UPDATES

യാത്ര

അമ്പും വില്ലും കൊണ്ട് പന്തയം വെയ്ക്കുന്ന മേഘാലയ

ഷില്ലോങിലെ പഴയ പോളോ മൈതാനത്ത് ഒരുപാട് പരിപാടികള്‍ നടക്കാറുണ്ട്. ഇവിടെ പന്തയം വെച്ച് കളിക്കുന്ന ഒരുപാട് കിയോസ്‌കുകള്‍ ഉണ്ടാകും.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലെ പൊലീസ് ബസാര്‍ ഷോപ്പിംഗ് കേന്ദ്രത്തിലൂടെ നടക്കുമ്പോള്‍, ലോട്ടറി ടിക്കറ്റ് പോലുള്ള ഒരു വസ്തു വില്‍ക്കുന്ന ഒരു ഡസനോളം കടകള്‍ കാണാം. ഓരോന്നിന്റെയും മുന്നിലെ ബ്ലാക്ക്‌ബോര്‍ഡില്‍ ചോക്ക് കൊണ്ട് എന്തൊക്കെയോ എഴുതി വെച്ചിരിക്കും. തീര്‍ ലോട്ടറി എന്നാണ് ഇതിന്റെ പേര്. തീര്‍ എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം ‘വില്ല്’ എന്നാണ്. ഷില്ലോങിലെ സാധാരണ പ്രവൃത്തിയാണ് തീര്‍ കളി.

മേഘാലയക്കാര്‍ നൂറ്റാണ്ടുകളായ പരിശീലിക്കുന്ന അമ്പെയ്ത്തില്‍ നിന്നുമാണ് ഈ കളി ഉണ്ടായത്. കാണികള്‍ ഒന്ന് മുതല്‍ 99 വരെയുള്ള ഒരു നമ്പര്‍ തിരഞ്ഞെടുക്കും. പരിശീലനം നേടിയ അമ്പെയ്ത്തുകാര്‍ ഒരു ലക്ഷ്യത്തിലേക്ക് അമ്പെയ്യും, മൊത്തം അമ്പിന്റെയും അവസാന രണ്ടക്ക നമ്പര്‍ നിങ്ങളുടെ നമ്പറുമായി ചേരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ജയിക്കും.

ഷില്ലോങിലെ പഴയ പോളോ മൈതാനത്ത് ഒരുപാട് പരിപാടികള്‍ നടക്കാറുണ്ട്. ഇവിടെ പന്തയം വെച്ച് കളിക്കുന്ന ഒരുപാട് കിയോസ്‌കുകള്‍ ഉണ്ടാകും. ഇതിനിടയില്‍ ചിലര്‍ ചായയും പലഹാരങ്ങളും വില്‍ക്കുന്നുണ്ടാകും. ഇപ്പോള്‍ ഈ പോളോ മൈതാനത്ത്, ഖാസി ഹില്‍സ് ആര്‍ച്ചറി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രവര്‍ത്തിക്കുന്നത്. വെറ്റില ചവച്ച് ചുവന്ന പല്ലുകള്‍ ഉള്ള ഏകദേശം അന്‍പത് അമ്പെയ്ത്തുകാര്‍ ഒരു സെമി സര്‍ക്കിളില്‍ നിന്നുകൊണ്ട് ഒരു അരമീറ്റര്‍ ഉയര്‍ന്ന മുള കൊണ്ട് നിര്‍മ്മിച്ച സിലിണ്ടറിന്റെ ആകൃതിയിലുള്ള സ്ഥാനം ലക്ഷ്യം നോക്കി അമ്പെയ്യും.

മേഘാലയയിലെ ഖാസി ഗോത്രത്തിന്റെ നൂണ്ടാറ്റുകളായുള്ള ഒരു വിനോദവും പ്രതിരോധവുമാണ് അമ്പെയ്ത്ത്. മേഘാലയ എന്നാല്‍ സംസ്‌കൃതത്തില്‍ മേഘങ്ങളുടെ ആലയം എന്നാണ് അര്‍ത്ഥം. ഇവിടുത്തെ പരമ്പരാഗത സംസ്‌കാരങ്ങള്‍ക്ക് പുതിയ ആചാരങ്ങള്‍ എത്തിയതോടുകൂടി മാറ്റങ്ങള്‍ വന്നു. രാജ്യം മുഴുവന്‍ ക്രിക്കറ്റ് പ്രേമത്തോട് വഴി മാറിയെങ്കിലും ഇവിടെ അമ്പെയ്ത്ത് ആണ് ആവേശം. അമ്പെയ്ത്തിന് ഖാസി സമൂഹത്തിന്റെ ചരിത്രവുമായി വലിയ ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും കഥകളും ഉണ്ടെന്ന് ഷില്ലോങിലെ നോര്‍ത്ത്-ഈസ്റ്റ് ഹില്‍ യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചറല്‍ ആന്‍ഡ് ക്രിയേറ്റീവ് സ്റ്റഡീസ് മേധാവി പ്രൊഫസര്‍ ഡെസ്മോന്‍ഡ് എല്‍ ഖര്‍മഫലാങ് പറഞ്ഞു.

ഖര്‍മഫലാങ് പറയുന്നതനുസരിച്ച്, ഈ മേഖലയിലെ ഖാസികള്‍ക്ക് ദൈവത്തിന്റെ കൈയ്യില്‍ നിന്ന് ലഭിച്ചൊരു സമ്മാനമാണ് അമ്പെയ്ത്ത്. കാ ഷിനാമിനാണ് (ഒരു ദേവി) ഈ സമ്മാനം കിട്ടുന്നത്. അവര്‍ അവരുടെ ആണ്‍മക്കളായ യു ഷൈനയ്ക്കും, യു ബാറ്റിറ്റോണും അമ്പും വില്ലും കൈമാറുന്നു. കുട്ടികള്‍ ഈ ആയുധങ്ങള്‍ വെച്ച് കളിച്ച് വളരെ നൈപുണ്യമുള്ളവരായി. ഈ കഴിവ് ഇന്നും മേഘാലയയിലെ ഖാസി യുവാക്കള്‍ക്ക് ഉണ്ട്. അവിടെയൊരു കുഞ്ഞ് ജനിക്കുമ്പോള്‍ പേരിടല്‍ ചടങ്ങായ കാ ജെര്‍ കാ തോയില്‍ ഒരു വില്ലും മൂന്ന് അമ്പും കുഞ്ഞിന്റെ മുന്‍പില്‍ വെയ്ക്കും. യോദ്ധാവായും സംരക്ഷകനായുമുള്ള ആ കുട്ടിയുടെ ചുമതലയെ സൂചിപ്പിക്കാനാണ് ഇത്. ആദ്യത്തെ അമ്പ് അവന്റെ ഭൂമിയെയും, രണ്ടാമത്തെ അമ്പ് അവന്റെ ഗോത്രത്തെയും, മൂന്നാമത്തെ അമ്പ് അവനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ആ അമ്പും വില്ലും അവന്റെ വീട്ടില്‍ സുരക്ഷിതമായി വെയ്ക്കും. മരിച്ചു കഴിയുമ്പോള്‍ മൃതശരീരത്തിന്റെ പുറത്ത് അതേ വില്ല് വെയ്ക്കുകയും ആത്മാവ് സ്വര്‍ഗത്തിലെത്തിക്കുന്നതിന്റെ ഭാഗമായി അമ്പുകള്‍ ആകാശത്തേക്ക് തൊടുക്കുകയും ചെയ്യും.

ഇവിടുത്തെ അമ്പെയ്ത്തിന്റെ ചരിത്രം എന്ന് പറയുന്നത് ഗോത്ര തലവന്മാരും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധത്തോടെയാണ്. 1829 ഏപ്രിലില്‍ ബ്രിട്ടീഷുകാര്‍ വടക്ക്-കിഴക്കന്‍ മേഖല പിടിച്ചടക്കാന്‍ ശ്രമിച്ചപ്പോള്‍ യു ടിറോട്ട് സിങ് സെയ്ം എന്ന യോദ്ധാവ് അമ്പും വില്ലും മാത്രമുള്ള സൈന്യത്തെ ഉപയോഗിച്ച് ഇതിനെ നേരിട്ടു. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ മേഖല പിടിച്ചെടുത്തപ്പോള്‍ യു ടിറോട്ട് സിങ് സെയ്മിനെ അവര്‍ തടവിലാക്കി. ധീരനായൊരു സ്വാതന്ത്ര്യ സേനാനിയായാണ് യു ടിറോട്ട് സിങ് സെയ്മിനെ ഇന്നും ഇവിടുത്തെ
ആളുകള്‍ കാണുന്നത്.

പിന്നീട് മേഘാലയ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായപ്പോള്‍ അമ്പും വില്ലും ഉപയോഗിക്കുന്നത് കുറഞ്ഞുവരികയും അമ്പെയ്ത്ത് ഒരു വിനോദമായി മാറുകയും ചെയ്തു. തുടര്‍ന്ന് പന്തയക്കളി അമ്പെയ്ത്തിന്റെ മേഖലയിലേക്ക് വന്നു. അവിടുത്തെ പ്രാദേശിക സര്‍ക്കാരിന്റെ കണക്ക് പ്രകാരം മേഘാലയയില്‍ 5000ത്തോളം പന്തയം വെപ്പുകാരുണ്ട്. ഇതില്‍ 1,500 പേര്‍ ഷില്ലോംഗില്‍ മാത്രമുണ്ട്. വാതുവയ്പുകാര്‍ ഒരു രൂപ മുതല്‍ 500 വരെയുള്ള തുകയ്ക്കാണ് പന്തയം വയ്ക്കുന്നത്. ജയിക്കുമ്പോള്‍ ആ തുക ഇരട്ടിയാകും. പന്തയം വെച്ച തുകയില്‍ 80 രൂപ അധികം അടുത്ത പന്തയത്തില്‍ ലഭിക്കും. സര്‍ക്കാര്‍ നടത്തുന്ന അമ്പെയ്ത്ത് ക്ലബ്ബുകള്‍ അമ്പെയ്ത്ത് പഠിപ്പിക്കുന്നുണ്ട്. ഖാസി ഇതര സമൂഹങ്ങളിലെ യുവാക്കളും അമ്പെയ്ത്ത് പഠിക്കണമെന്ന ആഗ്രവുമായി എത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍