UPDATES

യാത്ര

യാത്രാ ഭ്രാന്തന്‍മാരേ, ഈ സിനിമകള്‍ നിങ്ങളെ കൊണ്ടേ പോകൂ

Avatar

ഇന്ദിര ജി

ഈ സിനിമകളും ഇതിലെ കഥാപാത്രങ്ങളും നമ്മളെ വിടാതെ പിന്തുടരും. കണ്ടു തീര്‍ത്താല്‍ പിന്നെ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാന്‍ കഴിയില്ല. ബാഗുമെടുത്ത് എങ്ങോട്ടെങ്കിലും ചാടിപുറപ്പെട്ടിരിക്കും. അമ്മാതിരി ദൃശ്യ വിസ്മയമാണ് പഹയന്‍മാര്‍ ഇതിലൊക്കെ ഒരുക്കിവച്ചിരിക്കുന്നത്. യാത്ര ഭ്രാന്തിനെ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിച്ച് നമ്മളെ വട്ടാക്കി കളയും ഈ ചിത്രങ്ങള്‍. ഏകാന്തയുടെ വന്യതയും, കാടിന്റെ ഭീകരതയും, മലകളുടെ കഠിനതയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സ്‌നേഹവും ദ്വേഷവും ഇതിലൂടെ കാണിച്ചു തരുമ്പോള്‍ നമ്മള്‍ സ്വപ്‌നലോകത്തെങ്കിലും ഒരു നാടോടിയാകും. നമ്മളെ കുരുക്കിട്ട് വലിച്ചുകൊണ്ടുപോകുന്ന ചില ട്രാവല്‍ മൂവീസിലൂടെ ഒരു യാത്ര…. 

ഇന്‍ ടു ദ വൈല്‍ഡ്


ഇന്‍ ടു ദ വൈല്‍ഡ്, 2007, 2h 28min, സംവിധാനം- സീന്‍ പെന്‍

കൗമാരകാരനായ ക്രിസ്‌റ്റഫര്‍ തന്റെ ചെറിയ ജീവിതം മുഴുവനും സാഹസികതയ്ക്കും യാത്രയ്ക്കും മാറ്റിവച്ചിരിക്കുകയാണ്. യാത്രക്കിടയില്‍ പ്രണയത്തിലാവുന്ന പെണ്‍കുട്ടിയോടും, സ്വത്തുകള്‍ മുഴുവന്‍ തരാമെന്ന് ഒരു അച്ഛന്റെ വാല്‍സല്യത്തോടെ സ്‌നേഹിച്ച ആളെയും കടന്ന് അവന്‍ പോവുകയാണ്. അവസാനം താന്‍ തിരിച്ചറിഞ്ഞ ഒരു സത്യം അവന്‍ നമ്മളോടു പറയുന്നുണ്ട്. ‘സന്തോഷം ഉണ്ടാകുന്നത് അത് പകര്‍ന്നു നല്‍കുമ്പോഴാണ്.’

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്


മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, 2004, 2h 6min, സംവിധാനം- വാള്‍ട്ടര്‍ സളീസ്

ചെഗുവരെയും സുഹൃത്തും നടത്തിയ ചരിത്രപരമായ യാത്രയുടെ ദൃശ്യാവിഷ്‌കാരം എന്നതിനുപരി ഒരു വല്ലാത്ത അനുഭവമാണ് ചിത്രം നല്‍കുന്നത്. ചെഗുവരെയുടെ വാക്കുകള്‍ തന്നെ പറയാം ചിത്രത്തിനെക്കുറിച്ച്, ‘ഇതൊരു ധീരസാഹസിക യാത്രയുടെ കഥയല്ല, ഇത് സമാനമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി രണ്ട് ജീവിതങ്ങള്‍ കുറച്ചു സമയത്തേക്ക് ഒരുമിച്ച് നീങ്ങിയ അനുഭവമാണ്, ഞങ്ങള്‍ അമേരിക്കയിലൂടെ നടത്തിയ സഞ്ചാരം എന്നെ ഞാന്‍ വിചാരിച്ചതിലധികം മാറ്റി. ഒരു കാര്യം ഉറപ്പാണ്, ഞാന്‍ പഴയ ഞാനേ അല്ല…’

ദി ബീച്ച്


ദി ബീച്ച്, 2000, 1h 55min, സംവിധാനം- ഡാനി ബോയല്‍

ഈ ഭൂമിയില്‍ സ്വന്തമായി ഒരു മറ്റൊരു ലോകം സൃഷ്ടിച്ച് ജീവിക്കുന്ന കുറച്ചാളുകളും അവിടെ എത്തിപ്പറ്റിയ നായകനും നമ്മള്‍ക്ക് ഒരു സ്വര്‍ഗമാണ് സമ്മാനിക്കുന്നത്. ‘ഞാന്‍ ഇപ്പോഴും സ്വര്‍ഗത്തില്‍ വിശ്വസിക്കുന്നു. പക്ഷെ അത് നിങ്ങള്‍ അന്വേഷിക്കുന്നയിടംപോലെയല്ല’ എന്നു പറഞ്ഞ് നമ്മളെ കൂട്ടികൊണ്ടു പോകുന്നത് നേരിട്ട് അനുഭവിക്കുക തന്നെ വേണം

എവറസ്റ്റ്


എവറസ്റ്റ്, 2015, 2h 1min, സംവിധാനം- ബല്‍തസാര്‍ കോര്‍മാകൂര്‍

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റില്‍ ടെന്‍സിംഗിനും ഹിലാരിക്കും ശേഷം കയറിയ ഒരു കൂട്ടം പര്‍വ്വതാരോഹരുടെ കൂടെ നമ്മളും എവറസ്റ്റ് കയറുവാന്‍ തുടങ്ങുമ്പോള്‍ പലയിടത്തും നമ്മള്‍ വഴുതി വീഴും. വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലാത്ത അവരോടൊപ്പം നമ്മളും കയറും എവറസ്റ്റിന്റെ തുഞ്ചത്ത്; ഇറങ്ങുമ്പോള്‍ നമ്മളും ഇറങ്ങും. കരഞ്ഞുകൊണ്ട്..

ദി സിക്രെട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍ മിറ്റി


ദി സിക്രെട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍ മിറ്റി,2013,1h 54min,സംവിധാനം-ബെന്‍ സ്റ്റില്ലര്‍

ഒരു സാധാരണ മനുഷ്യന്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നു. അവന്‍ പലതും പഠിക്കുന്നു, ലോകം വിശാലമാണെന്നും കാഴ്ചകള്‍ ഇനിയുമുണ്ടെന്നും മനസിലാക്കുന്നു. ഒരു തവണ അവന്റെ ഫോട്ടോഗ്രാഫറായ സുഹൃത്തിനൊപ്പം ഹിമാലയത്തിലെ മുകളില്‍, വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഗോസ്റ്റ് ക്യാറ്റിന്റെ ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ പ്രേത പൂച്ച എത്തിയിട്ടും സുഹൃത്ത് തന്റെ ക്യാമറ ഉപയോഗിക്കാത്തത് അവനെ അത്ഭുതപ്പെടുത്തുന്നു. അതിനുള്ള മറുപടി ‘പ്രകൃതിയുടെ ഈ സുന്ദര ദൃശ്യം ആസ്വദിക്കൂ… അടങ്ങിയിരിക്കൂ… എനിക്കിപ്പോള്‍ ചിത്രം എടുക്കാന്‍ താല്‍പര്യമില്ല…’

പോയിന്റ് ബ്രേക്ക്


പോയിന്റ് ബ്രേക്ക്, 2015, 1h 54min, സംവിധാനം- എറിക്‌സണ്‍ കോര്‍

പ്രകൃതിയെ രക്ഷിക്കാന്‍ സാഹസികത നടത്തുന്നു. ശ്രദ്ധയാകര്‍ഷിക്കാന്‍ സാഹസികമായിട്ട് മോഷണങ്ങളും. ആഴക്കടല്‍, നീലാകാശം, സൂചിമുനപ്പോലെയുള്ള പാറക്കെട്ടുകള്‍ അങ്ങനെ ആ കൂട്ടം കയറാത്തയിടങ്ങളില്ല. പ്രകൃതിയെയും. ഗുരുത്വാകര്‍ഷണത്തെയുമൊക്കെ വെല്ലുവിളിച്ചുള്ള ഇവരുടെ പ്രകടനങ്ങളൊക്കെ നമ്മുടെ ചങ്കിടിപ്പ് കൂട്ടുന്നു. മരണം ഇത്ര നിസാരമാണോ ആഗ്രഹങ്ങള്‍ക്കും, ലക്ഷ്യങ്ങള്‍ക്കും മുമ്പില്‍…

ഇനിയുമുണ്ട് ഒറ്റവലിക്ക് നമ്മളെയുംകൊണ്ട് പോകുന്ന ചിത്രങ്ങള്‍. ഈ ലഹരി ഒരു തവണ നുണഞ്ഞാല്‍ പിന്നെ തിരിച്ചുവരവുണ്ടാകില്ല. കാണുന്നതിന് മുമ്പ് ഒരുവട്ടം ആലോചിക്കുക. കാരണം ഇതൊക്കെ കണ്ടു കഴിഞ്ഞാല്‍ പിന്നെ ഇരിക്കില്ല, എന്തു നഷ്ടം സഹിച്ചായാലും ഇതിന്റെ പിന്നാലെ പോകും. യാത്രയുടെ കാണാലോകം കാണിച്ചു തന്ന ഈ ചിത്രങ്ങളില്‍ പലതും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നും കൂടി മനസ്സിലാക്കുക. നമ്മള്‍ തന്നെയാണ് കഥയേക്കാള്‍ വലിയ ജീവിതങ്ങള്‍ സൃഷ്ടിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍