അമല്‍ ലാല്‍
ചിത്രങ്ങള്‍: മിഥുന്‍ വിജയന്‍
അങ്ങനെയാണ് പലപ്പോഴും ഒരു യാത്ര അനിവാര്യതയില്‍ തുടങ്ങുന്നത്, പെരുവഴിയില്‍ തുടര്‍ച്ച തേടുന്നത്. ഇടിവെട്ടേറ്റ അന്ന് തന്നെ പാമ്പ് കടിയും കൊള്ളേണ്ടി വന്ന മനസ്സ്, കയ്യാലപ്പുറത്തെ തേങ്ങയും ചാരി നിന്ന് വാശി പിടിക്കുന്നുണ്ടായിരുന്നു ഇങ്ങനെ ഒരു യാത്രയ്ക്ക്!
ചിലപ്പോഴൊക്കെ ഒച്ചപ്പാടുണ്ടാക്കുന്ന ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും ഒറ്റപ്പെടലിനും മുന്നില്‍ വയ്ക്കാവുന്ന ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് ലക്ഷ്യമില്ലാ യാത്രകള്‍! അതിജീവനത്തിന്‍റെ ‘അ’യില്‍ തുടങ്ങി ഒരു പാട് ഹെയര്‍പ്പിന്‍ തിരി(ച്ചറി)വുകള്‍ക്ക് ശേക്ഷം പ്രതീക്ഷയുടെ ‘യ’ യില്‍ ചെന്ന് നില്‍ക്കാറുണ്ട് അത്തരം യാത്രകളില്‍ പലതും. അതുകൊണ്ട് തന്നെയാവണം ദേശാടനക്കിളികള്‍ ഒരിക്കലും കരയാതിരുന്നത്.
രണ്ടു ബൈക്കും നാലാളും കൂടിയ ഈ ഒരു യാത്ര ഊട്ടിയിലേക്കാണ്, അച്ഛന്‍ പറഞ്ഞു കൊതിപ്പിച്ചു വച്ചൊരു ‘കാടന്‍’ യാത്രയായിരുന്നു ഇത്. വളരെ ചെറിയ റോഡ്, ഹെയര്‍പ്പിന്‍ വളവുകള്‍, ഓരോ വളവിലും ഓരോ തണുപ്പ്, ചുറ്റും കാട്. ഒത്തു കിട്ടുന്നത് ഒരു ഓണ്‍ റോഡ് ബൈക്ക് യാത്രയുടെ വന്യതകൂടിയാണ്!
‘പച്ചക്കടലുകള്‍’ മുങ്ങിത്തപ്പി കാസി തേടിയത് സ്വന്തം പ്രണയത്തെ ആയിരുന്നു എങ്കില്‍, കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള അസിയെ ആയിരുന്നുവെങ്കില്‍ ഈ യാത്രയും പല തരത്തില്‍ തേടലുകകളാണ്. എന്‍റെ രഹസ്യാന്വേഷണ പരീക്ഷണയാത്രയാണ്. കൂടെ നിന്ന് ഒറ്റുകൊടുത്ത സ്വന്തം ഭ്രാന്തുകളെ, കൂടെ കഴിയാമെന്നു ‘വാക്ക്’ തന്നു പറ്റിച്ചു പോയ അക്ഷരങ്ങളെ, തിരിച്ചു വന്നാല്‍ എന്തും തരാം എന്ന് എത്രവട്ടം പറഞ്ഞിട്ടും തിരിച്ചു വരാത്ത ചിരികളെ തുടങ്ങി വഴിയില്‍ നിന്നും കണ്ടെടുക്കാന്‍ ഒരുപാടുണ്ട് ഈ യാത്രയില്‍.
പൊടിപാറിയ യാത്രായിരുന്നു ഇത് എന്നത് സമ്മതിയ്ക്കുന്നു. മഴക്കാലത്തും മഴ പെയ്യാതെ ചിണുങ്ങി നിന്നാല്‍ ടാര്‍ ചെയ്യാത്ത റോഡിലൂടെയുള്ള ഏതൊരു യാത്രയും പൊടിപാറുമെന്നുറപ്പ്. മഴക്കലാമാണ്; മഴയില്‍ എല്ലാം ഒഴുക്കിക്കളയാമെന്നുള്ള അത്യാഗ്രഹത്തെ പെയ്യാത്ത മഴ കളിയാക്കിക്കൊണ്ടിരുന്നു, പോണവഴിയ്ക്ക് പശ്ചിമഘട്ടത്തിന്‍റെ അവസ്ഥ നോക്കാന്‍ ഒരു താക്കീതും. മരം വെട്ടുക്കാരന്‍ മനുഷ്യനോടുള്ള ബഹുമാനക്കുറവ് പെയ്യാത്ത മഴ മടിയില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ പ്രതീക്ഷകളെ കാറ്റിനു പറത്തി അപ്രതീക്ഷിതങ്ങളെ കാത്തുവച്ചൊരു യാത്ര കൂടി ആയിരുന്നു ഊട്ടി!
ഊട്ടി എന്ന രണ്ടക്ഷരം സ്ഥലപേരു മാത്രമായിരുന്നില്ല ഞങ്ങള്‍ക്ക്. ഞങ്ങള്‍ കൊതിച്ചു കാത്തുവച്ചൊരു സ്വപ്നത്തിന്‍റെ പേരായിരുന്നു അത്.
വൈകുന്നേരം നാലരമണിയ്ക്കാണ് യാത്ര തുടങ്ങുന്നത്. ചിലയിടങ്ങളിലൊക്കെ മഴയില്ലാത്തതറിയാതെ മരം പെയ്തു കൊണ്ടേ ഇരുന്നു. രണ്ടരമണിക്കൂറിലെ സിനിമ വര്‍ത്തമാനങ്ങള്‍ അവസാനിക്കുമ്പോ ഞങ്ങള്‍ അട്ടപ്പാടിയെത്തി. അട്ടപ്പാടിയിലിപ്പോ തണുപ്പാണ്.
അട്ടപ്പാടിയിലും മരങ്ങള്‍ പെയ്യുന്നുണ്ട്, എന്നോ നനഞ്ഞ മഴയുടെ ഓര്‍മ്മകളെ അയവിറക്കിക്കൊണ്ടിരുന്നു മരങ്ങള്‍. പണ്ടെന്നോ കഴിഞ്ഞൊരു സ്കൂള്‍ കാലത്തിന്‍റെ മരം പെയ്യല്‍ തന്നെയാണീ യാത്രയും.
അട്ടപ്പാടിയിലാണ് ഇന്നത്തെ താമസം. കൂടെയുള്ള കെട്ടുമാറാപ്പുകള്‍ റൂമില്‍ വച്ച് ഞങ്ങള്‍ നാലും പുറത്തേക്കിറങ്ങി. തണുത്ത കാറ്റില്‍ വിശാലമായി ഒരു നടത്തം വച്ച് കൊടുത്തു. പിസി ജോര്‍ജും ബാന്‍ ഇന്ത്യയുടെ അംബാസിഡര്‍ സര്‍വ്വശക്തനായ മോദിയും പ്രേമവും പ്രേതവും വരെ സംസാരമായി. നടത്തം കാടരികിലൂടെയാവുമ്പോള്‍ വര്‍ത്തമാനവും കാടുകയറണം എന്നാണ്. കുറച്ചങ്ങു നടന്നാല്‍ പുതിയ ഒരു ഹോട്ടലുണ്ട്, അവടെ പോയിട്ട് വേണം വയറു നിറച്ചും ഭക്ഷണം കഴിയ്ക്കാന്‍.
നിന്‍റെ സ്വര്‍ഗത്തില്‍ നീ എപ്പോഴൊക്കെ ജീവിച്ചിരുന്നു എന്ന് പടച്ചോന്‍ ചോദിക്കുമ്പോ കാട്ടി കൊടുക്കാന്‍ എഴുതി വയ്ക്കുന്നുണ്ട് ഇതെല്ലാം. ഇതല്ലെങ്കില്‍ മറ്റേതാണ് ജീവിതം!
ഭക്ഷണം കഴിച്ചു തിരിച്ചു നടന്നു, പതുക്കെ റൂം അണഞ്ഞു.
രാവിലെ നേരത്തെ എണീക്കണം, അലാറമായി ‘കാടേറാന്‍ വാ’ എന്ന പാട്ട് തന്നെ വേണം. കാലത്ത് അഞ്ചു മണിയ്ക്ക് തന്നെ ബൈക്ക് എടുത്തു യാത്ര തിരിക്കണം.
അട്ടപ്പാടിയില്‍ എന്തൊക്കെ കണ്ടിരിക്കണം എന്ന യാത്രമോഹികളുടെ ചോദ്യത്തിന്, പറ്റുമെങ്കില്‍ അട്ടപ്പാടി മുഴുവനായി കണ്ടിരിയ്ക്കണം എന്നത് ഒരുത്തരമാണ്,
വഴിയില്ലാവഴികളിലൂടെ കാട് കയറണം, കാട് മുറിച്ചൊഴുകുന്ന പുഴ കാണണം, പുഴയിലെ മിനുസമുള്ള കല്ലുകാണണം, ആന പോയ വഴികളിലൂടെ നടന്നുനോക്കണം, ആനയിറങ്ങും വഴികളില്‍ സൊറ പറഞ്ഞു നടന്നു നോക്കണം എന്നോകെ ഉള്ളത് മറ്റൊരു ഉത്തരവുമാണ്!
സൈലന്റ് വാലിയും ഇവടെയാണ് എന്നത് വേറെ ഒരു ഉത്തരമാണെങ്കിലും, സൈലന്റ് വാലിയെ ഞങ്ങള്‍ ഒഴിവാക്കിയതുകൊണ്ട് ആധികാരികമായി ആ ഉത്തരം പറയുന്നില്ല. നഷ്ടപ്പെട്ട ചിലപ്രാന്തുകളെ തിരികെ തന്നത് നിറഞ്ഞു നില്‍ക്കുന്ന ഈ കാടാണ്, അട്ടയാണ്, മലയാണ്, കുന്നാണ്, ആദിവാസി തേനാണ്, വഴിയില്ലാ കാട്ട് വഴികളാണ്.
അടുത്ത ദിവസം
ഇനി ലക്ഷ്യം 42 ഹെയര്‍പ്പിനുകള്‍ കാത്തു വച്ച അത്ഭുതങ്ങളാണ്, ഊട്ടി എന്ന ഞങ്ങള്‍ സ്വപ്നമാണ്.
അഞ്ചു മണിയ്ക്ക് തന്നെ വെളിച്ചം വന്നുതുടങ്ങിയിരുന്നു. അഞ്ചരയാവുമ്പോഴേയ്ക്കും നല്ല വെളിച്ചം. സൂര്യന്‍ സൗമ്യനാണ്. വെറുതെ ചൂടും കൊണ്ട് തട്ടിക്കേറാന്‍ വരുന്നില്ല, പിന്നെ കൂട്ടിനു മഞ്ഞുമുണ്ട്, ഗംഭീരമായ കോടമഞ്ഞോന്നും ഇല്ലെങ്കിലും ബൈക്ക് മുന്നോട്ട് നീങ്ങുമ്പോ ചേര്‍ന്നിരിക്കാന്‍ മാത്രം തണുപ്പുണ്ട്.
ഒരു പത്തു കിലോമീറ്റര്‍ കഴിയണ്ടി വന്നില്ല പിന്നെ യാത്രയുടെ മട്ടു മാറി. പിന്നെ ടാറിട്ട റോഡ് ഒന്നും ഇല്ല. മണ്ണിട്ട ഒരു വഴി, എന്നെങ്കിലും ടാര്‍ ചെയ്യാന്‍ വച്ച കല്ലുകള്‍ ഇടയ്ക്ക് ഇടയ്ക്ക്, മണ്ണില്‍ ആനയുടെ കാല്‍പ്പാടും ആനപ്പിണ്ടവും. ആനപിണ്ഡം പേടിപ്പിച്ച വഴികള്‍ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും, പൊടി മണ്ണില്‍ മുന്നില്‍പ്പോയ ആനക്കാലടിയെ തുടര്‍ന്ന് ചെല്ലുന്ന ഒരു ബൈക്ക് യാത്ര ഇതാദ്യമായിരുന്നു. ഇത് ശരിയ്ക്കും ഒരു ഓഫ് റോഡ് യാത്രയാണ്. കാട്ടിലൂടെ ചോലയൊഴുകുന്നുണ്ട്, കാടിനെ വശത്തേയ്ക്ക് മാറ്റി മാറ്റി കടല്‍ തേടിയൊരു പുഴ ഒഴുകുന്നുണ്ട്, കാട് വഴിയില്‍ ആരുമില്ലാത്തിടത്ത്, ആനപിണ്ടവഴികളില്‍ വണ്ടി നിര്‍ത്തി കുളിക്കാന്‍ ഇറങ്ങാന്‍ മനസ്സ്; പേടിച്ചതുകൊണ്ട് മാത്രം കാട്ടുചോലയിലെ കുളി അടുത്ത വരവിലെ ലിസ്റ്റിലേയ്ക്ക് മാറ്റി എഴുതി.
ഒരു പത്തു കിലോമീറ്ററിന്‍റെ കാടുയാത്രയെ കാത്തിരുന്നത് ഇത്തിരി പോന്ന ഒരു അട്ടപ്പാടി ഗ്രാമമാണ്, ആനയുടെ കാല്‍പ്പാടുകളും ആന മറച്ചിട്ട വേലികെട്ടുകളും അപ്പോഴും ആവലാതിയും ആശങ്കയും പേടിയും ഒക്കെ മാറി മാറി ഉണ്ടാക്കിക്കൊണ്ടിരുന്നു. ഓരോ തിരിവിലും ഒരു ആനസാന്നിധ്യം ഞങ്ങള്‍ പേടിക്കുകയും, എന്നാല്‍ പലപ്പോഴൊക്കെ യാത്രയുടെ സാഹസികതയ്ക്ക് പ്രതീക്ഷിക്കുകയും ചെയ്തു. നാടും കാടും താണ്ടി ചെക്ക്പോസ്റ്റെത്തി.
മറ്റൊരു വണ്ടിയും വരാത്ത, ഏകാന്തതയോടും ആനകാല്‍പ്പാടുകളോടും മാത്രം സ്വകാര്യം പറഞ്ഞിരുന്ന വഴിയാണിത്. ചെക്ക് പോസ്റ്റ് തുറക്കുന്നത് 42 ഹെയര്‍പ്പിന്നുകളിലേക്കാണ്. പിന്നീടങ്ങോട്ട് ടാറിട്ട വഴികളാണ്.
അരുവിയിലേക്ക് കണ്ണുംനട്ട് ഒരു അഞ്ചുമിനുറ്റ് നടുനിവര്‍ത്തി ഫോട്ടോ എടുത്തു, ‘ഇങ്ക യാന ഇറുക്ക’ എന്ന് മുറി തമിഴില്‍ നാട്ടുക്കാരോട് ആംഗ്യം കാട്ടി! ആനയുണ്ടെന്നും പേടിക്കാന്‍ ഒന്നും ഇല്ലെന്നും രാത്രിയില്‍ മാത്രേ അത് അങ്ങനെ അപകടം ഉണ്ടാക്കാറുള്ളൂ എന്നും അവര്‍ ഞങ്ങളോട് മുറി മലയാളത്തിലും പറഞ്ഞു.
പിന്നീടാ ചെറിയ ചെറിയ 42 ഹെയര്‍പ്പിന്നുകളുടെ വന്യതയിലേക്കും അത്ഭുതങ്ങളിലേക്കും തിരിഞ്ഞു മറിഞ്ഞു കേറുകയായി.
മഴയെത്താത്ത കാട്ടുമരങ്ങളുടെ പരിഭവം, ഇടയ്ക്ക് നമ്മുടെ താഴെയും മേലെയുമായി തൊട്ടുരുമി നീങ്ങുന്ന അപ്പൂപ്പന്‍താടി മേഘങ്ങള്‍, വെളുത്ത കോടമഞ്ഞ്, കേട്ടാല്‍ അറിയാത്ത കാട്ടുമൃഗ ശബ്ദങ്ങള്‍. ബൈക്ക് യാത്രകാര്‍ക്ക് മാത്രമറിയാവുന്ന പലവിധ തണുപ്പുകള്‍.
കാടിനെ കുറിച്ചും വീരപ്പനെ കുറിച്ചും ആനയെക്കുറിച്ചും വാതോരാതെ പറഞ്ഞൊരു പതിനഞ്ചാമത്തെ തിരിവിനപ്പുറം ഞങ്ങളെ കാത്തിരുന്നത് ഒരു കൂട്ടായ്മ്മകാലത്തെ അയവിറക്കി കിടക്കുന്ന ഒരു കാട്ടുപോത്താണ്, ഒരു ബസ്സിനു മാത്രം കഷ്ടി പോകാവുന്ന വഴിയില്‍ ഒരു വശത്തായി കാട്ടുപോത്തിരുന്ന് ഓര്‍മ്മകള്‍ അയവിറയ്ക്കുന്നത് കണ്ടപ്പോള്‍ തന്നെ പണ്ടെന്നോ കേട്ട കാട്ടുപോത്ത് ഭീകരനാണെന്ന കഥകള്‍ മിന്നിമറിഞ്ഞു പോയത്.
പെട്ടന്ന് വണ്ടി ഒന്ന് വെട്ടിച്ചു വേഗം കൂട്ടി പോരികയും പുറകിലെ വണ്ടിക്കാരോട് കാട്ടുപോത്ത് ഉണ്ടെന്നു പറയുകയും ചെയ്തെ അതേ നിമിഷമാണ് ഫോട്ടോഗ്രാഫര്‍ ചെക്കന് കാട്ടുപോത്തിന്‍റെ പടം എടുക്കാന്‍ മുട്ടിത്തുടങ്ങിയത്. പടം പിടിക്കാന്‍ ബൈക്ക് നിര്‍ത്തിയതും കാട്ടു പോത്ത് എണീറ്റതും നാലുപേരോടിയതും ആ വഴിയില്‍ പുല്ലു മുളയ്ക്കാത്തതും ബൈക്ക് എടുത്തതും കൈ വിറച്ചതും എല്ലാം ആ കാടറിഞ്ഞ ചരിത്രം!
കാട്ടു പോത്തും ആനപ്പാടുകളും വഴിയിലെ കുരങ്ങന്മാരും പേരാറിയാതെ റോഡ് മുറിച്ചു കടന്ന മറ്റു ജീവികളും 42 ഹെയര്‍പ്പിന്‍ വളവുകളും നിറഞ്ഞ 92 കിലോമീറ്റര്‍ പ്രതീക്ഷകള്‍ക്കപ്പുറത്ത് ഊട്ടി ആയിരുന്നു… ഊട്ടി എത്തുംതോറും തണുത്തു വിറച്ചു. ‘പല്ല് കടിയ്ക്കണ് മുഷ്ടി ചുരട്ടണ്, കാലു രണ്ടും കൂട്ടി ഇടിക്കണ്’ എന്ന അവസ്ഥയില്‍ ഊട്ടിയിലേയ്ക്ക് ഇനി ഒരു കിലോമീറ്ററെ ഉള്ളു എന്നൊരു സൈന്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം കാപ്പി കുടിയ്ക്കാന്‍ കേറി. തണുത്തു വിറയ്ക്കുമ്പോള്‍ ചൂട് കാപ്പി ഒരു ആശ്വാസമാണ്.
ഊട്ടിയിലെ ഗാര്‍ഡനും പാര്‍ക്കും ബോട്ടിങ്ങും ആയിരുന്നില്ല നമ്മുടെ ലക്‌ഷ്യം. ‘ഊട്ടി ജംക്ഷന്‍’ എത്തുംമുന്‍പൊരു തേയിലത്തോട്ടമുണ്ട്, തേയില തോട്ടങ്ങളിലൂടെ കുറച്ചു നീങ്ങി ഏറ്റവും ഉയരത്തില്‍ എത്തുമ്പോള്‍ ഒരു ഗംഭീരന്‍ കാഴ്ച്ചയുണ്ട്, റോഡ് വക്കത്തെ ചിലന്നി പൂക്കള്‍, ആഴത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഞ്ഞ പൂക്കള്‍, തേയിലത്തോട്ടം, അല്ലറ ചില്ലറ തീപ്പട്ടിക്കൂട് വീടുകള്‍.
”വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ് യൂ ” എന്നുറക്കെ വിളിച്ചു പറഞ്ഞ പ്രകൃതി!
ദോട്ടാപ്പെട്ടാ ആത്മഹത്യ മുനപിനു കുറച്ചു മുന്നേ ആരും കേറാത്ത ഒരു പൈന്മരക്കാടും പിന്നെ ചില യൂക്കാലിപ്സ് മരങ്ങളും ഉണ്ട്; യൂക്കാലിപ്സ് മരങ്ങള്‍ക്കിടയില്‍ എന്തോ യുവമിഥുനങ്ങളെ കണ്ടില്ല!
ഇങ്ങനെ പ്രത്യേകിച്ചൊരു പേരോ അടയാളപ്പെടുത്തലുകളോ ഇല്ലാത്ത ആരും വരാത്ത എത്രയോ ഊട്ടി ഇടങ്ങളുണ്ട്. അതാണ് ഞങ്ങളുടെ ഊട്ടി സ്വപ്നം! വഴിയും, തെക്കും വടക്കും ചോദിച്ചാല്‍ തെക്കു, വടക്കറിയാത്ത ഞങ്ങള്‍ ഉത്തരത്തിനായി നട്ടംതിരിയും, മനസ്സ് പറഞ്ഞ വഴിയെ വണ്ടി ഓടിച്ചാല്‍ മതിയെന്നു തിരിച്ചു പറയുകയും ചെയ്യും.
ഊട്ടിയെ പറ്റി പൊതുവേ സാഹസികയാത്രക്കാരില്‍ നിന്നും നിസംഗതയായിരുന്നു മറുപടി. പക്ഷെ ഈ ആദ്യ ഊട്ടി യാത്രയില്‍ തന്നെ എനിക്ക് ഊട്ടി ഇഷ്ടം കൂടുന്നുണ്ട്.
ഊട്ടി ഒരു ഫീല്‍ഗുഡ് ഇടമാണ്. സ്നേഹോം സമാധാനോം മനസ്സില്‍ നിറയ്ക്കുന്ന ചില ഫീല്‍ഗുഡ് സിനിമകളെ പോലെയാണ് ഊട്ടി. തണുപ്പില്‍ കയ്യൊക്കെ ചേര്‍ത്ത് പിടിച്ചു ഷര്‍ട്ടും ഷര്‍ട്ടിനു മീതെ കോട്ടും ഇട്ടാലും കുളിരുന്ന തണുപ്പില്‍ ചൂടാറാത്ത ഓര്‍മ്മകളും ബന്ധങ്ങളും കൂടെ വരും എന്നുറപ്പ്. ചില മലരോര്‍മ്മകളില്‍ മനസ്സ് ചൂട് കായും. ചൂടാറാത്ത ഓര്‍മ്മകകളെ നെഞ്ചോട് ചേര്‍ത്ത് തണുപ്പ് കുറയ്ക്കുന്നത് മനസ്സിന്‍റെ മറ്റൊരു വിദ്യയാണ്. അങ്ങനെ നെഞ്ചോട് വന്ന ഓര്‍മ്മകള്‍ ഫോണ്‍ വിളികളായി മലകളും കുന്നും ആകാശവും കടന്നു അപ്പുറത്തേയ്ക്ക് പോകും, എടുക്കാത്ത ഫോണ്‍ വിളികകളും എടുത്ത ഫോണ്‍വിളികളും ഉണ്ടാവും.
ഊട്ടി വല്ലാത്ത ഒരു സംഭവം തന്നെയാണ്. ചൂടാറാത്ത ഹണിമൂണ്‍ പ്രേമങ്ങള്‍ക്ക് തണുപ്പു കായാനും പറ്റിയ ഇടമാണ് ഊട്ടി. അതെ ഊട്ടി ഒരു റൊമാന്‍റിക് ഫീല്‍ഗുഡ്- ഓണ്‍ റോഡ് സിനിമ പോലെയാണ്.
പൈന്‍മരക്കാടുകള്‍ക്കിടയില്‍ വിഷമങ്ങളൊക്കെ കുഴിച്ചിടാം, ആത്മഹത്യ മുനമ്പില്‍ നിന്നും ഞാന്‍ ബോധത്തിന് ചാടി ആത്മഹത്യ ചെയ്യാം, അല്ലെങ്കില്‍ താഴെയിട്ട് നിര്‍ദാഷിണ്യം കൊല്ലാം, എല്ലാം കഴിഞ്ഞു പുല്‍മേടുകളില്‍ ഭാരം അറിയാതെ പാറിയോ പറന്നോ നീന്തിയോ ഒന്നുമല്ലെങ്കി നടന്നോ നീങ്ങാം! നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പുല്‍മേടുകളില്‍ ആട്ടിടയനെ പോലെ കിടന്നു മനസ്സിനെ, ഓര്‍മ്മകളെ, വിഷമങ്ങളെ, സന്തോഷങ്ങളെ എല്ലാത്തിനെയും അലയാന്‍ വിടാം!
ഊട്ടി അതിഭീകരതകള്‍ കരുതാത്ത അതിസാധാരണമായ ഒരു തണുപ്പന്‍ പ്രദേശമാണ്. തിളയ്ക്കുക്കയും നീറുകയും ചെയ്യുന്ന മനസ്സുണ്ടെങ്കില്‍ കൂടെ എന്തിനും പോന്ന കൂട്ടുകാരുണ്ടെങ്കില്‍ ഊട്ടി ഒരു സ്വര്‍ഗം കൂടിയാണ്. ഊട്ടിയില്‍ സ്വയം ഇല്ലാതാവുമ്പോള്‍ പറുദീസ നഷ്ടം തിരിച്ചെഴുതുകയും പറുദീസയിലെ നഷ്ടപ്പെടല്‍ ആവുകയും ചെയ്യും. അതെ പറുദീസയില്‍ സ്വയം നഷ്ടപ്പെട്ടൊരു യാത്രയായിരുന്നു ഈ ഊട്ടി യാത്ര.
മേഘങ്ങള്‍ കയ്യെത്തും ദൂരത്താവുന്ന പേരറിയാ കുന്നുകള്‍ , പൈന്‍കാടുകള്‍ നടന്നിറങ്ങിയാല്‍ കാണുന്ന വെള്ളത്തിളക്കങ്ങള്‍, ഒരു പക്ഷെ ഊട്ടി ടൂറിസ്റ്റ് മ്യാപ്പില്‍ തിരഞ്ഞാല്‍ കിട്ടാത്ത അനുഭവങ്ങളില്‍ മാപ്പിനെ വലിച്ചെറിയുന്നു!
ഊട്ടിയിലെ അവസാന ഹെയര്‍പ്പിന്നിലെ ക്യാരറ്റ് വില്‍ക്കുന്ന ചേട്ടന്‍, അധികം വിലയിടാതെ വില്‍ക്കുന്ന ചില ഇരുപത്തിനാല് ക്യാരറ്റ് സ്വപ്‌നങ്ങള്‍, ഹൈറേഞ്ചിലെ തണുപ്പന്‍ ജീവിതങ്ങള്‍ ഒരു ഭൂപടവും അടയാളപ്പെടുതാത്ത വഴി അനുഭവങ്ങളാണ്.
ലൂയിസ് പീറ്റര്‍ എഴുതിയത് ശരിയാണ്; ഭൂപടം ഒരു നുണയാണ്. ഓരോ യാത്രയും ആ നുണയെ തുറന്നു കാണിയ്ക്കും, ഇന്നലെ പൂത്ത മഞ്ഞപൂക്കളോ, മഞ്ഞപ്പൂക്കളില്‍ നിന്നും തേന്‍കുടിച്ച പൂമ്പാറ്റകളും, ഊട്ടിയില്‍ നിന്നും കൈമാറിയ സ്നേഹമോ ഉമ്മകളോ ഇല്ലാത്തതാണ്, നുണയാണ് ഭൂപടം, ഞാനും നീയുമായി അകറ്റിനിര്‍ത്തുന്ന വെറും ഇല്ലാത്ത അടയാളപ്പെടുത്തലുകള്‍ കൂടിയാണ് ഭൂപടം. ഊട്ടിയെ അറിയണമെങ്കില്‍ ടൂറിസ്റ്റ് മാപ്പിനോട് സലാം പറയണം, ആളില്ലാ ഇടങ്ങളില്‍ ഇരിപ്പിടം പിടിയ്ക്കണം, കാടുവഴികള്‍ കേറണം, മേഘത്തെ തൊടണം.
ഊട്ടിയില്‍ കറങ്ങിത്തിരിഞ്ഞും അലഞ്ഞു നടന്നും വണ്ടി ഓടിച്ചും നടന്നു നീങ്ങിയും ഓടിക്കയറിയും തളര്‍ന്നിരുന്ന് വൈകുന്നേരമായപ്പോള്‍ തിരികെ യാത്രയായി. തിരിച്ചു വിളിയ്ക്കാന്‍ ചിലത് നാട്ടിലും വീട്ടിലും ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഓരോ യാത്രയും.
ചുമച്ചാലും പനിച്ചാലും കിതചാലും രണ്ടു വണ്ടിയും വഴിയ്ക്ക് നിന്നില്ല.
വന്ന വഴിയുടെ വന്യതയുടെ രാത്രിഭീകരതയോര്‍ത്തും വണ്ടിയ്ക്ക് ജലദോഷവും പനിയും ഉണ്ടെന്ന ധാരണയിലും നിലമ്പൂര്‍ വഴി തിരിച്ചു പോരാന്‍ തീരുമാനിച്ചു.
അട്ടപ്പാടി വഴിയുടെ ഭീകരതയില്ലെങ്കിലും തിരിച്ചു പോക്കിന്റെ വഴികളും മനോഹരങ്ങള്‍ തന്നെയാണ് , കിലോമീറ്ററുകള്‍ നീളുന്ന പുല്‍മേടുകള്‍ , പൈന്മാരകാടുകള്‍ മൂടി നില്‍കുന്ന ചെറിയ വഴികള്‍ , ഓരോ ഇരുപത് കിലോമീറ്ററിലും സ്വഭാവം മാറുന്ന റോഡരികുകള്‍.
10 കിലോമീറ്ററുകള്‍ പുല്‍മേടുകള്‍, പിന്നീട് പൈന്മരക്കാടുകള്‍, പച്ചക്കാടുകള്‍, ഹെയര്‍പ്പിന്‍ ഇറക്കങ്ങള്‍, ചെറിയ കയറ്റങ്ങള്‍, ഗുഡല്ലൂര്‍ എത്തുന്നതിനു മുന്‍പുള്ള തേയിലത്തോട്ടങ്ങള്‍, കോടമഞ്ഞ്… ഈ വഴി വ്യത്യസ്തതകള്‍ നിറഞ്ഞൊരു യാത്രാഘോഷമാണ്.
ഇടയ്ക്ക് കട്ടന്‍ ചായ, വീണ്ടും കാട് മലയിറക്കം. അവസാനം നാടുകാണി!
നാടുകാണി ഞങ്ങളുടെ യാത്രയോര്‍മ്മകളുടെ മലനിരയാണ് , ബൈക്കെടുത്തുള്ള ആദ്യ ബംഗ്ലൂര്‍ പോക്കിന്, വയനാട് പോക്കിന്, പണ്ടൊരു വെറുതെ പോക്കിനെല്ലാം സാക്ഷ്യം വഹിച്ചതീ ഈ മലനിരകളാണ്.
കേരളത്തില്‍ എത്തിയപ്പോ മഴ ഒന്ന് ചിണുങ്ങി പോയി.
എന്നാലും നിര്‍ത്താതെ പെയ്യുന്നൊരു മഴക്കാലം…?
ചുരമിറങ്ങി, ഇനി യാത്രയോര്‍മ്മകള്‍ ആണ്. പൂര്‍ത്തിയാവാത്ത ഈ യാത്രയും എരിഞ്ഞു തീരാത്ത ഈ നിമിഷങ്ങളെ അത്ര തന്നെ ശക്തമായി മിസ്സ് ചെയ്യുന്നത് ചില യാത്രകളുടെ പ്രത്യേകതയാണ്, തീരും മുന്‍പ് ചെല നിമിഷങ്ങളും, പിരിയും മുന്‍പ് ചില വ്യക്തികളെയും നഷ്ടപ്പെടും എന്ന വേദന വല്ലാതെ അലട്ടും. പക്ഷെ ശരീരം വേദനിക്കുന്നുണ്ട്, ഒരു നാനൂറ് കിലോമീറ്റര്‍ ദൂരത്തിന്‍റെ പുറംവേദനയും ക്ഷീണവും, കണ്ണ് കലക്കവുമുണ്ട്.
ചിറകു കടയുമ്പോള്‍ കൂടയണം എന്നത് പ്രകൃതി നിയമമാണ്, ഈ തളര്‍ന്ന ചിറകുകള്‍ ഇപ്പോള്‍ ഉറക്കം കൊതിക്കുമ്പോഴും സ്വപ്നം കാണുന്നത് ഇനി പറക്കാനുള്ള ആകാശത്തെയും അതിന്‍റെ സാധ്യതകളെയും ഒപ്പം പറക്കാനുള്ള ഒരേ തൂവല്‍പക്ഷികളെ പറ്റിയുമാണ്.
ആദ്യമേ പറഞ്ഞിരുന്നു ഇതൊരു ആത്മാന്വേഷണ പരീക്ഷണയാത്രയാണ്. ഒറ്റുകൊടുത്ത ഭ്രാന്തുകള്‍ക്ക് പകരം പുതിയത് ചിലതിനെ ഊട്ടിയില്‍ നിന്നും അട്ടപ്പാടിയില്‍ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്, ഒന്ന് അമര്‍ത്തി വിളിച്ചാല്‍ കൂടെ വാക്കുകള്‍ വന്നേയ്ക്കുമെന്നൊരു പ്രതീക്ഷയുണ്ടിപ്പോള്‍, പിന്നെ ചിരികള്‍…
നഷ്ടപ്പെട്ട ചിലരെ കൂടി തേടിപ്പോയാല്‍ ചിരിയും തിരികെ വരാമെന്നൊരു വാക്ക് തന്നിട്ടുണ്ട്. നഷ്ടപ്പെട്ടവയുടെ അടുത്ത് പോയി സ്നേഹത്തോടെ വിളിക്കാന്‍ മാത്രം ഞാനില്ലായ്മ്മ എനിയ്ക്ക് കിട്ടിയിട്ടുണ്ട്!
ഇനി എല്ലാം അടുത്ത യാത്രാ എഴുത്തില്‍, ഞാനുണ്ടെന്ന് തോന്നുമ്പോള്‍ ഞാനില്ലെന്ന തിരിച്ചറിവിലെയ്ക്കുള്ള, ഞങ്ങള്‍ ബോധത്തിലേയ്ക്കുള്ള അടുത്ത യാത്രയില്‍ ബാക്കി എഴുതാം.
(അമല്‍ ലാല്‍ – പാലക്കാട് ജില്ലയില്‍ ചാലിശേരിയാണ് വീട്. തൃശൂര്‍ കേരളവര്‍മ്മയില്‍ ബി.എ ഇംഗ്ലീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി. Godot Films എന്ന സ്വതന്ത്ര ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ Creative head ആയി പ്രവര്‍ത്തിക്കുന്നു. ”അക്വേറിയം മീനുകള്‍ക്ക് പറയാനുള്ളത്” എന്ന ഷോര്‍ട്ട് ഡോക്യു-ഫിക്ഷന്‍റെ സംവിധായകരില്‍ ഒരാള്‍ കൂടി ആയിരുന്നു.)
അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച അമല്‍ ലാലിന്‍റെ ലേഖനങ്ങള്‍
ഉറക്കെ കൂവുന്ന സ്റ്റീവ് ലോപ്പസിനെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍-അമല്‍ ലാല്‍ എഴുതുന്നു
രണ്ടര മണിക്കൂര്‍ നീണ്ട ‘കൂതറ’ കോട്ടുവാ
അതിര്‍ത്തികളില്ലാത്ത ഫില്‍മിസ്ഥാന്‍
ബാംഗ്ളൂര്‍ ഡെയ്സിനോട് സ്നേഹം!
ആഴങ്ങളിലെ തങ്കമീനുകള്‍ – നിലപാടുറപ്പുകളുടെ സിനിമ
മഴക്കാടുകള്‍ കടന്ന് ഉന്മാദങ്ങളുടെ തീരത്തേക്ക്- അമല്‍ ലാല്‍ എഴുതുന്ന ബൈക്ക് യാത്രാനുഭവം
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക