UPDATES

യാത്ര

കുമയൂണ്‍ മലനിരകള്‍ ആസ്വാദിച്ച് നൈനിറ്റാളിലെ മൂടല്‍ മഞ്ഞിലൂടെ ഒരു നടത്തം

മൂടല്‍ മഞ്ഞു പൊതിഞ്ഞു തുടങ്ങി. മഞ്ഞ് ആസ്വാദിച്ച് മാള്‍ റോഡിലൂടെ പതിയെ നടന്നു.. മഞ്ഞ് പുകകള്‍ പടര്‍ന്ന് നൈനിറ്റാളിലെ എത്ര നോക്കി ഇരുന്നാലും മതിയാകില്ല.

അവധികള്‍ അപൂര്‍വമായ ജോലിക്ക് ഇടയില്‍ രണ്ടാം ശനിയും ഞായറും ഒരുമിച്ചു വരുമ്പോള്‍ മനസ്സില്‍ ഒരു കുളിരാണ്. എവിടേക്കെങ്കിലും രണ്ടു ദിവസം തെണ്ടി നടക്കാം എന്നത് തന്നെ കാര്യം. ഇത്തവണ നേരത്തെ ഉറപ്പിച്ചതാണ് പോകേണ്ടത് നൈനിറ്റാളില്‍ ആണെന്ന്. നൈനി എന്ന സ്ഥലവും താല്‍ എന്ന തടാകത്തെ കുറിക്കുന്ന ഹിന്ദി വാക്കും ചേര്‍ന്നാണ് നൈനിറ്റാള്‍ ആയത്. ഉത്തരേന്ത്യക്കാര്‍ നൈനിത്താള്‍ എന്ന് പറയുന്നതേ കേട്ടിട്ടുള്ളൂ. കോയി മില്‍ ഗയ എന്ന സിനിമയുടെ ലൊക്കേഷനായത് ഒന്നുമല്ല നൈനിറ്റാളിലേക്കു ആകര്‍ഷിച്ചത്. ആ വലിയ തടാകത്തില്‍ കുഞ്ഞു കുഞ്ഞു വള്ളങ്ങള്‍ ചെറു മൂടല്‍ മഞ്ഞില്‍ നീങ്ങുന്ന ചിത്രം, അതിനു ഭംഗി കൂട്ടാന്‍ കുമയൂണ്‍ മലനിരകളുടെ പശ്ചാത്തലവും, വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രങ്ങളും മറ്റും കണ്ടപ്പോഴേ തുടങ്ങിയതാണ് അവിടെ ഒരിക്കല്‍ പോകണം എന്ന ആഗ്രഹം.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ കുമയൂണ്‍ മലനിരകള്‍ക്കു താഴെയാണ് ഈ തടാകം. ഇവിടേക്ക് എത്തിപ്പെടുക അല്പം ചടങ്ങു തന്നെയാണ്. ഡല്‍ഹിയില്‍ നിന്ന് നേരെ ട്രെയിനോ സ്റ്റേറ്റ് ബസുകളോ തിരഞ്ഞിട്ട് കിട്ടിയില്ല, ട്രെയിന്‍ ആണെങ്കിലും ബസ് ആണെങ്കിലും ഹല്‍ദ്വാനി അല്ലെങ്കില്‍ കാത്‌ഗോതം ആണു നൈനിറ്റാളിന് അടുത്തുള്ള സ്റ്റോപ്പ്. ഹല്‍ദ്വാനി അല്‍പം വലിയ ടൗണ്‍ ആണ്. നൈനിറ്റാളിന് പോകാന്‍ അവിടെ ഇറങ്ങുന്നതായിരിക്കും നല്ലത്. ട്രെയിന്‍ നോക്കിയപ്പോള്‍ രാത്രി ഡല്‍ഹി നിന്ന് പുറപ്പെടുന്ന ഒരു ട്രെയിന്‍ മാത്രേ ഉള്ളൂ അതില്‍ ടിക്കറ്റ് കിട്ടാന്‍ ഒരു ചാന്‍സും ഇല്ല. അത് കൊണ്ട് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ബസ് ഒരെണ്ണം ബുക്ക് ചെയ്തു പോകാന്‍, തിരിച്ചു വരാന്‍ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ബസും..

നൈനിറ്റാളിലേക്കുള്ള ബസ് സര്‍വീസ് ആനന്ദ് വിഹാര്‍ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലില്‍ (ഡല്‍ഹി) നിന്നാണ്, അത് ഒരു ആശ്വാസം ആയി. കാരണം ഡല്‍ഹിയിലെ പ്രധാന ബസ് ടെര്‍മിനകളില്‍ ഒന്നായ കശ്മീരി ഗേറ്റ് എന്നും ഒരു പ്രഹേളിയാണ്. കാണണമെന്ന് പ്രധാനമായും ഉദ്ദേശിച്ചിരുന്നത് നൈനിറ്റാള്‍ പരിസരങ്ങള്‍, പിന്നെ ഭീംതാല്‍ ഒക്കെയാണ്. സാത്താല്‍ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അവിടെ എത്തി ചേരാന്‍ ഉള്ള കഷ്ടപ്പാട് ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വെച്ച്. സാത്താല്‍ എന്നത് സാത്, താല്‍ എന്ന രണ്ടു ഹിന്ദി വാക്കുകള്‍ ചേര്‍ന്നതാണ്. 7 തടാകങ്ങള്‍ ചേരുന്ന ആ പ്രദേശത്തില്‍ ഒരു സുഹൃത്ത്‌ പോയപ്പോള്‍ ഉള്ള ചിത്രങ്ങള്‍ കണ്ടപ്പോള്‍ കൗതുകം തോന്നിയിരുന്നു.


ശനിയാഴ്ച നൈനിറ്റാളില്‍ താമസിക്കണം എന്നാണ് തീരുമാനിച്ചിരുന്നത്. യൂത്ത് ഹോസ്റ്റലില്‍ വിളിച്ചിട്ടും കിട്ടിയില്ല. വെറേ രണ്ടു ഹോസ്റ്റലുകള്‍ കണ്ടിരുന്നു എങ്കിലും നൈനിറ്റാളില്‍ നിന്നുള്ള ദൂരം നോക്കിയപ്പോള്‍ അത് വേണ്ടെന്നു വയ്ക്കുകയും ചെയ്തു. അവിടെ ചെന്നിട്ടു തീരുമാനിക്കാം എന്ന് ഉറപ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നും ബസ് രാത്രി 10.30 ആയപ്പോള്‍ തന്നെ പുറപ്പെട്ടു. അടുത്ത ഇരുന്നയാളെ പരിചയപ്പെട്ടു, ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞു. ഇപ്പോ ഒരു മെക്കാനിക്കല്‍ ടൂളുകളുമായി ബന്ധപ്പെട്ട കമ്പനിയില്‍ സെയില്‍സ് ജോലിയുമായി പോകുന്നു. ഒരു ദക്ഷിണ ഇന്ത്യക്കാരനുമായി സംസാരിക്കുന്ന കൗതുകം ഉണ്ടായിരുന്നു പുള്ളിയുടെ വാക്കുകളില്‍, ഉത്തരാഖണ്ഡ് കാരനാണ് കക്ഷി.

പുള്ളിക്കു ഈ കേരളം എന്ന് ആരോ പറഞ്ഞ സ്ഥലപ്പേര് അല്ലാതെ ഒന്നും അറിയില്ലത്രേ. നമ്മള്‍ കേരളത്തിന്റെ ജാതകം, ചരിത്രം, സ്ഥലങ്ങള്‍ തള്ളി കൊടുത്തു. അടുത്ത മാസം ടൂര്‍ പോകാന്‍ കമ്പനിയില്‍ പ്ലാന്‍ ഉണ്ടത്രേ, ഇനി കേരളം പോയാല്‍ മതി എന്ന ഒരു അഭിപ്രായം പുള്ളി എന്നോട് പങ്കു വച്ചു. നൈനിറ്റാളിന് സമീപം കറങ്ങാന്‍ വെരി വെരി സ്‌പെഷ്യല്‍ ആയ സ്ഥലങ്ങള്‍ ചോദിച്ചു. പുള്ളിക്ക് വല്യ പരിചയം ഇല്ലത്രെ. നേരത്തെ പറഞ്ഞ ഹല്‍ദ്വാനി അടുത്താണ് കക്ഷിയുടെ വീട്. വാലി ഓഫ് ഫ്‌ളാവേഴ്‌സ് അടുത്ത് തന്നെ പോകാന്‍ എനിക്ക് പ്ലാന്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി, അതിനെ കുറിച്ച് കേട്ടിട്ടില്ല എന്നും, ചിലപ്പോള്‍ ഒന്നും തന്നെ കാണാന്‍ ഉണ്ടാകില്ല എന്നും പറഞ്ഞത് കേട്ടപ്പോള്‍ ഇന്നത്തെ ക്വോട്ട കഴിഞ്ഞെും മോനെയെന്ന് മനസില്‍ പറഞ്ഞു. പതിയെ ഹെഡ്‌സെറ്റ് എടുത്തു ചെവിയില്‍ വച്ചു എന്തൊക്കെയോ ചിന്തിച്ച് കൂട്ടി ഇരുട്ടിലേക്ക് നോക്കിയിരുന്നു.


വെളുപ്പിനെ 6 ആയപ്പോഴേക്കും ഹല്‍ദ്വാനി എത്തി. നൈനിറ്റാള്‍ ബസ് അവിടെ കിടപ്പുണ്ടായയിരുന്നു. തല്ലിത്താല്‍ എന്ന നൈനിറ്റാളിന് മുന്‍പിലെ ബസ് സ്റ്റോപ്പില്‍ വന്നു ഇറങ്ങി. നല്ല മൂടല്‍ മഞ്ഞ്, സ്ഥലങ്ങള്‍ തെളിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളൂ. പതുക്കെ മഴ ചാറാന്‍ തുടങ്ങി, പിന്നെ നന്നായി പെയ്യാന്‍ തുടങ്ങി. പണി ആയോ എന്ന സംശയം വന്നു. സാധാരണ നൈനിറ്റാളിലെ സമ്മര്‍ സീസണ്‍ ഏപ്രിലില്‍ തുടങ്ങി ജൂണില്‍ അവസാനിക്കും, ജൂലൈ മുതല്‍ അത്ര അധികം ആളുകള്‍ കാണില്ല, താരതമ്യം ചെയ്യുമ്പോള്‍. മഞ്ഞു പെയ്യുന്ന താഴ്‌വര കാണാന്‍ വരുന്നവരെ മുഷുപ്പിക്കുന്നതാണ് ഈ മഴ. പിന്നെ ഹിമാലയന്‍ താഴ്‌വരകളുടെ പൊതു സ്വഭാവമായ മഴക്കാലത്തെ മണ്ണിടിച്ചിലും.

ഓഫിസില്‍ ഡയറക്ടര്‍ വെറുതെ ചോദിച്ചിരുന്നു, ഇത് സീസണാണോ എന്ന്. ഡല്‍ഹിയില്‍ പോലും മഴ തുടങ്ങിയ അവസ്ഥയില്‍ നൈനിറ്റാള്‍ വന്നു ചുമ്മാ റൂമില്‍ മൂടി പുതച്ചു കിടക്കേണ്ടി വരുമോ എന്ന് തോന്നി. മഴ മാറാന്‍ കാത്തിരുന്നു. തോരുന്നില്ല. തൊപ്പിയും ജാക്കറ്റും എടുത്തു നേരെ ആ ചാറ്റല്‍ മഴയത്തു നടന്നു. മാള്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടെന്നു ഒക്കെ കേട്ടിരുന്നു. എന്നാല്‍ അവിടെ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. മാള്‍ റോഡിലൂടെ നടക്കുമ്പോള്‍ അരികില്‍ കൊച്ചു ഓടങ്ങള്‍ കിടക്കുന്നതു കാണാം. ഈ ഷിക്കാരകളിലെ യാത്ര നൈനിറ്റാളിലെ ഒഴിച്ച് കൂടാന്‍ കഴിയാത്ത സംഗതിയാണ്. നേരെ നൈനി ദേവി ക്ഷേത്രത്തിലേക്ക് ആണു പോയത്. അവിടത്തെ പ്രാധാന സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. അവിടെനിന്നു ഇറങ്ങി നേരെ അതിനു മുന്‍പിലുള്ള മാര്‍ക്കറ്റില്‍ ചെന്ന് ഇരുന്നു. മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു.

നൈനി ദേവി ക്ഷേത്രം

.

അവിടുനിന്നുള്ള ഒരു മോസ്‌കിന്റെ കാഴ്ചയില്‍ അല്പം മയങ്ങി പോയി. നൈനിറ്റാളിലെ ഗ്രൗണ്ടിന്റെ പുറകിലാണ് ഈ മോസ്‌ക്. അടുത്ത ഇടമാണ് ചിലപ്പോള്‍ സ്വപ്നത്തില്‍ പോലും വരാറുള്ള ഒരു സ്ഥലം. സെന്റ് ജോണ്‍ ദി വൈല്‍ഡേര്‍നെസ്സ് എന്ന് പേരുള്ള 19 നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ നിര്‍മിച്ച പള്ളി, സ്‌നാപക യോഹന്നാന്റെ പേരിലുള്ള പൈന്‍ മരക്കാടുകള്‍ അലങ്കാരമായി നില്‍ക്കുന്ന പള്ളി. അതിന്റെ ഭംഗി എങ്ങനെ വര്‍ണിക്കണം എന്ന് അറിയില്ല. ഗോഥിക് ശൈലിയില്‍ ഉള്ള പൈന്‍ കാടുകള്‍ തുടങ്ങുന്ന ഇടത്തുള്ള ഈ പള്ളിയില്‍ ഇപ്പോള്‍ ഞായറാഴ്ച മാത്രമാണ് പ്രാര്‍ത്ഥന. അതിനു വേണ്ടി രണ്ടു പേര്‍ അവിടെ വ്ൃത്തിയാക്കുന്നുണ്ടായിരുന്നു. കുറെ നേരം അവിടെ ഇരുന്നു.

സെന്റ് ജോണ്‍ ദി വൈല്‍ഡേര്‍നെസ്സ്

അടുത്ത സ്ഥലം കേവ് ഗാര്‍ഡന്‍ എന്ന സ്ഥലമാണ്. വിവിധ തരത്തിലുള്ള ഗുഹകള്‍ ഉണ്ട് അവിടെ. പക്ഷെ ആദ്യം നിരാശ തോന്നി, കനത്ത മഴ കാരണം അടച്ചിട്ടിരിക്കുകയാണ്. കാരണം മണ്ണിടിച്ചില്‍ ഉണ്ടാവുമെന്ന്. തായ്‌ലന്‍ഡില്‍ ഒക്കെയാണ് ഗുഹകളില്‍ നിന്ന് രക്ഷിക്കാന്‍ വിദഗ്ദര്‍ വരും, ഇവിടെങ്ങാണുമാണെങ്കില്‍ നമ്മള്‍ പെട്ടു കിടക്കുക ആയിരിക്കും എന്ന് എന്റെ മനസ്സില്‍ തോന്നി. ആന്ധ്രയിലെ ബോറ ഗുഹയും ബേലം ഗുഹയും കേറുമ്പോള്‍ പേടി തോന്നിയിരുന്നില്ല, പക്ഷെ ഇവിടെ അധികൃതര്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ എന്ത് ചെയ്യും. കുറച്ചു നേരം അവിടെ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സ്വന്തം റിസ്‌കില്‍ കേറാം എന്ന ബോര്‍ഡ് തൂക്കി അവര്‍. ആദ്യം നമ്മള് തന്നെ കയറി, പുറകില്‍ ഒരു ഭാര്യയും ഭര്‍ത്താവും. നല്ല ധൈര്യമുള്ളവരാണ് അവര്‍. കടുവയും പുലിയും ഒക്കെ താമസിച്ചിരുന്ന ഗുഹകളാണ്. ഒരു ജീവനക്കാരന്‍ കൂടെ വരാം എന്ന് പറഞ്ഞപ്പോള്‍ ധൈര്യം ആയി. നൂഴ്ന്നും നടന്നും ചെരിഞ്ഞു ഇറങ്ങിയും അവിടെ പൂര്‍ത്തിയാക്കി.
കേവ് ഗാര്‍ഡന്‍

ഇനി കിടക്കാന്‍ ഉള്ള സ്ഥലം തപ്പണം. യൂത്ത് ഹോസ്റ്റല്‍ ഗൂഗിള്‍ മാപ്പ് തപ്പി നടന്നു അവശനായപ്പോള്‍ മറ്റ് വഴി നോക്കാന്‍ തീരുമാനിച്ചു. കുമയൂണ്‍ മണ്ഡല്‍ വികസന നിഗം ലിമിറ്റഡ് താമസ സൗകര്യം ഒരുക്കുന്നുണ്ട്. ഉത്തര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഗഡ്വാള്‍ മണ്ഡല്‍ നിഗം ലിമിറ്റഡ് പോലെ തന്നെ. അവിടെ റൂം റേറ്റ് കൂടുതല്‍ ആണെന്നായിരുന്നു ധാരണ. ചുമ്മാ റിസപ്ഷനില്‍ ചെന്നപ്പോള്‍ വിചാരിച്ച പോലെ തന്നെ റേറ്റ് കൂടുതല്‍. തിരിഞ്ഞു നിരാശയോടെ നടക്കുമ്പോള്‍ അവിടെയുള്ള പെണ്‍കുട്ടി പറഞ്ഞു ഡോര്‍മെറ്ററി ഉണ്ടെന്നും അതിന് 360 രൂപയുള്ളൂവെന്നും. കൂടാതെ അതില്‍ ബ്രേക്ക്ഫാസ്റ്റ് കൂടി ഉള്‍പ്പെടുമെന്നും.. പിന്നെ ഒന്നും ആലോചിച്ചില്ല എടുത്തു ഒരു ഡോര്‍മെറ്ററി. ഇനിയും കാണാന്‍ ഇടങ്ങള്‍ ഉണ്ട്, പുറത്തിറങ്ങിയാല്‍ വരാന്‍ വൈകും എന്ന് പറഞ്ഞപ്പോള്‍ ഇവിടെ പ്രശ്‌നം ഇല്ല എന്ന് മറുപടി. എങ്കില്‍ ദാ നമ്മള്‍ ഇറങ്ങായി എന്ന് അറിയിച്ചു പുറത്തേക്ക് ചാടി.

ഒരു ടിബറ്റന്‍ മൊണാസ്ട്രി ഉണ്ട് രണ്ടു കിലോമീറ്റര്‍ അകലെ എന്ന് ഗൂഗിള്‍ പറയുന്നു. അങ്ങോട്ട് തന്നെ വച്ച് പിടിപ്പിച്ചു. കുന്നു കേറി, അവിടെ ചെന്നപ്പോള്‍ ആണു രസം അവിടെ ആര്‍ക്കും അറിയില്ല അവിടെ ഒരു ടിബറ്റന്‍ മൊണാസ്ട്രി ഉണ്ടെന്നു. കാല് വേദന എടുത്തു തുടങ്ങി, ഇടുപ്പിന്റെ ജോയിന്റുകള്‍ ‘എന്നോടോ?’ എന്നായി ചോദ്യങ്ങള്‍. കയ്യില്‍ ഉണ്ടായിരുന്ന വെള്ളം പയ്യെ പയ്യെ അവിടിരുന്നു കുടിച്ചു. സ്‌നോ വ്യൂ പോയിന്റ് ആ വഴി പോകാം എന്ന് കണ്ടപ്പോള്‍ എഴുന്നേറ്റു. കുന്നില്‍ വെട്ടി കീറിയ ആ ചാലുകള്‍ ചവിട്ടി കേറി അവിടെ ചെന്നപ്പോഴേക്കും അവശനായിപ്പോയി. സാധാരണ നൈനിറ്റാള്‍ നിന്നും കേബിള്‍ കാര്‍ ഉണ്ട ഇങ്ങോട്ട്. അവിടെ നിന്നും നൈനിറ്റാളിനെ നോക്കുമ്പോള്‍ ഒരു മാങ്ങാ പൂള് പോലെ എനിക്ക് തോന്നി. ചന്ദ്രനെ പോലെ എന്നൊക്കെ ആണ് കവി ഹൃദയങ്ങള്‍ പാടുക.

സ്‌നോ വ്യൂ പോയിന്റില്‍ നേരം പോക്കുകള്‍ ഉണ്ട്. ശകതിയേറിയ ബൈനോക്കുലര്‍ വെച്ച് താഴ്‌വരയിലെ വിശേഷങ്ങള്‍ വര്‍ണിക്കുന്നുണ്ട് അവിടെയുള്ള ഗൈഡുകള്‍. കേബിള്‍ കാറില്‍ കേറി നേരെ താഴേക്കു വെച്ച് പിടിച്ചു. ഇനി നേരെ മൃഗശാല കാണാന്‍ ആണ് പദ്ധതി, സമുദ്രത്തില്‍ നിന്നും വളരെ ഉയരത്തിലുള്ള ഈ പ്രദേശത്തെ മൃഗശാല വളരെ പ്രസിദ്ധമാണ്. അവിടെ ചെന്നപ്പോള്‍ കടുവയെ കാണാന്‍ ആണ് ആള് കൂടുതല്‍. ചുവന്ന പാണ്ടയെ കാണണം എന്ന ആഗ്രഹം കൊണ്ട് ആ കൂടിനു മുന്നില്‍ ഞാനും കുറെ പേരും നിന്നത് മെച്ചം, ഉണ്ടാക്കി കൊടുത്ത കൂടില്‍ നിന്നും പുറത്തേക്കു ഇറങ്ങുന്നില്ല പാണ്ട. നമുക്ക് കാണാന്‍ ഭാഗ്യം ഇല്ല. ഒരു ചെറിയ കോണിലൂടെ കാണാന്‍ പറ്റും, അത് തന്നെ ഭാഗ്യം ആയി തോന്നി.

മൂടല്‍ മഞ്ഞു പൊതിഞ്ഞു തുടങ്ങി. മഞ്ഞ് ആസ്വാദിച്ച് മാള്‍ റോഡിലൂടെ പതിയെ നടന്നു.. മഞ്ഞ് പുകകള്‍ പടര്‍ന്ന് നൈനിറ്റാലിനെ എത്ര നോക്കി ഇരുന്നാലും മതിയാകില്ല. അകലങ്ങളിലേക്ക് കണ്ണോടിച്ചു ഗതകാല സ്മരണകളില്‍ മുഴുകിയപ്പോയി. വിശന്നപ്പോള്‍ അടുത്തുള്ള ടിബറ്റന്‍ മാര്‍ക്കറ്റില്‍ പോയി നൂഡില്‍സ് കഴിച്ചു. രാത്രി ആകാന്‍ തുടങ്ങി. റൂമിലോട്ട് വീണ്ടും നടക്കണം. മഴ പെയ്യാനും സാധ്യതയുണ്ട്. മഞ്ഞ് കാരണം ഒന്നും വ്യക്തമായി കാണാന്‍ പറ്റുന്നില്ല. സാഹചര്യം കൂടുതല്‍ മോശം ആകുന്നതിനുമുന്‍പ് റൂമിലേക്ക് ഗതി തിരിച്ചു. കനത്ത പുതപ്പില്‍ ഒളിക്കുമ്പോ തണുപ്പൊക്കെ പോകുന്നുണ്ട്. രാവിലെ ഭക്ഷണം കഴിച്ചു നേരെ ഭീം താല്‍ എന്ന് ഉറപ്പിച്ചു ഉറങ്ങി. രാവിലെ ഭക്ഷണത്തിന് ചെന്നപ്പോള്‍ ഒരുപാടുണ്ട് വിഭവങ്ങള്‍. സാന്‍ഡ്‌വിച്ച്, ആലൂ പറാത്ത, ഓംലറ്റ് എന്നിവ കൈവച്ച് രണ്ടു ഗ്ലാസ് ചായയും തട്ടി. ഉച്ചക്ക് ഇനി വേണ്ടല്ലോ..

ഭീം താല്‍

താമസസ്ഥലത്തു നിന്നും ഇറങ്ങി. ബസ് കേറി, പിന്നെ അവിടെന്ന് ഒരു ടാക്‌സിയും പിടിച്ചാണ് ഭീം താല്‍ എത്തിയത്. നടത്തം ഇന്ന് ഇല്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു എങ്കിലും വന്നു ഇറങ്ങിയപ്പോള്‍ ഭീം താലിലെ ആദ്യ കാഴ്ച റോഡിനു ചേര്‍ന്നുള്ള ഭാഗം വെള്ളം ഇല്ലാതെ ഉണങ്ങി കിടക്കുന്നതാണ്. കുമയൂണ്‍ ഭാഗത്തെ ഏറ്റവും വലിയ തടാകം ആണു ഭീം താല്‍. നടന്നു കാണുക അല്ലാതെ വേറെ ഒരു ഓപ്ഷനും ഇല്ലാതെ വന്നപ്പോള്‍ എന്ത് ചെയ്യാം. സന്ദര്‍ശകര്‍ ശിക്കാരയില്‍ യാത്ര ആസ്വദിക്കുന്നു. ശിക്കാരയില്‍ കേറാന്‍ ഒട്ടും മൂഡ് വന്നില്ല. പ്രിയപ്പെട്ട ആളുകള്‍ക്ക് ഒപ്പം വരുമ്പോള്‍ അപ്പോള്‍ ആകാം എന്നത് ആണു മനസ് നല്‍കിയ വിശദീകരണം. കാഴ്ച്ചകള്‍ കണ്ട് നടക്കുമ്പോള്‍ മഴ വന്നു. രണ്ടര മണിക്കൂറില്‍ കൂടുതല്‍ പെയ്ത മഴ, അവിടെ നിന്ന് വരുമ്പോഴും തോര്‍ന്നിട്ടില്ല. ഭീം താലില്‍ പെട്ടു പോകുമോ എന്ന് സന്ദേഹിച്ചിരിക്കേ ഒരു ബൈക്ക് കിട്ടി ജംഗ്ഷന്‍ വരെ. അവിടെ നിന്നും തുണികള്‍ കൊണ്ട് പോകുന്ന ഒരു വണ്ടിയില്‍ കേറി ഹല്‍ദ്വാനിയില്‍. ഹല്‍ദ്വാനിക്കു വരും വഴി നല്ല കാഴ്ചകള്‍ ഉണ്ട്. ടൂറിസ്റ്റുകള്‍ അവിടെ ഇവിടെയായി നിന്ന് ഫോട്ടോ എടുക്കുന്നത് കാണാം. ഹല്‍ദ്വാനി എത്തിയപ്പോഴാണ് രസം, ഇവിടെ ചൂട് എടുക്കുന്നു.

നല്ല ഉറക്കം വരുന്നു. ഇത് എഴുതുമ്പോള്‍ ഡല്‍ഹിക്ക് പോകാനുള്ള ബസ് കാത്തിരിക്കുകയാണ്. നാളെ രാവിലെ ഡല്‍ഹിയില്‍ എത്തും. പിന്നെ പതിവ് പണികളില്‍, അടുത്ത ഇടം തേടി വരും വരെ..

ഏഷ്യയിലെ ആറ് പ്രധാന രാത്രി ചന്തകള്‍

സ്വര്‍ഗത്തിലേക്കുള്ള തീവണ്ടിപ്പാതകള്‍: ലോകത്തിലെ മികച്ച ഏഴ് ട്രെയിന്‍ യാത്രകള്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍