UPDATES

യാത്ര

ലവ്‌ഡേല്‍ ബസിലെ ബാക്ക് ബെഞ്ചേഴ്സ്; കണ്ടക്ടറും ഡ്രൈവറും യാത്രക്കാരും ഇടയ്ക്ക് വില്ലനായ ‘ആനവണ്ടി’യും തമ്മിലുള്ള ഒരു അസാധാരണ ബന്ധത്തിന്റെ യാത്ര

അഞ്ചോ ആറോ ലോക സഭാ മണ്ഡലങ്ങളില്‍ കൂടി കടന്നു പോകുന്ന ഒരു പ്രൈവറ്റ് ബസും അതിലെ ജീവനക്കാരും സ്ഥിരം യാത്രക്കാരും വര്‍ഷങ്ങളോമുള്ള യാത്രയിലുണ്ടായ ആത്മബന്ധവും അതിനിടയിലേക്ക് വില്ലനെപോലെ കടന്നുവന്ന അടുത്ത സുഹൃത്തായ കെഎസ്ആര്‍ടിസിയും ജീവനക്കാരെയുമെല്ലാം ഉള്‍പ്പെടുത്തിടുള്ള ഒരു അനുഭവയാത്ര.

രണ്ടു വണ്ടികള്‍….അതില്‍ കുറെ മനുഷ്യര്‍

കുമളിയില്‍ നിന്നും കായംകുളത്തേക്കുള്ള സ്വകാര്യ ബസ്, നിറയെ യാത്രക്കാരുമായി പാഞ്ഞു വന്നു നിന്നു. ഞാന്‍ പതുക്കെ ബസിനടുത്തെത്തി.

‘ഇതിലെടയില്ല, തിരക്കാണ്.’

ലേശം നീരസത്തോടെ ഫുട്‌ബോര്‍ഡില്‍ നില്‍ക്കുന്ന ഉയരമുള്ള ആള്‍ പറഞ്ഞു. കണ്ടക്ടര്‍ ആണെന്ന് തോന്നുന്നു. കൈയില്‍ കുറെ നോട്ടൊക്കെ മടക്കി പിടിച്ചിട്ടുണ്ട്. ദയനീയമായി ഞാന്‍ അയാളെ നോക്കി.

‘മാവേലിക്കരയ്ക്കു പോകാനാണ്. വേറെ നിവൃത്തിയില്ല..

ഞാന്‍ എന്റ നിസ്സഹായാവസ്ഥ അറിയിച്ചു. ‘മാവേലിക്കര ടിക്കറ്റ് ആണ്’. അയാള്‍ ബസിനകത്തേക്കു നോക്കി ഉറക്കെ പറഞ്ഞു. ‘സീറ്റില്ലെന്നു പറഞ്ഞേര്. നിക്കേണ്ടി വരും’. അകത്തു നിന്നും മറുപടി. മുതലാളി ആയിരിക്കും. ഫുട്‌ബോര്‍ഡില്‍ നില്‍ക്കുന്ന ആള്‍ ആ മറുപടി ആവര്‍ത്തിച്ചു. അഡ്ജസ്റ്റ് ചെയ്തു നിന്നോളാീ എന്ന ഉറപ്പില്‍ ഞാന്‍ ഫുട്‌ബോര്‍ഡില്‍ ഞെരുങ്ങിക്കൂടി. ബസ് നീങ്ങി. അതിനിടയില്‍ എനിക്ക് പ്രൊമോഷന്‍ കിട്ടി. ഫുട്‌ബോര്‍ഡില്‍ നിന്നും ബസിനകത്തു കയറി. ചങ്ങനാശ്ശേരിയില്‍ എത്തിയ ബസ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. ബസ് കാലി. സ്വസ്ഥമായി ഒരു സീറ്റില്‍ ഇരുന്നു. പത്തു മിനുട്ട് നേരത്തെ വിശ്രമത്തിന് ശേഷം ബസ് തുള്ളിത്തെറിച്ചു വീണ്ടും പാഞ്ഞു…

കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയെ പോലെ ഞാന്‍ മനസ്സില്‍ പറഞ്ഞു : ‘ഹോ, എന്തൊരു സ്പീഡ്.. !’

2004 ല്‍ ആണ് മാവേലിക്കര രാജാ രവി വര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. ഹേമാ ഭവന്‍ എന്നൊരു വീട്ടില്‍ വാടകയ്ക്ക് താമസവും തുടങ്ങി. ഏതാണ്ട് നാല് കൊല്ലത്തോളം അവിടെ താമസിച്ചു; ചിത്രങ്ങള്‍ വരച്ചു.

പിന്നീട് 2008 ല്‍ വാടക വീടൊഴിഞ്ഞു സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഒരു വയസ്സ് തികയാത്ത മകന്റ നിഷ്‌കളങ്കമായ കളിയും ചിരിയും, മാവേലിക്കരയിലെ മടുപ്പുളവാക്കുന്ന, ഒട്ടും സ്വാദിഷ്ടമല്ലാത്തതുമായ ഹോട്ടല്‍ ഭക്ഷണവും എന്നെ എന്റ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

വീട് മാറ്റം വലിയ ബുദ്ധിമുട്ടുകളിലേക്കാണ് തള്ളിവിട്ടത്. സ്വസ്ഥമായി ഇരുന്നു വരയ്ക്കാനുള്ള ഇടം അന്നാദ്യമായി എനിക്ക് നഷ്ടപ്പെട്ടു. വീട്ടിലാണെങ്കില്‍ സ്ഥലപരിമിതി. കോളേജില്‍ അധ്യാപകര്‍ക്ക് ചിത്രം വരയ്ക്കാനുള്ള സ്റ്റുഡിയോ സൗകര്യവും ഇല്ല. ഒടുവില്‍ ക്യാന്‍വാസുകളും സ്ട്രെച്ചറുകളും മറ്റും സഹോദരിയുടെ വീട്ടില്‍ കൂട്ടിയിട്ടു. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നം യാത്രയായിരുന്നു..

ഹേമാഭവനില്‍ നിന്നും കോളേജിലേക്ക് എനിക്ക് നടന്നു പോകാമായിരുന്നു. ഇതിപ്പോള്‍ ദിവസവും ബസിനു യാത്ര ചെയ്യേണ്ട അവസ്ഥയിലായി; അതും രണ്ടു വണ്ടി കയറി. യാത്ര ദുരിതമായി. തിരക്ക് പിടിച്ച രാവിലെകളില്‍ മാമ്മൂട്ടില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കും അവിടെ നിന്ന് മാവേലിക്കരയിലേക്കും, ബസിനും പിന്നെ കോളേജിലേക്ക് ഓട്ടോറിക്ഷയിലും യാത്ര ആരംഭിച്ചു. പലപ്പോഴും ബസ് സമയത്തിന് കിട്ടില്ല. തിരക്ക് പിടിച്ച ബസില്‍ കയറിക്കൂടാനുള്ള തത്രപ്പാടുകള്‍.. യാത്ര ഇഷ്ടപ്പെടുന്ന ഞാന്‍ ഈ നിത്യേനയുള്ള അഭ്യാസത്തെ പതുക്കെ വെറുത്തു തുടങ്ങി.

അപ്പോളാണ് മാമ്മൂട് വഴി മാവേലിക്കരയ്ക്കു പോകുന്ന ഒരു സ്വകാര്യ ബസിനെ കുറിച്ചു ഭാര്യ പറഞ്ഞത്. ഒരു ദിവസം റോഡില്‍ കാത്തു നിന്നു; ബസ് മാമ്മൂട്ടില്‍ എത്തുന്ന സമയം കണ്ടുപിടിക്കാന്‍. അടുത്ത ദിവസം ആ ബസ്സില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ‘ലവ് ഡേല്‍’ എന്ന ബസില്‍ ഞാന്‍ ആദ്യമായി കയറിക്കൂടി..

അടുത്ത ദിവസവും രാവിലെ ഞാന്‍ ലവ് ഡേല്‍ ബസ് കാത്തു നിന്നു. സ്റ്റോപ്പില്‍ നിന്നും കുറച്ചു മാറി ബസ് ചീറിപ്പാഞ്ഞു വന്നു നിന്നു. ഞാന്‍ ഡോറിനടുത്തെത്തി. തലേദിവസത്തെ പോലെ ദയനീയമായി നോക്കി. മാവേലിക്കരയ്ക്കാണ്…. ഞാന്‍ പിറുപിറുത്തു. ഇന്നലത്തേക്കാളും സൗമ്യതയോടെ ആ നീളമുള്ള മനുഷ്യന്‍ പറഞ്ഞു : തിരക്കാണ്… എങ്കിലും ആ മനുഷ്യന്‍ എനിക്ക് കയറാന്‍ കുറച്ചു ഇടയുണ്ടാക്കി, ഉച്ചത്തില്‍ ആരോടോ വിളിച്ചു കൂവി: ‘ആ സീറ്റു കൊട്…’ ആരോ എണീറ്റ് മാറി….. വാതിലിനടുത്തുള്ള സംവരണ സീറ്റ് എനിക്ക് കിട്ടി. ടിക്കറ്റിനുള്ള കാശ് ആ ദീര്‍ഘകായന്‍ വാങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ വന്നു ടിക്കറ്റ് തന്നു. അപ്പോള്‍ വാതിലില്‍ തൂങ്ങി നില്‍ക്കുന്ന, നെറ്റി നിറയെ പല നിറത്തിലുള്ള കുറി വാരി പൂശിയിരിക്കുന്ന ഇയാള്‍ മുതലാളി ആയിരിക്കുമോ…. ! മൊതലാളീ…

മൂന്നാം ദിവസവും ഈ പ്രക്രിയ തുടര്‍ന്നു. പക്ഷെ അന്ന് ഞാന്‍ അവരോട് ചോദിച്ചു. മാവേലിക്കരയില്‍ ജോലിയാണ്. സ്ഥിരമായിട്ട് കയറിക്കോട്ടെ? എന്നോട് അവര്‍ക്ക് അലിവ് തോന്നി.കയറിക്കോളാന്‍ പറഞ്ഞു. സ്റ്റോപ്പില്‍ നിന്നും കുറച്ചു മുന്നോട്ടു മാറി നില്‍ക്കുവാന്‍ നിര്‍ദേശവും നല്‍കി. ആശ്വാസമായി. അതില്‍പരം സന്തോഷവും. അങ്ങനെ ലവ് ഡേല്‍ എന്ന ബസ്സിലെ തിക്കിലും തിരക്കിലും പെട്ട് ആടിയുലഞ്ഞു ഞാന്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചു.

മാവേലിക്കര പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങി, അവിടെ നിന്നും ഓട്ടോറിക്ഷയില്‍ കയറി കോളേജിലേക്ക് പോയി. അങ്ങനെ പോകുന്നതിനിടയില്‍, പലതവണ ബസ് ബുദ്ധ ജംഗ്ഷനിലൂടെ കടന്നു പോകുന്നത് കണ്ടു. എനിക്കൊരു സംശയം….. പിറ്റേ ദിവസം കണ്ടക്ടറോട് കാര്യം ചോദിച്ചു. ബസ് ലിമിറ്റഡ് സ്റ്റോപ്പ് ആയതുകൊണ്ട് എല്ലായിടത്തും നിര്‍ത്താറില്ല. പക്ഷെ അടുത്ത ദിവസം മുതല്‍ ബുദ്ധ ജംഗ്ഷനില്‍ ബസ് നിര്‍ത്തി തുടങ്ങി. യാത്ര കുറച്ചുകൂടി സൗകര്യപ്രദമായി.

ദിവസം കഴിയുന്തോറും ഈ ബസ് ഒരു വിചിത്ര അനുഭവമായി മാറി. ചങ്ങനാശ്ശേരി വരെ ഒടുക്കത്തെ തിരക്ക്. ചങ്ങനാശ്ശേരി കഴിഞ്ഞാല്‍ കുറച്ചു സ്ഥിരം യാത്രക്കാര്‍ മാത്രം. എങ്കിലും ഒരു സ്റ്റോപ്പിലും നിര്‍ത്തി ആളെ കയറ്റാറില്ല. ഇറങ്ങാനുള്ളവരെ ഇറക്കിവിടും. അത്ര തന്നെ. മുടിഞ്ഞ സ്പീഡും അടിപൊളി പാട്ടും. വേറെ ബസ് വന്നാലും അതില്‍ കയറാതെ ഇതില്‍ മാത്രം കയറുന്ന സ്ഥിരം യാത്രക്കാര്‍. മനുഷ്യര്‍ മാത്രമല്ല ചരക്കുകളും ഈ വണ്ടിയില്‍ ഉണ്ടാവും. വഴിയിലെല്ലാം ചാക്കുകെട്ടുകള്‍ ഇറക്കിയിടുന്നത് കാണാം. ഇത് ബസോ അതോ ട്രക്കോ…? ചിലപ്പോള്‍ ഇതൊരു പാര്‍സല്‍ സര്‍വീസ് വണ്ടിയാണെന്നും തോന്നും. ചിലര്‍ ടിക്കറ്റ് എടുക്കുന്നത് കാണാറേയില്ല. പകരം ബുക്കില്‍ എഴുതിക്കോളാന്‍ പറയുന്നത് കേള്‍ക്കാം. ബസിലും പറ്റോ? ഏറ്റവുമധികം അമ്പരപ്പിച്ചത്, ആദ്യം കണ്ടക്ടര്‍ ആയും പിന്നീട് മുതലാളിയായും തെറ്റിദ്ധരിച്ച നീളമുള്ള പുള്ളി പരുമലയെത്തുമ്പോള്‍ തന്റ ബാഗും തൂക്കി അതിവേഗം ഇറങ്ങിപ്പോകുന്നത് കാണാം. ചിലപ്പോള്‍ കുറെ തേയില പായ്ക്കറ്റും കൈയില്‍ കാണും. തേയില കച്ചവടക്കാരനായിരിക്കുമോ..?

ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ കണ്ടക്ടര്‍ അരുണ്‍ പറഞ്ഞു. സ്ഥിരം ടിക്കറ്റല്ലേ, മുതലാളിയോട് പറഞ്ഞിട്ട് ചെറിയ കണ്‍സെഷന്‍ തരാമെന്ന്. പിറ്റെ ദിവസം മുതല്‍ എന്റ ടിക്കറ്റില്‍ മൂന്നാലു രൂപ കുറവ് വന്നു. പിന്നീട് മനസ്സിലായി, സ്ഥിരം യാത്രക്കാര്‍ക്കെല്ലാം ടിക്കറ്റില്‍ ഇളവുണ്ടെന്ന്.

ഇതിനിടയില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മാറി. ബിജുവും ടോമിച്ചനും കണ്ടക്ടര്‍മാരായി വന്നു.ബാബുവിനെ കൂടാതെ ബിജുവും ബിനുവും ഡ്രൈവര്‍മാരായി വന്നു. മാസങ്ങള്‍ കടന്നുപോയി. ബസിലെ സ്ഥിരം യാത്രക്കാര്‍ തമ്മില്‍ നല്ല സൗഹൃദം. പോകെ പോകെ ഞാനും ആ സൗഹൃദ കൂട്ടായ്മയില്‍ കൂടി..

എനിക്ക് രവി വര്‍മ്മയിലാണ് ജോലിയെന്ന് ആരൊ പറഞ്ഞു അവരറിഞ്ഞു. അന്നുമുതല്‍ ബസ് കോളേജിന്റ് മുന്‍പില്‍ നിര്‍ത്തിത്തുടങ്ങി; ഞാന്‍ ആവശ്യപ്പെടാതെ തന്നെ. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു സ്വകാര്യ ബസ് എന്നോട് ഇത്രയും അലിവ് കാണിക്കുന്നത്. എന്റ യാത്ര കുറച്ചുകൂടി എളുപ്പമായി. സ്വന്തം കാറില്‍ വന്നിറങ്ങുന്നതു പോലെ..

വര്‍ഷങ്ങള്‍ നീങ്ങുതോറും ബസിലെ യാത്രക്കാര്‍ തമ്മിലും യാത്രക്കാരും ജീവനക്കാരും തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുത്തു. മനുഷ്യര്‍ തമ്മിലും മനുഷ്യരും യന്ത്രവും തമ്മിലും വല്ലാത്തൊരു വൈകാരികമായൊരു അടുപ്പം. ഈ ബസ് ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത, നിര്‍വചിക്കാന്‍ പറ്റാത്ത എന്തോ ഒന്നായി മാറി. കുറി തൊട്ടു ബസിന്റ ഡോറില്‍ ഒരു കിളിയെ പോലെ തൂങ്ങി നില്‍ക്കുന്ന ദിലീപേട്ടന്‍, ഒരു ഗുസ്തിക്കാരനെ ഓര്‍മ്മിപ്പിക്കുന്ന തോമാച്ചായന്‍, എത്ര സീറ്റൊഴിഞ്ഞു കിടന്നാലും അവിടെങ്ങും ഇരിക്കാതെ എന്റെയടുത്തിരുന്നു കുറച്ചു കലയും ആത്മീയതയും ഒക്കെ ചര്‍ച്ച ചെയ്യുന്ന, ഫൈന്‍ ആര്‍ട്‌സില്‍ പഠിക്കാന്‍ പറ്റാത്തതിന്റ ഇച്ഛാഭംഗം കൊണ്ടുനടക്കുന്ന കൃഷ്ണകുമാര്‍ ( Krishna Kumar ), പുസ്തകം വായിച്ചു ഗൗരവത്തില്‍ ഇരിക്കുമെങ്കിലും, പ്രലോഭനം സഹിക്കവയ്യാതെ പുറകിലേക്ക് വന്നു ലേശം ചമ്മലോടെ സംസാരത്തില്‍ പങ്കുചേരുന്ന രവി സാര്‍, പ്രശാന്ത് ( Prasanth N Nair ) ജോസഫ് സാര്‍, ഇക്ക, രാജേന്ദ്രന്‍ ചേട്ടന്‍, പിന്നെ എത്രയോ പേര്‍…. പല ഇടങ്ങളില്‍ നിന്നും ഈ കൂട്ടിലേക്ക് കയറി,കുറച്ചു സമയം തമാശകള്‍ പറഞ്ഞ്, പിന്നെ പല വഴികളിലായി ഇറങ്ങിപ്പോകുന്ന ഞങ്ങളെല്ലാവരും ലവ്‌ഡേല്‍ എന്ന ബസിലെ ബാക്ക് ബെഞ്ചേഴ്സ് ആയി മാറി.

മുന്നില്‍ കോളേജിലും സ്‌കൂളിലും ഒക്കെ ജോലി ചെയ്യുന്ന വനിതാ അധ്യാപകര്‍. പലരെയും മുഖപരിചയം മാത്രം. അവരില്‍ എന്റ അടുത്ത സുഹൃത്തുക്കളായി മാറിയ ആഷയും ഭാഗ്യ ലക്ഷ്മിയും ( Bhagyalaxmi Mohan )ഇതിനിടയില്‍ പെരുന്നയില്‍ നിന്നും കയറുന്ന ഒരു ടീച്ചറിനെ ഞാന്‍ ശ്രദ്ധിച്ചു. എവിടെയൊക്കെയോ കണ്ട പരിചയം… ഓര്‍മകളില്‍ നിന്നും ആ മുഖം തപ്പിയെടുത്തു. പ്രശസ്ത എഴുത്തുകാരിയും പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ മലയാളം പ്രൊഫെസ്സറും ആയ ഡോക്ടര്‍ ശാരദക്കുട്ടി. അവരും ഈ ബസിലെ സ്ഥിരം യാത്രക്കാരി. ഒരിയ്ക്കല്‍ അവര്‍ മലയാള മനോരമയില്‍ കോളം എഴുതി; ലവ് ഡെയ്ല്‍ ബസിനെക്കുറിച്. ‘ഞങ്ങളുടെ പകല്‍ വീട്’ എന്നാണ് ഈ ബസിനെ അതില്‍ വിശേഷിപ്പിച്ചിരുന്നത്.

ഈ ബസില്‍ നിന്നും എനിക്ക് കിട്ടിയ മറ്റൊരു നല്ല സുഹൃത്താണ് വല്ലപ്പോഴും മാത്രം ബസില്‍ കയറുന്ന, മനോരമയില്‍ ജോലി ചെയ്യുന്ന ക്രിസ്റ്റി തോമസ് (Christy Thomas ). ക്രിസ്റ്റി ബസിലുള്ള ദിവസം സാമൂഹ്യ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഞങ്ങള്‍ രണ്ടുപേരും മുങ്ങും. ഏത് കാര്യത്തിലും ഒരു അഡൈ്വസ് ചോദിയ്ക്കാന്‍ പറ്റുന്ന വളരെ അടുത്ത സുഹൃത്തായി ക്രിസ്റ്റി പെട്ടെന്ന് മാറി. ഇപ്പോള്‍ കുടുംബ സുഹൃത്തും. ഈ ബസിലെ സൗഹൃദവും യാത്രയുമൊക്ക ചാനലില്‍ ഒരു വാര്‍ത്തയാക്കാന്‍ ക്രിസ്റ്റി ആഗ്രഹിച്ചിരുന്നു. ചാനലില്‍ വന്നില്ലെങ്കിലും പത്രത്തില്‍ ഇതൊരു വാര്‍ത്തയായി വന്നു.

ഈ സൗഹൃദം ബസില്‍ മാത്രം ഒതുങ്ങിയില്ല. ഞങ്ങള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചു. സഹൃദത്തിന്റ പാരമ്യത്തില്‍ ഞങ്ങള്‍ അഞ്ച് പേര്‍ ഒരുമിച്ച് യാത്ര പോയി, അങ്ങു ധനുഷ്‌കോടിയിലേക്ക്… ഞാന്‍ വളരെയധികം ആഗ്രഹിച്ച യാത്ര. മൂന്നു ദിവസം നീണ്ടു നിന്ന യാത്രയില്‍ മധുര, രാമേശ്വരം, ധനുഷ്‌കോടി, കന്യാകുമാരി, പദ്മനാഭപുരം കൊട്ടാരം ഒക്കെ സന്ദര്‍ശിച്ചു. മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍. കേരളത്തില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ ബസ് യാത്രക്കാരുടെ സൗഹൃദ കൂട്ടായ്മ ഉണ്ടായിട്ടുണ്ടാവുമോ? അവര്‍ ഇങ്ങനെയൊരു യാത്ര പോയിട്ടുണ്ടാവുമോ? ഉണ്ടാവില്ല. പിന്നീടൊരിക്കല്‍ കൂടി ഞങ്ങള്‍ യാത്ര പോയി. ഒരു വണ്‍ ഡേ ടൂര്‍. അതിരപ്പള്ളി, വാഴച്ചാലിലേക്ക്. ഇത്തവണ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. കണ്ടക്ടറും ഡ്രൈവറും ആയ ബിജുമാരും ഒപ്പം ഉണ്ടായിരുന്നു….. അങ്ങനെ ഒരു കാലം..

എല്ലാവരും ഇപ്പോള്‍ വരാന്‍ പോകുന്ന ലോക്‌സഭാ ഇലക്ഷനെ കുറിച്ചുള്ള ചര്‍ച്ചകളിലും ആശങ്കകളിലും ആണ്. അഞ്ചുകൊല്ലം മുന്‍പ്, ഒരു ഇലക്ഷന്‍ കാലത്താണ് അഞ്ചോ ആറോ ലോക സഭാ മണ്ഡലങ്ങളില്‍ കൂടി കടന്നു പോകുന്ന ഈ ബസിനെ കുറിച്ചും അതിലെ സൗഹൃദങ്ങളെക്കുറിച്ചും മനോരമയില്‍ വാര്‍ത്ത വന്നത്. അതിന് ശേഷം മാസങ്ങള്‍ക്കുള്ളില്‍ വണ്ടി ഓട്ടം നിര്‍ത്തി. ദീര്‍ഘ ദൂര സ്വകാര്യ ബസുകളുടെയെല്ലാം റൂട്ട് ksrtc യ്ക്ക് വിട്ടുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. ഞങ്ങളെല്ലാം പെരുവഴിയിലായി. സ്വസ്ഥവും സൗകര്യപ്രദവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ഒരു ബസ് യാത്ര അവസാനിച്ചു. ഞങ്ങളുടെ പകല്‍ വീട് ഞങ്ങള്‍ക്ക് നഷ്ടമായി. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും? എല്ലാവരും ചിതറിപ്പോയി. സഹിക്കാന്‍ പറ്റാത്ത സങ്കടവും ദേഷ്യവും അടക്കിപ്പിച്ചു ഞങ്ങള്‍ പകരം ബസ് തേടി നടന്നു. ബസ് യാത്ര വീണ്ടും ദുരിതമായി. ബസിലെ ജോലിക്കാര്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടു…..പക്ഷെ പെട്ടെന്ന് തന്നെ അവര്‍ മറ്റു ബസുകളില്‍ ജോലി തരപ്പെടുത്തി. വീണ്ടും യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു..

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പകരം ksrtc ഓടിത്തുടങ്ങി. തങ്ങളുടെ സ്വൊര്യ വിഹാരത്തെ തടസ്സപ്പെടുത്തിയ ഒരു വില്ലനെ, ശത്രുതയോടെ നോക്കുന്നതുപോലെ ഞാന്‍ ആ ചുവന്ന ആനവണ്ടിയെ നോക്കി. അതില്‍ കയറാതെ ദ്വേഷ്യത്തോടെ മാറി നിന്നു. പക്ഷെ എത്ര നാള്‍ ….? സമയത്തിന് കോളേജില്‍ എത്തണ്ടേ…… അങ്ങനെ മനസ്സില്ലാ മനസ്സോടെ Ksrtc യില്‍ യാത്ര ആരംഭിച്ചു; തികച്ചും അപരിചിതനായി. എന്നും യാത്ര ചെയ്തിരുന്ന വഴികള്‍ പോലും അപരിചിതമായി തോന്നിത്തുടങ്ങി. പഴയ യാത്രക്കാരെല്ലാം തന്നെ മറ്റുപല ബസിനേയും ആശ്രയിച്ചു തുടങ്ങി. പലരെയും നേരില്‍ കാണാതായി. ചിലര്‍ ജോലിയില്‍ നിന്നും വിരമിച്ചു. മറ്റു ചിലര്‍ സ്ഥലം മാറി പോയി. വല്ലപ്പോഴുമുള്ള ഫോണ്‍ വിളികള്‍ മാത്രമായി. ജീവിതവും യാത്രയും തുടര്‍ന്ന് കൊണ്ടിരുന്നു..

ഒരു ദിവസം സ്റ്റോപ്പില്‍ എത്താന്‍ അല്പം വൈകി. അതോ ബസ് നേരത്തെ വന്നതോ… അറിയില്ല. കൈ കാണിച്ചു ; ബസ് നിര്‍ത്തിയില്ല… അന്ന് ഞാന്‍ ആ നശിച്ച വണ്ടിയെ മനസ്സില്‍ പ്രാകി. പല ബസ് കയറി മാവേലിക്കര എത്തിയപ്പോഴേക്കും സമയം പതിനൊന്നു മണി. ലവ് ഡെയ്ല്‍ ഒരു നൊമ്പരമായി മാറി. എന്നെ റോഡില്‍ എവിടെ കണ്ടാലും അവിടെ ആ ബസ് നിര്‍ത്തി കയറ്റിക്കൊണ്ടു പോവുമായിരുന്നു. എത്ര നല്ല മനുഷ്യരായിരുന്നു ആ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും..

മാസങ്ങള്‍ കഴിഞ്ഞു പോയി. ലവ് ഡെയ്‌ലിലെ സ്ഥിരം യാത്രക്കാര്‍ ആയിരുന്ന ആഷയും മറ്റു ചില ടീച്ചര്‍മാരും സര്‍ക്കാര് ബസില് സ്ഥിരമായി വന്നുതുടങ്ങി. പുതിയ ചില സ്ഥിരം യാത്രക്കാരെയും കണ്ടു തുടങ്ങി. പക്ഷെ സൗഹൃദമൊന്നുമില്ല. പല ദിവസങ്ങളിലും കണ്ടക്ടര്മാരും ഡ്രൈവര്‍മാരും മാറിക്കൊണ്ടിരുന്നു. അസ്വസ്ഥകളില്‍ നിന്നും അപരിചിതത്വത്തിലേക്കുള്ള യാത്രകള്‍.

മാസങ്ങള്‍ കടന്നു പോയി. സനീഷ് ( Saneesh Lukose)എന്നൊരു കണ്ടകടര്‍ വന്നു. പിന്നീട് സുരേഷും. സ്ഥിരമായി കയറുന്ന എന്നോട് സുരേഷ് സൗഹൃദം കാണിച്ചു. പലപ്പോഴും എനിക്ക് ഇരിക്കാന്‍ തന്റ സീറ്റ് ഒഴിഞ്ഞു തന്നു. മാവേലിക്കര വരെ എന്തെങ്കിലുമൊക്ക് സംസാരിച്ചിരിക്കും. യാത്രക്കാരോട് സൗഹൃദം കാണിക്കുന്ന ഒരു ksrtc കണ്ടക്ടറെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. പഴയ കടുംവെട്ടുകളെ പോലെയല്ല പുതിയ തലമുറയിലെ ksrtc ജീവനക്കാരെന്ന് അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് തോന്നി. ഒരു ദിവസം സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ തുടങ്ങിയ എന്നോട് അപ്പുറത്തിറങ്ങാം എന്ന് സുരേഷ് പറഞ്ഞു. ഞാനൊന്ന് അന്ധാളിച്ചു. രവി വര്‍മ കോളേജിന് മുന്നില്‍ വണ്ടി ബെല്ലടിച്ചു നിര്‍ത്തി. സ്റ്റോപ്പില്ലാത്തിടത്തു ഒരു ksrtc ബസ് നിര്‍ത്തിയത് ഒരു ചരിത്ര സംഭവം തന്നെ. ഒരു നിമിഷം ഈ ksrtc ഞങ്ങളുടെ ലവ് ഡെയ്ല്‍ ആയി മാറി.

നാളുകള്‍ കടന്നു പോയി. ഷെഡ്യൂള്‍ മാറി വന്നു. പുതിയതായി വരുന്ന കണ്ടക്ടര്‍മാരോട് സുരേഷ് എന്റ കാര്യം പറഞ്ഞിരുന്നു. അവരെല്ലാം എനിക്കുവേണ്ടി കോളേജിന്റ് മുന്നില്‍ ബസ് നിര്‍ത്തി. അജി എന്നൊരു ഡ്രൈവര്‍ വന്നു. അഗസ്റ്റിന്‍ എന്നൊരു കണ്ടക്ടര്‍ വന്നു. പരിചയങ്ങളും സൗഹൃദങ്ങളും വളര്‍ന്നു. പിന്നീട് അഗസ്റ്റിന്‍ മാറി. പ്രവീണും രഞ്ജിത്തും കണ്ടക്ടര്‍ മാരായി വന്നു. അതിനിടയില്‍ സിനാജ് വന്നു. എല്ലാവരും എനിക്കുവേണ്ടി ബസ് rrvcfa യുടെ മുന്‍പില്‍ നിര്‍ത്തി. ഞാന്‍ എവിടെ നിന്ന് കൈ കാണിച്ചാലും ബസ് നിര്‍ത്തുമായിരുന്നു. ഒരിക്കല്‍ അജി എന്റ വീടിന്റ വാതില്‍ക്കല്‍ ബസ് നിര്‍ത്തി എന്നെ കയറ്റിക്കൊണ്ടു പോയി….. പതുക്കെ പതുക്കെ ഈ വണ്ടി എന്റ, അല്ല നമ്മുടെ സ്വന്തം വണ്ടിയായി മാറുകയായിരുന്നു.

വര്‍ഷങ്ങള്‍ കടന്നു പോയി. ഷെഡ്യൂളുകള്‍ മാറി വന്നു. പക്ഷെ ഈ ബസിനോ യാത്രക്കാരോടുള്ള സമീപനത്തിനോ മാറ്റമുണ്ടായില്ല. ഒരുപാട് പേര്‍ സ്ഥിരം യാത്രക്കാരായി. ജിനുവും ഷെമീറും അനീഷും സ്ഥിരം കണ്ടക്ടര്‍മാരായി. സമദ് ചേട്ടനും സിബിച്ചേട്ടനും മറ്റു ചിലരും ഡ്രൈവര്മാരായി വന്നു. ഇതിനിടയിലെപ്പോഴോ സ്ത്രീകള്‍ മാത്രമുള്ള ഒരു വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടായി.

പലപ്പോഴും ബസ് ഉണ്ടോ എന്നും ലേറ്റ് ആണോ എന്നും അറിയാന്‍ നിര്‍വാഹമില്ലായിരുന്നു. ലവ്‌ഡെയ്‌ലില്‍ ആയിരുന്നപ്പോള്‍ ബിജു അല്ലെങ്കില്‍ ആരെങ്കിലും വിളിച്ചറിയിക്കുമായിയുന്നു. ഇപ്പോള്‍ യാതൊരു മാര്‍ഗവുമില്ല. Ksrtc യില്‍ ജോലി ചെയ്യുന്ന ശ്രീജിത്താണ് ( Sreejith N G Sree )ഏക ആശ്രയം. അങ്ങനെയിരിക്കെ ബിഷപ്പ് മൂര്‍ കോളേജിലെ സുവോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ആഷയാണ് എന്നെ ഗ്രൂപ്പിലേക്ക് ചേര്‍ത്തത്. ഞാനും M.S. M. കോളേജിലെ സോണി സാറുമായിരുന്നു ഗ്രൂപ്പില്‍ ആകെയുണ്ടായിരുന്ന പുരുഷ പ്രജകള്‍. സോണി സാര്‍ എന്തുകൊണ്ടോ പെട്ടെന്ന് തന്നെ ഗ്രൂപ്പ് വിട്ടുപോയി. മുണ്ടക്കയത്തുനിന്നുമുള്ള ആഷാ ബിനു ടീച്ചറിന്റ നേതൃത്വത്തില്‍ ഗ്രൂപ്പ് വളരുകയായിരുന്നു. അപരിചിതരായ അംഗങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ താമസിക്കുകയും പല സ്ഥലങ്ങളില്‍ ജോലിയും ചെയ്യുന്ന തികച്ചും അപരിചിതരായ യാത്രക്കാരെ കോര്‍ത്തിണക്കി കുമളിയില്‍ നിന്നും കായംകുളം വരെ നീണ്ടുകിടക്കുന്ന ഒരു വെള്ളിച്ചരടായി ബസ്സ് മാറി. ക്രമേണ അപരിചിതത്വം കുറഞ്ഞു തുടങ്ങി. ബസ് ജീവനക്കാരും യാത്രക്കാരും തമ്മില്‍ ഊഷ്മളമായ ഒരു സൗഹൃദം രൂപപ്പെട്ടു. എല്ലാവരെയും ബന്ധിപ്പിക്കുന്ന ഒരു ജീവനാഡിയായി ഗ്രൂപ്പ് മാറി…. അതിന്റ സാരഥിയായി ആഷ ടീച്ചറും (Asha Binu ). ഒരു കുടുംബം പോലെ.. മെല്ലെ മെല്ലെ ഈ ആനവണ്ടി എല്ലാവരുടെയും ചങ്ക് ആയി മാറി.

എല്ലാവര്ക്കും യാത്രാ സമയം കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന.. തമാശയും സന്തോഷവും കളിയും ചിരിയുമൊക്കെ നിറഞ്ഞ ഒരു ഉല്ലാസ യാത്രയായി മാറി. യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചു ബസില്‍ പാട്ട് വെച്ചു. ഷമീറും സിബിച്ചേട്ടനും അതിനെടുത്ത താല്പര്യവും ഉത്സാഹവും അഭിനന്ദാര്‍ഹമാണ്. ജിനു, ഷമീര്‍, അഗസ്റ്റിന്‍, അനീഷ്, ആഷ ടീച്ചര്‍, ആഷ, ശിവന്‍ ചേട്ടന്‍, സനല്‍ സാര്‍, നീതു, മാത്യൂസ്,രശ്മി ടീച്ചര്‍, ആമി.. പിന്നെയും ഒരുപാട് പേര്‍.. ജാതിയും മതവും രാഷ്ട്രീയവും ഒന്നുമില്ലാതെ യാത്ര മാത്രമായി ബന്ധപ്പെട്ടു കിടക്കുന്ന അന്‍പതില്‍ പരം പേര്‍.. അവസാനം ഒരു കൊച്ചു ഡോക്ടറും (Dr-Asha Krishna ) ഗ്രൂപ്പില്‍ വന്നുചേര്‍ന്നു.. ഒരു ksrtc ബസിലെ യാത്രക്കാരും ജീവനക്കാരും തമ്മില്‍ ഇതുപോലൊരു അഭേദ്യ ബന്ധം ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല. ഇനി ഉണ്ടാവാനും വഴിയില്ല. RPM 701 എന്ന ബസിന് ഞങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനം ഉണ്ടായി. ഘട്ടക്കിന്റ അജാന്‍ട്രിക്കിലെ പോലെ ഈ യന്ത്രവും മനുഷ്യരും തമ്മില്‍ അഭൂത പൂര്‍വ്വമായൊരു ബന്ധം ഉടലെടുത്തു.

സന്തോഷകരമായ യാത്ര പെട്ടെന്നൊരു ദിവസം ബ്രേക്ക് ഡൌണ്‍ ആയി. എം പാനല്‍ ജീവനക്കരെയെല്ലാം പിരിച്ചുവിട്ടുകൊണ്ടുള്ള കോടതിവിധി നടപ്പില്‍ വന്നു. ലാസ്റ്റ് ട്രിപ്പില്‍ അഗസ്റ്റിനായിരുന്നു. നാളെ മുതല്‍ താനുണ്ടാവില്ല എന്നൊരു സൂചന പോലും തരാതെ പതിവ് പോലെ വര്‍ത്തമാനം പറഞ്ഞു അഗസ്റ്റിന്‍ ഡബിള്‍ ബെല്ല് കൊടുത്തു.. പക്ഷെ അഗസ്റ്റിന്‍ എനിക്കൊരു കടം ബാക്കിയുണ്ടല്ലോ…

ജിനു, ഷമീര്‍, അഗസ്റ്റിന്‍, അനീഷ് നിങ്ങളില്ലാത്ത ചങ്ക് ചങ്കല്ല.. ഗ്രൂപ്പ് സജീവമാണ്…. പാട്ട് കേള്‍ക്കുന്നുണ്ട്… പക്ഷെ.. ഇപ്പോള്‍ ആ ബസ് തികച്ചും അപരിചതമാണ്…. മറ്റേതൊരു ksrtc ബസും പോലെ.. മനുഷ്യര്‍… മനുഷ്യര്‍…. മനുഷ്യരാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഒരു യെന്ത്രത്തെയും ഒരു സ്ഥാപനത്തെയും നമ്മോട് അടുപ്പിക്കുന്നത് അതില്‍ വ്യവഹരിക്കുന്ന മനുഷ്യരുടെ ആത്മാര്‍ത്ഥതയും സ്‌നേഹവും ഇടപെടലുകളും മാത്രമാണ്. നല്ല മനുഷ്യരില്ലെങ്കില്‍ ഇതെല്ലം വെറും യന്ത്രങ്ങളും കോണ്‍ക്രീറ്റ് കട്ടകളും മാത്രം..

നിങ്ങള്‍ എന്നോട് കാണിച്ച സ്‌നേഹത്തിനും കരുതലിനും കരുണയ്ക്കും സിംഗിള്‍ ബെല്‍ ഇല്ല, ഡബിള്‍ ബെല്‍ മാത്രം… കാലം കഴിയുമ്പോള്‍ വേദനകള്‍ ഇല്ലാതാകും.. മുറിവുകള്‍ ഉണങ്ങും.. ഓര്‍മ്മകള്‍ ഒരു മുറിപ്പാടായി അവശേഷിക്കും.. സൗഹൃദങ്ങള്‍ അവസാനിക്കാതിരിക്കട്ടെ.. യാത്രകള്‍ തുടര്‍ന്നുകൊണ്ടേയും..

ഷിജോ ജേക്കബ്‌

ഷിജോ ജേക്കബ്‌

മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് ഡിപ്പാർട്മെന്റിൽ പ്രൊഫസർ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍