UPDATES

യാത്ര

കേരളം ലണ്ടനിലെ ബസുകളില്‍

മാര്‍ച്ച് അവസാനം വരെ ലണ്ടനില്‍ പ്രചരണം തുടരും

ലണ്ടന്‍ നഗരത്തിലെ ബസുകള്‍ ഓടുന്നത് കേരള ടൂറിസം പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുമായാണ്. ലണ്ടനിലെ സ്റ്റേറ്റ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ‘ബസ് ബ്രാന്‍ഡിംഗ്’ എന്ന പദ്ധതിയുടെ ഭാഗമായി സെന്‍ട്രെല്‍ ലണ്ടനിലെ അഞ്ച് ഡബിള്‍ ഡെക്കര്‍ ബസ്സുകളിന്മേലാണ് ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’യുടെ വിവിധ ദൃശ്യങ്ങള്‍ പതിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനം വരെയും ലണ്ടനിലെ റൂട്ടുകളില്‍ ഈ പ്രചരണം തുടരും.

പുതിയ മാര്‍ക്കറ്റിംഗ് തന്ത്രവും പ്രചരണവുമാണ് പുതിയ ടൂറിസം നയം കൊണ്ട് വ്യക്തമാക്കുന്നത്. ആദ്യമായാണ് ലണ്ടനില്‍ റെഡ് ബസുകളില്‍ ഇത്തരത്തില്‍ ടൂറിസം പരസ്യം നല്‍കുന്നതെന്ന് ടൂറിസം അധികൃതര്‍ വ്യക്തമാക്കി. സെന്‍ട്രെലിലെ ലണ്ടനില്‍ അഞ്ച് ഡിപ്പോയില്‍ നിന്ന് ഓടുന്ന ഡബിള്‍ ഡെക്കര്‍ ബസുകളിലാണ് കേരളം തലയുയര്‍ത്തി നില്‍ക്കുന്നത്. കഥകളി ചിത്രങ്ങളും ഹൗസ്ബോട്ടുകളും സംസ്ഥാനത്തിന്റെ ബാക്ക്വാട്ടര്‍ സൗന്ദര്യവും ബസുകളിലെ ചിത്രങ്ങളില്‍ നിറയുന്നു. ഗോ കേരള എന്ന ഹാഷ്ടാഗുമായാണ് ഈ ബസ് ബ്രാന്‍ഡിങ്. keralatourism.org എന്ന ലിങ്കും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ലണ്ടന്‍, ബര്‍മിംഗ്ഹാം, ഗ്ലാസ്ഗോ എന്നീ നഗരങ്ങളിലെ ടാക്സികളില്‍ കേരളം നേരത്തേ ഇത്തരത്തില്‍ പരസ്യം നല്‍കിയിരുന്നു. യുകെ പോലുള്ള വലിയ വിപണിയെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള കേരളത്തിന്റെ ഒരു പുതിയ മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നു ഇത്. 1.5 ലക്ഷം സന്ദര്‍ശകരെ കൊണ്ട് കേരളത്തിന്റെ ടൂറിസം പട്ടികയില്‍ യുകെ മുന്‍പന്തിയിലാണ്.

2016-17 വര്‍ഷങ്ങളില്‍ മിഡില്‍ ഇൗസ്റ്റിലും ഇത്തരത്തില്‍ ടൂറിസം ബ്രാന്‍ഡിങ് പരീക്ഷിച്ചിരുന്നു. ദുബായിലെ കാബുകള്‍, സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടുകള്‍, ഒമാനിലെ ടെലിവിഷന്‍ ചാനലുകള്‍, ബിബിസി വേള്‍ഡ്, അല്‍ജസീറ എന്നീ ചാനലുകളിലൂടെയും കേരളത്തിന്റെ ടൂറിസം പരസ്യം നല്‍കിയിരുന്നു.

“യാത്രക്കാരെ ലക്ഷ്യം വെച്ച് കഴിഞ്ഞ വര്‍ഷം ലണ്ടനിലെ 20 ട്യൂബ് സ്റ്റേഷനുകളിലും ഇത് പരീക്ഷിച്ചിരുന്നു. സ്റ്റേഷന്റെ രണ്ട് വശങ്ങളിലും വലിയ ഡിസ്‌പ്ലേകള്‍ സ്ഥാപിച്ചിരുന്നു. ട്രെയിനുകള്‍ക്ക് നാല് മിനുട്ട് വെയിറ്റിംഗ് സമയമുള്ള ഈ സ്റ്റേഷനുകളില്‍ ഇത് വലിയ വിജയമായിരുന്നു.” അധികൃതര്‍ പറഞ്ഞു.

ടൂറിസം സെക്ടറിലെ പുതിയ മാര്‍ക്കറ്റിംഗ് രീതികളും അതിന്റെ പ്രാധാന്യവും മനസ്സിലാക്കി ദേശീയവും അന്താരാഷ്ട്രവുമായ വിപണികളിലെ പ്രചരണത്തിനായി സര്‍ക്കാര്‍ കോടികളാണ് നീക്കിവെക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ടിവി ചാനലുകള്‍, സിനിമ ഹാളുകള്‍, റേഡിയോ, എയര്‍പോര്‍ട്ട് ട്രാന്‍സ്ലൈറ്റുകള്‍, ഒടിടി (over the top)ചാനലുകള്‍ എന്നിവയിലൂടെ പ്രാദേശിക വിപണിയില്‍ പ്രചരണം നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍