UPDATES

യാത്ര

ആഴക്കടലില്‍ സഞ്ചരിക്കാന്‍ അത്യപൂര്‍വ്വ അവസരവുമായി ബഹ്‌റൈന്‍; ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

ആഴിക്കടിയില്‍ സഞ്ചരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സുരക്ഷിതമായ നീന്തല്‍ നടത്തി അടിക്കടല്‍ ആസ്വദിക്കാനുള്ള അത്യപൂര്‍വ്വ അവസരമാണ് രാജ്യത്ത് ഒരുങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ബഹ്‌റൈനില്‍ ഉദ്ഘാടനം ചെയ്തു. ആഴിക്കടിയില്‍ സഞ്ചരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സുരക്ഷിതമായ നീന്തല്‍ നടത്തി അടിക്കടല്‍ ആസ്വദിക്കാനുള്ള അത്യപൂര്‍വ്വ അവസരമാണ് രാജ്യത്ത് ഒരുങ്ങുന്നത്. വ്യവസായ, ടൂറിസം കാര്യമന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍ സയനിയാണ് അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കടലിനടിയിലൂടെ സഞ്ചരിച്ച് വിമാന മോഡലിനകത്ത് പ്രവേശിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും, സമുദ്ര പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി രജിസ്റ്റര്‍ ചെയ്ത ഡൈവ് സെന്ററുകളുമായി കൂടിയാലോചിച്ചാണ് പാര്‍ക്കിന്റെ സ്ഥാനം തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കടല്‍ ജീവിതത്തിന്റെ ആസ്വാദ്യത അനുഭവിച്ചറിയാനും വിനോദസഞ്ചാരികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പാര്‍ക്കില്‍ സൗകര്യമുണ്ട്. അന്താരാഷ്ട്ര പരിസ്ഥിതി ചട്ടങ്ങളും നിലവാരവും പാലിച്ചായിരിക്കും വാട്ടര്‍തീം പാര്‍ക്ക് പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ സമുദ്ര പരിസ്ഥിതിയും പ്രാദേശിക അവസ്ഥകളും നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമുദ്രജീവികളെ ആകര്‍ഷിക്കാന്‍ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്.

70 മീറ്റര്‍ നീളമുള്ള ‘ബോയിംങ് 747’ സമുദ്രത്തിനടിയിലെ പാര്‍ക്കിന് മധ്യത്തിലായും 20-22 മീറ്റര്‍ താഴെയായും സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ചിപ്പി, മുത്തുവാരല്‍ തൊഴിലാളികളുടെ ഭവനങ്ങളുടെ മാതൃകകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി സുപ്രീം കൗണ്‍സില്‍, ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുക. പദ്ധതി വിപുലീകരിച്ച് പുതിയ ആഴക്കടല്‍ ആസ്വാദനങ്ങള്‍ കൂടി സമീപഭാവിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുള്ളതായും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1,00,000 മീറ്റര്‍ വിസ്തീര്‍ണ്ണമാണ് പാര്‍ക്കിന്റെ പരിധി. ഇനിമുതല്‍ അണ്ടര്‍വാട്ടര്‍തീം പാര്‍ക്ക് ജനങ്ങള്‍ക്കായി തുറക്കുമെന്ന് വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയം അറിയിച്ചു

Read More : 245 ദിവസം, 6 ഭൂഖണ്ഡങ്ങള്‍, 51 രാജ്യങ്ങള്‍, 111 തുറമുഖങ്ങള്‍; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പലോട്ടത്തിന് തുടക്കമായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍