UPDATES

യാത്ര

73 ശതമാനം യാത്രക്കാര്‍ ഉത്സവ സീസണുകളിലെ യാത്ര ഇഷ്ടപ്പെടുന്നു; തിരഞ്ഞെടുക്കുന്നത് ഹ്രസ്വദൂര യാത്രകള്‍

ഇന്ത്യന്‍ സഞ്ചാരികളില്‍ കൂടുതല്‍ പേരും യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്നത് കേരളമാണ്. കേരളം കഴിഞ്ഞാല്‍ ഗോവ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍. ജി എസ് ടിക്ക് ശേഷം യാത്രക്കാര്‍ പൊതുവെ ആഡംബരങ്ങള്‍ കുറയ്ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ 73 ശതമാനം യാത്രക്കാര്‍ ഉത്സവ സീസണുകളിലെ യാത്ര ഇഷ്ടപ്പെടുന്നതായി സര്‍വേ റിപ്പോര്‍ട്ട്. Yatra.com നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 2700 പേരാണ് സര്‍വേയോട് പ്രതികരിച്ചത്. ദിവാലി, ദസറ ഉത്സവ കാലത്തിന്റെ അവസാന ആഴ്ചയാണ് കൂടുതല്‍ പേരും യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്നത്. വിമാന ടിക്കറ്റുകളുടെ അഡ്വാന്‍സ് ബുക്കിംഗുകള്‍ വര്‍ദ്ധിക്കുന്നു. 40 ശതമാനം യാത്രക്കാരും യാത്ര തുടങ്ങുന്നതിന് ഒന്ന് മുതല്‍ മൂന്ന് മാസം വരെ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നു. ചിലവ് കുറഞ്ഞ ചെറിയ യാത്രകളാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. 22.7 ശതമാനം പേര്‍ തങ്ങള്‍ വിദേശയാത്രകള്‍ക്കാണ് താല്‍പര്യപ്പെടുന്നത് എന്ന് പറയുന്നു.

ഇന്ത്യന്‍ യാത്രക്കാരില്‍ 63 ശതമാനവും ഉത്സവ സീസണുകളില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നതായി സര്‍വേ പറയുന്നു. 42 ശതമാനം പേര്‍ ഈ കാലങ്ങളില്‍ താമസിക്കുന്ന സ്ഥലം ഇതുവരെ പോയിട്ടില്ലാത്ത പുതിയ സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നു. 42 ശതമാനം പേരും ത്രീ സ്റ്റാര്‍ ഹോട്ടലും 25 ശതമാനം പേര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലും താമസത്തിനായി തിരഞ്ഞെടുക്കുന്നു. ജി എസ് ടിക്ക് ശേഷം യാത്രക്കാര്‍ പൊതുവെ ആഡംബരങ്ങള്‍ കുറയ്ക്കുന്നതായി ഇത് സൂചിപ്പിക്കുന്നു. 40 ശതമാനത്തിലധികം പേര്‍ 1000 മുതല്‍ 2000 രൂപ വരെ വാടകയുള്ള ഹോട്ടല്‍ റൂമുകളാണ് അന്വേഷിക്കുന്നത്. 33.6 ശതമാനം പേര്‍ 2500 മുതല്‍ 5000 വരെ ചാര്‍ജ് വരുന്ന മുറികളെടുക്കാന്‍ തയ്യാറാണ്. 38 ശതമാനം പേരും ഒരാള്‍ക്ക് 10,000 രൂപയില്‍ താഴെ എന്ന രീതിയില്‍ യാത്രാബഡ്ജറ്റ് താല്‍പര്യപ്പെടുന്നവരാണ്.

ഇന്ത്യന്‍ സഞ്ചാരികളില്‍ കൂടുതല്‍ പേരും യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്നത് കേരളമാണ്. കേരളം കഴിഞ്ഞാല്‍ ഗോവ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍. വിദേശയാത്രികര്‍ കൂടുതല്‍ ദുബായ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ് എന്നിവയാണ് തിരഞ്ഞെടുക്കുന്നത്. 83 ശതമാനം പേരും സോഷ്യല്‍ മീഡിയയിലൂടെ പ്രത്യേകിച്ച് ഫേസ് ബുക്കിലൂടെ ഫോട്ടോകള്‍ അടക്കമുള്ള തങ്ങളുടെ യാത്രാവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ബാക്കിയുള്ളവര്‍ യാത്രാസമയത്ത് പൂര്‍ണമായും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍