UPDATES

യാത്ര

കാഴ്ച്ചകള്‍ അവസാനിക്കുന്നില്ല; മൂന്നാറില്‍ തുടങ്ങി കാന്തല്ലൂര്‍ വരെ

Avatar

ശബരിനാഥ്
 

ഇതിപ്പോള്‍ യാത്രകളുടെ മാസമാണല്ലോ. ടെന്‍ഷനുകളൊക്കെ ഒന്നുമാറ്റിവച്ച് തണുപ്പിന്റെ കൂടുകളിലേക്ക് ചേക്കാറാന്‍ എല്ലാവരും കൊതിക്കുന്നുണ്ടാവും. യാത്ര പോകാന്‍ എല്ലാവര്‍ക്കും തിടുക്കമായിരിക്കും. പലരും പോയിക്കഴിഞ്ഞിരിക്കുന്നു, മടങ്ങിവന്നവരും കാണും. പോകാത്തവരോടും വീണ്ടുമൊരു യാത്ര പോകണമെന്ന് തോന്നുന്നവരോടുമാണ് ഈ യാത്രാ വിശേഷം പങ്കുവയ്ക്കുന്നത്. കൈയെത്തിപറിക്കാവുന്ന ദൂരത്ത് ഓറഞ്ചും ആപ്പിളും സ്‌ട്രോബറിയും, തൊട്ടുതലോടാന്‍ കൊതിപ്പിച്ച് നടക്കുന്ന വരയാടുകള്‍, ഉന്മാദത്തിലേക്ക് ആവാഹിക്കുന്ന ചന്ദനക്കാറ്റ്; ഒരു യാത്ര മനോജ്ഞമായൊരു ഓര്‍മ്മയാക്കി നിലനിര്‍ത്താന്‍ ഇത്രയൊക്കെ പോരേ! മൂന്നാറില്‍ നിന്ന് തുടങ്ങി രാജമല, ലക്കം വെള്ളച്ചാട്ടം, മറയൂര്‍ വഴി കാന്തല്ലൂരിലേക്ക് ഒരുയാത്ര…

പേര് സൂചിപ്പിക്കുന്നതുപോലെ മൂന്നു ആറുകളുടെ സാന്നിധ്യത്തില്‍ ദേശനാമം മൂന്നാറായി. കണ്ണി മലയാര്‍, നല്ലതണ്ണി, കുണ്ടാല എന്നീ മൂന്നു പര്‍വ്വത പ്രവാഹങ്ങളുടെ സംഗമസ്ഥലമാണ് ഇവിടം. സമുദ്രനിരപ്പില്‍ നിന്ന് 4900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. കണ്ണന്‍ ദേവന്‍ മലനിരകള്‍ എന്നായിരുന്നു ഈ ഗിരിനിരകളുടെ പഴയപേര്.

ആദ്യകാല യൂറോപ്യന്‍ സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തിച്ചേരാന്‍ വേണ്ടി അഞ്ചനാട് എന്ന തമിഴ് താഴ്‌വരയിലെ ഭൂപ്രഭുവായ കണ്ണന്‍ തേവരുടെ സഹായം തേടിയിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഈ മലനിരകളെ കണ്ണന്‍ തേവര്‍ മലനിരകള്‍ എന്നു വിളിച്ചുപോന്നു.1964ല്‍ ടാറ്റ, ഫിന്‍ല എന്ന കമ്പനിയുമായി ചേര്‍ന്ന് തേയില ഉത്പാദനത്തിലും വിപണനത്തിലേക്കും പ്രവേശിച്ചു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലുതും ഉദ്ഗ്രഥിതവുമായ തേയില വ്യവസായ സംരംഭമാണ് ടാറ്റ ടീ ലിമിറ്റഡ്.

തേയിലത്തോട്ടങ്ങളുടെ ഭംഗി തന്നെയാണ് മൂന്നാറിനെ മൂന്നാറാക്കി മാറ്റിയത്. പട്ടണത്തിന്റെ കേന്ദ്രഭാഗത്ത് കാണുന്ന ടാറ്റ കമ്പനിയുടെ പ്രാദേശിക കാര്യാലയത്തില്‍ 1924 വരെ റയില്‍വേയുടെ ടെര്‍മിനല്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഉണ്ടായ ഒരു വലിയ ജലക്ഷോഭത്തെ തുടര്‍ന്നാണ് റെയ്ല്‍വേ സ്‌റ്റേഷനും പാളങ്ങളും ഉപയോഗശൂന്യമായത്. ഈ ചരിത്രങ്ങളൊക്കെ മനസ്സിലേറ്റി നമുക്ക് യാത്ര തുടങ്ങാം.

 

മൂന്നാര്‍ ഉടുമല്‍പ്പേട്ട വഴിയില്‍ ടൌണിന് അടുത്തു തന്നെയാണ് രാജമല. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടം വംശനാശ ഭീഷണി നേരിടുന്ന ആയിരക്കണക്കിലധികം വരയാടുകള്‍ (നീലഗിരി താര്‍) കൂട്ടമായി അവശേഷിക്കുന്ന ലോകത്തിലെ അപൂര്‍വം വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ്. രാവിലെ ആറ് മണിമുതല്‍ തന്നെ വരയാടുകളെ കാണാനുള്ള നീണ്ട ക്യൂ ഇവിടെ രൂപപ്പെടും. 12 വര്‍ഷത്തിലൊരിക്കല്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞിയുടെ വീടും ഇവിടെയാണ്. 2006-ല്‍ പൂത്തുലഞ്ഞ നീലക്കുറിഞ്ഞിയുടെ അടുത്ത പൂക്കാലത്തിനായി 2018 വരെ കാത്തിരിക്കണം. കണ്ണിന് ഉത്സവമേകുന്ന കാഴ്ച്ചകളാണ് ഇവിടെ എത്തുന്ന ഏതൊരാളിനെയും കാത്തിരിക്കുന്നത്. പ്രത്യേകിച്ച് കോടമഞ്ഞ് പുതച്ച് നില്‍ക്കുന്ന പ്രഭാതങ്ങളില്‍ കണ്‍മുന്നില്‍ തെളിഞ്ഞുവരുന്ന പച്ചപ്പു നിറഞ്ഞ മലനിരകള്‍, തന്റെ സാമ്രാജ്യത്തില്‍ നിന്ന് മനുഷ്യനെ തെല്ലും കൂസലില്ലാതെ എത്തിനോക്കുന്ന വരയാടുകള്‍, ഈ കാഴ്ച്ചകളൊക്കെ വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയത്തതാണ്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ കാഴ്ച്ചകളൊക്കെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ബാക്കിയാത്ര ആരംഭിക്കാം. സാധാരണ മൂന്നാറില്‍ വരുന്ന സഞ്ചാരികള്‍ രാജമലയിലെ വരയാടുകളെ കണ്ട് ഇവിടെ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകുന്നു. അപൂര്‍വം ചിലര്‍ മാത്രം മുന്നോട്ടുപോകുന്നു. ആ മുന്നോട്ടുള്ള ദൂരം നമ്മളെ എത്തിക്കുന്നത് ലക്കം വെള്ളച്ചാട്ടത്തിലേയ്ക്കാണ്. വഴിയോരത്തെ പ്രകൃതിസൗന്ദര്യങ്ങളാസ്വദിച്ച് എത്തുന്ന നമ്മളെ സ്വാഗതം ചെയ്യുന്നത് വനസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുവാന്‍ മലയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന മനോഹരമായ വെള്ളച്ചാട്ടമാണ്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന വശ്യചാരുത, മനസിനെ കുളിരണിയിച്ച് വെള്ളത്തുള്ളികളെ ആവാഹിച്ചെത്തുന്ന ഇളം കാറ്റ്. ഏതൊരാളിന്റെയും ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പുതിയ അര്‍ത്ഥങ്ങള്‍ സമ്മാനിക്കാന്‍ ഇവയ്ക്ക് കഴിയും.

 

വെള്ളച്ചാട്ടത്തിനു മുകളിലേയ്ക്ക് കയറിയാല്‍ ഒരു മനോഹരമായ മരപ്പാലവും കൂടാതെ രാത്രി, കാടിനുള്ളില്‍ താമസിക്കണമെങ്കില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ലോഗ് ഹൗസും അവിടെയുണ്ട്. താമസിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. ഇവിടുത്തെ കാഴ്ച്ചകളൊക്കെ ക്യാമറയില്‍ പകര്‍ത്തി അടുത്ത സ്ഥലത്തേക്ക് യാത്ര തുടരാം. വളഞ്ഞുപുളഞ്ഞു കിടക്കുന്ന മുളംകാടുകള്‍, വൈകുന്നേരങ്ങളില്‍ ഈ വഴി പോകുമ്പോള്‍ കൂട്ടമായി നടക്കുന്ന കാട്ടുപോത്തുകള്‍ സഞ്ചാരികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തും.

 

പുസ്തകത്താളുകള്‍ മറിയുന്നതുപോലെ പാതയ്ക്ക് ഇരുവശവുമുള്ള കഴ്ച്ചകളും മാറിക്കൊണ്ടേയിരുന്നു. കുറച്ച് ദൂരം പിന്നിടുമ്പോള്‍ മുളം കാടുകള്‍ മറയൂരിലെ പ്രസിദ്ധമായ ചന്ദനമരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുന്ന കാഴ്ച്ച കാണാന്‍ സാധിക്കും. മൂവായിരത്തില്‍ അധികം ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ ചന്ദനക്കാട് എങ്ങനെ ഉണ്ടായി എന്നത് വിസ്മയം തന്നെയാണ്. മറയൂരിലെ ചന്ദനക്കാട് പ്രകൃതിദത്തമാണ്. ചന്ദനകള്ളക്കടത്ത് ഒരുകാലത്ത് ഇവിടെ പതിവായിരുന്നു. കള്ളന്മാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സര്‍ക്കാര്‍ ഈ ചന്ദനമരങ്ങളെ കമ്പിവേലിയ്ക്ക് അകത്താക്കി നിരീക്ഷണത്തിന് ഗാര്‍ഡുകളെയും നിയമിച്ചു. മറയൂരിലെ ചന്ദനത്തിന്റെ സുഗന്ധം കേള്‍വികേട്ടതാണ്. കേരളത്തിലെ ഏക ചന്ദന ഡിപ്പോ ആയ മറയൂരില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പൊതുലേലം വഴിയല്ലാതെ കേരളത്തില്‍ നിയമാനുസൃതമായി മറ്റൊരു ചന്ദനലേലവുമില്ല. വേരൊടെ പിഴുതെടുക്കുന്ന ചന്ദനത്തടി ഒരു മീറ്റര്‍ അളവില്‍ മുറിച്ച് നമ്പറിട്ട് കഷ്ണങ്ങളാക്കുന്നു. ഡിപ്പോയിലെ റെയിഞ്ചര്‍ ഈ തടി കഷ്ണങ്ങള്‍ കൂട്ടിവച്ച് പഴയ മരത്തിന്റെ പൂര്‍ണമായ രൂപം തന്നെയാണോ എന്നും തടികള്‍ നഷ്ടപെട്ടിട്ടില്ല എന്നും ഉറപ്പ് വരുത്തുന്നു. ഡിപ്പോ വളപ്പിലെ മണ്ണുപോലും നല്ല വിലകൊടുത്ത് വാങ്ങാന്‍ അഗര്‍ബത്തി കമ്പനിക്കാര്‍ തയ്യാറാണ്. അധികനേരം ചന്ദനമണമടിച്ച് ചന്ദനത്തെ ക്യാമറയില്‍ പകര്‍ത്താന്‍ നിന്നാല്‍ ഉദ്യോഗസ്ഥര്‍ ഓടിയെത്തും എന്നുള്ളതുകൊണ്ട് തന്നെ വണ്ടി പതുക്കെ മറയൂരിലെ കരിമ്പിന്‍ തോട്ടങ്ങളിലേയ്ക്ക് വിട്ടു.

 

മലനിരകള്‍ക്കപ്പുറം എവിടെയോ മറഞ്ഞിരിക്കുന്ന മഴമേഘങ്ങളുടെ വരവിനായി ആര്‍ത്തിയോടെയും പ്രാര്‍ത്ഥനയോടെയും കാത്തിരിക്കുന്ന മറയൂര്‍ നിവാസികളുടെ പ്രധാന കൃഷി കരിമ്പാണ്. മറയൂര്‍ ഉണ്ട ശര്‍ക്കര വളരെ പ്രസിദ്ധമാണ്. ഇരുന്നൂറില്‍പ്പരം കര്‍ഷക കുടുംബങ്ങള്‍ ഇവിടെ ശര്‍ക്കര ഉത്പാദനത്തില്‍ വ്യാപൃതരാണ്. കരിമ്പിന്‍ ജ്യൂസില്‍ നിന്നും ശര്‍ക്കര ഉണ്ടാക്കുന്നത് വളരെ കൗതുകം നിറഞ്ഞൊരു കാഴ്ച്ചയാണ്. അടുപ്പുകൂട്ടി വലിയ കൊട്ട വഞ്ചിയുടെ ആകൃതിയിലുള്ള പാത്രത്തില്‍ കരിമ്പിന്‍ നീര് ഒഴിക്കുന്നു. രണ്ടും മൂന്നും പേര്‍ ഒരുമിച്ച് നിന്ന് പാത്രത്തിലേക്ക് കരിമ്പിന്‍ നീര് ഇളക്കിയശേഷം ഉറച്ചപാനി ഉരുട്ടി ശര്‍ക്കരയാക്കുന്നു. ആവശ്യക്കാര്‍ക്ക് നേരിട്ട് വിലകുറച്ച് ഇവിടങ്ങളില്‍ നിന് ശര്‍ക്കര ലഭിക്കുന്നു. ഈ കാഴ്ച്ചകളൊക്കെ കണ്ട് നില്‍ക്കുമ്പോള്‍ അങ്ങ് അകലെ കാന്തല്ലൂരിലെ മലനിരകള്‍ നമ്മെ മാടി വിളിച്ചുകൊണ്ടിരിക്കും.

 

കണ്ണെത്തും ദൂരത്ത് ഓറഞ്ചും ആപ്പിളും സ്‌ട്രോബറിയും കൈയെത്തി പറിക്കാന്‍ പറ്റുന്ന കേരളത്തിന്റെ സ്വന്തം കാന്തല്ലൂര്‍. മറയൂരിലെ സമതലങ്ങള്‍ പിന്നിട്ട് മലകയറി ആകാശത്തിന്റെ നെറുകയിലെ ഈ തോട്ടങ്ങളില്‍ എത്തുമ്പോള്‍ ക്യാരറ്റും ക്യാബേജും ഉരുളക്കിഴങ്ങും വിളയുന്ന തോട്ടങ്ങള്‍ നമ്മളെ സ്വാഗതം ചെയ്യും. ജൂലൈ മാസത്തോടെ ഇവിടുത്തെ ആപ്പിള്‍ സീസണ്‍ കഴിയുമെങ്കിലും സന്ദര്‍ശകരെകാത്ത് കുറച്ച് ആപ്പിളുകള്‍ എപ്പോഴും കാണും. തണുത്ത കുളിരണിഞ്ഞു നില്‍ക്കുന്നതിനാലാവണം ഇവിടുത്തെ ഓറഞ്ചിനും സ്‌ട്രോബറിക്കും പ്ലമ്മിനുമൊക്കെ മനം മയക്കുന്ന രുചിയാണ്. ക്യാരറ്റ് തോട്ടങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ക്യാരറ്റ് പിഴുത് വാങ്ങാവുന്നതാണ്. ജനവാസം വളരെ കുറവാണെങ്കിലും വീടുകളിലെല്ലാം പലതരത്തിലുള്ള തോട്ടങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. കൂടാതെ പലതരത്തിലുള്ള വൈനുകള്‍, സ്‌ക്വാഷുകള്‍, അച്ചാറുകള്‍, ചെടികളുടെ തൈകള്‍ എന്നിവ മിക്ക വീടുകളിലും വില്‍ക്കപ്പെടുന്നുണ്ട്. തിരക്കുകളില്‍ നിന്ന് ഉള്‍വലിഞ്ഞ് നില്‍ക്കുന്ന ഈ ഗ്രാമപ്രദേശത്തിന് വൈവിധ്യമാര്‍ന്ന കാര്‍ഷിക സമൃദ്ധികൊണ്ടും ഏതൊരാളിന്റെയും മനസില്‍ കുളിരുകോരിയിടുന്ന കാലാവസ്ഥകൊണ്ടും കേരളത്തിന്റെ പ്രമുഖ വിനോദ സഞ്ചാരമേഖലയില്‍ തനതായൊരു സ്ഥാനമുണ്ട് കാന്തല്ലൂരിന്.

ഈ പ്രദേശത്തിന്റെ ദൃശ്യഭംഗിയും നാവില്‍ കൊതിയൂറുന്ന ഇവിടുത്തെ തോട്ടങ്ങളിലെ രുചിയും ഏതൊരാളിനെയും രണ്ടുദിവസമെങ്കിലും വിടാതെ പിടിച്ചു നിര്‍ത്തും എന്നത് ഒട്ടും സംശയമില്ലാത്ത കാര്യമാണ്. ഈ ഓര്‍മ്മകള്‍ക്ക് എന്നും നല്ല ഭംഗിയായിരിക്കും, രുചിയും.

(സ്വകാര്യ റേഡിയോ നിലയത്തിലെ ജീവനക്കാരനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍