UPDATES

യാത്ര

‘നീലാകാശവും ചുവന്ന ഭൂമിയും’: അശോകന്റെ കലിംഗ യുദ്ധ ഭൂമിയിലേക്ക്

അശോക ചക്രവര്‍ത്തി രക്തം കൊണ്ട് ചുവപ്പിച്ച് ഭൂമി. കലിംഗ യുദ്ധത്തിലൂടെ രക്തപുഴയായി മാറിയ ദയ നദി ഒഴുക്കുന്ന ഭൂമി, പിന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് അശോകനെ നയിച്ച മണ്ണ്.

കലിംഗ യുദ്ധത്തിലൂടെ ചുവന്ന് പോയ ദയ നദി, ഇരുണ്ട ക്ഷേത്രം (ബ്ലാക്ക് പഗോഡ), ഡോള്‍ഫിനുകള്‍ നൃത്തം വയ്ക്കുന്ന ചില്‍ക്കാ തടാകം, പിന്നെ പ്രസിദ്ധമായ കൊണാര്‍ക്ക് ബീച്ച് (ചന്ദ്ര നാഭാ ബീച്ച്) പിന്നെ അധികം ആരും സഞ്ചരിച്ചിട്ടില്ലാത്ത ഇടങ്ങളും ഇതെല്ലാം മനസില്‍ കുറിച്ചിട്ടായിരുന്നു വിശാഖപട്ടണത്ത് നിന്നും വണ്ടി കയറി നട്ട പാതിരക്ക് ഭൂവനേശ്വറില്‍ ഇറങ്ങിയത്. നല്ല കിടിലന്‍ റെയില്‍വേ സ്റ്റേഷന്‍, കുറച്ച് നേരം സ്റ്റേഷനില്‍ കൂടിയിട്ട് പുറത്തോട്ട് ഇറങ്ങി. അത്യാവശ്യമായിട്ട് ഒന്ന് ഉറങ്ങണം. ദിവസം മൂന്നായി നന്നായിട്ട് ഉറങ്ങിയിട്ട്. പുറത്ത് കിടക്കുമ്പോള്‍ അന്തം വിട്ട് ഉറങ്ങാന്‍ പറ്റിലല്ലോ. റെയിവേയുടെ റൂമുകള്‍ ഉള്‍പ്പടെ കുറഞ്ഞത് 12 ലോഡ്ജുകളെങ്കിലും കയറി ഇറങ്ങി. നോ റൂം. ബഡാ ബാഗും തൂക്കി ഒരു കോപ്പും അറിയാത്ത ഇവിടെ നടു റോഡില്‍ ഒന്നര കി.മീ ഓളം തെക്കോട്ടും വടക്കോട്ടും നടന്ന നടപ്പ്. ഹോ! ഇപ്പോള്‍ നല്ല രസം തോന്നുന്നുണ്ട്, അന്നേരം വന്ന ദേഷ്യത്തിന് ഭൂവനേശ്വര്‍ വേണ്ട എന്ന് പറഞ്ഞ് തിരിച്ച് സ്റ്റേഷനില്‍ എത്തി അടുത്ത ട്രെയിന്‍ പിടിച്ചു, പുരിയിലേക്ക്….

മുടിഞ്ഞ ഉറക്ക ക്ഷീണം കാരണം സീറ്റിലേക്ക് വീണതും ഉറക്കം തുടങ്ങി. എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍ സ്ഥലമെത്തി എന്നു മനസ്സിലായി. പിന്നെ അതില്‍ നിന്ന് ചാടി ഇറങ്ങി. ഒരൊന്നൊന്നര ചാട്ടമായിരുന്നു. പിന്നെ മനസ്സിലായി വെറുതെയായിരുന്നു എന്ന്. സംഭവം ട്രെയിന്‍ എത്തിയിട്ട് അര മണിക്കൂറായി. ലാസ്റ്റ് സ്റ്റേഷനുമായിരുന്നു. പുരി സ്റ്റേഷനിലും ഒരു രണ്ട് മണിക്കൂര്‍ ഇരുന്നു. റെയില്‍വെ റൂം നോക്കി, അത് വെറുതെയായി. പിന്നെ ഒരു ഓട്ടോക്കാരന് തല വെച്ച് പുള്ളി കൊണ്ടു പൊയി വിട്ട ലോഡ്ജില്‍ ചെന്ന് പറ്റി. അറിയാവുന്ന മറുത ഭാഷയില്‍ ന്യായമായ കൂലിക്ക് റൂം കബൂലാക്കി. മൂന്ന് നിലയുടെ മുകളിലുള്ള റൂം. ലിഫ്റ്റില്ല. പടി കയറിയേ സന്നിധാനത്ത് എത്താന്‍ സാധിക്കൂ. തുടക്കം തന്നെ ഭൂമിദേവിക്ക് വന്ദനം ആയിരുന്നു. രണ്ടാം നിലയിലെ പടിയില്‍ നിന്ന് ജഗതി ചേട്ടനെ വെല്ലുന്ന രീതിയില്‍ ഒരോ പടിയും ഉമ്മ വെച്ച് ചന്തി ലാന്‍ഡ് ചെയ്തത് ഒന്നാം നിലയില്‍. ആഹാ എന്നതാ ഒരു സുഖം. തീര്‍ന്നു, ഇന്ത്യ പര്യടനം തീര്‍ന്നു എന്ന് മനസ്സില്‍ കരുതി. ഭാഗ്യത്തിന് ചെറിയ ചതവും, നല്ല തണുപ്പായതുകൊണ്ടുള്ള ചെറിയ വേദനയുമുണ്ടായിരുന്നുള്ളൂ. ഒരു വിധം റൂമില്‍ എത്തി കട്ടിലേക്ക് വീണു. രാവിലെ 9 മണിക്ക് കിടന്നിട്ട് പൊങ്ങിയത് വൈകിട്ട് അഞ്ചരക്ക്. ഭക്ഷണം, കഴിച്ച് പുരിയിലെ ആ ഗലിയിലുടെ ഒന്ന് ചുറ്റിയടിച്ച് റൂമിലെത്തി. പിറ്റേന്നത്തേക്കുള്ള കറക്കം പ്ലാന്‍ ചെയ്യണം. കറങ്ങാന്‍ ഒഡീഷയിലെ ഏറ്റവും വലിയ പ്രശ്‌നം പൊതുഗതാഗതമാണ്. വന്‍ അബദ്ധമാണ് അത് ഇവിടെ. പിന്നെ ഗലി കറക്കത്തില്‍ കുറെ ട്രാവല്‍ എജന്‍സികളെ പരിചയപ്പെട്ടിരുന്നു.. ഒരു ടൂ വിലര്‍ എടുത്ത് കറങ്ങാനായിരുന്നു പ്ലാന്‍!.

പിറ്റേന്ന് കൊച്ചു വെളുപ്പാന്‍കാലത്ത് എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോള്‍ അഡാര്‍ മഴ. പിന്നെ ടൂവിലര്‍ പ്ലാന്‍ മാറ്റി ഒരു ഒരു ടൂറ് പാക്കേജ് ബസില്‍ കയറിപ്പറ്റി. ആദ്യം ചന്ദ്രനാഭ ബീച്ചിലേക്കായിരുന്നു. ആ വഴി ഗംഭീരമായിരുന്നു. അന്നേരമേ മനസില്‍ കുറിച്ചിട്ടു. ഇതുവഴി വീണ്ടും വരുമെന്ന്. ബീച്ചില്‍ നിന്ന് നേരെ പോയത് ബ്ലാക്ക് പഗോഡയിലേക്കാണ് (കൊണാര്‍ക്ക് സൂര്യ ക്ഷേത്രം). സംഭവം കിടു പണിയാണ്. നമിക്കണം ഇതൊക്കെ ഉണ്ടാക്കി വെച്ചവനെ. പക്ഷേ ഒരു ശ്വാസം മുട്ടലായിരുന്നു അവിടെ. നിറയെ സഞ്ചാരികള്‍. നമ്മള്‍ പെട്ടെന്ന് തന്നെ സ്‌കൂട്ടായി.

അവിടെ നിന്ന് പോയത് ഒരു ചരിത്ര ഭൂമിയിലേക്കായിരുന്നു – ദൗലഗിരി. അശോക ചക്രവര്‍ത്തി രക്തം കൊണ്ട് ചുവപ്പിച്ച് ഭൂമി. കലിംഗ യുദ്ധത്തിലൂടെ രക്തപുഴയായി മാറിയ ദയ നദി ഒഴുക്കുന്ന ഭൂമി, പിന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് അശോകനെ നയിച്ച മണ്ണ്. ഇന്ന് അവിടെ ബുദ്ധ പ്രതിമ സ്ഥാപിച്ച ഒരു ശാന്തി സ്തൂപമുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ ആ പഴയ കലിംഗ യുദ്ധ ഭൂമി കാണാം. ദയ നദി കാണാം.’ പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞ് ആസ്വദിക്കാം. കൊടും മഴയത്ത് അശോകന്റെ കലിംഗ ഭൂമി ആവോളം ആസ്വാദിച്ചതിന് ശേഷം പോയത് ലിംഗ രാജ ക്ഷേത്രത്തിലേക്കാണ്. ആ ക്ഷേത്രവും മികച്ച നിര്‍മ്മാണ വൈദഗ്ധ്യം വെളിപെടുത്തുന്ന ഒന്നാണ്. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ കാരണം അവിടുത്തെ ഒരു ചിത്രം പോലും എടുക്കാന്‍ സാധിച്ചില്ല. പിന്നെ വിട്ടത് ഉദയഗിരി – ഖണ്ഡഗിരി കുന്നുകളിലെ ഗുഹകളിലേക്കും ജൈന ക്ഷേത്രത്തിലേക്കുമായിരുന്നു. നഗര പ്രദേശത്തിനോട് ചേര്‍ന്നുള്ള ഒരു ഇടമാണിത് – സന്ദര്‍ശകരുടെ ആധിക്യം കാരണം അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കി. തൊട്ടടുത്തുള്ള നന്ദന്‍ നാഷണല്‍ പാര്‍ക്കിലും ഒന്ന് തല കാണിച്ച് അന്നത്തെ കറക്കം മതിയാക്കി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് റെഡിയായി ഏജന്‍സികാരുടെ കയ്യില്‍ നിന്നും ഒരു ടൂ വീലര്‍ റെന്റിനെടുത്ത് നമ്മുടെതായ ഭ്രാന്തന്‍ കറക്കം തുടങ്ങി. പുരി ജഗനാഥ ക്ഷേത്രത്തിലും അടുത്തുള്ള ഗോള്‍ഡന്‍ ബീച്ചിലും തല കാണിച്ചു, ഗംഭീര തിരക്കാണ്, ശ്വാസം മുട്ടല്‍ തോന്നിയത് കൊണ്ട് വണ്ടിയും കൊണ്ട് ചന്ദ്രനാഭ ബീച്ച് ലക്ഷ്യമാക്കി വിട്ടു. ഈ റോഡാണ് സമീര്‍ താഹീര്‍ ‘നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി’യില്‍ കാണിച്ചിരിക്കുന്നത്, കാറ്റാടി മരങ്ങളുടെ കാടും അത് താണ്ടി എത്തിയാല്‍ കാണുന്ന കടല്‍ തീരവുമൊക്കെ. ഗംഭീര സെറ്റപ്പാണ് പ്രകൃതി അവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനെപ്പറ്റി എഴുതുന്നില്ല. നിങ്ങള്‍ ആ വഴിയിലെ ചിത്രങ്ങളും വീഡിയോയും കണ്ടു നോക്കൂ.

ആളുകള്‍ ധാരാളമായെത്തുന്ന ചന്ദ്രനാഭ ബീച്ചിനെക്കാള്‍ ഹരം പിടിപ്പിക്കുന്നത് കാറ്റാടി മരക്കാടുകള്‍ താണ്ടി എത്തുന്ന കടല്‍ തീരമാണ്. സിനിമയില്‍ കാണുന്ന സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്തയിടമാണ് ഈ പ്രദേശം. ഗംഭീരമായ ഒരു അനുഭവമായിരുന്നു ഇത്. സത്യത്തില്‍ ഡോള്‍ഫിനുകളെ തേടി ചില്‍ക്കാ തടാകത്തില്‍ പോകാന്‍ കഴിയാതിരുന്ന സങ്കടം തീര്‍ന്നു. മടിച്ചാണെങ്കിലും കണ്ണും മനവും നിറച്ച ആ തീരത്തോട് യാത്ര പറഞ്ഞു. ഉറപ്പായും ഇനിയും വരും ഇവിടെ ഒറ്റക്കല്ല. ചങ്കുകളായ ബഡ്ഡീസിനൊപ്പം.

(ഭൂവനേശ്വറിലോ പുരിയിലോ റൂം എടുത്ത് കറങ്ങുന്നതാവും നല്ലത്. കൊണാര്‍ക്ക്, ചന്ദ്രനാഭ, ജഗനാഥ ക്ഷേത്രം, ചില്‍ക്കാ ഈ പ്രദേശങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം ഭൂവനേശ്വറിന് അടുത്താണ്. ഓല ടാക്‌സി ഉണ്ട്. വണ്ടികള്‍ റെന്റിന് കിട്ടും – നെറ്റ് കിട്ടുന്ന പ്രദേശങ്ങളായത് കൊണ്ട് ഗൂഗിള്‍ മാപ്പ് നോക്കി പോകാം. പൊതുഗതാഗതം അബദ്ധമാണ്. കുടുംബമായി വരുന്നവര്‍ക്ക് ഒരാള്‍ക്ക് 300 രൂപയില്‍ താഴ്ന്ന നിരക്കിലുള്ള പാക്കേജുകള്‍ ഉണ്ട് – എന്‍ട്രന്‍സ് ടിക്കറ്റ്, ഗൈഡ് ഉണ്ടാവും. ഭക്ഷണം ഉണ്ടാവില്ല)

ചിത്രങ്ങള്‍ കാണാം:



കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍