടുത്തി. അവര്‍ നാലു പേര്‍ ഉണ്ട്. ബാംഗ്ലൂരില്‍ എഞ്ചിനീയര്‍മാര്‍ ആണ്. ഞങ്ങളെ വിളിച്ച ആള്‍ക്ക് മലയാളം അല്പം അറിയാം. അവര്‍ വേറെ വഴിക്കാണ് പോകുന്നതെന്നും ഞങ്ങളെ ഒരിടത്ത് ഇറക്കാമെന്നും പറഞ്ഞു. അവിടെ നിന്നും 2 കിലോമീറ്റര്‍ നടന്നാല്‍ റോഡില്‍ എത്താമത്രെ.

വീണ്ടും ഇരുട്ടത്തുകൂടെ നടന്നു റോഡില്‍ എത്തി, കുറെ നേരം കാത്ത് നിന്നപ്പോള്‍ ഒരു ബസ്‌ കിട്ടി നേരേ കൊല്ലൂര്‍ക്ക്. രാത്രി അന്നദാനം കഴിയാറായിരുന്നു, തിരക്ക് കൂട്ടി കേറി നിന്നു ക്യുവില്‍. ആളുകളില്‍ ചിലര്‍  ഞങ്ങളെ  നോക്കുന്നുണ്ട്, ഞങ്ങളുടെ വസ്ത്രം, പാറി പറക്കുന്ന മുടി, സര്‍വോപരി വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധം. അന്നെന്റെ മനസ് ഏറെ പ്രതികാര ബുദ്ധിയോടെ മനസ്സില്‍ ഊറി ഊറി ചിരിച്ചു…. ആര്യന്മാരുടെ ആഘോഷ വേളകളില്‍ ഒരു ശല്യമാകാനെങ്കിലും കഴിഞ്ഞ രണ്ടു ദ്രാവിഡ വീരന്മാരുടെ ചിത്രമായിരുന്നു എന്‍റെ മനസ് നിറയെ. എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും അവസാന ബസും പോയിരുന്നു. ഇനി ഞങ്ങള്‍ക്ക് വയ്യ റോഡില്‍ കിടന്നുറങ്ങുവാന്‍, വണ്ടി കാശ് കൊടുത്തു റൂം എടുത്തു. രാവിലെ ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചപ്പോള്‍ ഗോവിന്ദാ. ഇനി കാത്തിരിക്കണം ആരെങ്കിലും ബാങ്ക് അക്കൌണ്ടില്‍ ഇടുന്ന കാശും നോക്കി. അത് വരെ ഓരോ കൊമേര്‍സ്യല്‍ ബ്രേക്കുകള്‍….. വീണ്ടും പരിപാടികള്‍ വീണ്ടും ബ്രേക്കുകള്‍.

അങ്ങനെ ഇങ്ങനെ, അങ്ങനെയിങ്ങനെ പുറപ്പെട്ടതിന്റെ അഞ്ചാം ദിവസം വീണ്ടും തുറവൂരില്‍ എത്തി .. പാമ്പിനും പിന്നെ സര്‍വ ഇഴ ജന്തുക്കള്‍ക്കും താവളമായ ഞങ്ങളുടെ വീട്ടിലേക്കു വീണ്ടും….. ആല്‍ത്തറയുടെ തണലില്‍ ചുറ്റും തോടുകള്‍ ഒഴുകുന്ന, ഞങ്ങളുടെ കാവിലേക്കു വീണ്ടും.

(എറണാകുളം സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍