UPDATES

യാത്ര

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റ് ഏറ്റവും ഉയര്‍ന്ന ചവറ്റുകൂനയായി മാറാതിരിക്കാന്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ നേപ്പാള്‍

പ്രതിവര്‍ഷം 50,000 വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്.

ലോകം ഇന്ന് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളികളില്‍ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം. സമുദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതും അതിന്റെ പ്രത്യാഘാതങ്ങളും നാം കാണുന്നതാണ്. എന്നാല്‍ പര്‍വ്വതങ്ങളിലോ? ഒട്ടും വ്യത്യസ്തമല്ല. ലോകത്തിലെ ഏറ്റവുംവലിയ പര്‍വ്വതമായ ഏവറസ്റ്റിലും മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചവറ്റുകൂനയായി മാറാന്‍ അധിക കാലം വേണ്ട. അതുകൊണ്ട് പ്ലാസ്റ്റിക് കെണിയില്‍ നിന്ന് എവറസ്റ്റിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍.

എവറസ്റ്റ് മേഖലയില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. മുപ്പത്ത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കാണ് ജനുവരി മുതല്‍ നിരോധിക്കുന്നത്. സഞ്ചാരികളാണ് പ്രധാനമായും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറന്തള്ളുന്നത്. എവറസ്റ്റ് കൊടുമുടി കയറുന്നവരുടെ ഏണ്ണം ഈ വര്‍ഷം റെക്കോര്‍ഡ് നിലയില്‍ എത്തിയിരുന്നു. ഈ വര്‍ഷം എവറസ്റ്റില്‍ നിന്ന് ഇതുവരെ 10 ടണ്‍ മാലിന്യമാണു ശേഖരിച്ചത്. പര്‍വതത്തില്‍ അടിഞ്ഞ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് പര്‍വ്വതാരോഹകരാണ് ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കിയത്.

‘ഇപ്പോള്‍ തുടങ്ങുകയാണെങ്കില്‍ നമ്മുടെ പര്‍വ്വതത്തെ ദീര്‍ഘകാലത്തേക്ക് വൃത്തിയായി സൂക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്നു’ പ്രാദേശിക ഉദ്യോഗസ്ഥന്‍ ഗണേഷ് ഘിമിറെ പറയുന്നു. പ്രതിവര്‍ഷം 50,000 വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ക്യാനുകള്‍, ട്രെക്കിംഗ് ഉപകരണങ്ങള്‍, കീറിപ്പോയ കൂടാരങ്ങള്‍ തുടങ്ങി ഭക്ഷണപ്പൊതികള്‍ വരെ അവിടെ കുന്നുകൂടി കിടക്കുകയാണ്.

2014-ല്‍ പര്‍വതാരോഹക സംഘങ്ങളില്‍ നിന്നും 4,000 ഡോളര്‍ ഡിപ്പോസിറ്റ് വാങ്ങിയിരുന്നു. സംഘത്തിലെ ഓരോരുത്തരും മുകളില്‍ നിന്ന് 8 കിലോ മാലിന്യം താഴെയെത്തിച്ചാല്‍ തുക തിരികെ നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും പകുതിയോളം പേര്‍ മാത്രമാണു സഹകരിച്ചത്. കഴിഞ്ഞ വര്‍ഷം, പ്രാദേശിക ഷെര്‍പകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രദേശത്ത് വലിയ ശുചീകരണ യജ്ഞം നടത്തിയിരുന്നു. ഈ വര്‍ഷം വീണ്ടും സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടാവുകയും മാലിന്യം കുന്നുകൂടുകയും ചെയ്തു.

ഈ വര്‍ഷം ഏപ്രിലില്‍, ചൈനീസ് സര്‍ക്കാര്‍ എവറസ്റ്റ് ബേസ് ക്യാമ്പിന്റെ ഒരു ഭാഗം അടച്ചുപൂട്ടിയിരുന്നു. 1950 കളില്‍ ആദ്യത്തെ പര്‍വതാരോഹണ പര്യവേഷണം നടന്നതിനുശേഷം 140 ടണ്ണിലധികം മാലിന്യങ്ങള്‍ എവറസ്റ്റ് കൊടുമുടിയില്‍ വലിച്ചെറിയപ്പെട്ടുവെന്നാണ് യുഎന്‍ പരിസ്ഥിതി പദ്ധതിയുടെ കണക്കക്കുകള്‍ വ്യക്തമാക്കുന്നത്.

Read: ആഫ്രിക്കയിലെ ആദ്യത്തെ ‘വെര്‍ട്ടിക്കല്‍ ഫോറസ്റ്റ്’ ഈജിപ്തില്‍; ഓരോ കെട്ടിടത്തിലും 350 മരങ്ങളും 1400 കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍